കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു വന്നതോടെയാണ് നമ്മുടെ കച്ചവട സിനിമക്കാർ ചെങ്കൊടിയുമായി കൃഷിക്കിറങ്ങാൻ തുടങ്ങിയത്. വിത്തും വയലുമൊന്നും നോക്കാൻ നേരമില്ല, കാറ്റുള്ളപ്പോ തൂറ്റണം – അത്രേയുള്ളു. ഇൻക്വിലാബും ലാൽ സലാമുമൊക്കെ പണ്ടുള്ള സിനിമകളിൽ പറഞ്ഞുകേട്ടത്  ഇടയ്ക്കിടെ വാരി വിതറണം. അതാണ് രാഷ്‌ട്രീയ ബോധം. അതുകേട്ട്  നമ്മുടെ പാർട്ടിയെന്ന് തെറ്റിദ്ധരിച്ച് ആർപ്പു വിളിക്കാൻ അതേ ബോധമുള്ള  കുറച്ചു പിള്ളേരുമുണ്ടാവും.

സത്യത്തിൽ  ഈ സിനിമകൾ ആ പ്രസ്ഥാനത്തോട് ചെയ്യുന്നതെന്താണ്? നാലാംകിട പൈങ്കിളിക്കഥകളാണ് കമ്യൂണിസ്‌റ്റ്‌ ചരിത്രമെന്ന് പ്രചരിപ്പിക്കുകവഴി ലക്ഷകണക്കിന് മനുഷ്യരുടെ സമർപ്പണത്തെ പുലിമുരുകന് ബലികൊടുക്കുകയാണവർ.

അലൻസിയറുടെ അപ്പൻ സഖാവും മമ്മൂട്ടിയുടെ മകൻ സഖാവുമാണ് പരോളിലെ ചെങ്കൊടി ഹീറോസ്. അപ്പനെ കടത്തിവെട്ടുന്ന മകൻ പത്തിരുപത് പേരെയൊക്കെ തടിയനങ്ങാതെ വീഴ്ത്താൻ പറ്റുന്ന കിടുക്കാച്ചി നേതാവാണ്. (സിനിമയിൽ കാണുന്ന സഖാക്കളുടെ കാലം കണക്കു കൂട്ടിയാൽ വട്ടായിപ്പോകും). അങ്ങനെ അടിച്ചു വീഴ്ത്തിയാണ് സഖാവ് കൃഷ്‌ണൻ തോട്ടം തൊഴിലാളികൾക്കിടയിൽ പാർട്ടി വളർത്തിയതെന്ന്‌ സിദ്ധാർത്ഥ ശിവ പറഞ്ഞുകേട്ടതാവും എഴുത്താളർ അജിത് പൂജപ്പുരയും സംവിധായകൻ ശരത് സന്ദിത്തും.

പാർട്ടിക്കാര്യം അവിടെ നിക്കട്ടെ. മമ്മൂട്ടി എന്ന മെഗാസ്റ്റാറിലേക്കു വരാം. നല്ലോണം പ്രായമായി. എന്നിട്ടും എന്തൊരു കോൺഫിഡൻസാണ് – പറഞ്ഞത് തന്നെ പറഞ്ഞാലും ചെയ്‌തത് തന്നെ ചെയ്‌താലും പ്രേക്ഷകർക്ക് മടുത്താലും തനിക്കു മടുക്കൂല എന്ന കോൺഫിഡൻസ്.

ഒന്ന് – ജയിൽപ്പുള്ളി. മുന്നറിയിപ്പിൽ രാഘവനെന്നത്  മമ്മൂട്ടിയുടെ പേരായിരുന്നു. ഇപ്പോഴത് വില്ലന്റെ പേരാക്കിയൊന്നു മാറ്റി. എന്നാലും  രാഘവനെന്നുവിളിക്കാനേ തോന്നൂ.

രണ്ട് – പെങ്ങൾക്ക് വേണ്ടി സ്വന്തം കുടുംബം മറക്കുന്ന ഏട്ടൻ. ഇങ്ങനൊരു ഏട്ടനുണ്ടായിരുന്നെങ്കിൽ ഫീലിൽ വല്യേട്ടൻ.

ത്യാഗം, നന്മ, സ്‌നേഹം, വിനയം… ഹോ.. മൂന്ന്, നാല്… പറഞ്ഞു തുടങ്ങിയാൽ തീരൂല തനിയാവർത്തനങ്ങൾ! ‘ങ്ങക്ക് ബോറടിക്കൂലേ മനുഷ്യാ’ന്ന് ആരെങ്കിലും മമ്മൂക്കാനോടു ചോയ്‌ച്ചീനിയെങ്കി!

