സിനിമാതാരങ്ങളുടെ തീവ്ര ഫാൻസുകാരോട് പലപ്പോഴും സഹതാപം തോന്നാറുണ്ട്. മാസ്സ് എന്ന പ്രചാരണത്തോടെ പ്രിയതാരത്തിന്റെ സിനിമ അനൗൺസ് ചെയ്യുന്നത് മുതൽ പടത്തെ പുകഴ്ത്താൻ തുടങ്ങുന്നു. അങ്ങനെ പൊക്കി പൊക്കി ആകാശത്തിലെത്തിക്കുന്ന പടങ്ങൾ മാസ്സോ  ക്ലാസ്സോ ആകാതെ ചങ്കിൽ കുത്തുമ്പോൾ ഓരോ ഫാൻസുകാരനും കടന്നു പോകുന്ന ദയനീയമായ ഒരവസ്ഥയുണ്ട്. ആ ദുരവസ്ഥയെ  അതിജീവിക്കാൻ കഴിയാത്ത കുറച്ചുപേർ  എതിർ താരങ്ങളുടെ  പടങ്ങളെ കൂക്കി വിളിച്ചും താരവിമർശകരെ തെറിവിളിച്ചും താരത്തിന് തന്നെ ബാധ്യതയാകുന്ന കാഴ്ച്ചകളും കാണാറുണ്ട്.

വടക്കൻ സ്റ്റൈലിൽ പറഞ്ഞാൽ ഓരോ മാസ്സ് പടമിറങ്ങുമ്പോഴും ഉഗ്രൻ ബിരിയാണിയാണ് ഫാൻസ് പ്രതീക്ഷിക്കുന്നത്. എന്നാൽ  പാതിവേവിച്ചതോ  മസാല കുത്തിക്കലക്കിയതോ പഴകി വളിച്ചതോ ആയ ബിരിയാണി പതിവായി വിളമ്പിക്കൊണ്ടിരിക്കുമ്പോൾ ഒട്ടും വായിൽവെക്കാനാവാതെ മുഴുപ്പട്ടിണിയിലായിപ്പോകുന്നു പാവങ്ങൾ.  ആ ദാരിദ്ര്യാവസ്ഥ, ബിരിയാണി എന്ന സ്വപ്‌നം ഉപേക്ഷിക്കുകയും ‘എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ’ എന്ന് ചിന്തിക്കുകയും ചെയ്യുന്ന നിലയിലേക്ക് അവരെ കൊണ്ടെത്തിക്കുന്നു. അപ്പോൾ നല്ല ഒന്നാന്തരം പഴങ്കഞ്ഞി കിട്ടിയാലോ? ആർത്തിയോടെ, ആവേശത്തോടെ കോരിക്കുടിച്ച്  ‘അഡാറ് ടേസ്റ്റെന്ന്’ അടുത്ത കഞ്ഞി കിട്ടും വരെ വാഴ്ത്തിക്കൊണ്ടിരിക്കും.

അങ്ങനെ നല്ല ഒന്നാംതരം പഴങ്കഞ്ഞി തിളങ്ങുന്ന പാത്രത്തിൽ വിളമ്പിയതാണ് “അബ്രഹാമിന്റെ സന്തതികൾ”. മാസ്സ് പടത്തിന് ലോജിക്കൊന്നും നോക്കരുതെന്നാണ് ശാസനം. അതോണ്ട് നോക്കുന്നുമില്ല. നോക്കിയാലൊട്ട്  അന്തം കിട്ടുകേമില്ല. കേരളാപോലീസെന്നാൽ ഇന്ത്യയിലുള്ളതൊന്നുമല്ലെന്നു ഈ പടം കണ്ട ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാനാവില്ല. അല്ലെങ്കിലും സിനിമയിൽ കാണുന്ന പോലീസോഫീസർമാരെ നമ്മളേതു നാട്ടിൽ തപ്പിയാലാണ് കിട്ടുക?

സിനിമാക്കഥ നിറയെ കൊലപാതകങ്ങളാണ്. പതിമൂന്ന്  മെയിൻ കൊലപാതകങ്ങളും (ഗൂണ്ടകളെ കൊല്ലുന്നത് വേറെ-എണ്ണം കിട്ടാത്തത്ര) രണ്ട് ആത്‌മഹത്യകളും രണ്ടു കിഡ്‌നാപ്പിഗും രണ്ട് കാർ ചെയ്‌സും!  അതിൽ തന്നെ  സുപ്പർ താരത്തിന്റെ സൂപ്പർ കൊലപാതകങ്ങളാണ് ഹൈലൈറ്റ്!  അവയൊക്കെ ഹീറോയിസത്തിന്റെ മാക്‌സിമം ലെവലിൽ അവതരിപ്പിച്ചിരിക്കുന്നു!  നിർലോഭം ആർപ്പു വിളിച്ച് സ്വീകരിക്കുന്നുമുണ്ട് ഒരു വിഭാഗം പ്രേക്ഷകർ!

