സിനിമയുടെ റിലീസ് എപ്പോഴും താരങ്ങളെ ആശ്രയിച്ചിരിക്കുന്നു. നടന്മാരോ സംവിധായകരോ നിമ്മാതാവോ താരമാണെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. അല്ലെങ്കിൽ തിയേറ്റർ കിട്ടാൻ പ്രയാസമാണ്. വിരലിലെണ്ണാവുന്ന സ്‌ക്രീനുകൾ  കിട്ടിയാൽ  തന്നെ രാവിലെ പത്തു മണിക്കോ പതിനൊന്നു  മണിക്കോ ഉള്ള ഒറ്റ ഷോ.  സിനിമ കാണാൻ ആഗ്രഹിച്ചാലും നടന്നെന്നു വരില്ല. പിന്നെയുള്ളത് റംസാൻ മാസമാണ്. തിയേറ്ററുകളിൽ വമ്പൻ റിലീസുകൾ ഇല്ലാത്തതിനാൽ കുറച്ചു ‘ചെറിയ’ സിനിമകൾക്ക് അവസരം കിട്ടും. തിയേറ്ററിൽ ആള് കയറാത്ത നോമ്പുകാലത്തായിട്ടും “മഴയത്ത്” എന്ന സിനിമയ്ക്ക്  കോഴിക്കോട്ട് ഒരൊറ്റ ഷോയാണ് കിട്ടിയത് (11.30 AM, കോറണേഷൻ – 25/05/18 മുതൽ).

അവഗണിക്കപ്പെടുന്ന ഇത്തരം സിനിമകൾ കാണാൻ പ്രത്യേകം ശ്രമിക്കാറുണ്ട്. സഹതാപം കൊണ്ടല്ല. വിതരണ/പ്രദർശന രംഗത്തെ കച്ചവടതാൽപ്പര്യങ്ങൾക്കിടയിൽ സാഹസികമായി തിയേറ്ററിലെത്തിയ സുദേവൻ്റെ  ‘ക്രൈം നമ്പർ 89’,  സജിൻബാബുവിൻ്റെ ‘അസ്‌തമയം വരെ’, ഷാനവാസ് നരണിപ്പുഴയുടെ ‘കരി’, മനോജ് കാനയുടെ ‘ചായില്യം’, ‘അമീബ’, സിദ്ധാർത്ഥ ശിവയുടെ ‘ഐൻ’  തുടങ്ങി എത്രയോ നല്ല സിനിമകൾ  വിസ്‌മയിപ്പിക്കുന്ന കാഴ്‌ചാനുഭവം തന്നിട്ടുള്ളതുകൊണ്ടാണ്.

ഒന്നാംതരം  നാടകക്കാരൻ എന്ന നിലയിൽ പേരെടുത്ത  സുവീരൻ സംവിധാനം ചെയ്‌ത ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയെടുത്തു സിനിമാലോകത്തെ  ഞെട്ടിച്ചു കളഞ്ഞു കുറച്ചു വർഷങ്ങൾക്കുമുൻപ്. ബ്യാരി എന്നൊരു ഭാഷയുണ്ടെന്ന് ദേശീയ തലത്തിലും ബഹുഭൂരിപക്ഷം മലയാളികളും അറിഞ്ഞത് ‘ബ്യാരി’ എന്ന സിനിമയിലൂടെയായിരുന്നു, അഥവാ ആ സിനിമക്ക് ലഭിച്ച നാഷണൽ അവാർഡിലൂടെയായിരുന്നു (2011).  സുവീരൻ എന്ന ആ സംവിധായകൻ ഏഴു വർഷങ്ങൾക്കു ശേഷമാണ്  പുതിയ സിനിമയുമായി വരുന്നത്.

