മുഴക്കത്തെ കെട്ടിയിടുന്ന ചുമരുകളിൽ മാത്രം കേൾക്കുന്ന ഒരു ഒച്ചയുണ്ട്. വായു തിങ്ങുന്നതിന്റെ, പുറത്തേക്കുള്ള വഴി തേടുന്നതിന്റെ ഒച്ച. കാറ്റിന്റെ പതിഞ്ഞ ആ ഒച്ചയിൽ നിന്നും ഒരു സിനിമ തുടങ്ങുന്നു.
അവിടെ യേശുവിന്റെ മുഖത്ത് ചായം പുരട്ടുന്ന അന്നയെ കാണാം. അവളിൽ നിന്നും തുടങ്ങുന്ന കാഴ്ച്ച, പതിയെ വെളുപ്പിലും കറുപ്പിലും വരച്ച ദൃശ്യങ്ങളുടെ ആഴമായും അതിസൂക്ഷ്മ ശബ്ദങ്ങളുടെ മഹാ സിംഫണിയായും നമുക്ക് മുന്നിൽ തെളിയുന്നു. സൗകര്യപൂർവം IDA (ഇഡ) എന്ന ചലച്ചിത്രമായി നമ്മൾ അത് വായിച്ചെടുക്കുന്നു.
2013ൽ പുറത്ത് വന്ന പ്രശസ്തമായ പോളിഷ് സിനിമയാണ് IDA (ഇഡ). Pawel Pawlikowski എന്ന സംവിധായകൻ അതി സൂക്ഷ്മമായി പാകപ്പെടുത്തിയെടുത്ത വിശിഷ്ട വിഭവം എന്ന നിലയിലാണ് ഈ സിനിമ എനിക്ക് പ്രിയപ്പെട്ടതാവുന്നത്.
സിനിമയുടെ ഓരോ സെക്കന്റിലും ആ സൂക്ഷ്മത നമുക്ക് കാണാം. ദൃശ്യങ്ങളിൽ, ശബ്ദങ്ങളിൽ, അഭിനയത്തിൽ, എഡിറ്റിംഗിൽ, സംഭാഷണത്തിൽ , അങ്ങനെ എല്ലായിടത്തും സാധ്യമാക്കിയ സൂക്ഷ്മതയും ഒതുക്കവും സിനിമയെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നു.
അടുത്ത കാലത്ത് കണ്ട സിനിമകളിൽ ശബ്ദ ആഖ്യാനത്തിന് വലിയ പ്രാധാന്യം നൽകുന്ന സിനിമകൂടിയാണ് ഇഡ. പല പാളികളിലായി സിനിമയിൽ ഉടനീളം അത് നമുക്ക് അനുഭവിക്കാം. യേശുവിന്റെ മുഖത്ത് തട്ടുന്ന ബ്രഷിന്റെ നേർത്ത ഒച്ച, പൊളിഞ്ഞുപോയ ചുമരിൽ സിമന്റ് തേക്കുന്നതിന്റെ, തുണി കുടഞ്ഞ് വിരിക്കുന്നതിന്റെ, കോഴികളുടെ, വാതിലുകളുടെ, മഞ്ഞുവീഴ്ചയുടെ, നടത്തങ്ങളുടെ, പള്ളിമണിയുടെ, അങ്ങിനെ പലവിധം ഒച്ചകൾ.
അടുത്തുനിന്നും ദൂരെനിന്നും കാണുകയും കേൾക്കുകയും ചെയ്യുന്ന ദൃശ്യ ശബ്ദങ്ങൾ. പെയിന്റ് അടിച്ച ശേഷം മഞ്ഞിലൂടെ കർത്താവിന്റെ പ്രതിമയെ എടുത്തുകൊണ്ട് പോവുന്ന കർത്താവിന്റെ മണവാട്ടിമാർ. അവരുടെ കാലൊച്ചകൾ. അവർ മഞ്ഞിന് നടുവിൽ ഉയരത്തിൽ കർത്താവിനെ പ്രതിഷ്ഠിക്കുന്നു.
ലോക സിനിമയിൽ തന്നെ സർഗാത്മക ശബ്ദം പ്രയോഗങ്ങളുടെ സമാനതകൾ ഇല്ലാത്ത മാതൃകയായി പരിഗണിക്കാവുന്ന ഒരു സിനിമ. ദൃശ്യത്തിന് വേണ്ടിയുള്ള ശബ്ദമല്ല, ശബ്ദത്തിന് വേണ്ടിയുള്ള ദൃശ്യമാണ് സംവിധായകൻ നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് എന്ന് തോന്നിപ്പോകും വിധമാണ് ‘ഇട’യിലെ ശബ്ദങ്ങളുടെ സാന്നിധ്യം.
