പത്തുകൊല്ലം മുൻപ്  ഇന്റർസോൺ കലോത്‌സവം  കോഴിക്കോട് മെഡിക്കൽ  കോളേജിൽ നടക്കുമ്പോൾ ഏ. ആർ ക്യാമ്പിൽ നിന്ന്  പോയിരുന്നു. വേദികളുടെ മുൻപിൽ ഡ്യൂട്ടിയിലാണെങ്കിലും ഒന്നാം ദിവസം പാട്ടും കഥാപ്രസംഗവും തബലയും ഭരതനാട്യവുമൊക്കെയായി ഒഴുകുകയായിരുന്നു. പണ്ട് പങ്കെടുത്ത കലോത്‌സവങ്ങളൊക്കെ നൊസ്റ്റാൾജിയയയും നഷ്‌ടബോധവും നിറച്ച്   മനസ്സിലുണ്ടായിരുന്നു.

രണ്ടാം ദിവസം നാടകവേദിക്ക് മുൻപിലായിരുന്നു ഡ്യൂട്ടി.  ദേവഗിരി കോളേജിൽ നിന്ന് പ്രിയൻ്റെ (പ്രിയദർശൻ കാൽവരി ഹിൽസ്) നാടകമുണ്ടായിരുന്നതുകൊണ്ടു അണിയറയിലും ഇടമുണ്ടായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് സാറാ തോമസിൻ്റെ ‘അലാഹയുടെ പെൺമക്കളും’ ചിന്മയ കോളേജ്  അർജുൻ ലാലിനെ നായകനാക്കി മുകുന്ദന്റെ ‘നൃത്ത’വും നാടകമാക്കിയിരുന്നു. വിക്‌ടോറിയയുടെ ‘മത്‌സ്യഗന്ധി’ യിലെ നായിക മികച്ച നടിയായി. ആരുടെയൊക്കെയോ പ്രകടനങ്ങളും വിജയവുമൊക്കെ നമ്മുടേതുമായി തോന്നിയ ദിനരാത്രങ്ങൾ. മൂന്നാം ദിവസം ഏതോ ഗാർഡിലേക്കു ഡ്യൂട്ടി മാറിയപ്പോൾ എന്തൊക്കെയോ പാതിവഴിയിൽ മുറിഞ്ഞു പോയതു  പോലെ…

അതായിരുന്നു സജീവമായി അനുഭവിച്ച അവസാനത്തെ  കലോത്‌സവം. ഒരു ദശാബ്‌ദത്തിനു ശേഷം ‘കോഴിക്കോട് രാധ’യിൽ രണ്ടര മണിക്കൂർ  കൊണ്ട് മറ്റൊരു കലോത്‌സവം നിറഞ്ഞു പെയ്‌തു. അന്നത്തെ കാണാക്കാഴ്ച്ചകളൊക്കെ ഒഴുകി വന്നു. മത്‌സരിക്കുന്ന ചെറുപ്പക്കാരുടേയോ കോളേജുകളുടേയോ വിധികർത്താക്കളുടേയോ വിജയികളുടേയോ മാത്രമായിരുന്നില്ല ആ കലോത്‌സവം.  എത്രയെത്ര കലാജീവിതങ്ങളാണ്  ഒരൊറ്റ ‘പൂമര’ത്തിൽ പൂത്തു നിൽക്കുന്നത്!!

എബ്രിഡ് ഷൈൻ എന്ന സംവിധായകന്റെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച   സിനിമയാണ് പൂമരം.  എന്നാൽ അത് മാറ്റിപ്പറയേണ്ടി വരുമെന്നു അയാൾ തോന്നിപ്പിക്കുന്നുമുണ്ട്. ഓരോ സിനിമയിലും ഇത്രമേൽ സ്വയം നവീകരിക്കുന്ന മറ്റൊരു സംവിധായകനുണ്ടോ മലയാളത്തിലെ വാണിജ്യ സിനിമയിൽ!!  അത് കൊണ്ട് പൂമരത്തേക്കാൾ ഉയരമുള്ള ആകാശങ്ങൾ അയാൾക്കുള്ളതാണെന്നു പ്രതീക്ഷിക്കാം. പക്ഷേ, മൂന്നാം ദിവസം സെക്കന്റ് ഷോ കാണുമ്പോൾ ബാൽക്കണിയിൽ പോലും ഒഴിഞ്ഞു കിടന്ന കസേരകൾ അയാളെ എവിടെകൊണ്ടെത്തിക്കുമെന്ന് കണ്ടറിയണം.

