വിവാദങ്ങൾ സെല്ലുലോയ്‌ഡിനെ തിയേറ്ററിൽ രക്ഷപ്പെടുത്തിയതും പിന്നീട്  വന്ന  ‘നടൻ’ പൊട്ടിപ്പോയതുമാവാം മാധവിക്കുട്ടിയെ തേടിപ്പിടിക്കാൻ കമലിനെ പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ചതിലുമേറെ പ്രീ പബ്ലിസിറ്റി കിട്ടുകയും ചെയ്‌തു.

നമുക്ക് മാധവിക്കുട്ടി വെറുമൊരു എഴുത്തുകാരി  മാത്രമല്ല ഒരിക്കലും. തീവ്രമായ രചനകളുടെ, പ്രണയത്തിന്റെ, രതിസങ്കൽപ്പങ്ങളുടെ, സർഗാത്‌മക ഭ്രാന്തിന്റെ, ധൈര്യത്തിന്റെ, വിജയത്തിന്റെ, പരാജയത്തിന്റെ, അപഹാസ്യതയുടെ – എണ്ണിയാൽ തീരാത്ത അനുഭവങ്ങളുടെ ഓർമ്മകളാണ് മാധവിക്കുട്ടി. പലർക്കും പല തരത്തിൽ. ഒരാളായിരിക്കെത്തന്നെ മാധവിക്കുട്ടിയും ആമിയും കമലയും സുരയ്യയുമൊക്കെയായി പലരായിരുന്നവൾ. ആണിനേയും പെണ്ണിനേയും ഒരുപോലെ മോഹിപ്പിച്ചവൾ. ഭ്രമിപ്പിച്ചവൾ.

അവളുടെ ജീവിതം സിനിമയാക്കുമ്പോൾ അതുല്യമായ  ഒരു റിസ്‌ക്കാണ് സംവിധായകൻ ഏറ്റെടുക്കുന്നത്. അവൾ പലർക്കും പലതാകയാൽ  ഒരിക്കലും എല്ലാവർക്കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന ഒരു സിനിമയാവില്ല അത്.  അയാൾ അസാമാന്യ ‘ധീരൻ’ ആയിരിക്കണം. ഒന്നുകിൽ ആ സബ്‌ജക്റ്റിലും തന്റെ പ്രതിഭയിലും  അത്രയ്ക്ക് ആത്‌മവിശ്വാസമുള്ള ഒരു കലാകാരൻ്റെ ധീരത. അല്ലെങ്കിൽ താനൊരു സംഭവമാണെന്നന്നും തന്നെക്കൊണ്ടെന്തും സാധിക്കുമെന്നും വിശ്വസിക്കുന്ന ഒരു മണ്ടന്റെ ധീരത.

കമലിന്റെ ആമി കൊണ്ടുപോകുന്നുണ്ട് പ്രേക്ഷകരെ ഓർമ്മകളിലേക്ക്. ചങ്ങമ്പുഴയും മാരാരും ബാലാമണിയമ്മയും നീർമാതളവുമൊക്കെയായി പഴയ വായനക്കാലത്തേക്ക്.  പക്ഷെ അതൊക്കെയങ്ങു മിന്നിമറഞ്ഞു പോകുന്നു, ഉള്ളിൽ തൊടാതെ. അതങ്ങനെ പോട്ടെ, ആമിയെക്കുറിച്ചുള്ള സിനിമയാകുമ്പോൾ ആമിയെ നോക്കിയാൽ മതിയല്ലോ..

മാധവിക്കുട്ടിയുടെ പല പ്രായത്തിലും രൂപത്തിലുമുള്ള ഫോട്ടോഗ്രാഫുകൾ കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമയിൽ ബാല്യകാലം മുതൽ മരണം വരെയുള്ള കഥ, കൊല്ലം തിരിച്ച്  പറയുന്നുണ്ട്. കൽക്കട്ടയും പുന്നയൂർക്കുളവും ബോംബെയും തുടങ്ങി അവരുടെ ഇന്ത്യയിലെ വാസയിടങ്ങളിലൊക്കെ പോകുന്നുമുണ്ട്.  അവരുടെ വാക്കുകളും കവിതയും പുസ്‌തകങ്ങളുടെ തലക്കെട്ടുകളുമായി ഓർമ്മകളെ  പുതുക്കുകയും സാഹിത്യവും  ജീവിതവും കുറെയൊക്കെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അങ്ങനെയങ്ങനെ അവരെക്കുറിച്ചുള്ള ഒരു കഥപറച്ചിൽ നടത്തുന്നുണ്ട്  കമൽ.