വലിയ മേശയ്ക്കു ചുറ്റുമിരുന്നു സൂപ്പ് കഴിക്കുന്നു കന്യാസ്ത്രീകളുടെ ദൃശ്യം ബാക്കിയാകുന്നത് ഒച്ചയാണ്. സൂപ്പ് പിഞ്ഞാണത്തിൽ സ്പൂണുകൾ തട്ടി ഉണ്ടാവുന്ന ശബ്ദം കാലമെത്രകഴിഞ്ഞാലും അതേ സർഗ്ഗാത്മക ലാളിത്യത്തോടെ പ്രേക്ഷകരിൽ അവശേഷിക്കും.
തിരുവസ്ത്രം സ്വീകരിക്കുന്നതിനു മുമ്പായി അന്നയുടെ ഏക ബന്ധുവായ അമ്മയുടെ സഹോദരിയെ പോയി കാണാൻ മദർ സുപ്പീരിയർ അന്നയോട് ആവശ്യപ്പെടുന്നു. ഇതിനായി അന്ന മഞ്ഞുമൂടിയ പള്ളിയിൽ നിന്നും നഗരത്തിലേക്ക് പോകുന്നു.
മഞ്ഞുവീഴ്ച പോലെ നിശബ്ദമായ നനുത്ത ദൃശ്യങ്ങളെ പൊടുന്നനെ പായുന്ന ട്രെയിന്റെ ഒച്ചയും ദൃശ്യവും ഉപയോഗിച്ച് മുറിച്ചു കളഞ്ഞു കൊണ്ടാണ് സിനിമയിലെ അടുത്ത അന്തരീക്ഷത്തെ സംവിധായകൻ പരിചയപ്പെടുത്തുന്നത്.
മനശാസ്ത്ര പരമായ ഒരു ട്രാവലിംഗ് മൂവി, അല്ലെങ്കിൽ തന്റെ കുടുംബത്തിന്റെ ചരിത്രം അന്വേഷിച്ചു പോവുന്ന പെൺകുട്ടിയുടെ അവളിലേക്കുള്ള യാത്ര എന്നൊക്കെ ഈ സിനിമയെ വിശേഷിപ്പിക്കാം. അവളുടെ യാത്രയിലൂടെ ഒരു വെടിയൊച്ച പോലും കേൾപ്പിക്കാതെ യുദ്ധത്തെയും വംശ ഹത്യകളെയും തുറന്ന് കാട്ടുകയാണ് സിനിമ.
അമ്മയുടെ സഹോദരിയിൽ നിന്നും അന്ന അറിയുന്നു അവളൊരു ജൂത പെൺകുട്ടിയാണെന്നും അവളുടെ യഥാർത്ഥ പേര് ഇഡ എന്നാണെന്നും.
കുടുംബത്തിന്റെ ഫോട്ടോ കാണിച്ചു കൊടുക്കുമ്പോൾ ചെറിയമ്മയോട് അവൾ പറയുന്നുണ്ട് എനിക്ക് ഗ്രാമത്തിലേക്ക് പോയി പ്രിയപ്പെട്ടവരുടെ കുഴിമാടം കാണണം. അവിടെ അവർക്ക് കുഴിമാടം ഉണ്ടാവില്ല എല്ലാ ജൂതന്മാരെയും പോലെ. ഏതെങ്കിലും മരത്തിനു ചുവട്ടിലോ തടാകത്തിലെ കരയിലോ ഒക്കെയാവും….
പിറ്റേന്ന് തന്നെ രണ്ടുപേരും കൂടെ നഗരത്തിലെ തിരക്കിൽ നിന്നും ഏകാന്തമായ ഗ്രാമത്തിലേക്ക് പോകുന്നു. ഒരു ചെറിയ വീടിന് മുന്നിൽ അവർ വണ്ടി നിർത്തുന്നു. കാറ്റിൽ ഇളകുന്ന തുണികളുടെ ഒച്ചയിൽ അവർ ചോദിക്കുന്നു, യുദ്ധത്തിനു മുമ്പ് ഇവിടെ ആരാണ് താമസിച്ചത് എന്ന് നിങ്ങൾക്കറിയാമോ? അറിയില്ല, ഒരുപക്ഷേ എന്റെ ഭർത്താവിന് അറിയുമായിരിക്കും. നിങ്ങൾ കത്തിരിക്കൂ.
