വിക്രം എന്ന തമിഴ് നടനോടാണ് ജയസൂര്യയെ ഉപമിക്കാനാവുക. വെറുമൊരു സിനിമാനടൻ എന്ന നിലയിൽ ഒതുങ്ങിപ്പോകാവുന്ന സാഹചര്യങ്ങളിലൂടെ കടന്നു വന്നവരാണ് ഇരുവരും. ഇന്നിപ്പോൾ വാണിജ്യ സിനിമയിലെ താരങ്ങളുടെ  മുൻനിരയിലും  മികച്ച നടന്മാരുടെ മുൻനിരയിലും  കസേരയിട്ടിരിക്കുന്നു മലയാളത്തിൽ  ജയസൂര്യയും  തമിഴിൽ വിക്രമും. ആ കസേരകൾ  കൃത്യമായ പ്ലാനിങ്ങിലൂടെ, ആത്‌മാർത്ഥമായ പരിശ്രമങ്ങളിലൂടെ നേടിയെടുക്കുകയായിരുന്നു അവർ.

തമിഴിൽ കമൽഹാസനും മലയാളത്തിൽ ദിലീപും സാരി ചുറ്റിയാടിയ ആട്ടങ്ങൾ നമ്മൾ കണ്ടതാണ്. ജയസൂര്യ സാരിയുടുത്ത പോസ്റ്ററുകൾ കാണുമ്പോൾ മറ്റൊരു ‘നൂയിസൻസ്’ ആകാനുള്ള സാധ്യത പ്രേക്ഷകർക്ക് തോന്നിയാൽ കുറ്റം പറയാനാവില്ല. അതുകൊണ്ടാവാം ആദ്യ ദിവസം പോലും  നിറയാത്ത ബാൽക്കണിയിലിരുന്ന് “ഞാൻ മേരിക്കുട്ടി” കാണേണ്ടിവന്നത്. ജയസൂര്യ എന്ന നടന്റെ ആത്‌മാർപ്പണവും രഞ്‌ജിത്‌ ശങ്കറിന്റെ പക്വമായ കഥാപാത്ര പരിചരണവും  കൊണ്ട് മേരിക്കുട്ടി അവ്വൈ ഷണ്മുഖിയെ കടത്തി വെട്ടുകയും മായാ മോഹിനിയെ തൊഴിച്ചെറിയുകയും  ചെയ്യുന്നു. കാപ്റ്റനിലെ വി.പി.സത്യനിലേക്കു ജയസൂര്യ നടത്തിയ പകർന്നാട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ മേരിക്കുട്ടിയായി അതേ നടൻ ഏതാനും പടവുകൾ താഴെയാണ് നിൽക്കുന്നതെന്ന് മാത്രം.

ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ മാത്തുക്കുട്ടി മേരിക്കുട്ടിയായതിനു ശേഷമുള്ള ജീവിതമാണ് സിനിമയുടെ പ്രമേയം. എം സി എ കഴിഞ്ഞ് ചെന്നൈയിൽ ഉയർന്ന ശമ്പളമുള്ള ജോലി ചെയ്‌തുവരവെയാണ് ആ ജോലിയുപേക്ഷിച്ച് സ്വന്തം വ്യക്‌തിത്ത്വത്തെ കൃത്യമായി സമൂഹത്തിൽ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മേരിക്കുട്ടി സ്വന്തം നാട്ടിലേക്കു തിരിച്ചെത്തുന്നത്. ഉറച്ച ആത്‌മവിശ്വാസവും ഉയർന്ന വിദ്യാഭ്യാസവുമാണ് മേരിക്കുട്ടിയുടെ കൈമുതൽ. തൻ്റെ ട്രാൻസ് സെക്ഷ്വൽ ഐഡന്റിറ്റിയിൽ പരീക്ഷയെഴുതി തൻ്റെ സ്വപ്‌നമായ  ജോലി നേടി താനുൾപ്പെടുന്ന സമൂഹത്തിന് മാതൃകയും മോട്ടിവേഷനും ആശ്വാസവുമാകുക എന്നത് തനിക്കു സാധിക്കാവുന്ന ലക്ഷ്യമാണെന്ന്  അവൾക്കുറപ്പുണ്ട്. പക്ഷേ, മാത്തുക്കുട്ടിയുടെ സ്‌ത്രൈണഭാവങ്ങളെ പരിഹാസത്തോടെയും വെറുപ്പോടെയും അറപ്പോടെയും കണ്ട സമൂഹത്തിനും കുടുംബത്തിനും  മേരിക്കുട്ടിയെയും അങ്ങനെത്തന്നെയേ കാണാൻ  കഴിയുന്നുള്ളു. അവരെ  നേരിടാനുള്ള മനക്കരുത്തുണ്ടെങ്കിലും പൊതുസമൂഹത്തിന്റെ ആറ്റിക്കുറുക്കിയ പ്രതിരൂപമായ പോലീസ്  അധികാര ദുർവിനിയോഗത്തിന്റെ  എല്ലാ സീമകളും ലംഘിച്ച് അവൾക്കെതിരെ തിരിയുമ്പോൾ മേരിക്കുട്ടി ‘പെട്ടുപോകുന്നു’. ജീവിതം മുൻപത്തേക്കാളുമേറെ പോരാട്ടങ്ങളുടേതായി മാറുന്നു.

കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങളുടെ അത്രയും മേരിക്കുട്ടിക്ക് അനുഭവിക്കാനില്ല. നല്ല വിദ്യാഭ്യാസമോ തൊഴിലോ  സാമ്പത്തിക സുരക്ഷിതത്തമോ ഇല്ലാതെ ഭീകരമായ ജീവിതാവസ്ഥകളെ നേരിടേണ്ടി വരുന്നുണ്ട് അവർക്ക്. സമൂഹവും പോലീസും മേരികുട്ടിയേക്കാളേറെ വെറുക്കുന്നുണ്ട് അവരെ. മാസങ്ങൾക്കു മുൻപ് കോഴിക്കോട് കസബയിലെ യുവ സബ് ഇൻസ്‌പെക്‌ടർ മുതുകു തല്ലിപ്പൊളിച്ച ഒരു ചിത്രം നമ്മൾ കണ്ടിരുന്നത് കൊണ്ട് സിനിമയിലെ എസ.ഐ. കുഞ്ഞിപ്പാലുവും എ.എസ്.ഐ. അയ്യപ്പനും (ജോജു ജോർജ്, മണികണ്ഠൻ പട്ടാമ്പി) അവരുടെ സമീപനങ്ങളും അങ്ങേയറ്റം ഒറിജിനലായി അനുഭവപ്പെടും. മേരിക്കുട്ടിയും പോലീസും തമ്മിലുള്ള കോംബിനേഷൻ സീനുകൾ പ്രേക്ഷകരെ സ്വാധീനിക്കുക തന്നെ ചെയ്യും.

നിരന്തരമായ കാമ്പയിനുകളിലൂടെ കേരളത്തിൽ ഭിന്നലിംഗക്കാരോടുള്ള സമീപനം മാറിവരുന്നതായി കാണാവുന്നതാണ്. സിനിമയിലും അത്തരം ബോധമുള്ള മനുഷ്യർ മേരിക്കുട്ടിക്കൊപ്പമുണ്ട്. ഇന്നസെന്റിന്റെ പള്ളീലച്ചനും അജു വർഗീസിന്റെ ആൽബിനും മറ്റും. ജ്യൂവൽ മേരി അവതരിപ്പിച്ച കൂട്ടുകാരിയുടെ കഥാപാത്രത്തിന്റെ വ്യക്‌തിത്ത്വം ആകർഷകമാണ്. സ്വന്തമായി ബിസിനസ് നടത്തുന്ന, സ്വതന്ത്രയായി യാത്ര ചെയ്യുന്ന ഒരു സ്‌ത്രീയെ കേവലപുരുഷന്മാർ കാണുന്നതെങ്ങനെയെന്നു യാഥാർഥ്യ ബോധത്തോടെ സിനിമ കാണിച്ചു തരുന്നു. ഭർത്താവ്/മകൾ/നാട്ടുകാർ എന്നിങ്ങനെയുള്ള പ്രതിസന്ധികളെ അനായാസം തരണം ചെയ്യുന്ന ആ  കഥാപാത്രം ഗംഭീരമായി. മറ്റൊരു മികച്ച പെർഫോമൻസാണ് സുരാജ് വെഞ്ഞാറമൂടിന്റേത്. പതിവിൽ നിന്ന് വ്യത്യസ്‌തമായി ലഭിച്ച ഗൗരവമുള്ള  കലക്റ്റർ വേഷം സുരാജ് മനോഹരമാക്കി. പതിവ്  അച്ഛൻ വേഷത്തിൽ ശിവാജി ഗുരുവായൂർ നന്നായി.

ഇങ്ങനെയൊരു പ്രമേയത്തെ ഗൗരവത്തോടെ സമീപിച്ച് മേരിക്കുട്ടിയെ സൂക്ഷ്‌മതയോടെ പ്ലേസ് ചെയ്‌ത സംവിധായകൻ വലിയ അഭിനന്ദനം  അർഹിക്കുന്നു. കാലങ്ങളായി മലയാള സിനിമയിലൂടെ അപമാനിക്കപ്പെട്ട ഒരു ജനവിഭാഗത്തെ സഹജാവബോധത്തോടെ കാണുന്നു അദ്ദേഹം. ‘ചാന്തുപൊട്ട്’ എന്ന പരിഹാസത്തിൽ നിന്ന് മേരിക്കുട്ടി എന്ന “ഷീറോ” യിലേക്ക് പ്രേക്ഷകമനസ്സിനെ മാറ്റാൻ കുറേയൊക്കെ ഈ സിനിമയ്ക്ക് സാധിക്കും.

സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിനെ ഓർമ്മിപ്പിക്കുന്നു രഞ്‌ജിത്‌  ശങ്കർ-ജയസൂര്യ കൂട്ടുകെട്ട്. ആ കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. പക്ഷേ, ഒരേ പോലെയുള്ള സിനിമകൾ ആവർത്തിച്ചു വരുന്നത് പുതിയ കാലത്ത് പ്രേക്ഷകരെ ബോറടിപ്പിക്കും. സു-സുധി വാത്‌മീകം മികച്ച മോട്ടിവേഷണൽ സിനിമയായിരുന്നു. ആ സിനിമയുടെ തുടർച്ചയായി “മേരിക്കുട്ടി’ കാണേണ്ടി വരുന്നത് നിരാശാജനകമാണ്. പലവട്ടം ആവർത്തിച്ച  സ്ഥിരം ചട്ടക്കൂടിൽ കഥ പറയുകയും, വെറും ക്ളീഷേയായ  കഥാസന്ദർഭങ്ങളെഴുതിപ്പിടിപ്പിക്കുകയും ചെയ്യുന്നത് തിരക്കഥാകൃത്ത് എന്ന നിലയിൽ തോൽവിയാണ്.  സിനിമ എന്ന നിലയിൽ മാത്രം വിലയിരുത്തുമ്പോൾ “ഞാൻ  മേരിക്കുട്ടി” ഒരു നല്ല സിനിമയല്ല എന്ന് തുറന്നു പറയാതെ വയ്യ.

-ഉമേഷ് വള്ളിക്കുന്ന്

6 Comments
 1. Jayesh 6 months ago

  തുടക്കം മുതൽ പുകഴ്ത്തി അവസാനം കുത്തിക്കൊന്നു

  • Author
   ഉമേഷ് വള്ളിക്കുന്ന് 6 months ago

   പുകഴ്ത്തിയതല്ല.. സത്യമാണ്..
   പക്ഷേ, സിനിമ എന്ന നിലയിൽ വെറുമൊരു സിനിമ മാത്രമായി.

 2. Shaajimon 6 months ago

  നന്ദി സുഹൃത്തെ

  • Author
   ഉമേഷ് വള്ളിക്കുന്ന് 6 months ago

 3. Sudheer.C.V. 6 months ago

  നല്ല സിനിമ എന്താണ് എന്നതിനെക്കുറിച്ച് പലർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളായിരിക്കും.

  എന്റെ സിനിമാ സങ്കൽപ്പം, പാർശ്വവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളെ അവരുടെ പക്ഷത്തുനിന്നു നോക്കിക്കാണാനും സാമ്പ്രദായിക രീതികയിൽ നിന്നു മാറി മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് ശരികൾ ഉറക്കെ വിളിച്ചു പറയാനുള്ള ആർജവം കാണിക്കുന്ന, ലളിതവും സ്വാഭാവികമായും കഥ പറയുന്ന ഒരു രീതി അവലംബിക്കുന്ന സിനിമകളാണ് എന്റെ ഇഷ്ട സിനിമകൾ.

  മേൽവിലാസവും, സു….സു…സുധിവാത്മികവും ക്യാപ്റ്റനുമെല്ലാം എന്റെ ഇഷ്ട സിനിമകളികളാകുന്നത് അങ്ങിനെയാണ്. സാധാരണക്കാരനുമായി എളുപ്പം സംവധിക്കാൻ കഴിയുന്ന ഇതുപോലുള്ള സിനിമകൾ തന്നെയാണ് നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും.

  ഞാൻ മേരിക്കുട്ടിയും അതേ നിലവാരം പുലർത്തുന്ന സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതെല്ലാം സമ്മതിച്ചു കൊണ്ട് അവസാനം കാണിച്ച മലക്കം മറിച്ചിൽ എന്താണെന്ന് മനസ്സിലാകുന്നില്ല.

  • Author
   ഉമേഷ് 6 months ago

   അഭിപ്രായങ്ങളോട്മ പൂർണമായും യോജിക്കുന്നു. പക്ഷേ, മലക്കം മറിഞ്ഞില്ല സുഹൃത്തേ.. സിനിമയുടെ ആശയം, ലക്ഷ്യം, എല്ലാം അംഗീകരിക്കുന്നു. ആ നിലക്ക് സിനിമയെ പൂർണ്ണമായും സപ്പോർട്ട് ചെയ്യുന്നു.
   പക്ഷേ, ഓരോ സിനിമയിലും സംവിധായകൻ എന്ന നിലയിൽ രഞ്ജിത് ശങ്കർ സ്വയം നവീകരിക്കേണ്ടയിരിക്കുന്നു. മുകളിൽ പറഞ്ഞ മൂന്നു സിനിമകളുടെയും നിലവാരത്തിലേക്ക് ഈ സിനിമ വന്നിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.

   അത് എന്റെ മാത്രം അഭിപ്രായമാണ്. അങ്ങനെ മാത്രം കണ്ടാൽ മതി. താങ്കളുടെ അഭിപ്രായത്തെ പൂർണമായും ബഹുമാനിക്കുന്നു.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account