കാളിദാസൻ എന്ന താരപുത്രൻ, ക്യാംപസ്, കലോത്‌സവം, ‘ഞാനും ഞാനുമെന്റാളും’ എന്നൊക്കെയുള്ള വാർത്തകൾ രണ്ടു വർഷത്തോളം കേട്ട പ്രേക്ഷകർ അത്രത്തോളം സമയമെടുത്ത് മനസ്സിൽ മെനഞ്ഞ പൈങ്കിളി സിനിമകളെയെല്ലാം കൂവിത്തോൽപ്പിച്ചാണ്‌  സംവിധായകൻ പൂമരം എന്ന സ്വന്തം സിനിമ പുറത്തിറക്കുന്നത്. ചോദിച്ചു വാങ്ങിയ  തോൽ‌വിയിൽ മനം മടുത്ത പ്രേക്ഷകർ തിരിഞ്ഞു നോക്കാതെ ഓടിയപ്പോഴാണ് തിയേറ്ററുകൾ കാലിയായത്. ഈ സിനിമ കണ്ടാൽ  ഇഷ്‌ടപ്പെടുന്നവരെകൂടി വഴിയിൽ കണ്ടാൽ ‘ബിരിയാണി കിട്ടിയാലോ..’ എന്ന് പറഞ്ഞു മറുവഴിക്ക് തിരിച്ചു വിടാൻ  അവർക്കു കഴിയുമ്പോഴാണ് പൂർണമായും വിജയിച്ച ഒരു സിനിമയും സംവിധായകനും  കച്ചവടത്തിൽ തോറ്റു  പോകുന്നത്.

കാളിദാസന്റെ കഥാപാത്രം മഹാരാജാസ് കോളേജിലെ യൂണിയൻ ചെയർമാനാണ്. ഐറീൻ സെന്റ് തെരേസാസിലെയും. അതുകൊണ്ട് അവർക്കു കോളേജിലെ കുട്ടികളെ കലോത്‌സവത്തിന് നയിക്കേണ്ടതുണ്ട്. അതവർ ഭംഗിയായി ചെയ്യുന്നുമുണ്ട്. അതിലപ്പുറം അവർ സിനിമയിലെ നായകനോ നായികയോ അല്ല. സിനിമയെ ഒരിടത്തും അവർ നയിക്കുന്നുമില്ല. സംവിധായകൻ നയിക്കുന്ന സിനിമയിൽ അവരെപ്പോലെ, അല്ലെങ്കിൽ അവരേക്കാൾ പൂക്കുന്ന മരങ്ങളുണ്ടൊരുപാട്.  ആരൊക്കെയോ പാടുന്നുണ്ട്. ഭരതനാട്യവും  മോഹിനിയാട്ടവും നാടോടി നൃത്തവും കളിക്കുന്നുണ്ട്. ഗിറ്റാറും ഓടക്കുഴലും വായിക്കുന്നുണ്ട്. കവിതയെഴുത്തും ചൊല്ലലുമുണ്ട്. ജയിക്കുന്നുണ്ട്. തോൽക്കുന്നുണ്ട്. തല്ലു കൂടുന്നുണ്ട്. കരയുകയും ചിരിക്കുകയും അർമാദിക്കുകയും ചെയ്യുന്നുണ്ട്. ഓരോ പൂവുകളാണെങ്കിലും  ഓരോരുത്തരും ഓരോരോ  പൂമരമാവുന്നുണ്ട്. എന്നാലവരുടേതു  മാത്രമല്ല, അവരുടെ പിന്നിലെ കുടുംബം, അധ്യാപകർ, കലാധ്യാപകർ, കൂട്ടുകാർ, കാണികൾ, ചായക്കടക്കാർ, പോലീസുകാർ എന്നിങ്ങനെ മറ്റു പലരുടേതുമാണ് പൂമരത്തിലെ കലോത്‌സവം. ഓരോരുത്തരേയും അവതരിപ്പിക്കുന്നത് എത്ര സൂക്ഷ്‌മമായാണ് ആ പുതുമുഖമിടുക്കർ! എത്ര ലളിതമായാണ് അവർ പൂമരത്തെ പൂമരക്കാടാക്കുന്നത്‌!!!

