പണ്ട്, പൃഥ്വിരാജ് എന്ന നടൻ കുറച്ചു  സിനിമകളിൽ അഭിനയിച്ച് യുവതാരമായി തിളങ്ങി നിൽക്കുന്ന കാലത്ത് പറഞ്ഞിരുന്നു, പ്രതീക്ഷിക്കുന്നത് പോലെയൊക്കെയാണെങ്കിൽ നാൽപ്പതു വയസ്സിൽ  താനൊരു സംവിധായകൻ ആയിരിക്കുമെന്ന്. ഒരുപാട്  വെല്ലുവിളികളെ അതിജീവിച്ച്, കൃത്യമായ ചുവടുകളോടെ, ഓരോ സിനിമകളിൽ നിന്നും പഠിച്ചു പഠിച്ചു വളർന്നു മലയാളത്തിലെ ഏറ്റവും ചിലവേറിയ ഒരു ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജിന്  ഹൃദയം നിറഞ്ഞ കയ്യടി നൽകിക്കൊണ്ടാണ് ലൂസിഫറിനെക്കുറിച്ചെഴുതിത്തുടങ്ങുന്നത്. അഭിനന്ദനങ്ങൾ ശ്രീ. പൃഥ്വിരാജ് സുകുമാരൻ.

ഒരു വമ്പൻ വാണിജ്യസിനിമയ്‌ക്കൊത്ത വിധം മനോഹരമായ വിഷ്വലുകളും കിടിലൻ ടേക്കുകളും കൊണ്ട് സമ്പന്നമാണ് ലൂസിഫർ. ഛായാഗ്രാഹകൻ സുജിത് വാസുദേവും ചിത്രസംയോജകൻ സംജിത്‌ മുഹമ്മദും താരങ്ങളേക്കാൾ വലിയ കയ്യടി അർഹിക്കുന്നുണ്ട്. സംഘട്ടന രംഗങ്ങളിലെ ഇവരുടെ അപാര പ്രകടനം എടുത്തു പറയേണ്ടതാണ്.  ഇവരെ ഉപയോഗിച്ച് പ്രോപ്പർട്ടി, ലൈറ്റ്, ആർട്ടിസ്‌റ് എന്നീ ഘടകങ്ങളെ കൃത്യമായി വിന്യസിച്ചു  ഫ്രെയിം കംപോസ് ചെയ്യുന്നതിൽ, ആവശ്യമായ ഗ്രാഫിക്‌സ് ഗംഭീരമായൊരുക്കുന്നതിൽ സംവിധായകന്റേത് ഉഗ്രൻ പെർഫോമൻസ് ആണ്.  ദീപക് ദേവിന്റെ സംഗീതം നൽകുന്ന കട്ട സപ്പോർട്ട് മിക്ക സീനുകളെയും ജ്വലിപ്പിച്ചു നിർത്തി. സാങ്കേതികതയിൽ ഒരു മാസ്റ്റർ സംവിധായകന്റെ കൈയൊപ്പിടുന്നു പൃഥ്വിരാജ്.  മോഹൻലാലിന്റെ അപാരമായ സ്‌ക്രീൻ പ്രസൻസും മികച്ച പ്രകടനവും ആരാധകർ ഗംഭീരമായി ആഘോഷിക്കുന്നുണ്ട് തിയേറ്ററിൽ. ടോവിനോ തോമസിന് കിടിലൻ കയ്യടി വാങ്ങിക്കൊടുക്കുന്നുണ്ട് സംവിധായകൻ. ഒപ്പം സ്വന്തം കഥാപാത്രവും പ്രേക്ഷകർക്ക് ആവേശം പകരുന്ന തരത്തിൽ അവതരിപ്പിച്ചു. വിവേക് ഒബ്‌റോയിയുടെ ഫാൻസും ഹാപ്പി.  കട്ടഫാൻസുകൾക്ക് സ്‌ത്രീകളോടു പണ്ടേ ബഹുമാനം കൂടുതലായതിനാൽ മഞ്ജു വാര്യരെ മാത്രം അവർ കൂവിയാണ്  സ്വാഗതം ചെയ്‌തത്.

