കോഴിക്കോട് ഡേവിസൺ എന്ന തിയേറ്റർ ഇപ്പോഴില്ല. ഏകദേശം ഒരു പതിറ്റാണ്ട് മുൻപ് അവിടെ അവസാനമായി പ്രദർശിപ്പിച്ച സിനിമ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നായകൻ’ ആയിരുന്നു. പത്തോ പന്ത്രണ്ടോ നിശബ്ദ പ്രേക്ഷകരിലൊരാളായി അന്ന് സിനിമ കണ്ടിറങ്ങിയത് ഇന്ന് കോറണേഷൻ തിയേറ്ററിലെ നിറഞ്ഞ സദസ്സിലിരുന്ന് ജെല്ലിക്കെട്ട് കാണുമ്പോൾ ഓർത്തു. ആ സംവിധായകന് ഇന്ന് നിറയെ ഫാൻസാണ്. ഒരു സൂപ്പർ താരത്തിന്റെ ഇൻട്രോ സീൻ പോലെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന പേര് കാണുമ്പോഴൊക്കെ തിയേറ്റർ ഇരമ്പിയാർത്തു. ഈ ആൾക്കൂട്ടത്തിന്റെ ആവേശം കണ്ട് മനസ്സിൽ നിറഞ്ഞ സന്തോഷം അൽപ്പസമയം കൊണ്ട് തന്നെ തകർന്നടിഞ്ഞു പോയതാണ്, അവർ തന്നെ തകർത്തു കളഞ്ഞതാണ്, ഇന്നത്തെ ജല്ലിക്കെട്ട് ദുരന്തം.
തങ്ങളുടെ ഇഷ്ട സംവിധായകന്റെ സിനിമയെ, അതിനു പിന്നിലെ പരിശ്രമങ്ങളെ, അതിന്റെ സാങ്കേതിക മികവിനെ – എല്ലാം ആരാധകക്കൂട്ടം തകർത്തു കളയുന്ന അവസ്ഥ ഭീകരമാണ്. ആരാധന കൊണ്ട് കൂവിയാർത്ത ഫാൻസ് സിനിമയുടെ പശ്ചാത്തല സംഗീതമോ ശബ്ദ വിന്യാസമോ ഒരു തരി പോലും കേൾക്കുകയോ കേൾപ്പിക്കുകയോ ചെയ്തില്ല. പ്രത്യേകിച്ച് ആദ്യ പകുതിയിൽ. മൃഗങ്ങളെക്കാൾ വന്യമാണ് മനുഷ്യരുടെ മനസ്സെന്നും ആൾകൂട്ടമായി മാറുമ്പോൾ എന്തൊരു ദുരന്തമാണ് മനുഷ്യരെന്നുമാണ് സിനിമ കാണിച്ചു തരുന്നത്. സിനിമ തുടങ്ങുമ്പോൾ തന്നെ ഫാൻസ് അത് തെളിയിച്ചു കഴിഞ്ഞിരുന്നു. സിനിമ കഴിഞ്ഞ് നിശബ്ദരായി ഇറങ്ങിപ്പോകുമ്പോൾ അവർ സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടോ ആവോ..?
അങ്കമാലി ഡയറീസിനെ ഓർമ്മിപ്പിക്കുന്ന ഗിരീഷ് ഗംഗാധരന്റെ ഓട്ടങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. അങ്കമാലിയിൽ നിന്ന് ബഹുദൂരം മുൻപിലെത്തി ഉജ്വലമായ വിഷ്വലുകളാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും ചേർന്നൊരുക്കുന്നത്. രണ്ടാം പകുതിയിലെത്തുമ്പോൾ എഡിറ്റർ ദീപു ജോസഫും പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും കൂടെ ഇവരോടൊപ്പം ചേർന്നൊരുക്കുന്ന ജുഗൽബന്ദി അപൂർവ്വഗംഭീരമായൊരനുഭവമാണ്. മലയാള സിനിമയിൽ ഇതുവരെ കാണാൻ കഴിയാത്ത, ആരും ചിന്തിക്കുക കൂടി ചെയ്യാത്ത തരത്തിലുള്ള ക്ലൈമാക്സ് വരുന്നതോടു കൂടി അതുവരെ സിനിമയിലുണ്ടായിരുന്ന പോരായ്മകൾ കൂടി അപ്രസക്തമായി മാറുന്നു. ആദ്യ പകുതിയിൽ അനുഭവപ്പെട്ട ഇഴച്ചിൽ മനസ്സിൽ നിന്ന് മാഞ്ഞു പോകുന്നു. അസാധാരണമായൊരു സിനിമാനുഭവമായി ജല്ലിക്കെട്ട് മാറുന്നു.
