1999 സാഫ് ഗെയിംസിൽ വി.പി  സത്യൻ്റെ  ബൂട്ടിൽ നിന്ന് പറന്ന് ബാറിൽ തട്ടിത്തെറിക്കുന്ന പന്ത് പ്രേക്ഷകന്റെ തൊണ്ടയിൽ വന്നു കുരുങ്ങുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അടുത്ത  സീനിൽ സത്യൻ തീവണ്ടി  തട്ടി മരിച്ച  വാർത്ത വായിക്കുന്നു. ഒരിക്കലെങ്കിലും ഒരു ഫുട്ബോൾ  മാച്ച് കണ്ടിട്ടുള്ള, ഒരിക്കലെങ്കിലും ആ പന്തിനു പുറകെ ഓടിയിട്ടുള്ള ഒരാൾക്കും  പിന്നീട് ഗദ്‌ഗദവും വിങ്ങലുമില്ലാതെ ‘ക്യാപ്റ്റൻ’ എന്ന സിനിമ കണ്ടു തീർക്കാനാവില്ല. സത്യൻ എന്ന മനുഷ്യനെ നെഞ്ചിലേറ്റാതെ വീട്ടിലേക്ക് മടങ്ങാനാവില്ല.

ഫുട്ബോൾ ലോകകപ്പ് ഫെനലുകളിൽനിന്നുള്ള ദൃശ്യങ്ങളിലാണ് credits കൊടുക്കുന്നത്. അതിൻ്റെ   ആരവങ്ങളിലേക്ക് നരിക്കുട്ടിപ്പാടവും  ചിറമംഗലത്തെ മൈതാനവും ഇരമ്പിവന്നു. മനോഹർ പ്ലെയേഴ്‌സും വോയിസ് ഓഫ് അരിയല്ലൂരും കളിക്കുമ്പോൾ തൊണ്ടപൊട്ടിച്ചുയർന്ന ആർപ്പുവിളികൾ ഗദ്‌ഗദങ്ങളായി തൊണ്ടയിൽ തടഞ്ഞു. സോമനും   സുരേഷ്ബാബുവും സന്തോഷും മുക്കടക്കാട്ട് രവിയും (എല്ലാവരെയും ഏട്ടൻ ചേർത്ത് വിളിക്കുന്നു), …. അങ്ങനെയൊരുപാടു പേർ! ഗോൾ പോസ്റ്റ് നിറഞ്ഞു നിൽക്കുന്ന  ലത്തീഫ് കല്ലിടുമ്പൻ!

അരീക്കോട് നിന്നും  ചാലിയത്ത് നിന്നുമൊക്കെ കളിക്കാരെ കൊണ്ടുവരുന്ന ദേവർഷോലയിലെ പുൽമൈതാനങ്ങൾ.

അന്നത്തെ കേരളാപോലീസ്! അന്നത്തെ മോഹൻബഗാൻ! വിജയൻ, പാപ്പച്ചൻ, ഷറഫലി. കെ.ടി ചാക്കോ എന്ന ആവേശം! പെലെയെന്ന കേട്ടുകേൾവിയും മറഡോണയെന്ന ഇതിഹാസവും!.

ഇതൊന്നുമല്ല, ഇതിലുമെത്രയോ മീതെ പറക്കുന്നതോ ആഴങ്ങളിൽ അടിഞ്ഞിരിക്കുന്നതോ ആയ  ഓർമ്മകളിലേക്ക് എന്നെ, സമാനമായ ഓർമകളിലേക്ക്   ഓരോ പ്രേക്ഷകനെയും തള്ളിയിട്ടതിനു ശേഷമാണ് സംവിധായകൻ സത്യനെ നമുക്ക് വിട്ടു തരുന്നത്. സത്യൻ്റെ സ്വപ്‌നം, ജീവിതം, മനസ്സ്, കളി, കലി, കുടുംബം, കലഹം എന്നിങ്ങനെ ഓരോന്നും തിരശ്ശീലയിലെ ദൃശ്യങ്ങളിൽ നിന്നിറങ്ങി ഹൃദയത്തെ തൊട്ടുരുമ്മിയും തോണ്ടിയും വേദനിപ്പിച്ചും മുറിവേൽപ്പിച്ചും കൂടെക്കൂടുകയാണ്.