അഭിനയിക്കുന്ന സിനിമകളിലൊക്കെയും സംവിധാനം പരിശീലിച്ചു വന്ന സംവിധായകൻ,  മലയാളത്തിലെ ഏറ്റവും വിലപിടിച്ച മൂന്നു നായകർ (മോഹൻലാൽ, ടോവിനോ തോമസ്, പൃഥ്വിരാജ്), ഏറ്റവും വിലപിടിച്ച നായിക മഞ്ജു വാര്യർ, ബോളിവുഡിൽ നിന്ന് സൂപ്പർ താരം വിവേക് ഒബ്‌റോയ്, മലയാളസിനിമയിൽ ഏറ്റവും പണം മുടക്കാൻ കെൽപ്പുള്ള നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിങ്ങനെ മലയാളത്തിലെ ഏറ്റവും വലിയ  വാണിജ്യഘടകങ്ങൾ ഒത്തു ചേർന്ന ഒരു സിനിമ അതർഹിക്കുന്ന വിധത്തിൽ മാർക്കറ്റ് ചെയ്യുകയും ഒന്നാം ദിവസം തന്നെ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്‌തു. ആദ്യ ദിവസം തിയേറ്ററുകൾ കവിഞ്ഞൊഴുകിയ ഫാൻസിന്റെ ഉത്‌സവദിനമായി. ആയിരത്തിലേറെ സീറ്റുകളുള്ള തിയേറ്ററുകളിൽ പോലും സെക്കന്റ് ഷോയ്ക്കു ടിക്കറ്റ് കിട്ടാതെ ഒന്നും രണ്ടും ഷോയ്ക്കുള്ള ആളുകൾ മടങ്ങിപ്പോയി! മാസ്സ് എന്ന പദത്തിന് പുതിയ വിശേഷണങ്ങൾ തേടേണ്ടി വരുന്നു. സംവിധായകനെയും  താരങ്ങളെയും അഭിനന്ദനങ്ങളാലും സ്‌തുതികളാലും അത്യുന്നതങ്ങളിൽ ലൂസിഫറിനൊപ്പം പ്രതിഷ്ഠിക്കുന്നു ആദ്യ ദിനങ്ങളിലെ പ്രേക്ഷകർ.

മുരളി ഗോപി എന്ന തിരക്കഥാകൃത്ത് ഇതിനിടയിൽ അത്ര തെളിച്ചം കിട്ടാതെ നിൽക്കുന്നു.  ‘ലെഫ്റ്റ്  റൈറ്റ് ലെഫ്റ്റ്’ എഴുതി രാഷ്‌ട്രീയ കേരളത്തെ നടുക്കിയ എഴുത്തുകാരനാണ്. ലൂസിഫറിന്റെ മാസ്സ് വിജയത്തിൽ തിരക്കഥാകൃത്തും ആഘോഷിക്കപ്പെടേണ്ടതല്ലേ? പ്രത്യേകിച്ച്  കുഞ്ഞു കുഞ്ഞു വാക്കുകൾ കൊണ്ട് തിയേറ്ററിൽ നിലയ്ക്കാത്ത കയ്യടി സൃഷ്‌ടിച്ച ആളെന്ന നിലയിൽ.

ആ ചോദ്യത്തിന്  മുന്നിൽ  നിന്നുകൊണ്ട് ചിന്തിക്കുമ്പോഴാണ്  എന്താണീ ചിത്രത്തിന്റെ തിരക്കഥയെന്നും, കഥയെന്നും, പ്രമേയമെന്നും അവലോകനം ചെയ്യേണ്ടി വരിക. 2019ലെ  മാസ്സ് സിനിമയെന്നാൽ എന്താണെന്നു വിലയിരുത്തേണ്ട സന്ദർഭം കൂടിയാണിത്. ഒരു സിനിമ മാസ്സ് ആകുന്നത്  കണ്ടുകൊണ്ടുതന്നെ, അത് വ്യവസായത്തിന് നൽകുന്ന ഊർജ്ജം അറിഞ്ഞു കൊണ്ടുതന്നെ  നമുക്ക്  ചില പഴയ സിനിമകളെക്കുറിച്ചു പറയാം.

