ഫാൻസ്‌ എന്ന വിഭാഗം ഒരുതരത്തിൽ പറഞ്ഞാൽ വളരെ പാവങ്ങളാണ്. അവർ ആരാധിക്കുന്ന താരത്തിൻ്റെ പോസ്റ്ററിൽ കാക്ക കാഷ്ഠിച്ചാൽ പോലും  കരച്ചിൽ വരുന്നവർ. വെയിലായാലും മഴയായാലും തിയേറ്ററുകളെ പൂരപ്പറമ്പാക്കുന്നവർ.  അവരെ പറ്റിച്ചു കാശുണ്ടാക്കുക  എന്നതാണ് മലയാള സിനിമയിലിപ്പോൾ ‘മാസ്സ്’ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. വൈശാഖായാലും പൃഥ്വിരാജായാലും ഇതൊക്കെത്തന്നെയാണ് ചെയ്യുന്നത്. നായകൻ്റെ  കാല്, ചെരുപ്പ്, വള -തള -മോതിരാദികൾ, മുണ്ട്, മേൽമുണ്ട് മുതലായവ മാക്‌സിമം  ഷോട്ടുകളിൽ കാതടപ്പിക്കുന്ന വാദ്യമേളത്തോടെ തിരശ്ശീലയിൽ നിറച്ചു കൊടുത്താൽ ഫാൻസ്‌ ആർപ്പു വിളിച്ചും കയ്യടിച്ചും അർമാദിച്ചുകൊള്ളും. കഥയോ തിരക്കഥയോ പുതുമയോ  ഇത്തരം സിനിമകളെ സംബന്ധിച്ച് വിഷയമേയല്ല.  സിനിമ കണ്ടിറങ്ങുമ്പോൾ പാവങ്ങൾ ഉറക്കെ വിളിച്ചു പറയും “മാസ്സ്  ഡാ.. കൊലമാസ്സ്‌..”

പോക്കിരി രാജയുടെ രണ്ടാം വരവായ മധുര രാജ കാണാൻ കയറുന്ന ഫാൻസും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല. പ്രതീക്ഷകളെ തെറ്റിക്കാതെ എല്ലാ  മസാലകളും കുത്തിനിറച്ചാണ് മധുരരാജയുടെ വരവും. എന്നിട്ടും ഈ മാസ്സ് തള്ളുപടത്തിന്   കോഴിക്കോട് രാധയിലെ ആദ്യത്തെ ഷോയിൽ തന്നെ ധാരാളം സീറ്റുകൾ ഒഴിഞ്ഞു കിടന്നത് എന്ത് കൊണ്ടാണ്!?

പോക്കിരി രാജയിൽ പുലിമുരുഗൻ മിക്‌സ് ചെയ്‌താണ് മധുരരാജയുടെ മേക്കിങ്. നടേശൻ എന്ന് പേര് മാറ്റി നമ്മുടെ ഡാഡി ഗിരിജയാണ് മെയിൻ വില്ലൻ.  പുലിമുകൻ്റെ അച്ഛനെ കടുവ കൊന്നതിനു പകരം നായിക വാസന്തിയുടെ കുട്ടിക്കാലത്ത്  അച്ഛനെ വേട്ടപ്പട്ടികളെക്കൊണ്ട്  കടിപ്പിച്ചു കൊല്ലുന്ന ഓപ്പണിങ്. പിന്നെ ഇരുപത്തിയഞ്ചുകൊല്ലം കഴിഞ്ഞു സിനിമ നടക്കുന്ന കാലത്ത് നായിക വാസന്തിയുടെ പരുക്കൻ ജീവിതവും കലിപ്പുമൊക്കെ അതിന്റെ തുടർച്ചയാണ്. നായർ സർവീസ് സൊസൈറ്റിയെ ഓർമ്മിപ്പിക്കുന്ന എൻ. സി.എസ് പാണൻതുരുത്തിൽ നടത്തുന്ന സ്‌കൂളിനടുത്ത് ബാർ നടത്തുന്നുണ്ട് നടേശൻ. അതുകൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ടാണ് നായകൻ്റെ അച്ഛനായ മാധവൻമാഷും അളിയനും (വിജയരാഘവൻ) തുരുത്തിലെത്തുന്നത്. പുലിമുരുകനിലെ ബോൾഡായ നായികയെപ്പോലെത്തന്നെ ഷർട്ടൊക്കെയിട്ട് ഹീറോയിസം കാണിച്ച് ഫാൻസിനെ ആവോളം ചിരിപ്പിക്കുന്നുണ്ട്  അനുശ്രീയുടെ വാസന്തി.  നീയെത്ര പെടച്ചാലും രാജ വരുന്നതോടെ ചുരുണ്ടു കൂടിക്കോളും എന്ന ഉറപ്പിലാണ് ആ ചിരി.