ജയസൂര്യയേയോ അനു സിതാരയേയോ ആരും ഈ സിനിമയിൽ കാണില്ല. സത്യനും അനിതയും അവരുടെ ജീവിതവും  ചുറ്റുവട്ടത്തെ മനുഷ്യരും… അത്രേയുള്ളു. ഒരിടത്തും പൊടിപ്പും തൊങ്ങലുമില്ല. ആർഭാടങ്ങളില്ല… സിനിമയേയുള്ളു.

ചങ്കിൽ കുരുങ്ങിക്കിടന്ന് ഇടയ്ക്കിടെ കണ്ണുകളിലൂടെ പുറത്തു പോകുന്ന ചിലതൊക്കെ ഇപ്പോഴും  ബാക്കിയുണ്ടെന്ന്  വി.പി. സത്യന്റെ ജീവിതാവിഷ്‌കാരം  അനുഭവപ്പെടുത്തുന്നു. ഫുട്ബോളിനു പുറകെ ജീവിതം മുഴുവൻ ഓടിയ,  ഫുട്ബോളില്ലാത്ത  ജീവിതത്തെ റെയിൽ പാളത്തിന് വിട്ടുകൊടുത്ത സത്യനെ  തന്റെ അഞ്ച് വർഷത്തെ പരിശ്രമങ്ങൾക്കൊണ്ട്   അഭ്രപാളിയിൽ അതിഗംഭീരമായി പുനരാ വിഷ്‌കരിച്ചിരിക്കുന്നു പ്രജേഷ് സെൻ എന്ന മാസ്റ്റർ സംവിധായകൻ. (അതെ, നവാഗതനല്ല മാസ്റ്റർ തന്നെ). എസ്. ശാരദക്കുട്ടി പറഞ്ഞതുപോലെ പഴയ തഴമ്പുകളിലല്ല ക്രിയേറ്റിവിറ്റിയെന്ന് അടിവരയിട്ടു തെളിയിക്കുന്നു പ്രജേഷ് സെൻ.

ജയസൂര്യ എന്ന നടന്റെ അഭിനയ ജീവിതത്തിൽ ഇത് പോലൊന്ന് ഇതുവരെയില്ല. അഭിനയത്തിന്റെ  യൂണിവേഴ്‌സിറ്റികൾക്ക് പഠിക്കാനും പഠിപ്പിക്കാനും പോന്ന നടനായി വളരുന്നു ജയസൂര്യ. ഓരോ കളിക്കാരനും അത് സത്യൻ മാത്രമല്ല താനും കൂടിയാണെന്ന് തോന്നുന്നെങ്കിൽ അതിലപ്പുറമെന്താണ് വിജയം!! അനു സിതാര എത്ര സ്വാഭാവികമായാണ് അനിതയിലേക്ക് ചേക്കേറിയത്! അവരുടെ കോമ്പിനേഷനിൽ തിരക്കഥ ജീവൻ വച്ച്  ജീവിതം പകർന്നാടുന്നത് പിന്നീടോർക്കുമ്പോൾ എത്ര ഗംഭീരമാണ്! (സിനിമ കാണുമ്പോൾ അവരോടൊപ്പം കൂടുകയല്ലാതെ മറ്റൊന്നും ചിന്തിക്കാനാവില്ല) ഓരോ നടനും നടിയും – താരങ്ങളോ പുതുമുഖങ്ങളോ ആവട്ടെ –  കഥാപാത്രങ്ങൾ മാത്രമാകുന്ന ഒരു സിനിമ. സുഹൃത്ത്  നിർമൽ പാലാഴിയെയൊക്കെ നിർമൽ പാലാഴിയായല്ലാതെ സിനിമയിൽ കാണുന്നത് എത്ര സന്തോഷമാണ്!