പത്താം ക്ലാസ്സിൽ  പഠിക്കുമ്പോഴാണ് റെയിൽവേയുടെ ടിക്കറ്റ് കലക്‌ടർ പരീക്ഷയെഴുതാൻ പാലക്കാട് പോയത്. ‘ബാഷ’ തകർത്തോടുന്ന ആരോമ തിയേറ്ററിനടുത്താണ് താമസിച്ചിരുന്ന ലോഡ്‌ജ്. അന്ന് കാണാൻ കൊതിച്ച പടം പിന്നീട് ഒരു വർഷത്തോളം കഴിഞ്ഞ് അരിയല്ലൂർ കൃഷ്‌ണയിൽ വന്നപ്പോഴാണ് കാണുന്നത്. സൗമ്യനും സ്‌നേഹമയനും ഏഴൈക്കെല്ലാം സ്വന്തക്കാരനുമായ ഓട്ടോഡ്രൈവർ  കിടിലൻ/സ്റ്റൈലിഷ് അധോലോക നായകനാകുന്ന രജനികാന്തിന്റെ പെർഫോമൻസും സുരേഷ്‌കൃഷ്‌ണയുടെ മേക്കിങ്ങും കൊണ്ട്  ത്രില്ലടിപ്പിച്ച ആ പടത്തിന്റെ ശൈലി അനുകരിച്ച അനേകം സിനിമകൾ പിന്നീട് മലയാളത്തിൽ തന്നെ കണ്ടിട്ടുണ്ട്. പൃഥ്വിരാജിന്റെ തന്നെ ‘താന്തോന്നി’യൊക്കെ ഓർക്കുന്നു. ഒരു വശത്ത് സൗമ്യനും കുടുംബത്തിലെ പ്രിയപ്പെട്ടവനുമായ ലാലേട്ടൻ, മറുവശത്ത് തോക്കുകൊണ്ടമ്മാനമാടുന്ന പടങ്ങൾ തന്നെ നമ്മെളെത്ര കണ്ടു!

ദേവാസുരം എന്ന സിനിമ ആരാണ് മറക്കുക. അഥവാ മറന്നു പോയാൽ തന്നെ ഇടയ്ക്കിടയ്ക്ക് അതിന്റെ കഷണങ്ങൾ മുറിച്ച് നല്ലോണം മസാല തേച്ച് പ്രമുഖ സംവിധായകർ തന്നെ നമുക്ക് കൊണ്ടുവന്നു തരും.  അന്ന് മുണ്ടു മടക്കിക്കുത്തിയപ്പോൾ പ്രേക്ഷകർ കയ്യടിച്ച്‌ ആർപ്പു വിളിച്ചതിനു കണക്കില്ല. പിന്നെ എത്രയെത്ര മുണ്ടുകൾ മാറിമാറി മടക്കിക്കുത്തി! ആംഗിൾ പോലും മാറ്റാതെയുള്ള ആ ഷോട്ടുകൾക്കൊക്കെയും കയ്യടിച്ചു കൊണ്ടേയിരുന്നു നമ്മൾ.

ദേവാസുരത്തിലെ ലാലേട്ടനെ കുപ്പായം മാറ്റി മുംബൈ അധോലോകത്തു നിന്ന് കൊണ്ടുവന്നിറക്കിയതാണെങ്കിലും ആറാം തമ്പുരാൻ അക്കാലത്തെ ത്രില്ലടിപ്പിച്ച പടമാണ്. ജഗൻ ആഗ്രഹിക്കുമ്പോഴേക്കും പണം കൊണ്ടുവന്നു തള്ളുന്ന താങ്കളങ്ങാടി ബാപ്പൂവൊക്കെ അന്നത്തെ രോമാഞ്ചമായിരുന്നു. ആണുങ്ങളായാൽ ജഗന്നാഥനെപ്പോലെ വേണമെന്ന് ആണും പെണ്ണും പറഞ്ഞു നടന്ന കാലം. മക്കൾക്ക് ജഗൻ എന്ന് പേരിട്ടവരെ അറിയാം.

സായി കുമാറിന്റെ കോര സാറും ആറ്റിപ്രാക്കൽ ജിമ്മിയും ചതുരംഗം എന്ന സിനിമയിലെ സായികുമാറും മോഹൻലാലുമാണ്. രാഷ്‌ട്രീയരംഗത്തെ ചതിയുടെയും അരുംകൊലകളുടെയും സിനിമ. അധികാരത്തിനായി കുതന്ത്രങ്ങൾ പയറ്റുന്ന നേതാക്കൾ. നായകനെ ഒതുക്കാൻ കള്ളക്കേസ്. നായകന്റെ കൂടെയുള്ളവൻ നായകനെ ചതിക്കും. ഇതൊക്കെ പറയുന്ന അനവധി സിനിമകളിലൊന്ന്.

