കേരനിരകളാടും മനസ്സിൻ ഹരിതചാരുതീരം
പുഴയോരം കളമേളം കവിത പാടും തീരം…

മനസ്സിൽ  ഓര്‍മ്മകളുടെ വേലിയേറ്റം, മറയാത്ത മായാത്ത കേരളപ്പിറവികൾ…

മലയാളത്തിന്റെ പിറവി, കേരളാഡേ വീണ്ടും. ആ ദിവസം ആഘോഷിക്കുന്ന കേരളവും, ഇവിടുത്തെ പ്രവാസം എന്ന പറുദീസയിൽ നിന്നുള്ള ആശംസകളും ലോകം മുഴുവൻ ഇമെയിലും, ചാറ്റും, എസ്സ് എം എസ്സും മറ്റുമായി പ്രവഹിക്കുന്നു. രാവിലെ ഫെയിസ് ബുക്കിൽ സി.എം.എസ്സ് കോളേജിന്റെ  പേജിൽ മെമ്പർമാരുടെ  ഇടയിൽ നിന്നും എല്ലാവരും ഓര്‍മ്മകളുടെ വര്‍ഷങ്ങളിൽ പുറകോട്ടു പോയി.

രാവിലെ തന്നെ  ഗീതയുടെ ചാറ്റ്…

‘എന്റെ മനസ്സിപ്പോ സി.എം.എസ്സ് കോളേജിലൂടെ നടക്കുകയാണ്. ആ കാലം ഒരിക്കലും മറക്കില്ല, മനസ്സിൽ നിന്നു മാഞ്ഞു പോകില്ല, അഞ്ചലി, നീ ഉണ്ടോ അവിടെ…?’

മനസ്സിന്റെ  കോണിൽ ഒളിഞ്ഞു  കിടന്നിരുന്ന ഒത്തിരി ഇത്തിരി ഓര്‍മ്മകൾ എല്ലാം ഒന്നൊന്നായി ഓടിയെത്തി. കവിണി സാരിയുടുത്ത് കോളേജിലെത്തുന്നു എല്ലാവരും. പൂക്കള മത്‌സരം, മുല്ലപ്പൂവിന്റെ മണം.

‘അല്ലു, എന്താ വിശേഷം?’

‘രാവിലെ ആകെ ഒരു ‘നോസ്റ്റാല്‍ജിയ’, കവിതയും കഥയും ഒക്കെക്കൂടി ആകെ  ഒരു തിങ്ങി വിങ്ങൽ’

ഗീതയുടെ വക,  ‘എനിക്കും അതു തന്നെ, രാവിലെ  മുല്ലപ്പൂ കണ്ടതിന്റെ സങ്കടം’

‘സങ്കടമോ?  എന്തേ …?’

എന്റെ ചാറ്റിൽ മറുപടി ഒഴുകിയെത്തി ‘പഴയ ഒരു മുഖം അതിന്റെ കൂടെ  ഉയര്‍ന്നു  വരുന്നു’

‘കോളേജിൽ ആന്നോ…?’

‘അതെ…’

‘പറയൂ ,കേള്‍ക്കട്ടെ, ഏതു ക്ളാസ്സിലാ?,ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നോ  ഗീതാ ?’

‘അല്ല, ഇത് അതിനും മുന്‍പാണ്. പ്രീഡിഗ്രി. അന്നൊക്കെ കൂടെപഠിക്കുന്ന ആൺകുട്ടികളോട് ഒരു പേടിയും സംസാരിക്കാനുള്ള  ഒരു ചമ്മലും ഇല്ലേ.. അതുകാരണം ഒന്നു തിരിഞ്ഞു നോക്കുകയോ മറ്റും മാത്രമേയുണ്ടായുള്ളു’

‘നീ പറയൂ, കേള്‍ക്കട്ടെ’ ഞാൻ ഉത്‌സാഹത്തോടെ ചോദിച്ചു.