ആദ്യ സിനിമയിലൂടെ ദേശീയ/അന്തർദേശീയ തലത്തിൽ ശ്രദ്ധേയനായ ഒരു സംവിധായകന്റെ  7 വർഷത്തെ ഇടവേളയ്ക്കു രണ്ടു കാരണങ്ങൾ ഉണ്ടാകാം. ഒന്നുകിൽ  മികച്ച ഒരു സിനിമക്ക് വേണ്ടി, ആശയത്തിനു വേണ്ടി, വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നത് കൊണ്ടാവാം. അതല്ലെങ്കിൽ മനസ്സിലുള്ള സിനിമയെടുക്കാൻ പാകത്തിലുള്ള  നിർമ്മാതാവിനെ കിട്ടാത്തത്‌ കൊണ്ടാവാം. ഇവിടെ രണ്ടാമത്തേതാവാം കാരണമെന്ന് “മഴയത്ത്” കണ്ടിറങ്ങുമ്പോൾ തോന്നി.

അങ്ങേയറ്റം അപകടകരവും ക്രൂരവുമായ ഒരു സാമൂഹിക യാഥാർത്ഥ്യമാണ് സുവീരന്റെ പുതിയ സിനിമയുടെ വിഷയം. ഭീകരമായ “മഴയത്ത്” പെട്ടുപോകുന്ന ഒരാളുടെ, അഥവാ ഒരു കുടുംബത്തിൻ്റെ അവസ്ഥ. നന്ദന വർമ്മ, നികേഷ് റാം, അപർണ ഗോപിനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോജ്.കെ. ജയൻ, ശാന്തി കൃഷ്‌ണ, സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, നന്ദു   എന്നിങ്ങനെ പ്രശസ്‌ത അഭിനേതാക്കളും ഉണ്ട്.  ഗോപി സുന്ദറിന്റെ സംഗീതത്തിൽ  ശിവദാസ് പുറമേരിയുടെ ഹൃദ്യമായ രണ്ടു ഗാനങ്ങളുണ്ട് സിനിമയിൽ. പക്ഷേ, ഇതിനാലൊന്നുമല്ല.  ‘സുവീരന്റെ സിനിമ’ എന്നത് കൊണ്ടു തന്നെയാണ്  “മഴയത്ത്” പ്രസക്‌തമാകുന്നത്.

ഏതു സിനിമയും കാണുന്നത് പ്രതീക്ഷകൾ മായ്ച്ചു കളഞ്ഞ മനസ്സുമായിട്ടാണ്. കച്ചവട സിനിമയും സീരിയസ്  സിനിമയും അതാത് മാനസികാവസ്ഥയോടെ ആസ്വദിക്കാറുണ്ട്. ദേശീയ അവാർഡ് നേടിയ സംവിധായകനാണെങ്കിലും കൊമേഴ്‌സ്യൽ രീതിയിലെടുത്ത പടമാണെന്ന് തിയേറ്ററിൽ കയറുമ്പോൾ ഒരു സുഹൃത്ത് പറഞ്ഞു.

രണ്ടു മണിക്കൂറിലധികം നീളമുള്ള സിനിമ വിവിധ മാനസികാവസ്ഥകളിലൂടെയാണ് നമ്മളെ കൊണ്ടുപോകുന്നത്. ഇടവേളയിൽ  അടുത്തിരുന്നയാൾ ‘എങ്ങനുണ്ട്’ എന്ന് ചോദിച്ചപ്പോൾ ‘കഴിഞ്ഞിട്ട് പറയാം’ എന്ന്  പറഞ്ഞൊഴിഞ്ഞു.