ഇഡ പള്ളിയിലേക്കും ചെറിയമ്മ ബാറിലേക്കും പോകുന്നു. വീണ്ടും തിരിച്ച് അതേ വീട്ടിലെത്തുന്നു. നേരത്തെ കണ്ട സ്ത്രീയുടെ ഭർത്താവ് അവിടെയുണ്ട്.
ഞങ്ങളുടെ കുടുംബം നേരത്തെ എവിടെയാണ് താമസിച്ചത്, അയാളോട് അവർ പറയുന്നു. ജൂതന്മാരാരും ഇതിനുമുമ്പും ഇവിടെ താമസിച്ചിട്ടില്ല. ജൂതന്മാർ ആണെന്ന് ഞങ്ങൾ പറഞ്ഞില്ല. അയാൾ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു, ഇത് എൻറെ വീടാണ് എന്റെ സ്ഥലം.
നമുക്ക് രണ്ടു കൂട്ടർക്കും നന്നായി അറിയാം ഇത് ആരുടേതാണ് എന്ന്. അയാളുടെ കൈ തട്ടിമാറ്റി അവർ അകത്തു കടക്കുന്നു. കാര്യമായി വിവരങ്ങൾ ഒന്നും കിട്ടാതെ കൂടുതൽ അന്വേഷണത്തിനായി അവർ ഹോട്ടലിൽ തന്നെ തങ്ങുന്നു. അമ്മയുടെ സഹോദരി അവൾക്ക് പുതിയ വസ്ത്രങ്ങൾ കൊടുത്തു ചോദിക്കുന്നു, ഇതിൽ ഏതാണ് നിനക്ക് വേണ്ടത്? എനിക്കൊന്നും വേണ്ട ഞാൻ എവിടേക്കും പോകുന്നില്ല. നിന്റെ ജീസസ് ചെയ്തത് പുസ്തകങ്ങളുമായി ഒരു ഗുഹയ്ക്കകത്ത് ഇരിക്കുകയല്ല. പുറംലോകത്തേക്ക് പോവുകയാണ്. അവർ ഇഡയെ ഓർമ്മപ്പെടുത്തി.
വെളിച്ചം ദൃശ്യങ്ങളുടെ ആത്മാവാണെന്ന സത്യം മികച്ച സിനിമകൾ എക്കാലത്തും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു എന്നത് പോലെ, ഹോട്ടൽ മുറിയിലെ രാത്രി ദൃശ്യങ്ങളെ അതിസൂക്ഷ്മ വെളിച്ചം കൊണ്ട് സിനിമ വരച്ചു വെയ്ക്കുന്നുണ്ട്.
അന്വേഷണങ്ങൾക്കൊടുവിൽ തന്റെ മാതാപിതാക്കളെ കുറിച്ച് അറിയാവുന്ന ഒരാളെ ആശുപത്രിയിൽ കിടക്കയിൽ കണ്ടുപിടിക്കുന്നു. ഒടുവിൽ തന്റെ കുടുംബത്തെ മറവ് ചെയ്ത സ്ഥലവും.
കുഴി തുറന്നു തന്ന മനുഷ്യനോട് ഇഡ ചോദിക്കുന്നു, എന്തുകൊണ്ടാണ് ഈ കുഴിയിൽ ഞാൻ ഇല്ലാതെ പോയത്? നീയോരു ജൂത പെൺകുട്ടിയാണ് എന്ന് ആർക്കും അറിയില്ലായിരുന്നു എന്നാണ് അയാളുടെ മറുപടി. ആരും അറിയാതെ അയാൾ തന്നെയാണ് അവളെ പള്ളിയിൽ ഏൽപ്പിച്ചത് എന്നും അവൾ മസ്സിലാക്കുന്നു.
കുഴിയിൽ നിന്നും കിട്ടിയ എല്ലിൽ കഷണങ്ങൾ മറ്റൊരിടത്ത് അടക്കം ചെയ്ത് അവർ യാത്ര തുടരുന്നു. ഇഡ വീണ്ടും പള്ളിയിലേക്ക് തിരിച്ചെത്തുന്നു. അപ്പോഴേക്കും മഞ്ഞുകാലം മാറിയിരുന്നു. ഊൺ മേശയിൽ വീണ്ടും സ്പൂണുകൾ ശബ്ദിച്ചു കൊണ്ടിരുന്നു.തിരുവസ്ത്രം അണിയുന്നതിന് മുമ്പ് അവൾ കർത്താവിനോട് തനിച്ചു പറയുന്നു, ഞാൻ തയ്യാറായിട്ടില്ല എന്നോട് ക്ഷമിക്കൂ.