എന്നെ അല്ലു എന്ന്  വിളിച്ചിരുന്ന ഗീത, അവളുടെ മനസ്സു തുറന്നു സംസാരിക്കാൻ വേണ്ടി പ്രോത്‌സാഹിപ്പിച്ചു. എന്തോ വിഷമം അവള്‍ക്കുള്ളതുപോലെ. എന്നും എന്തെങ്കിലും മനപ്രയാസവുമായി എന്റെയടുത്തെത്തുന്ന ഗീത, ഇന്നും അവളെ എന്തോ വിഷമിപ്പിക്കുന്നു, തീർച്ച.

‘അല്ലുവിനോടു കള്ളം പറയാൻ വയ്യ, അതുകൊണ്ടു പറയാം…’

‘ധൈര്യമായി പറയൂ ഗീത..’.

‘പിന്നെ ഒരു കാര്യം, ഇത് ഞാനും നീയും മാത്രം അറിയാവുന്ന ഒരു സത്യമായിരിക്കണം. അതു സാരമില്ല, സത്യം സത്യം ആയിത്തന്നെ ഇരിക്കട്ടെ. ആദ്യം സ്‌നേഹം തോന്നുന്ന ആളിനെ  ഒരിക്കലും മറക്കില്ല, മനസ്സിന് അങ്ങിനെയൊരു ദുർഭാഗ്യം ദൈവം  തന്നിട്ടുണ്ട്’ ഗീത ഒരു മുഖവുരപോലെ പറഞ്ഞു നിർത്തി.

‘നീ ധൈര്യമായിട്ടു പറയൂ ഗീത… സ്‌നേഹം ഒരു തെറ്റല്ല. അത് എന്നും മനസ്സിനു ധൈര്യം തരുന്ന ഒരു വികാരം ആണ്. പറയൂ. കേള്‍ക്കാനുള്ള സന്തോഷം കൊണ്ടാണ്. സ്‌നേഹിക്കുന്നു എന്നറിയുന്നത് മനസ്സിന്റെ ധൈര്യമാണ്.  കേള്‍ക്കുന്നവര്‍ക്കും. പറയൂ ഗീതാ…’

വേദനിക്കുന്ന ഗീതയുടെ മനസ്സിന്റെ സ്‌നേഹം അന്നാദ്യമായി എന്റെ മുന്നിൽ  തുറന്നു വെച്ചു….!

‘ഞാൻ ആദ്യമായി സാരി ഉടുത്ത ദിവസം! മുല്ലപ്പൂ ചൂടാൻ മറന്ന എനിക്ക് ചെറുപുഞ്ചിരിയോടെ  വെച്ചു നീട്ടിയ മുല്ലപ്പൂവിന്റെ പൊതിയുമായി എത്തിയ കൂട്ടുകാരൻ. എവിടെ ആ വെള്ളപ്പൂക്കൾ കണ്ടാലും അതിന്റെ മണവും നിറവും എന്നും മനസ്സിന്റെ കോണിൽ നേരിയ വേദന ഉണര്‍ത്തിയിരുന്നു. ഒരിക്കലും മായാതെ കിടന്നു ആ ചെറുപുഞ്ചിരിയും, കൂടെ മുല്ലപ്പൂക്കൾ എനിക്കു നേരെ നീട്ടുന്ന ആ മുഖവും, അന്നും ഇന്നും’

ഗീതയുടെ മനസ്സ് ഒന്നു വിതുമ്പിയോ അതോ എന്റെ തോന്നലോ…? ഒരു നിമിഷത്തെ നിശ്ശബ്‌ദതയ്ക്കു ശേഷം ചാറ്റ് വിന്‍ഡോ വീണ്ടും കൺചിമ്മി.

കുറ്റബോധമാണോ അതോ നഷ്‌ടപ്പെടലിന്റെ വേദനയാണോ എന്നും അറിയില്ല. മനസ്സിന്റെ ചിന്തകൾ അവൾ അയവിറക്കുകയായിരുന്നു പിന്നീടങ്ങോട്ട്.

