വിനോദ് കോവൂർ അവതരിപ്പിച്ചിരുന്ന കഥാപാത്രമായിരുന്നു ജാലിയൻ  കണാരൻ. പിന്നീട് ഹരീഷ് പെരുമണ്ണ എന്ന കലാകാരൻ തന്റെ സ്വതസിദ്ധമായ നിഷ്‌കളങ്ക ഭാവത്തിൽ കണാരനെ അവതരിപ്പിച്ചതോടെ ആ കഥാപാത്രത്തിന് പുതിയ മാനം കൈവന്നു. അയാൾ ഹരീഷ് കണാരൻ എന്നപേരിൽ അറിയപ്പെടുകയും മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്‌തു.  ഹരീഷും കണാരനും ഇല്ലാത്ത സിനിമയാണ് ‘കമ്മാര സംഭവം’. പക്ഷേ, കണാരനെ ഓർത്തുകൊണ്ടല്ലാതെ ഈ സിനിമ കാണാനാവില്ല!

കണാരൻ കഥകളുടെ ‘കമ്മാരാവിഷ്ക്കാരം’ എന്നുപറയാവുന്ന രണ്ടാംഭാഗവും കുടിലതകളുടെ ആൾരൂപമായ കമ്മാരനെ കാണിക്കുന്ന ആദ്യഭാഗവും ചേർന്നതാണ്  ‘കമ്മാര സംഭവം’.

ഐ.എൽ.പി എന്ന പാർട്ടിയുടെ ആദ്യകാല നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ കമ്മാരനിപ്പോൾ തൊണ്ണൂറു വയസ്സാണ്. കിടപ്പിലാണ്. അയാളുടെ സ്വാതന്ത്ര്യസമര കഥ കേട്ട് സിനിമയാക്കാൻ അതേ പാർട്ടിയുടെ പുതിയ നേതാക്കളും നിർമ്മാതാക്കളും തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ പുലികേശിയെ ഇറക്കുന്നു. ഇടത്തോട്ടോ വലത്തോട്ടോ ചായ്‌വില്ലാത്ത മലയാളി സംവിധായകർ ഇല്ലാത്തതുകൊണ്ടാണ് തമിഴിൽ നിന്ന് ആളെ ഇറക്കേണ്ടി വരുന്നത്. കമ്മാരേട്ടൻ പുലികേശിയോട് പറഞ്ഞ കഥയാണ് ഒരു മണിക്കൂറും നാൽപ്പത് മിനിറ്റും നീണ്ട ആദ്യഭാഗം! ആ കഥയിൽ വില്ലൻ  മുതൽ നായകനെ വരെ,  ജന്മി മുതൽ പട്ടിണിപ്പാവങ്ങളെ വരെ, കൂട്ടുകാരനെ മുതൽ കാമുകിയെ വരെ ചതിച്ചു മുന്നേറുന്ന കണാരൻ എം.ജി.ആറല്ല, എം. എൻ. നമ്പ്യാരാണെന്ന് സംവിധായകൻ തിരിച്ചറിയുന്നു. നിർമ്മാതാക്കൾക്ക് വേണ്ടി മസാലകൾ ചേർത്ത് ഹീറോയിസത്തിൻ്റെ അങ്ങേയറ്റമാക്കി  കമ്മാരന്റെ കഥ മാറ്റിയെഴുതി പുലികേശിയൊരുക്കിയ സിനിമയും ആ സിനിമ കേരള രാഷ്‌ട്രീയത്തെ തിരുത്തിയെഴുതുന്നതുമാണ് രണ്ടാം ഭാഗം.

വ്യത്യസ്‌തമായ ഒരു പൊളിറ്റിക്കൽ സറ്റയറാണ് ഈ സിനിമ. സംസ്ഥാന രാഷ്‌ട്രീയത്തെ കളിയാക്കുമ്പോൾ ദേശീയ രാഷ്‌ട്രീയത്തിന് കൊള്ളുന്ന ഒരു ക്രാഫ്റ്റ് മുരളീ ഗോപിയുടെ തിരക്കഥയിലുണ്ട്. കൃത്രിമമായി ഇമേജുകൾ രൂപപ്പെടുത്തി മാർക്കറ്റ് ചെയ്‌ത്‌ അംഗീകാരവും അധികാരവും  നേടിയെടുത്ത മഹാന്മാരാണല്ലോ നമുക്ക് ചുറ്റും. പകയും പ്രതികാരവും ഉള്ളിലുറഞ്ഞ, കൊടിയ വിഷമുള്ള ഒരു അഡാറ് ഐറ്റമാണ് കമ്മാരൻ. ഇതുവരെ ചെയ്യാത്ത ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ദിലീപ് കാണിച്ച ധൈര്യം പ്രശംസനീയമാണ്.  രതീഷ് അമ്പാട്ട് എന്ന പരസ്യസംവിധായകന് കച്ചവടസിനിമയിൽ കഴിവ് തെളിയിക്കാൻ ഏറ്റവും മികച്ച അവസരമാണ് കിട്ടിയത്.

