ഓരോമനുഷ്യനും പ്രതിദിനം പുറത്തേക്ക് വിടുന്ന മാലിന്യം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളേക്കാൾ വലുതാണ് അവനവന്റെ ഉള്ളിൽ അടിഞ്ഞുകൂടുന്ന കാലുഷ്യത്തിന്റെ കൂമ്പാരം. മനുഷ്യൻ മറ്റുമനുഷ്യരേയും അവനുൾപ്പെടുന്ന വ്യവസ്ഥിതിയേയും എത്രമാത്രം മലിനമാക്കുന്നു എന്നതിനെ ആന്തരിക വിചാരണയ്ക്ക് വിധേയമാക്കാൻ പലരും മുതിരാറില്ല. ആ ദൗത്യമാണ് കോർട്ട് എന്ന ചലചിത്രം നിർവഹിക്കുന്നത്.

‘കേട്ട പാട്ടുകൾ മധുരതരം പക്ഷേ ഇനിയും കേൾക്കാത്തവയ്ക്കതിമധുരം’. സൗന്ദര്യോപാസകനായ കാൽപ്പനിക കവി കീറ്റ്സിന്റെ വരികളാണ്. ഇനിയും കേൾക്കാത്ത ചില ഗാനങ്ങൾ നൊമ്പരപ്പെടുത്തുന്നവയുമാകാം. അത്തരമൊരു പാട്ടിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ചൈതന്യ തമാന സംവിധാനം ചെയ്‌ത കോർട്ട് ആരംഭിക്കുന്നത്.

അതൊരു വിരുധോക്‌തിയാണ്. ഒരു പാട്ടാണ് ഈ സിനിമയുടെ നൊമ്പരശീല്. ഇരുപത്തിയേഴാം വയസ്സിൽ ഈ കന്നിച്ചിത്രത്തിലൂടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടുകയും ചെയ്‌തു ചൈതന്യ. മറാഠി, ഇംഗ്ലീഷ്, ഗുജറാത്തി എന്നീ ഭാഷകളിലൊക്കെ സംഭാഷണങ്ങളുള്ള ചിത്രമാണ് കോർട്ട്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഒറിസോണ്ടി അവാർഡ്, ലൂയ്ഗി ഡെ ലോറന്റിസ് (lion of the future) അവാർഡ്, മുംബൈ ചലച്ചിത്രോത്‌സവത്തിൽ അന്താരാഷ്‌ട്ര  വിഭാഗത്തിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ അവാർഡ്, വിയന്ന ഫിലിം ഫെസ്റ്റിവലിൽ ഫിപ്രസി അവാർഡ്, ഹോങ്കോങ്, സിങ്കപ്പൂർ എന്നിങ്ങനെ ധാരാളം അവാർഡുകൾ നേടിയ ചിത്രം.

ഗീതാഞ്ജലി കുൽക്കർണി, പ്രദീപ് ജോഷി, ഗിരീഷ് പവാർ തുടങ്ങിയവരും അഭിനയിച്ച ചിത്രത്തിൽ പ്രധാന കഥാപാത്രമായ നാരായൺ കാംബ്ളെയെ അവതരിപ്പിച്ചിരിക്കുന്നത് സാമൂഹ്യ പ്രവർത്തകനായ വീര സതീദർ ആണ്. നാടൻ പാട്ടുകൾ പാടി സമൂഹത്തിന് അംബേദ്‌കർ ആശയങ്ങൾ പകർന്നുകൊടുക്കുന്ന കലാകാരനാണ് നാരായൺ കാംബ്ളെ. അദ്ദേഹത്തിന്റെ പാട്ട് ഒരു മാൻഹോൾ തൊഴിലാളിയെ ആത്‌മഹത്യക്ക് പ്രേരിപ്പിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട് നേരിടുന്ന വിചാരണയാണ് ചിത്രത്തിന്റെ പ്രതിപാദ്യം. തൊഴിലാളിയുടേയും വക്കീലിന്റെയും ജഡ്‌ജിയുടേയും ജീവിതങ്ങളിലേക്ക് കൂടി ക്യാമറ ഇടക്കിടെ തിരിയുന്നുണ്ട്. തൊഴിലാളിയുടെ ഇടുങ്ങിയ വീട്ടിലേക്കും ജഡ്‌ജിയുടെ കുടുംബ പിക്‌നിക്കിലേക്കും നമ്മളും ഒപ്പം പോകുന്നുണ്ട്.  മുംബൈ സെഷൻസ് കോർട്ടിൽ നടക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ശരിയായ ഒരു കോടതി മുറിയാണ് നമുക്ക് മുന്നിൽ കാണിക്കുന്നത്. നാളേറെയായി സിനിമകളിൽ കണ്ടുവരുന്ന അയഥാർത്ഥ ക്ലീഷേ കോടതി സീനുകളിൽ നിന്ന് ഒരു വിടുതൽ കൂടിയാണിത്.