ഇതിനപ്പുറം ഒരു സിനിമയെന്ന നിലയിൽ ആമിയെ നോക്കുമ്പോഴാണ് പ്രേക്ഷകർ തോറ്റു പോകുന്നത്. സിനിമയുടെ പ്രിവ്യു കണ്ട ഒരാൾ ആറ്റൻബറോയുടെ ഗാന്ധിയോട് ഇതിനെ ഉപമിച്ചു കണ്ടു! ശരിയായ നിരീക്ഷണം എന്ന് തലകുലുക്കി സമ്മതിക്കാതെ വയ്യ. ലോകസിനിമയും മലയാള സിനിമയുമൊക്കെ ആറ്റൻബറോ കാലം കഴിഞ്ഞ് ഒരുപാടൊരുപാട് മുന്നോട്ടു പോയതൊന്നും സംവിധായകനെ ബാധിച്ചിട്ടില്ല. സ്‌തുതി പാടുന്ന ‘പ്രത്യേക ക്ഷണിതാക്കൾ’ അതൊന്നും അറിഞ്ഞിട്ടുമില്ല. മേക്കിങ്ങിൽ അത്ര പഴഞ്ചനും ബോറുമാണ് ഈ സിനിമ.

മാധവിക്കുട്ടിയെയും മഞ്‌ജുവാര്യരെയും പച്ചവെള്ളം  പോലെ പരിചയമുള്ള മലയാളികളോട് അവളാണിവൾ എന്ന് പറയുന്നതിലെ അസ്വാരസ്യമാണ് സിനിമ വരും മുൻപ് പ്രേക്ഷകർ ചർച്ച ചെയ്‌തത്. ആമിയായി മഞ്‌ജുവാര്യരുടെ പ്രകടനത്തെക്കുറിച്ചു വലിയ പ്രതീക്ഷയൊന്നും ആർക്കും ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ ചെറുപ്പക്കാരിയായ ആമിയിൽ  മഞ്‌ജുവാര്യരെ കണ്ട പ്രേക്ഷകർക്ക് വലിയ നിരാശയൊന്നും തോന്നിക്കാണില്ല.  എന്നാൽ പ്രായം കൂടിയ മാധവിക്കുട്ടിയും, സുരയ്യയും മഞ്‌ജുവിൻ്റെ മികച്ച പെർഫോമൻസ് ആണ്. ചിലപ്പോഴൊക്കെ  മഞ്‌ജുവിനെ തള്ളിമാറ്റി ആമി കയറി നിന്നു. അതിനൊരു കയ്യടി കൊടുക്കാൻ വേറൊരു കാരണം കൂടിയുണ്ട്. അതിനു ചമയക്കാരനോട് കടപ്പെട്ടിരിക്കുന്നു. പ്രായമായ കമലയെ ഇത്ര കൃത്രിമമായ മാസ്‌ക്കുപയോഗിച്ചു മേക്ക്  ഓവർ നടത്തിയ പ്രതിഭയ്ക്ക് ഇത്തവണത്തെ സ്റ്റേറ്റ് അവാർഡ് കിട്ടിയാലും അത്‌ഭുതമില്ല. കമലും കാമറ ചെയ്‌ത മധു നീലകണ്ഠനും ഇതൊന്നും കാണുന്നുണ്ടായിരുന്നില്ലല്ലോ, ല്ലേ..!!! ആ ത്രിമൂർത്തികളെ മറികടന്ന് മഞ്‌ജു ചെയ്‌ത പെർഫോമൻസ് കൊള്ളാം, പൊട്ടിച്ചിരിയൊഴികെ. പണ്ട് സുരേന്ദ്രേട്ടന്റെ നാടകം തിരൂർ വാഗൺ  ട്രാജഡി ഹാളിൽ കളിക്കുമ്പോൾ പിന്നണിയിൽ നിന്നു ശബ്‌ദം മാത്രമുള്ള കഥാപാത്രം ഞാനായിരുന്നു അവതരിപ്പിച്ചത്.  ആ കാരക്റ്ററിന് കിടിലൻ പൊട്ടിച്ചിരിയുണ്ട്. ആ ചിരി ഓർമ്മ വന്നു കമലയുടെ നീണ്ട  ചിരി കാണുമ്പോൾ . നാടകം  കഴിഞ്ഞപ്പോൾ സുരേന്ദ്രേട്ടന് ബെസ്റ്റ് ആക്റ്റർ അവാർഡ് കിട്ടി. പിന്നെ  കാണികൾ എന്നെ തേടി വന്നു.  (ഹോ! അന്ന് കേട്ട തെറി!! ഇന്നായിരുന്നെങ്കിൽ ഒരു OMKV യിൽ ഒതുങ്ങുമായിരുന്നു).