പതിവ് പോലെ നായകന്റെ അച്ഛന് വില്ലന്മാരുടെ കയ്യീന്ന് അത്യാവശ്യം പണികിട്ടുന്നു. രാജ റൊമ്പ ബിസി ആയതിനാൽ ചിന്ന രാജയെ കയറ്റി വിടുന്നു. (സ്വന്തം തമ്പിയല്ലെങ്കിലും അതുക്കും മേലെ). തമിഴ് താരം  ജയ് വന്ന് പ്രേമിച്ചും ആടിയും പാടിയും സ്റ്റണ്ട് നടത്തിയും തമിഴ് നാട്ടിലെ  കച്ചോടം ഉറപ്പിക്കുന്നു. ചിന്ന രാജ വീഴുമ്പോൾ രാജ അവതരിക്കുന്നു. തുരുത്ത് ആയതുകൊണ്ട് പത്തമ്പത് ഇന്നോവ ഗ്രൗണ്ട് വാടകക്കെടുത്ത് പാർക്ക്‌  ചെയ്‌ത ശേഷം കേരളത്തിലുള്ള സകലമാന സ്‌പീഡ് ബോട്ടും വരുത്തിച്ചാണ് രാജയുടെ മാസ്സ് എൻട്രി. പിന്നെ  രാജയുടെ വിളയാട്ടമാണ്. തുടക്കത്തിലെ വില്ലാദി വില്ലനായ നടേശനൊക്കെ പിന്നെ ക്ലൈമാക്‌സിലേ കാര്യമായ പണിയുള്ളൂ. നായികയുമായുള്ള കോർക്കലുകൾ, കുടുംബ സ്‌നേഹം, കോമാളി കളിച്ചുള്ള ഹീറോയിസം, ഡാൻസ്, പാട്ട്,  സണ്ണി ലിയോണിനെ തന്നെ ഇറക്കിയുള്ള ഐറ്റം ഡാൻസ് മുതലായ മെഗാ കലാപരിപാടികൾക്ക് ശേഷം വില്ലൻ്റെ  ക്ലൈമാക്‌സ് കളികളിൽ നായകൻ്റെ  ഉയിര്‌ക്കും ഉയിരാണ ആളെ  കൊന്ന്  നായകൻ്റെ  താണ്ഡവത്തിന് അവസരമൊരുങ്ങുകയും ചെയ്യുന്നു. പതിവ് പോലെ ആളിക്കത്തുന്ന അഗ്നിയുടെ അകമ്പടിയോടെ നായകൻ സ്ലോ മോഷനിൽ നടന്നു വരുമ്പോൾ ഫാൻസ്‌ ആർത്തു വിളിച്ചു തിയേറ്റർ വിടുന്നു. അടുത്ത പടമായി ‘മിനിസ്റ്റർ രാജ’ യുടെ പ്രഖ്യാപനം കൂടെ ബോണസ്സായി കിട്ടുന്നുണ്ട്.

ഇതൊക്കെ ഒരു മാസ്സ് മസാല മാത്രമാണെന്നും ജനങ്ങൾക്ക് ഇതാണാവശ്യമെന്നും അതുകൊണ്ട് ഈ കഥ ഇങ്ങനെയൊക്കെ പോയേ  പറ്റൂ എന്നും സലിം കുമാറിൻ്റെ കഥാപാത്രമായ മനോഹരൻ മംഗളോദയം എന്ന ജനപ്രിയ നോവലിസ്റ്റ് യഥാസമയങ്ങളിൽ ഇടപെടുന്നതാണ് ഈ തിരക്കഥയിലെ ഏറ്റവും ബുദ്ധിപരമായ നീക്കം. എല്ലാ തരികിട ക്ളീഷേ അഭ്യാസങ്ങളെയും രസകരമായ ഒരു  കോമഡി ഷോ എന്ന നിലയിൽ കാണാൻ പ്രേക്ഷകന് സാഹചര്യമൊരുങ്ങുന്നുണ്ട് അതോടെ. അതുകൊണ്ടു തന്നെ ഈ മാസ്സ് മസാലയെ സ്‌പൂഫിങ് എന്ന നിലയിൽ വിദഗ്‌ദമായി ഡീൽ ചെയ്‌തതിനു തിരക്കഥാകൃത്തിനും സംവിധായകനും ഒരു കയ്യടി കൊടുക്കാം.  ഈ താങ്ങുന്നതെല്ലാം ഫാൻസ്‌ എന്ന തങ്ങളെയാണെന്നറിയാതെ കയ്യടി വേണ്ടതിലധികം  കൊടുക്കുന്നുണ്ട് പാവങ്ങൾ.

അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, അണ്ണാ രേഷ്‌മ രാജൻ എന്നിങ്ങനെ നാലു നായികമാരുണ്ട് മധുര രാജയിൽ. അനുശ്രീയൊഴിച്ചുള്ളവർക്കു കാര്യമായെന്തെങ്കിലും പണിയുണ്ടോന്ന് ചോദിക്കരുത്. പുലിമുരുഗനിലെ അഭിനേതാക്കളടങ്ങിയ വൻ  താരനിരയുണ്ട്. സണ്ണി ലിയോണുണ്ട്. ഇവരെയൊക്കെ വെച്ച് ധരാളം പണം വാരി വിതറി സകലമാന മസാലകളും നിറച്ച്  ഒരുക്കിയ  ഷാജികുമാറിന്റെ വിഷ്വലുകൾക്ക് ഗോപി സുന്ദറിന്റെ പതിവ് ബഹളങ്ങൾ നല്ല പിന്തുണ കൊടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പോക്കിരി രാജയുടെയും പുലിമുരുഗന്റെയും ഒരു മോശം മിക്‌സാണ് മധുര രാജ.

ഇതൊരു അവധിക്കാല ചിത്രമല്ലേയെന്നും കുട്ടികളെ രസിപ്പിക്കുക വഴികുടുംബങ്ങളുടെ കാശ് പെട്ടിയിലാക്കുക എന്നതല്ലേ പ്രധാനം എന്ന് വാദിക്കാം. ശരിയാണ്. പക്ഷെ സിനിമ എന്ന പേരിൽ എന്തൊക്കെ മാലിന്യങ്ങളാണ് നാം കുട്ടികൾക്ക് വിളമ്പിക്കൊടുക്കുന്നത്!!

– ഉമേഷ് വള്ളിക്കുന്ന് 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account