സിനിമയെ എങ്ങനെയാണോ ഏറ്റവും എളുപ്പത്തിൽ പ്രേക്ഷകരിലേക്ക് കുത്തിവെക്കുക എന്നതിന് ഛായാഗ്രാഹകനും എഡിറ്ററും (റോബി വർഗീസ് രാജ്, ബിജിത് ബാല) സംവിധായകനും ചേർന്നൊരുക്കിയ ഓരോ ഷോട്ടും ഉദാഹരണമാണ് (സിനിമയിലായിട്ടും കളിയുടെ രംഗങ്ങളിൽ ഉയരുന്ന നെഞ്ചിടിപ്പും ആവേശവും! ഹോ!)

ഗോപീസുന്ദർ ദൃശ്യങ്ങളോടൊപ്പം കോർത്തുവെച്ച സംഗീതമാണ് ഇത്രയും ഇമോഷണൽ സപ്പോർട്ട്  അഭിനേതാക്കൾക്കും സിനിമയ്ക്ക് മൊത്തമായും നൽകുന്നതെന്ന് പറയാതെ വയ്യ.

ചമയമെന്നാൽ മാസ്ക്കും റോസ് പൗഡറും കുത്തിത്തിരുകലുമല്ലെന്ന്‌, അതറിയാത്ത  ചിലർക്കെങ്കിലും  ഈ സിനിമ കണ്ട്  ബോധ്യപ്പെടാവുന്നതാണ്. എത്ര കൃത്യമായാണ് സത്യൻ്റെ പ്രായഭേദങ്ങളേയും മനസികാവസ്ഥകളേയും ചമയക്കാരൻ ഒരുക്കിയിരിക്കുന്നത്!

മലയാളികൾ മറന്നു തുടങ്ങിയ ഒരു കളിക്കാരനെക്കുറിച്ച് വാണിജ്യ ഫോർമുലയിൽ ഒരു  സിനിമയെടുക്കുമ്പോൾ അതിൽ വലിയൊരു റിസ്‌ക്കുണ്ട്. ഏതൊരു ബയോപികിലും  അതുണ്ട്. അതുകൊണ്ടുതന്നെ സംവിധായകൻ എന്ന മാസ്റ്ററുടെ മുഴുവൻ സമർപ്പണവും ആ സിനിമയ്ക്ക് പിന്നിലുണ്ടാവണം. മുഹൂർത്തങ്ങളെ തിരിച്ചറിയാനുള്ള സെൻസുണ്ടാവണം. സ്വന്തം ധാരണകളിലെ പിഴവുകൾ തിരിച്ചറിയാനും തിരുത്താനുമുള്ള അറിവും മനസ്സുമുണ്ടാകണം. സ്‌തുതി പാടുന്നവരേയും വഴിതെറ്റിക്കുന്നവരേയും തിരിച്ചറിയാനുള്ള വിവേകമുണ്ടാവണം. ശ്രീ. പ്രജേഷ് സെൻ, നിങ്ങളിവിടെ വിജയിച്ചിരിക്കുന്നു. സിനിമ വിജയിച്ചിരിക്കുന്നു. പ്രേക്ഷകൻ വിജയിച്ചിരിക്കുന്നു. പന്തുരുട്ടിക്കളിക്കുന്ന പതിനായിരങ്ങൾക്കൊപ്പം വി.പി. സത്യൻ എന്ന വിഖ്യാത കളിക്കാരൻ വിജയിച്ചിരിക്കുന്നു. ഈയൊരൊറ്റ സിനിമ കൊണ്ട് സത്യന് നഷ്‌ടപ്പെട്ട സിംഹാസനം നിങ്ങൾ പിടിച്ചെടുത്തു കൊടുക്കുന്നു.  ഈ സിനിമ കാണുന്ന ഓരോ മനുഷ്യന്റെയും മനസ്സിൽ  സത്യൻ എന്ന കളിക്കാരനെ നിങ്ങൾ പതിപ്പിച്ചു കൊടുക്കുന്നു – മറ്റാർക്കുമാവാത്ത വിധം!

2 Comments
 1. Pramod 2 years ago

  Good movie and good review…

  • Author
   ഉമേഷ് വള്ളിക്കുന്ന് 2 years ago

   Thank you ❤

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account