ഒരു സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞു കിടക്കുന്ന, സ്‌ക്രീനിലെ ദൃശ്യങ്ങളിൽ അയാളുടെ ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമയാണ് ‘ഈ.മ.യൗ’. സംവിധാനം എന്നെഴുതി മാറ്റിനിർത്താതെ  ‘ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ’ എന്നാണ് ടൈറ്റിൽ വരച്ചു കാണിക്കുന്നത്!  പക്ഷേ, ആ സ്‌പന്ദിക്കുന്ന ഹൃദയവും കയ്യൊപ്പും ആ വലിയ സംവിധായകന്റെയല്ല! അത് കച്ചവട സിനിമയിൽ ഇത് വരെ  അടയാളപ്പെടാത്ത ഡോൺ പാലത്തറ എന്ന ചെറുപ്പക്കാരന്റെയാണ്!

രണ്ടു വർഷം മുൻപാണ് ഓപ്പൺ സ്‌ക്രീനിൽ ‘ശവം’ കാണുന്നത്. ആസ്വാദകൻ എന്ന നിലയിൽ വിസ്‌മയിപ്പിക്കുകയും വിദ്യാർത്ഥി എന്ന നിലയിൽ സ്വാധീനിക്കുകയും ചെയ്‌ത സിനിമയായിരുന്നു അത്. അന്ന് എഴുതിയ കുറിപ്പിന്റെ തുടക്കം  ഇങ്ങനെ:

“ഒരു മരണവീട്ടിലായിരുന്നു ഇന്നലെ . ഇന്നോളം ഇല്ലാത്ത വിധത്തില്‍ അവിടെത്തിയ ഓരോരുത്തരെയും കണ്ട് , ഓരോ ചലനങ്ങളും അറിഞ്ഞ്, സൂക്ഷ്‌മശബ്‌ദങ്ങൾ അനുഭവിച്ച്…. അങ്ങനെ!

ഡോൺ പാലത്തറയുടെ “ശവം” എന്ന സിനിമ പകർന്ന അനുഭവമാണിത്. ഇങ്ങനെയൊരു സിനിമയെടുക്കാമെന്ന് ചിന്തിക്കുക, ആ ചിന്ത ദൃശ്യവും ശബ്‌ദവുമായി പകരാൻ കഴിയുക, പ്രേക്ഷകർ അതിനെ അനുഭവിച്ചറിയുക — ഒന്നും അത്ര സാധാരണമല്ല.” (24-02-16)

അസാധാരണമായ ഒരു സിനിമ തന്നെയായിരുന്നു “ശവം”.  മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ അനക്കങ്ങളും ശബ്‌ദമായും ദൃശ്യമായും പകർത്തിയ  സിനിമ. സന്ദീപ് കുരിശ്ശേരിയും ജിജി പി ജോസഫും ഒപ്പിയെടുത്ത സൂക്ഷ്‌മ   ശബ്‌ദങ്ങളും കഥാപാത്രങ്ങളിലൊരാളായി ജീവിച്ച  കാമറയുടെ കാഴ്ച്ചകളും (പ്രതാപ് ജോസഫ് ) എന്തൊരു പാരസ്‌പര്യമായിരുന്നു! ആ ക്ലാസ് പെർഫോമൻസിനെ നോവിക്കാതെ ഷാനവാസ് നരണിപ്പുഴയെക്കൊണ്ട് എഡിറ്റ് ചെയ്യിച്ച ഡോൺ പാലത്തറ ഒരു മാസ്റ്റർ ഡയറക്ടറാണെന്ന്, അയാളുടെ വഴികൾ മറ്റാരും നടന്ന വഴികളല്ലെന്നു  തെളിയിക്കുകയായിരുന്നു.

‘ശവ’ത്തിന്റെ റീമേക്ക് അല്ലാതെ മറ്റൊന്നുമല്ല ‘ഈ.മ.യൗ’  എന്നത് ഒരു ദുഃഖസത്യമാണ്. അത് കൊണ്ട് തന്നെ ശവത്തിൽ ഇല്ലാത്തതെന്തുണ്ട് ഇതിൽ  എന്നേ  നോക്കാനുള്ളു. മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകൾ തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ അതിൽ അഡീഷനലായി ചേർക്കുന്ന മസാലകൾ കണ്ടിട്ടില്ലേ? ആ കച്ചവടത്തിനുള്ള താരങ്ങളാണ് ചെമ്പൻ വിനോദും വിനായകനും ദിലീഷ് പോത്തനുമൊക്കെ. (കച്ചവടത്തിന് ആൺ താരങ്ങൾ മതി!) ‘ശവ’മല്ലാതെ  ‘ഈ.മ.യൗ’ ൽ ഉള്ളത് വിനായകന്റെ അയ്യപ്പനും കച്ചവട മസാലകളും മാത്രമാണ്. കാറ്റും മഴയും തീരദേശ ജീവിതവും കഥാപാത്രങ്ങളും ക്ലൈമാക്‌സും പുതിയതാണ്. അതൊക്കെയും ആദ്യ സിനിമ തന്ന റിയലിസ്റ്റിക് അനുഭവത്തെ കോമഡിയും പൈങ്കിളിയുമാക്കാനേ  ഉപയോഗിച്ചിട്ടുള്ളു. മെമ്പർ അയ്യപ്പൻ  ഒഴികെ  (വിനായകൻ കലക്കി) മറ്റൊരു കഥാപാത്രസൃഷ്‌ടിയും സ്വാഭാവികമല്ല. എല്ലാം സിനിമാറ്റിക് ആവർത്തനങ്ങൾ.  കൃത്രിമമായി രൂപപ്പെടുത്തിയ  ക്ലൈമാക്‌സ്  ഒരു വാണിജ്യ സംവിധായകൻ എന്ന നിലയിൽ മാത്രം ലിജോ ജോസ് പെല്ലിശ്ശേരി ഭദ്രമാക്കി. നിസയോടുള്ള പ്രണയങ്ങളും ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും രസകരമായി. ആണുങ്ങളായ പുതുമുഖങ്ങൾക്കൊക്കെ സ്വാഭാവിക പ്രകടനത്തിന് അവസരം കിട്ടിയിട്ടുണ്ട്. പക്ഷേ സ്‌ത്രീ  കഥാപാത്രങ്ങൾ അങ്ങനെയായില്ല. പോളി വൽസൺ അവാർഡ് നേടിയത്  പോലും ഒരു ക്‌ളീഷേ കഥാപാത്രത്തെ നന്നായി  അവതരിപ്പിച്ചതുകൊണ്ടാവണം.