സിനിമ കണ്ടു കഴിഞ്ഞപ്പോൾ സംവിധായകനോട് വല്ലാത്ത സ്‌നേഹം തോന്നി. മുടക്കുമുതൽ തിരിച്ചു പിടിക്കാൻ എന്ന പേരിൽ  എന്തെല്ലാം കോംപ്രമൈസുകളാണ് ഒരു നല്ല സംവിധായകന് ചെയ്യേണ്ടി വന്നിരിക്കുന്നത്! കച്ചവടസിനിമയുടെയും ആർട്ട് സിനിമയുടെയും വഴികളിൽ സംവിധായകൻ സിനിമ പറയുന്നുണ്ട്. പ്ലോട്ടിനെ ഒരു കഥയാക്കി മാറ്റി അതിനെ ഡ്രാമയും മെലോഡ്രാമയും ആക്കിമാറ്റി ഭൂരിപക്ഷ പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താനുള്ള ശ്രമം എത്രകണ്ട് വിജയിക്കും? മുരളീകൃഷ്‌ണന്റെ ക്യാമറയും വിജയകുമാറിന്റെ എഡിറ്റിങ്ങും ചേർന്ന് സിനിമയെ ചടുലമാക്കുന്നു, ചിലയിടങ്ങളിൽ മാത്രം. അതിനപ്പുറവും ഇപ്പുറവുമൊക്കെ മറ്റൊരു സിനിമയിലെന്ന പോലെ അവധാനതയോടെ പറഞ്ഞു പോകുന്നു. മാരകമായ പശ്ചാത്തല സംഗീതം കൊണ്ട് പല നല്ല ദൃശ്യങ്ങളും പൊളിച്ചൂ കളയുന്നു.  ശക്‌തമായ പ്രമേയത്തെയും  അതിന്റെ വിശ്വാസ്യതയെയും പരിചരണത്തിലെ  മാറിമറിയലുകൾ കൊണ്ട്  തോൽപ്പിച്ചിരിക്കുന്നു.

വ്യക്‌തിപരമായ പ്രതിസന്ധികളിൽ സമൂഹത്തിന്റെ ക്രൂരമായ ഇടപെടലുകൾ  മൂലമുണ്ടാകുന്ന ദുരന്തത്തിന്റെ ആഴം സിനിമ കാണിച്ചു തരുന്നുണ്ട്. സ്‌ത്രീപക്ഷചിന്തകൾ സിനിമയിൽ അങ്ങിങ്ങു കടന്നു വരുന്നുണ്ടെങ്കിലും ഭൂരിപക്ഷം സ്‌ത്രീകഥാപാത്രങ്ങളെയും  വിവരക്കേട് ആരോപിച്ച് ‘മഴയത്ത്’ നിർത്തുന്നുണ്ട്. മകളായി നന്ദനയെ  ഗംഭീരമായി പെർഫോം ചെയ്യിച്ചിരിക്കുന്നു സംവിധായകൻ. സുമയായി ശ്രീയ രമേഷും നന്നായി. നികേഷ് റാമും അപർണയും മോശമായില്ല. എങ്കിലും സ്വാഭാവികത കുറഞ്ഞ പ്രകടനങ്ങളും കണ്ടു.  സിനിമയിലെ പോലീസുകാരുടെ അവസ്ഥയാണ് പരിതാപകരം. തൊണ്ടിമുതലൊക്കെ വന്ന് ഒറിജിനൽ പോലീസിനെ പ്രേക്ഷകൻ  സിനിമയിലും കണ്ടു തുടങ്ങിയ കാലത്ത് പഴയ കോമഡി സ്‌കിറ്റ് കളിച്ചാൽ ട്രാജഡിയാണ്.

ഒരു നല്ല സിനിമയിൽ കച്ചവട തന്ത്രങ്ങൾ `മിക്‌സ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു എന്നാണ് സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. സുവീരൻ എന്ന സംവിധായകന് സ്വന്തം സിനിമ സ്വതന്ത്രമായി ചെയ്യാനുള്ള സാഹചര്യമുണ്ടാവട്ടെയെന്നു ആഗ്രഹിക്കുന്നു. അങ്ങനെ നല്ല സിനിമയുണ്ടാകുകയും അത് സാമ്പത്തികമായി വിജയിക്കുകയും ചെയ്യട്ടെ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account