പിന്നീട് ഇഡയെ തേടി വരുന്നത് ചെറിയമ്മയുടെ മരണവാർത്തയാണ്. വിഷാദവും മദ്യംവും സംഗീതവും കൂട്ടികലർത്തി നിസ്സാരമെന്നോണം അവർ ജനൽ വഴി താഴേക്ക് ചാടി ഉടൽ വെടിയുന്നതിന്റെ ഒച്ച നമുക്ക് കേൾക്കാം. അപ്പോഴും അവരുടെ ഗ്രാമഫോൺ പാടിക്കൊണ്ടിരുന്നു…
ഇഡ തിരിച്ചുവന്ന് ചെറിയമ്മയുടെ കുപ്പായവും ചെരിപ്പും ഉൾപ്പെടെ അവർ ഉപേക്ഷിച്ചു പോയതെല്ലാം എടുത്ത് അണിയുന്നു. മദ്യപിക്കുന്നു. രതിയിൽ ഏർപ്പെടുന്നു. കാമുകൻ അവളോട് പറയുന്നു, നീ എന്റെ കൂടെ കടല് കാണാൻ വരുന്നോ? എന്നിട്ട്? അവൻ പറഞ്ഞു, എന്നിട്ട് നമുക്ക് ഒരു നായയെ വാങ്ങാം, പിന്നെ കല്ല്യാണം കഴിക്കാം, പിന്നെ കുട്ടികൾ, വീട് അങ്ങനെ… അവൾ വീണ്ടും ചോദിച്ചു; എന്നിട്ട്? എന്നിട്ട് എന്താ, സാധാരണ എല്ലാവരെയും പോലെ ജീവിക്കും. അവൾ ഒന്നും മിണ്ടിയില്ല, ഉറങ്ങിയില്ല.
പിറ്റേന്ന് രാവിലെ തന്നെ തന്റെ ശിരോവസ്ത്രം വീണ്ടും അണിഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി നടക്കുന്നു. തന്റെ അമ്മയും അച്ഛനും ജീവിച്ച നാട്ടിലേക്ക്… തന്റെ ചരിത്രത്തിലേക്ക്… നീണ്ട് നിൽക്കുന്ന അവളുടെ നടത്തം തുടരുമ്പോൾ തിരശീലയിൽ ടൈറ്റിൽ തെളിയുന്നു.
സാങ്കേതികയുടേത് മതമല്ല ഈ സിനിമ, മികച്ച രണ്ട് നടികളുടെത് കൂടിയാണ്. Agata Trzebuchowska (ഇഡ), Agata kulesza (ചെറിയമ്മ) എന്നീ രണ്ട് നടികളും അളന്നെടുത്ത ചലനങ്ങൾ കൊണ്ട് കഥാപത്രത്തെ പൂർണ്ണതയിൽ എത്തിക്കുന്നു. ജീവിതത്തിന്റെ അടയാളം ഓരോ ചലനത്തിലും അവർ അടക്കം ചെയ്യുന്നുണ്ട്.
പ്രശസ്ത നാടക കൃത്തും എഴുത്ത് കാരിയുമായ Rebecca Lenkiewicz സംവിധാനുമായി ചേർന്ന് ഒരുക്കിയ തിരക്കഥയും സംഭാഷണങ്ങളും സിനിമയുടെ ഏറ്റവും മൂർച്ചയേറിയ പ്രദേശങ്ങളാണ്. വാക്കുകളുടെ ഘടനയും അതിന്റെ പ്രയോഗവും എത്ര ത്രീവ്രതയോടെയാണ് മനുഷ്യനെ കുഴിച്ചെടുക്കുന്നത്.
തിരക്കഥയുടെയും, സംവിധാനത്തിന്റെയും വ്യാകരണങ്ങളിലേക്ക് ഇഡ എന്ന സിനിമയെക്കൂടി ലോകം ചേർത്ത് വച്ച് കഴിഞ്ഞിരിക്കുന്നു. നമുക്കും നമ്മുടെ പ്രിയപ്പെട്ട സിനിമകളോട് ചേർന്ന് നിൽക്കാം.
കാഴ്ചകളും ശബ്ദങ്ങളും വേർതിരിക്കാൻ കഴിയാതെയാവട്ടെ… സിനിമകൾ തുടരട്ടെ….