അണ്ണൻ-തമ്പി കോമ്പിനേഷനും അതിൽ വില്ലന്മാരുടെ ഇടപെടലും അതിലെ തെറ്റിദ്ധാരണകളും പിണക്കവും പകയും കോമഡി ട്വിസ്റ്റുകളുമൊക്കെ എത്ര കാലമായി കാണുന്നു. അതൊക്കെ തന്നെയാണ് ഇവിടെയും. ആക്ഷൻ പടങ്ങളിൽ പതിവില്ലാത്ത വിധം ധാരാളം പാട്ടുകൾ ഈ സിനിമയിലുണ്ട്. പ്രേക്ഷകനെ ബോറടിപ്പിക്കുന്നതിൽ  ചില പാട്ടുസീനുകൾ മോശമല്ലാത്ത പങ്കു വഹിക്കുന്നുമുണ്ട്. ക്യാമറയും എഡിറ്റിംഗും പശ്ചാത്തല സംഗീതവും കൂടി സ്റ്റണ്ട് രംഗങ്ങളെ വലിയ കോമഡിയിൽ നിന്ന് ഒരു പരിധി വരെ രക്ഷിക്കുന്നുണ്ട്. മുറിയിലെ ഒറ്റ ബൾബ് പൊട്ടിച്ച് ഇരുട്ടാക്കിയാൽ വില്ലന്മാരുടെ കൂട്ടത്തെ കണ്ണും ചിമ്മി അടിച്ചൊതുക്കാമെന്നല്ലേ നമ്മൾ മുൻപ് കണ്ടിട്ടുള്ളു. വെടിവെച്ചു വീഴ്ത്താനും ഇതേ ഐഡിയ മതിയെന്ന് അബ്രഹാമിന്റെ സന്തതി കാണിച്ചു തരുന്നുണ്ട്!  മൂന്നു സ്റ്റണ്ട് മാസ്റ്റർമാർ മെനക്കെട്ടു പണിയെടുത്ത് പഠിപ്പിച്ചത് കൊണ്ട് എത്രയെത്ര  വെടിയുണ്ടകളിൽ  നിന്നാണ് നായകൻ എൺപതുകളിലെ തമിഴ് പടങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ട് ഒഴിഞ്ഞു മാറുന്നത്!!

മമ്മൂട്ടിയുടെ ലുക്കും പെർഫോമൻസും ഈ പടത്തിന്റെ ഹൈലൈറ്റ് ആണ്. അത്യാവശ്യം മാസ്സ് ഡയലോഗുകൾ തകർപ്പൻ കയ്യടി നേടുന്നുണ്ട്. ഒരു ‘സീരിയസ് പോലീസ്ഓഫീസർ കം ഏട്ടൻ’ അദ്ദേഹത്തിൻ്റെ കയ്യിൽ ഇപ്പോഴും ഭദ്രമാണ്. നായകൻ്റെ ഇൻട്രോ സീൻ അതി ഗംഭീരമാണ്!  മമ്മൂട്ടിയെ കാണിക്കുമ്പോൾ ‘ആദ്യം കാർ വന്നു നിൽക്കുന്ന ഷോട്ട്, പിന്നെ  കാറിൽ നിന്നിറങ്ങുന്ന ഒരു ഷൂസ്, …..’ എന്ന ക്രമത്തിൽ തന്നെ കാണിച്ചാലാണ് പ്രേക്ഷകർക്കിഷ്‌ടപ്പെടുക എന്ന് 1998 ൽ ‘ദി ട്രൂത്ത്’ എന്ന സിനിമയിറങ്ങിയപ്പോൾ അതിന്റെ സംവിധായകൻ പറഞ്ഞിരുന്നു.   ഇരുപത് വർഷം  കഴിഞ്ഞാലും അതൊന്നും മാറൂല,  ഭായ്.. ഞമ്മള് മാറ്റൂലാ..

ഒരു വശത്ത് മലയാളത്തിലെ വാണിജ്യ സിനിമ വിസ്‌മയകരമായി  മാറിക്കൊണ്ടിരിക്കുമ്പോഴും, അത്തരം സിനിമകൾ വിജയം കൊയ്യുമ്പോഴും അടി-വെടി-കത്തി സിനിമകൾക്ക് ഇനിയും ബാല്യമുണ്ടെന്ന് ‘അബ്രഹാമിന്റെ സന്തതികൾ’ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ടിക്കറ്റ് കിട്ടാതെ മടങ്ങുന്ന ആൾക്കൂട്ടങ്ങൾ കാണിച്ചു തരുന്നു! തുടർച്ചയായി മമ്മൂട്ടിപ്പടങ്ങൾ ഒഴിഞ്ഞ തിയേറ്ററുകളിൽ കളിച്ചിരുന്നത് വേദനയോടെ സഹിച്ച ആരാധകർക്ക് എല്ലാം മറന്ന് ആനന്ദിക്കാനുള്ള വിജയം!!

– ഉമേഷ് വള്ളിക്കുന്ന്

8 Comments
 1. Shaajimon 2 years ago

  എന്തായാലും പോയി കാണാന്‍ തോന്നുന്നു …നന്ദി

  • Author
   ഉമേഷ് 2 years ago

   ❤❤

 2. Vipin 2 years ago

  ശ്രീ ഉമേഷിന്റെ എല്ലാ സിനിമ റിവ്യൂകളും വായിക്കാറുണ്ട്. വായനാ സുഖത്തോടൊപ്പം, വളരെ സത്യസന്ധമായ റിവ്യൂകൾ. തുടരുക…

  • Author
   ഉമേഷ് 2 years ago

   വളരെ സന്തോഷം ❤
   ഊർജ്ജം പകരുന്ന വാക്കുകൾക്ക് നന്ദി ❤
   സ്നേഹം.❤

 3. Anil 2 years ago

  Very good review

  • Author
   ഉമേഷ് 2 years ago

   Thank you.❤

 4. Das 2 years ago

  Good review writing…

  • Author
   ഉമേഷ് 2 years ago

   Thank you very much❤

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account