കൗമാരക്കാരി ആമിയെ നീലാഞ്ജന ഹൃദ്യമായി അവതരിപ്പിച്ചു. സീനിയർ കമലയേയും ഒരു പുതുമുഖമായിരുന്നു അവതരിപ്പിച്ചതെങ്കിൽ എത്ര നന്നായിരുന്നു എന്ന് നീലാഞ്ജനയുടെ കമല പ്രേക്ഷകനോട് പറയും. കുട്ടിക്കാലത്തെ കമലയെയാകട്ടെ കൃത്രിമ-ക്ളീഷേ  സംഭാഷണങ്ങൾ കൊടുത്ത് ജീവനില്ലാതാക്കി.

കിടിലൻ ഗോളടിച്ച മൂന്നുപേരുണ്ടീ ചിത്രത്തിൽ. മുരളീഗോപിയുടെ ഗംഭീര പ്രകടനം. ദാസേട്ടനാണ് താരം എന്ന് പറയേണ്ടി വരും. ടോവിനോയുടെ താടിക്കാരൻ കൃഷ്‌ണനിൽ ഭ്രമിച്ച് എത്രപേർ കാമുകിമാരായാലും  കുറ്റം പറയാനില്ല (രേഖ. കെ കുട്ടിക്കാലത്ത് ജീവിതം കൊടുക്കാനാഗ്രഹിച്ച ആ കാമുകനെപ്പോലെ).   കുറെ സിനിമകളിൽ വെറുപ്പിച്ചു കയ്യിൽ തന്ന അനുപ് മേനോൻ അക്ബർ അലിയായി തകർത്തു.

ആമിയുടെ ജീവിതത്തിലേതാ അക്ബർ അലി എന്നൊന്നും ചോദിയ്ക്കാൻ പോണ്ട. ചങ്ങമ്പുഴ മുതൽ ജാനുവേടത്തി വരെ ഒറിജിനൽ പേരിൽ വന്ന സിനിമയിൽ അക്ബർ അലി വരുമ്പോൾ (മൂപ്പരെ എൻട്രിയാകട്ടെ രാവണപ്രഭു സ്റ്റൈലിലും) സംവിധായകന്റെ മുട്ട് കൂട്ടിയിടിക്കുന്ന ശബ്‌ദം നമുക്ക് കേൾക്കാം. ഒത്തുതീർപ്പുകളുടെ അവസാനം കൈവിട്ടു പോകുന്ന തിരക്കഥയിൽ നാഷണൽ അവാർഡിന് പോകുന്നതിനാവശ്യമായ മുൻകരുതലുകളും  കാണാം.

അടിമുടി  പുരോഗമനവാദിയായ  ഒരു സംവിധായകന്റെ ഉള്ളിലെ സദാചാരപ്പോലീസ് തലയുയർത്തിനിൽക്കുന്നത് ഈ സിനിമയിൽ കാണാം.   മാധവിക്കുട്ടിയെ അലങ്കരിച്ചു നിർത്തുന്നതിൽ മാത്രമാണയാളുടെ ശ്രദ്ധ. അവളുടെ പട്ടുസാരിയും വലിയ പൊട്ടും അഴകും പ്രണയവും കുടുംബമഹിമയും  കേരളത്തിലെ വലിയ പ്രേക്ഷക സമൂഹത്തിനു മുൻപിൽ  വിൽപ്പനക്ക് വെക്കുമ്പോൾ സിനിമയെ മുന്നിൽ നിന്ന് നയിക്കേണ്ട അവളുടെ വലിയ ചിന്തകളും  മനസ്സും  എവിടെയാണ്  അയാൾ  എറിഞ്ഞു കളഞ്ഞത്?!  ഒരു പതിവ്   സുന്ദരിനായികയായി അവളെ ചെറുതാക്കി ഒതുക്കുമ്പോൾ അവൾ ജീവിച്ച അവളുടെ മാത്രം ജീവിതം ഈ സിനിമയിൽ നിന്ന് ചോർന്നു പോകുന്നത് അയാൾക്ക് വിഷയമേയല്ല. മാധവിക്കുട്ടി ഒടുവിലിതാ സിനിമയിലും തോറ്റുപോകുന്നതും…