നമ്മൾ പ്രതീക്ഷിക്കുന്ന താരങ്ങളൊന്നും സിനിമയിൽ പ്രണയിക്കുന്നില്ല. ആരും പ്രേമിച്ചു പാട്ടും പാടി നടക്കുന്നില്ല. എന്നാൽ അതിമനോഹരമായ പ്രണയം ഒട്ടും തുളുമ്പാതെ നിറഞ്ഞു നിൽക്കുന്നുണ്ട്. അതങ്ങനെ നമ്മുടെ മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട്. മീനാക്ഷിയോട്  അവൻ പ്രണയം പറയുമ്പോൾ പൂക്കാത്ത പ്രണയികളുണ്ടോ?

കലോത്‌സവ വേദിയയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് പോകുന്നുണ്ട് ഇത്തിരി നേരം സിനിമ. ആ പോലീസ് സ്റ്റേഷനിൽ ആക്ഷൻ ഹീറോ ബിജുവിന്റെ റോളിൽ ജോജു തകർക്കുന്നുണ്ട്. തുടക്കത്തിൽ ഞാൻ പറഞ്ഞ ഇന്റർ സോൺ കലോത്‌സവത്തിനിടയ്ക്ക് മെഡിക്കൽ കോളേജ് പോലീസ്‌റ്റേഷനിൽ പാറാവു നിൽക്കാൻ പോയത് പോലെ ഇത്തിരി ബോറടിച്ചു. സംവിധായകൻ വേഗം തിരിച്ചു കൊണ്ടുവരികയും വിസ്‌മയക്കാഴ്ച്ചയൊരുക്കാൻ  മെഴുകുതിരികൾ കൊളുത്തുകയും ചെയ്‌തു. അതീവ സൂക്ഷ്‌മവും ഗംഭീര ജാഗ്രതയോടെ  ലളിതവുമായി ചെയ്‌ത സിനിമ അവിടെ മാത്രം സിനിമാറ്റിക് ആയി മാറുന്നു. അഹിംസയും അക്രമരാഹിത്യവും നാളെയുടെ സ്വപ്‌നങ്ങളാണ്.  യുവതലമുറയുടെ കണ്ണുകളിലെ മെഴുകുതിരി വെട്ടത്തിൽ തെളിയുന്ന അതിഗംഭീര ഇൻസ്റ്റലേഷനിലൂടെ കലോത്‌സവം കൊടിയിറങ്ങുമ്പോൾ മീനാക്ഷിയോട് ‘അവൻ’ പറഞ്ഞത് പോലെ എന്തൊക്കെയോ മിസ് ചെയ്യുന്നു. പത്തു  കൊല്ലം മുൻപ് ഇന്റർസോൺ പാതിവഴിയിൽ മിസ്സായതു പോലെ..

സംഗീത വിഭാഗമാണ് സിനിമയുടെ ഹൈലൈറ്റ്. ഫൈസൽ റാസിക്കും ഗോപീസുന്ദറിനുമൊപ്പം പൊളിച്ചടുക്കുന്നുണ്ട് പുതിയ പാട്ടെഴുത്തുകാരൻ അജീഷ് ദാസൻ. അവസാനം വരെ കാത്തിരുന്നിട്ടും ‘കടവത്ത്  തോണി’യെത്തീലെങ്കിലും അജീഷിനെ ഇടയ്ക്കിടയ്ക്ക്  കാണാൻ പറ്റിയതിലൊരു സന്തോഷമുണ്ട്.

‘പൂമരം’ കാണാൻ കാത്തിരുന്ന ലക്ഷക്കണക്കിന് കുട്ടികളും ചെറുപ്പക്കാരും പരീക്ഷയെഴുതുമ്പോൾ,  അവരും വീട്ടുകാരും തിയേറ്റർ പരിസരത്തു വരാത്ത ഒരു സമയത്ത്, മറ്റാരും റിലീസ് മാറ്റി വെക്കുന്ന മാർച്ച് മാസത്തിൻ്റെ പകുതിയിൽ പുറത്തിറക്കേണ്ടി വന്നതാണ് പൂമരത്തിന്റെ ഏറ്റവും വലിയ പരാജയം.

6 Comments
 1. Paul 9 months ago

  Nice review. It prompts to watch the movie….

  • Author
   Umesh Vallikkunnu 9 months ago

   thank you very much ❤

 2. V Thomas 9 months ago

  Good review. Most of the time good movies go unnoticed due to wrong or delayed release.. And, ofcourse, we are Mallus….

  • Author
   Umesh Vallikkunnu 9 months ago

   Exactly.
   thanks you sir

 3. Anil 9 months ago

  Good note… Liked the way of writing

  • Author
   Umesh Vallikkunnu 9 months ago

   thank you

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account