എന്തായാലും തകർത്ത് അഭിനയിക്കുന്നുണ്ട്.  മമ്മൂട്ടിയുടെ പണ്ടത്തെ പെർഫോമൻസിനെ മൂപ്പരെന്നെ മിമിക്രി കാണിക്കുന്നു. ഭൂതക്കണ്ണാടിയും വാത്‌സല്യവുമൊക്കെ ഇവിടെയും ഇട്ടലക്കുന്നുണ്ട്.

പിള്ളേരായ പിള്ളേരൊക്കെ ചുമ്മാ നടന്നുപോയി നാഷണൽ അവാർഡും വാങ്ങി വരുന്ന കാലമാണ്. അപ്പുറത്തെ പറമ്പിൽ സൗബിൻ ഫുട്ബോളും  കളിച്ചു നടക്കുന്നുണ്ട്. കൂടെ കുറെ പെടയ്ക്കണ കളിക്കാരുമുണ്ട്, ആണും പെണ്ണുമായി. അതൊക്കെ കണ്ടു വരുന്ന പ്രേക്ഷകർക്ക് കൂവാൻ തോന്നിക്കൂടായ്‌കയില്ല. സംഗതി മോശമായീന്നല്ല – ക്ളീഷേന്ന് പറയുന്നത്  തന്നെ ക്ളീഷെയായിപ്പോകുന്ന ആ ഒരവസ്ഥയുണ്ടല്ലോ…!!

‘വെക്കേഷനാണ്. ഫാമിലി കേറിക്കോളും. പൈങ്കിളിയാണ് നല്ലത്’ എന്ന് തോന്നീട്ടാവും, അങ്ങനൊരു പൈങ്കിളി സെറ്റപ്പിൽ കഥയുണ്ടാക്കി മുന്നോട്ടു പോകുകയാണ് സിനിമ. ആയ്ക്കോട്ടെ. പക്ഷേ, സിദ്ധിക്ക് വരെ ബോറായീന്ന് പറയേണ്ടി വരുമ്പോൾ മെലോഡ്രാമ ഏതു ലെവലിൽ പോണം!

പരോളിൽ നമ്മൾ കാണുന്ന രാഷ്‌ട്രീയം രാഷ്‌ട്രീയമല്ല, ജയിൽ ജയിലല്ല, സിനിമ സിനിമയുമല്ല എന്നൊക്കെ പറയാൻ ഇതിൽക്കൂടുതൽ വല്ലതും പ്രതീക്ഷിച്ചിട്ടാണോ ഈ സിനിമക്ക് കേറിയതെന്നു ചോദിക്കുന്നവരോട് –  ഇതിലും ‘വലുത്’ പ്രതീക്ഷിച്ചാണ് കേറിയത്. അതോണ്ട്  അത്രക്കൊന്നും ബാധിച്ചില്ല. മാത്രമല്ല ഫസ്റ്റ് ഡേ ആഘോഷിക്കാൻ കേറിയ ഫാൻസുകാർക്ക് (കുറച്ചു പേരേയുള്ളു) കിട്ടിയ പണിയൊന്നും നമുക്ക് കിട്ടിയുമില്ല.

മൊത്തത്തിൽ ബോറടിപ്പിച്ചു കൊല്ലുന്ന ഒരു സിനിമയിൽ ക്യാമറയും മറ്റു സാങ്കേതികമികവുകളും അപ്രസക്‌തമാകാറാണ് പതിവ്. നല്ല പാട്ടുകളാണ്. അറബിയിലുള്ള ഗാനം ഗംഭീര ഫീൽ പകർന്നു. ഉലകനാഥന്റെ ദൃശ്യങ്ങളും അതിന്റെ ടോണുകളും ഹൃദ്യമായിരുന്നു. ചെറിയ വേഷങ്ങളിൽ അഭിനയിച്ചവരൊക്കെ നന്നായി. സംവിധായകൻ മോശം സംവിധായകനല്ല. ഈ സിനിമ ഇങ്ങനെയായെന്നേയുള്ളുവെന്ന് തോന്നുന്നു. അയാൾക്ക്‌  സ്വാതന്ത്ര്യം കിട്ടിയാൽ ഭേദപ്പെട്ട സിനിമകൾ ചെയ്യുമെന്ന്  പ്രതീക്ഷിക്കാനുള്ള വകുപ്പുണ്ട്.

വാൽക്കഷണം: ‘ആളൊരുക്കം’ കോഴിക്കോട് റിലീസ് ആയില്ല. ഉണ്ടായിരുന്നെങ്കിൽ പരോളിന്‌ തലവെക്കേണ്ടി വരില്ലായിരുന്നു!!

2 Comments
  1. Jayesh 4 months ago

    അഭിനയം നിർത്തണം എന്നൊന്നും പറയുന്നില്ല. അൽപ്പം സെലെക്ടിവ് ആയിക്കൂടെ…

  2. Sunil 4 months ago

    It is an industry and business same as any other business. So many such movies will be made. Wonder why a person like Mammootty acts in such role. May be just for money? Time for him to rethink doing such roles and movies.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account