വയലൻസിന്റെ ഉത്സവമാണ് ജല്ലിക്കെട്ട്. സിനിമയും അങ്ങനെ തന്നെ. അറവുശാലയിൽ നിന്ന് രക്ഷപ്പെട്ടോടുന്ന ഒരു പോത്തും അതിനു പുറകേ ഓടുന്ന ഒരു കുടിയേറ്റ ഗ്രാമവും. കൊല്ലാനുള്ള അടങ്ങാത്ത ത്വരയാണ് മനുഷ്യനെ പോത്തിന്റെ പുറകെ ഓടിക്കുന്നത്. ആ ത്വരയുടെ മൂർദ്ധന്യത്തിൽ മനുഷ്യർക്ക് സംഭവിക്കുന്ന പരിണാമമാണ് സിനിമയിൽ ഉജ്വലമായി ആവിഷ്കരിക്കുന്നത്. പോത്ത് സിനിമയിലെ നായകനാകുമ്പോൾ ചെമ്പൻ വിനോദും ആന്റണിയുമടക്കമുള്ളവർ സിനിമയിലെ നൂറുകണക്കിന് കഥാപാത്രങ്ങൾക്കിടയിൽ ഉൾച്ചേർന്നു കിടക്കുന്നു.
ഒരു പോത്തും ഒരുപറ്റം ഗ്രാമീണരും എന്ന പ്രഥമ കാഴ്ചയ്ക്കപ്പുറം ഇന്ത്യയെന്ന രാഷ്ട്രത്തെയും അതിന്റെ സമകാലിക അവസ്ഥകളെയും ശക്തമായി ആവിഷ്കരിക്കുന്നതുകൊണ്ടാവണം വിദേശമേളകളിൽ പോലും ജല്ലിക്കെട്ട് ശ്രദ്ധിക്കപ്പെടുന്നത്. ഒരു പോത്തിന്റെ പുറകെ കുറച്ചുപേർ ഓടുന്നതും അത് പിന്നെ വലിയൊരാൾക്കൂട്ടമാകുന്നതും ജനത മുഴുവൻ അതിൽ പങ്കാളികളാകുന്നതും ആ ജനത സ്വയം നഷ്ടപ്പെട്ട് ഭയാനകമാം വിധം രൂപാന്തരം പ്രാപിക്കുന്നതും നമ്മൾ കാണുന്നുണ്ടല്ലോ. പോത്തിന് പുറകെ ഓടി പ്രാകൃതമായ ഹിംസാത്മകതയിലേക്ക് കൂപ്പുകുത്തുന്ന നമ്മെ കാത്തിരിക്കുന്നതെന്തെന്നു തന്നെയാണ് ജെല്ലിക്കെട്ടിന്റെ ക്ലൈമാക്സ് കാട്ടിത്തരുന്നത്. എസ്. ഹരീഷും ജയകുമാറും ചേർന്നാണ് ഹരീഷിന്റെ കഥയെ ആസ്പദമാക്കി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒ. തോമസ് പണിക്കരാണ് സംവിധായകന്റെയും ചെമ്പൻ വിനോദിന്റെയും സഹകരണത്തോടെ സിനിമ നിർമ്മിച്ചിരിക്കുന്നത്.
എല്ലാം കൊണ്ടും വേറിട്ട സിനിമയായിരുന്നിട്ടും, കന്മദത്തിലെയും മഹായാനത്തിലെയും നായികമാരെ ‘ഒതുക്കിയ’ അതേ ആണത്തപ്രയോഗം ജല്ലിക്കെട്ടിലും പകർത്തി വെച്ചിരിക്കുന്നത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. അങ്കമാലിയിൽ പെങ്ങളിൽ നിന്ന് ജല്ലിക്കെട്ടിലെ പെങ്ങളിലെത്തുമ്പോൾ ‘പെണ്ണ് വെറും പെണ്ണാ’ണെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും പറഞ്ഞു വെക്കുന്നത്, അത് ലോഹിതദാസിന്റെ സിനിമകളിൽ നിന്ന് പകർത്തി വെക്കുന്നത് കൂതറ ഇടപാടാണ്. സിനിമ രണ്ടായിരത്തി പത്തൊമ്പതിലും ആ സീൻ കഴിഞ്ഞ നൂറ്റാണ്ടിലും നിൽക്കുന്നു.
– ഉമേഷ് വള്ളിക്കുന്ന്