മരിച്ചുപോയയാൾ മദ്യപാനിയും സുരക്ഷാ ഉപകരണങ്ങളില്ലാതെ മാൻഹോൾ ജോലിക്കിറങ്ങുന്നയാളും ആയിരുന്നു എന്ന് അയാളുടെ ഭാര്യ തന്നെ സാക്ഷിമൊഴിയിൽ പറയുന്നു. കാംബ്ളെയുടെ പാട്ട് അയാൾ കേട്ടിട്ടുള്ളതിന്റെ, അതയാളെ ആത്‌മഹത്യക്ക് പ്രേരിപ്പിച്ചതിന്റെ യാതൊരു സൂചനയും ഉണ്ടായിട്ടില്ലെന്നും അവരുടെ സാക്ഷിമൊഴിയിൽ പറയുന്നു.

കോടതിയിൽ നാരായൺ കാംബ്ലെയെ വിസ്‌തരിക്കുന്ന രംഗങ്ങൾ പലതുണ്ട്. അതിലൊന്നിൽ അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്, അത്ഹത്യയെക്കുറിച്ച് പ്രതിപാദിക്കുന്ന പാട്ട് അദ്ദേഹം എഴുതിയിട്ടുണ്ടോ എന്ന്. ഉണ്ടെന്നാണ് സത്യസന്ധമായ മറുപടി. ‘മാൻഹോൾ തൊഴിലാളികളേ, നമ്മൾ ആത്‌മഹത്യ ചെയ്യേണ്ടവർ….’ എന്ന രീതിയിലൊരു പാട്ട് എഴുതിയിട്ടുണ്ടോ എന്നായി പിന്നീട്. ഇല്ല എന്നു മറുപടി. അത്തരമൊരു പാട്ട് എഴുതിക്കൂടെന്നില്ല, അല്ലേ എന്നായി പിന്നീട്. എങ്ങനെയും മാൻഹോൾ തൊഴിലാളിയുടെ മരണത്തെ ആത്‌മഹത്യയാക്കാനും അത് കാംബ്ലെയുടെ പാട്ടിൽ ആകൃഷ്‌ടനായിട്ടാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമം കോടതി രംഗങ്ങളിൽ വ്യക്‌തമായി കാണാം. ഒരാളെ ഭരണകൂടത്തിന് സഹിക്കാനാവുന്നില്ലെങ്കിൽ, ഭയമുണ്ടെങ്കിൽ, അയാൾ കുറ്റവാളിയേ അല്ലെങ്കിലും ഭാവിയിൽ ചെയ്യാനിടയുള്ള പ്രവർത്തനങ്ങളെ ചൊല്ലിപ്പോലും പ്രതിയാക്കാമെന്ന് മുന്നറിയിപ്പ് തരുന്നു കോടതി രംഗങ്ങൾ. വീണ്ടും വീണ്ടും വരുന്ന കോടതി രംഗങ്ങളിലെല്ലാം കാണുന്നത് ഏതുവിധേനയും അദ്ദേഹത്തെ കുറ്റവാളി എന്നു മുദ്ര കുത്താനുള്ള ശ്രമമാണ്. അതിനെയെല്ലാം അതിജീവിച്ച് അനുകൂല കോടതി വിധി നേടി പുറത്ത് വരുമ്പോൾ കാത്തിരിക്കുന്നത് തനിക്കായി തയ്യാറാക്കപ്പെട്ട അടുത്ത കേസാണ്. താഴേക്കിടയിലുള്ളവർ ഒരിക്കലും ഉയർന്നു വരാതിരിക്കാൻ, അവരുടെയിടയിലേക്കിറങ്ങി ചെല്ലുന്ന സാമൂഹ്യ പരിഷ്‌കർത്താക്കളെ ഇങ്ങനെ അടിച്ചമർത്തിയാലല്ലേ കഴിയൂ!