പക്ഷേ, വിപുലമായ സാധ്യതകളുള്ള ഒരു പ്രമേയം കച്ചവടസിനിമയുടെ അഴുക്കുചാലുകളിൽ കൊണ്ടുപോയി നായകനടൻ്റെ  ഫാൻസ്‌ പരിവാരങ്ങളെ തൃപ്‌തിപ്പെടുത്താൻ വേണ്ടി നടത്തുന്ന ശ്രമങ്ങളായി ഇരുപതുകോടിരൂപയുടെ  മുടക്കുമുതലും സംവിധായകന്റേയും സംഘത്തിന്റേയും കഠിനാധ്വാനവും മാറിപ്പോകുന്നിടത്താണ്  സിനിമ എന്ന നിലയിൽ ‘കമ്മാര സംഭവം’ തോറ്റുപോകുന്നത്. നടന്റെ  കോപ്രായങ്ങൾ ഈ സിനിമയിലും – സീരിയസ്സായി കഥ പറഞ്ഞ ആദ്യഭാഗത്തിൽ പോലും – വന്നുകേറുമ്പോൾ മുരളി ഗോപിയുടെ എഴുത്തിന്റെ തിളക്കം കെട്ടു പോകുന്നു. എന്നാൽ ചെണ്ടമേളങ്ങളുമായി വന്നു കയറിയ പരിവാരങ്ങളെ തൃപ്‌തിപ്പെടുത്താനും ഈ സിനിമയ്ക്ക്  പറ്റുന്നില്ല. ആർപ്പു വിളികളുമായി തുടങ്ങിയ അവർ പതിയെ നിശ്ശബ്‌ദരാകുകയും ദ്വയാർത്ഥകമന്റുകളും അപശബ്‌ദങ്ങളും കൊണ്ട്  ബോറടി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. ഇന്റെർവെല്ലിനു തൊട്ടു മുൻപ് ‘ഇനിയാണ് നിങ്ങൾ കാത്തിരിക്കുന്ന ദിലീപ് സിനിമ’ എന്ന് ഉദ്ഘോഷിച്ചപ്പോഴാണ് അവർ വീണ്ടും ഉണർന്നത്.

ഇടവേളയ്ക്കു ശേഷം കമ്മാരൻ സൂപ്പർഹീറോ ആകുന്ന പുലികേശിയുടെ സിനിമയാണ്. കമ്മാരനും ദിലീപും ലാൽജോസുമൊക്കെ സിനിമകാണാനിരിക്കുന്നുണ്ട്. അവിടെയാണ് കണാരൻ കഥകൾ.

തിയേറ്ററിൽ നിന്നിറങ്ങിപ്പോയി ഹരീഷ് കണാരനെ കെട്ടിപ്പിടിച്ച് “ങ്ങള് മതിയേയ്‌നി”  എന്ന് പറയാൻ തോന്നും. ഗാന്ധിജിയേയും നെഹ്രുവിനേയും സുഭാഷ്‌ചന്ദ്രബോസിനേയുമൊക്കെ ഇറക്കുന്നുണ്ട്. സ്‌പൂഫിങ് ആണെങ്കിലും ബോറടി തന്നെയാണ്. ‘ചിറകൊടിഞ്ഞ കിനാവുകൾ’ മലയാളസിനിമയിൽ  എത്ര ഭംഗിയായാണ് ആ കല കൈകാര്യം ചെയ്‌തതെന്ന് നമ്മളോർക്കും. കരുതി വെച്ചിരുന്ന കടലാസു കീറുകൾ  രണ്ടാം പകുതിയുടെ തുടക്കത്തിൽ  പറത്തിവിട്ടും കൂവി വിളിച്ചും നായകന്റെ പുതിയ ലുക്കിനെ വരവേൽക്കുന്ന ആരാധകർ പതിവുപോലെ നായകൻ കൈപൊക്കുന്നതും കാലുപൊക്കുന്നതും മുണ്ടു പൊക്കുന്നതും കണ്ട്   ആർപ്പു വിളിച്ച് തൃപ്‌തിയടയുന്നു.