‘അയാൾ കോട്ടയത്തെ വലിയ ബിസിനെസ്സുകാരന്റെ മകൻ. ഞാനോ ഒരിടത്തരം കുടുംബത്തിൽ നിന്നും. അതൊരൊറ്റ കാരണത്താൽ ഞാൻ ആ പുഞ്ചിരി കണ്ടില്ല എന്നു നടിക്കാൽ തുടങ്ങി. പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു നിശ്ശബ്‌ദപ്രണയം എന്നും ഞങ്ങൾക്കിടയിൽ നിറഞ്ഞുനിന്നിരുന്നു. ഒരിക്കലും നടക്കില്ല എന്നറിയാവുന്ന, എന്നാൽ നഷ്‌ടപ്പെടാൻ മനസ്സനുവദിക്കാത്തെ സ്‌നേഹത്തിന്റെ, മുല്ലപ്പൂവിന്റെ നറുമണം. ആ സ്‌നേഹത്തിന്റെ ഇരമ്പലുകൾ, സൌഹൃദം, കോളേജ് കഴിയും വരെയും ഉണ്ടായിരുന്നു. പിന്നീട്,  അന്നത്തെ കാലം അല്ലെ, മൊബൈലില്ല, ഇന്റെർനെറ്റില്ല, പിന്നീടങ്ങോട്ട് ഒരു വിധത്തിലും, യാതൊരു വിവരങ്ങളും കൈമാറിയിട്ടില്ല.’

അവൾ പറഞ്ഞൂ നിർത്തുമ്പോൾ ഞാൻ കാണാത്ത ഗീതയുടെ കണ്ണുകളിലെ ഈറൻ ഈ ചാറ്റ് വിൻഡോയിലെ നനവായി, മനസ്സിൽനിന്നും ആ സ്‌നേഹം പുഴയായി, കടലായി എന്റെ ചാറ്റ് വിന്‍ഡോയിലേക്ക് ഒഴുകിയെത്തി.

‘പെണ്‍കുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിൽ നിന്നു വന്ന എനിക്ക് അത്രപെട്ടെന്ന് ആണ്‍കുട്ടികളോടു സംസാരിക്കാൻ സാധിച്ചില്ല. എന്നാൽ എല്ലാവരുമായി കൂട്ടായിരുന്നു. അന്നൊക്കെ, നീ ഓർക്കുന്നുണ്ടോ.. നമ്മുടെ ആ ദിവസങ്ങൾ അല്ലൂ?’

‘പിന്നില്ലെ, എന്താ ഗീത, കോളേജിലെ നാടൻ സുന്ദരി, രാവിലെ കുളിച്ച്, പൊട്ടുതൊട്ട്, തുളിസിക്കതിരും ചന്ദനക്കുറിയുമായുള്ള നിന്റെ മുഖം  അങ്ങനെ ആരും മറക്കാൻ ഇടയില്ല.’ ഞാൻ മനസ്സിലും ഓർത്തു…

‘വർഷത്തിന്റെ ആദ്യം നടക്കുന്ന ഇലക്ഷൻ തയ്യാറെടുപ്പുകൾക്കുള്ള  തുടക്കത്തിനെ ഭാഗമായി  എസ്.എഫ്.ഐ  യുടെ പാനലിൽ മത്‌സരിക്കാനായി ഞങ്ങളുടെ ക്ളാസിലെ രാജേഷ് തയ്യാറായി. എന്റെ കൂടെയുള്ള പെണ്‍കുട്ടികൾ എല്ലാവരും തന്നെ,രാജേഷിനോടുള്ള കൂറു കാണിക്കാൻ വോട്ടു ചോദിക്കാനിറങ്ങി. നീയും വിമലയും ബിന്ദുവും ആശയും, വിനിത്തും, നേരത്തെ പറഞ്ഞിരുന്നു, വോട്ടു ചോദിക്കാൻ  ബി.കോം,സയന്‍സ് ക്ളാസ്സുകളിൽ രാജേഷിന്റെ കൂടെ പോകാം എന്ന്…. ഓർക്കുന്നുണ്ടോ?’