ഈ സിനിമ കണ്ടിറങ്ങുമ്പോൾ ഒരു ഫീലും ഒപ്പം പോന്നില്ല. പക്ഷേ, ഇതുമായി ഒരു ബന്ധവുമില്ലാത്ത ലെനിൻ രാജേന്ദ്രനെ ഓർത്തു. അസാധാരണ ജീവിത കഥകൾ സിനിമയാക്കുമ്പോൾ അറുപതു കൊല്ലത്തെ ജീവിതം മൂന്നു മണിക്കൂറിലൊതുക്കുന്ന വിഡ്ഢിത്തത്തിനു നിൽക്കാതെ, ചില സന്ദർഭങ്ങൾ മാത്രം  അടർത്തിയെടുത്ത് സിനിമയാക്കുകയും അതിലൂടെ ആ ജീവിതം മുഴുവൻ അനുഭവിപ്പിക്കുകയും ചെയ്യുന്ന ആ മിടുക്ക്.

(റഫീക്ക് അഹമ്മദും എം. ജയ ചന്ദ്രനും ചേർന്ന് ചെയ്‌ത നല്ല പാട്ടുകളാണ് സിനിമയിൽ. ഒപ്പം ഗസലുകളും.  പാട്ടുകളോടൊത്തുപിടിച്ച് പശ്ചാത്തല സംഗീതം ഒരുക്കിയത്  ബിജിപാൽ)

16 Comments
 1. Babu Raj 10 months ago

  വളരെ നല്ല റിവ്യൂ. എവിടേയും തോൽക്കാത്തവളായിരുന്നു കമല. സിനിമ ഒരു കച്ചവടസാധ്യതയായി മാത്രം കാണ്ടാൽമതി. അപ്പോൾ കമല ജയിക്കും..

  • Author
   ഉമേഷ് വള്ളിക്കുന്ന് 10 months ago

   കമലയല്ലാതെ ആര് ജയിക്കാൻ!

 2. Pradeep 10 months ago

  Good review..

  • Author
   ഉമേഷ് വള്ളിക്കുന്ന് 10 months ago

   Thank you❤

 3. sivadas 10 months ago

  good review

  • Author
   ഉമേഷ് വള്ളിക്കുന്ന് 10 months ago

   Thank you

 4. Anil 10 months ago

  She has not failed. Kamal failed her. Good review..

  • Author
   ഉമേഷ് വള്ളിക്കുന്ന് 10 months ago

   Thank you ❤

 5. Sunil 10 months ago

  fantastic review..

  • Author
   ഉമേഷ് വള്ളിക്കുന്ന് 10 months ago

   Thank you t

 6. P K N Nair 10 months ago

  കാശുണ്ടാക്കാൻ എടുക്കുന്ന സിനിമയല്ലേ, സർ. ഇതിലൊന്നും വലിയ പ്രതീക്ഷ വേണ്ട. സ്വന്തക്കാരെ വിട്ടു കാശുണ്ടാക്കുന്ന ഇന്നത്തെ കാലത്തു കലാമൂല്യമോ, ഒറിജിനാലിറ്റിയോ വിഷയമല്ല…പണവും പ്രശസ്തിയും… അത്രതന്നെ…

  • Author
   ഉമേഷ് വള്ളിക്കുന്ന് 10 months ago

   Yes. Thank you

 7. Jayaraj 10 months ago

  Good…

  • Author
   ഉമേഷ് വള്ളിക്കുന്ന് 10 months ago

   Thank you

 8. Ashok Kumar 10 months ago

  ആമി കണ്ടു. വേണ്ടിയിരുന്നില്ലെന്നു തോന്നി… എല്ലാം …. വികാരവിചാരങ്ങളും സങ്കൽപ്പങ്ങളും

  • Author
   ഉമേഷ് വള്ളിക്കുന്ന് 10 months ago

   Thank u

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account