മുരളി ഗോപി ദിലീപ് ഫാൻസിനു വേണ്ടിമാത്രമായി എഴുതി വച്ചിട്ടുണ്ട് ഡയലോഗുകൾ. ചതിയിൽ പെട്ട് ജയിലിൽ പോകുന്നതും  ജയിലിറങ്ങി വൻ സ്വീകരണമേറ്റുവാങ്ങുന്നതും ജനലക്ഷങ്ങൾ കൂടെയുള്ളതും സീലുവെച്ച കത്തുണ്ടാക്കിയ പൊല്ലാപ്പുകളും ‘പ്രമുഖനെ പെണ്ണുകേസിൽപ്പെടുത്തു’ന്നതും  പെണ്ണിന്റെ ധാർഷ്‌ട്യവും വില്ലത്തരവും അതിനെ പൊളിച്ചടുക്കുന്ന കമ്മാരന്റെ  ഡയലോഗുകളും ആദ്യപകുതിയിൽ ഉറക്കം തൂങ്ങിയ  ഫാൻസുകാരെ രണ്ടാം പകുതിയിൽ ആവേശപ്പെടുത്തി. (ഫാൻസുകാരാണ് തൻ്റെ എല്ലാമെന്നും അവർ എന്തൊക്കെയോ സംഭവമാണെന്നും ആലങ്കാരികമായിപറയുന്ന ഒരു ഡയലോഗ് പക്ഷേ, ചീറ്റിപ്പോയി. പറഞ്ഞത് തങ്ങളെ പൊക്കിയാണെന്നു അവർക്കു പിടികിട്ടിയില്ല).

തിരക്കഥയെഴുത്ത് താരങ്ങൾക്കു വേണ്ടിയാകുമ്പോൾ മുരളി ഗോപിയായാലും ‘ലെവല്’ മാറും. പിന്നെ പുതുമുഖ സംവിധായകൻ്റെ കാര്യം പറയാനുണ്ടോ?! പക്ഷെ അയാൾക്ക്‌ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാങ്കേതികമായി ചിലതൊക്കെ  ചെയ്യാനായി എന്ന് പറയാം. താരങ്ങൾ ഭരിക്കാത്ത സിനിമയെടുക്കാൻ അയാൾക്ക്‌ സാധിക്കട്ടെ.  ഛായാഗ്രാഹകൻ  സുനിൽ കെ.എസിനും. കൈകൊടുക്കാം. പശ്ചാത്തലത്തിൽ ഗോപീസുന്ദർ പതിവ് പോലെ.

അഭിനേതാക്കളിൽ തമിഴ് നടൻ  സിദ്ധാർഥ് പക്വമായ പ്രകടനം കാഴ്ച്ചവെച്ച് ഒപ്പമുള്ള സീനിയേഴ്‌സിനെ കടത്തി വെട്ടി. മുരളി ഗോപിയും  ഇന്ദ്രൻസും സിദ്ധിക്കും ബോബി സിംഹയും  ലളിതവും ഹൃദ്യവുമായി കഥാപാത്രങ്ങളായി.  ശ്വേതാമേനോനും നമിതയുമൊക്കെ ഒന്നും ചെയ്യാനില്ലാത്ത പതിവു വേഷംകെട്ടുകാരായി.

മൂന്നു മണിക്കൂർ നീളമുള്ള ഈ സിനിമ ബോറടിക്കാതെ മുഴുവൻ  സഹിച്ചിരിക്കാൻ കഴിയുന്ന  പ്രേക്ഷകരുണ്ടെങ്കിൽ അവരാണ് താരങ്ങൾ.

3 Comments
  1. Priya 1 year ago

    നന്നായിട്ടുണ്ട്… റിവ്യൂ

  2. Sunil 1 year ago

    Good review..

  3. Rajeev 1 year ago

    These days movies are made for heroes. Good review..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account