കേസ് വാദിച്ച ശേഷം ട്രെയിനിൽ സഹയാത്രികയോട് സംസാരിക്കുന്ന വക്കീലിനെ കാണാം. രണ്ടു പേരും ഉദ്യോഗസ്ഥകളായ കുടുംബിനികൾ. ഇവിടെ രസകരമായ ഒരു സംഭാഷണ ശകലമുണ്ട്. വീട്ടിൽ ചപ്പാത്തിയുണ്ടാക്കാനുപയോഗിക്കുന്ന മൾട്ടി ഗ്രെയ്ൻ പൊടിയെപ്പറ്റിയാണ് സംസാരം. ടി വിയിൽ പരസ്യം കാണുന്ന പൊടി വാങ്ങരുത്, വെറും വാചകങ്ങൾ കേട്ട് ഒന്നിന്റേയും ഗുണമേന്മ വിധിക്കാനാവില്ല എന്ന് കൂട്ടുകാരി. ഒരു മനുഷ്യന്റെ ഗുണവും ദോഷവും നിർദ്ദയം വിധിക്കാൻ കാരണക്കാരിയായ, അതിനു തെളിവു പോലും ആവശ്യമില്ലെന്നു കരുതുന്ന വക്കീലാണ് ഇത് സമ്മതിച്ചു കൊടുക്കുന്നത് എന്നതാണ് വിരോധാഭാസം.

വീര സതീദറിന് ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നിട്ടേയില്ല, ജീവിച്ചാൽ മാത്രം മതിയായിരുന്നു എന്നതും ശ്രദ്ധേയമാണ്. അദ്ദേഹം അഭിനയിക്കുന്ന ആദ്യചിത്രമാണിത്. തഴക്കം വന്ന കലാകാരനായിരിക്കും എന്ന തോന്നലുണ്ടാക്കുന്നതരം സ്വാഭാവികമായാണ് കഥാപാത്രമായി മാറിയിരിക്കുന്നത്. വീര സതീദർ അഥവാ വിജയ് രാമദാസ് വൈരഗഡെ നാഗ്‌പൂർകാരനായ സാമൂഹ്യ പ്രവർത്തകനാണ്. ഇടതുപക്ഷ, അംബേദ്‌കർ അനുഭാവിയായ അദ്ദേഹം പോലീസ് നിരീക്ഷണത്തിലാണ് ജീവിതത്തിലും. നീതി നിർവ്വഹണ വ്യവസ്ഥയുടെ പരാജയങ്ങൾ സ്വയം കണ്ടറിഞ്ഞതുകൊണ്ട് റോളിനോട് നീതിപുലർത്താൻ തനിക്കായി എന്നാണ് സതീദർ പറയുന്നത്. കോർട്ട് എന്ന സിനിമ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്‌തിയും കൂടുതൽ ജനശ്രദ്ധയും ഏകിയത്രേ. ജാതി വ്യവസ്ഥ, തെരുവിലേയും ഇടുങ്ങിയ ഇടങ്ങളിലെ ജീവിതം, നീതിന്യായ വ്യവസ്ഥ എല്ലാം തന്നെ ക്യാമറക്കണ്ണുകളിലൂടെ കാണുകയാണ് ചിത്രത്തിൽ.

ഇന്നും ഇന്ത്യയിൽ തുടരുന്ന അപരിഷ്‌കൃത ശുചീകരണ പ്രവർത്തനങ്ങളിലേക്കും അതിന്റെ അപകട സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്ന പ്രമേയം കണ്ടില്ലെന്നു വയ്ക്കാനാവില്ല. മാൻഹോൾ തൊഴിലാളികൾ  മറ്റൊരു തലത്തിലും മുഖ്യവിഷയമാകുന്നുണ്ട്, മാൻഹോൾ എന്ന മലയാളം ചിത്രത്തിൽ. നിയമപരമായി നിരോധിക്കപ്പെട്ട തോട്ടിപ്പണി ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നതിലേക്ക് ഈ രണ്ട് ചിത്രങ്ങളും ശ്രദ്ധ ക്ഷണിക്കുന്നു.

ഇന്ത്യൻ പത്ര മാസികകളിൽ എല്ലാം തന്നെയും, കൂടാതെ ന്യൂയോർക്ക് ടൈംസ്, ന്യൂയോർക്കർ, ഹോളിവുഡ് ടൈംസ് ഉൾപ്പടെ വിദേശ പത്രങ്ങളിലും വളരെ നല്ല അഭിപ്രായങ്ങൾ ആയിരുന്നു കോർട്ട് എന്ന ചിത്രത്തെപ്പറ്റി. യാഥാർത്ഥ്യത്തോട് വളരെയടുത്ത് നിൽക്കുന്ന ഒരു ചിത്രമായാണ് എല്ലായിടത്തും പ്രതിപാദിക്കപ്പെടുന്നത്.

ലോകം മുന്നോട്ടോടുന്നതറിയാതെ അഴുക്കിന്റെ ഇരട്ടുചാലുകളിൽ ഇനിയുമുണ്ട് ജീവിതങ്ങൾ, വെളിച്ചവും നിറങ്ങളും പൊതു ഇടങ്ങളും നിഷേധിക്കപ്പെട്ടവർ.

– വിനീത പ്രഭാകർ പാട്ടീൽ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account