ഇതിൽ ചതുരംഗമൊഴിച്ചുള്ളതൊക്കെ മാസ്സ് സിനിമകളായിരുന്നു. ഈ സിനിമകൾക്കെന്താ ലൂസിഫറിന്റെ റിവ്യൂവിൽ കാര്യം എന്ന ചോദ്യം ന്യായം. ഈ സിനിമകൾക്കു മാത്രമല്ല, ഒരുപാടു സിനിമകൾക്ക് കാര്യമുണ്ട് ലൂസിഫറിൽ. നമ്മളെപ്പോലെ പൃഥ്വിരാജ്   കണ്ടിട്ടുള്ള സിനിമകളായിരിക്കും ഇതൊക്കെ. ആരാധകരുടെ ഓർമ്മയിൽ ഈ ചിത്രങ്ങളിലെ മോഹൻലാൽ ഇപ്പോഴുമുണ്ടെന്നും ഏതു പുതിയ സിനിമ വരുമ്പോഴും പഴയ സിനിമയുടെ അത്ര പോരാ എന്ന് അവർ പറയുമെന്നും ഉറപ്പാണ്. ഒരു മാസ്സ് പടം ചെയ്യുമ്പോൾ ഈ റിസ്‌കിനെ മറികടക്കുവാനുള്ള എളുപ്പ വഴിയായി പൃഥ്വിരാജ്  കണ്ടത് പഴയസിനിമയിലെ സീനുകൾ റീക്രിയേറ്റ് ചെയ്യുക എന്നതാണ്. പത്തിരുപതു കൊല്ലം മുൻപുള്ള ഐറ്റംസ് റീമേക്ക് ചെയ്യുമ്പോൾ നൂറു മടങ്ങ് വികസിച്ച സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് ഗംഭീരമാക്കാം. ഏതു ബഡ്‌ജറ്റിനും പണം മുടക്കാൻ സൗകര്യമുള്ള നിർമ്മാതാവ് കൂടിയുണ്ടെങ്കിൽ ഒന്നും നോക്കാനില്ല. ആളുകളെക്കൊണ്ട് കയ്യടിപ്പിക്കുന്ന, രോമാഞ്ചം കൊള്ളിക്കുന്ന കുറേ  സീനുകൾ ‘കണ്ടെത്തി’യാൽ മുടക്കിയ പണം നല്ല ലാഭത്തിൽ തിരിച്ചു കിട്ടുകയും ചെയ്യും.

അങ്ങനെയാണ് വലിയ വായനക്കാരനും അന്താരാഷ്‌ട്ര സിനിമകളിൽ നിന്ന് പഠിക്കുന്നവനും മലയാള സിനിമയിലെ വേറിട്ട വ്യക്‌തിത്വവുമായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ വിലങ്ങിട്ട കൈകളുമായി പോകുന്ന മോഹൻലാൽ പോലീസ് ഓഫീസറെ കഴുത്തിന് ചവിട്ടി കയ്യടി വാങ്ങുന്ന മാസ്സ് രംഗമുണ്ടാവുന്നത്. ഇരുപതാം നൂറ്റാണ്ടിൽ സാഗർ ഏലിയാസ് ജാക്കി വില്ലനോട് പറഞ്ഞ അതേ ഡയലോഗ് പൊടി തട്ടി വിവേക് ഒബ്‌റോയിയോട് പറയുന്നത്. തന്റേതല്ലാത്ത കുറ്റത്തിന് ജയിലിൽ പോകേണ്ടി വരുന്നത്. ജയിലിൽ നായകനെ തല്ലിക്കൊല്ലാൻ സഹതടവുകാർ കൊട്ടേഷൻ എടുക്കുന്നത്. (ഇരുമ്പു ബക്കറ്റും വാട്ടർ ടാങ്കും തലമുക്കലും ഒഴിവാക്കി ഇന്റീരിയർ ആക്കീട്ടുണ്ട് സ്റ്റണ്ട്).  അധോലോകത്ത് ഐറ്റം ഡാൻസ് വിത്ത് ഗാങ് വാർ തകർക്കുന്നത്.    അങ്ങനെയങ്ങനെ പറഞ്ഞു വരുമ്പോൾ പല സിനിമകളിൽ പലവട്ടം ഓടിയ മാസ്സ് സീനുകളെ കോടികളിൽ മുക്കിയെടുത്തതല്ലാതെ മറ്റെന്താണ് 2019 ലെ മരണ/കൊല മാസ്സ്! ‘ഞാൻ കാണാനാഗ്രഹിക്കുന്ന ലാലേട്ടൻ ഇങ്ങനെയാണ്’ എന്ന് പറയുമ്പോൾ സംവിധായകൻ തങ്ങളിലൊരാളാണ് എന്ന് ഓരോ ഫാൻസിനും തോന്നും. അങ്ങനെയൊന്നു തോന്നിപ്പിക്കുന്ന മാർക്കറ്റിങ് തന്ത്രമല്ലാതെ അതിൽ എന്തെങ്കിലും വസ്‌തുതയുണ്ടെന്ന് പൃഥ്വിരാജിന്റെ സിനിമാസങ്കൽപ്പങ്ങൾ വിവിധ ഇന്റർവ്യൂകളിൽ കേട്ടിട്ടുള്ളവർക്ക് തോന്നുമോ?