ഷൈജു ഖാലിദ് സുന്ദരമാക്കിയ ദൃശ്യങ്ങളുണ്ട്. പക്ഷെ അതായിരുന്നോ വേണ്ടിയിരുന്നത്? തിരുവന്തപുരത്തെ തരംഗിണി റെയ്ൻ & വിൻഡ് യൂണിറ്റിന് നല്ല പണിയുണ്ട്. രംഗനാഥ് രവിയുടെ ശബ്‌ദസംവിധാനത്തേക്കാൾ മികച്ച ഫീൽ ‘ഒറിജിനൽ’ സിനിമയുടേതിന് തന്നെയെന്ന് നിസ്സംശയം പറയാം.

‘ഈ.മ.യൗ’ കാണുമ്പോഴും കണ്ടുകഴിഞ്ഞാലും “ശവം” മാത്രമേ മനസ്സിൽ നിൽക്കുന്നുള്ളു. മികച്ച സംവിധായകനുള്ള അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ്.  അടിച്ചു മാറ്റിയ ആവിഷ്‌കാരങ്ങൾക്ക് ആവാർഡുകൾ ഇനിയും നൽകണം. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തം കൂടിയാണിത്. എന്തെന്നാൽ കോപ്പിയടിക്കാൻ സിനിമകൾ വിദേശത്തുനിന്നു ഇറക്കുമതി ചെയ്‌തിരുന്ന ആ ദരിദ്രകാലം അസ്‌തമിച്ചിരിക്കുന്നു. മലയാളത്തിലും കഴിവുള്ള പിള്ളേര് സിനിമയെടുക്കുന്നുണ്ട്.  ചില്ലറപ്പൈസക്ക് ക്രീയേറ്റിവിറ്റി മാത്രം കൈമുതലാക്കി അവരെടുക്കുന്ന സിനിമകൾ തിയേറ്ററുകളിലെത്താത്തിടത്തോളം കാലം പേടിക്കേണ്ടതില്ല. മലയാളമാകുമ്പോൾ  സബ് ടൈറ്റിൽ വായിച്ച് കഷ്‌ടപ്പെടുകയും വേണ്ടല്ലോ!!

മലയാള സിനിമയുടെ കച്ചവട-അവാർഡ് നിലവാരങ്ങൾക്കു മീതെ, ഏറെ ഉയരത്തിൽ  ഡോൺ പാലത്തറ എന്ന യുവസംവിധായകനെ കസേരയിട്ടിരുത്തുന്നുണ്ട് ‘ഈ.മ.യൗ’ എന്ന സിനിമ! അതാണ് ഈ സിനിമയുടെ ചരിത്രദൗത്യം! അഭിനന്ദനങ്ങൾ മിസ്റ്റർ ലിജോ ജോസ് പെല്ലിശ്ശേരി.

(സിനിമയിൽ വിലകൂടിയ ഒരു ശവപ്പെട്ടിയുണ്ട്. ആ ശവപ്പെട്ടി തന്നെയാണ് ‘ഈ.മ.യൗ’.  പെട്ടി പൊളിഞ്ഞു പോകുന്നു. ‘ശവം’ ബാക്കിയാകുന്നു.)

8 Comments
 1. Shaajimon 4 months ago

  ഹൃദ്യം ആയി ഈ വിവരണം

 2. P K N Nair 4 months ago

  നല്ല റിവ്യൂ. കോപ്പിയടിക്കാൻ ലജ്ജിക്കട്ടെ

 3. Author
  umesh vallikkunnu 4 months ago

  Thank you❤

 4. Vipin 3 months ago

  Wonderful review. Liked it… Copying is an art. Some succeeds, some fail… If it is for better and due credit is given to the ‘original’, that is the right thing to do, rather than just copying.

 5. John 3 months ago

  ഗംഭീര റിവ്യൂ… ഇതാണ് റിവ്യൂ

 6. Anil 3 months ago

  True and wonderful review. You have shown the courage openly criticize the COPY writers! Congrats!! Expecting more.

 7. Prema 3 months ago

  Excellent review…

 8. Sunil 3 months ago

  Good and true review..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

CONTACT US

We're not around right now. But you can send us an email and we'll get back to you, asap.

Sending

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account