സ്‌ത്രീപക്ഷത്തു നിന്ന് സംസാരിച്ച് കയ്യടി നേടിയ സംവിധായകന്റെ പടത്തിൽ സ്‌ത്രീകളെ ‘വെറും പെണ്ണു’ങ്ങളാക്കുന്നത് ഫാൻസ്‌ കൂട്ടങ്ങളെ തൃപ്‌തിപ്പെടുത്താനല്ലാതെ മറ്റെന്തിനാണ്? മുഖ്യമന്ത്രിയുടെ മകളായി ആദ്യ രംഗത്ത് വളരെ ബോൾഡ് ആയി തോന്നിപ്പിച്ച്, പിന്നീട് സാമാന്യബുദ്ധിയില്ലാത്ത കുടുംബിനിയാക്കി, ഒടുവിൽ സ്റ്റീഫൻ നെടുമ്പള്ളിയുടെ കാലിൽ കൊണ്ട് പോയി തള്ളുന്നു നായികയെ. ആ സീനിലൊക്കെയുള്ള ഫാൻസിന്റെ ആഘോഷം – അതാണ് മാസ്സ്!! സിനിമയിൽ നായികയുൾപ്പെടെയുള്ള സ്‌ത്രീ കഥാപാത്രങ്ങൾക്കു പ്രസക്‌തിയോ അധികം സീനോ ഇല്ല. ഒരാൾ മയക്കുമരുന്നടിച്ച് കിറുങ്ങി നടക്കുന്ന പെൺകുട്ടി! ഒരാൾ പത്രപ്രവർത്തകയാണെങ്കിലും  ഭർത്താവിന്റെ  അടിമത്തൊഴിലാളി!  മറ്റൊരുവൾ കാമുകന്റെ ഉപഭോഗവസ്‌തു! അമ്മയാകട്ടെ സംശയരോഗി! അഭിനയിക്കുന്ന സിനിമയിൽ സ്‌ത്രീ വിരുദ്ധ ഡയലോഗുകൾ പറയില്ല എന്ന് പ്രഖ്യാപിച്ച നടൻ സംവിധാനം ചെയ്‌ത സിനിമ സ്‌ത്രീ വിരുദ്ധത കൊണ്ട് ആഘോഷമായി മാറുന്നു!

മോഹൻലാൽ, ടോവിനോ തോമസ്, പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്,  എന്നീ താരങ്ങളുടെ ആരാധകർ ഇരച്ചു കയറിയാൽ തിയേറ്ററുകൾ തികയാതെ വരും. സിനിമയിൽ ആവറേജ് മാസ്സ് ഐറ്റംസ് ഉണ്ടെങ്കിൽ അവർ ആഘോഷമാക്കും. മൂന്നു മലയാള താരങ്ങളും അങ്ങോട്ടുമിങ്ങോട്ടും സപ്പോർട്ട് ചെയ്യുന്ന സന്ദർഭങ്ങളിൽ ഉഗ്രൻ കയ്യടിയാണ്. അവർ പുറത്തിറങ്ങി തള്ളി മറിക്കും. ഇതൊക്കെക്കൂടി സിനിമയുടെ ആദ്യവാരത്തെ കളക്ഷൻ റെക്കോർഡ് സൃഷ്‌ടിക്കും. അതോടെ ആദ്യവാരം സിനിമ കാണാൻ അവസരം കിട്ടാത്ത കുടുംബ പ്രേക്ഷകർ  ഇതൊരു മത്‌സരമായെടുക്കും. സിനിമ മെഗാഹിറ്റാകും. ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ് ഇതല്ലാതെ മറ്റെന്താണ് ഈ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുക? പ്രേക്ഷകർ ആഗ്രഹിച്ചത് അദ്ദേഹം കൊടുക്കുന്നു. അദ്ദേഹത്തിനു വേണ്ടത് പ്രേക്ഷകർ തിരിച്ചു കൊടുക്കുന്നു. ആയതിനാൽ, പൃഥ്വിരാജ് ചിത്രമെന്നോ മുരളിഗോപി ചിത്രമെന്നോ മോഹൻലാൽ ചിത്രമെന്നോ വിളിക്കുന്നതിനപ്പുറം നമുക്കിതിനെ ‘ഒരു ആന്റണി പെരുമ്പാവൂർ ചിത്രം’ എന്ന് വിളിക്കാം. ഹാറ്റ്സ് ഓഫ് മിസ്റ്റർ പ്രൊഡ്യൂസർ.

– ഉമേഷ് വള്ളിക്കുന്ന്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account