‘ഉണ്ട് , ഉണ്ട് … നീ പറ’ എന്റെ ആകാംക്ഷ വർദ്ധിച്ചു കൊണ്ടേയിരുന്നു.

‘എം എ ക്ക് പഠിക്കുന്ന സാലസിന്റെ  എസ് എഫ് ഐ ക്കു വേണ്ടി ചെയർന്മാൻ  പോസ്റ്റിനുവേണ്ടി  തകർപ്പൻ പ്രചരണം നടക്കുന്നു. നിങ്ങളെന്നെയും കൂടെ വലിച്ചു കൊണ്ടുപോയി. നീ മറന്നോ?’

‘ഇതൊക്കെ നടക്കുന്നതിനിടയിൽ അയാൾ എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുവെന്ന മനസ്സിന്റെ സംശയം വിട്ടുമാറിയില്ല. ഹൃദമിടിപ്പിന്റെ ശക്‌തി വർദ്ധിച്ചു വന്നപ്പോൾ എനിക്കുറപ്പായി, എന്നെത്തന്നെ  നോക്കിക്കൊണ്ടാണ് അയാളുടെ നടപ്പെന്ന്’

‘എന്നോട് ധാരാളം സംസാരിക്കാറുണ്ട് അതിനു ശേഷം,ക്ളാസിലും. എന്നാൽ എന്തോ പറയാൻ മറന്നപോലെയുള്ള നോട്ടം.കണ്ണിൽ നിന്നു മറന്നിട്ടും തിരിഞ്ഞു നോട്ടം മാത്രം ഒരിക്കലും തീര്‍ന്നിട്ടില്ല. നമ്മൾ  എല്ലാവരും ഒരു  ഗാംങ്ങ് ആയി മാത്രമായിരുന്നില്ലെ അന്നൊക്കെ നടപ്പ്’

അപ്പോഴേക്കും ഗീതയുടെ ഓർമ്മകളിലൂടെ സി.എം.എസ് കാമ്പസ്സിൽ എത്തിയിരുന്നു ഞാനും. എപ്പൊഴും ഒന്നിച്ച്  നടക്കുന്ന കുറെപ്പേർ. അവരിലൊരാളായി ഞാനും.

എല്ലാ വര്‍ഷവും പൂക്കള മത്‌സരം പൊടി പൊടിക്കും. ഓരോ ക്ളാസുകാരും മത്‌സരത്തിന് ഒരാഴ്ച്ച മുന്‍പു തന്നെ തയ്യാറെടുപ്പുകൾ തുടങ്ങുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചർ ഡിപ്പാർട്ടുമെന്റ് ഗ്രരേറ്റ് ഹോളിന്റെ  അരികിൽ ആയതുകൊണ്ട് വരുന്നവരും പോകുന്നവരും ആദ്യം കാണുന്നത് ഞങ്ങളുടെ പൂക്കളങ്ങൾ ആയിരുന്നു.

ഓരോ ക്ളാസിന്റെയും മുന്‍പിൽ വരച്ച്  കൊടുക്കുന്ന സ്ഥലങ്ങൾ. അവിടെ വിരിയുന്ന പൂക്കളങ്ങൾ …!

ജീവ്, എബി, സുധീർ, ബിജു, ഞാൻ, സപ്‌ന, ബിന്ദു, ആശ, വിനിത്ത്, വിമല എന്നിവരെല്ലാം തന്നെ മുൻനിരയിൽ. തലേദിവസം ക്ളാസ് കഴിഞ്ഞ്, നമ്മൾ എല്ലാവരും ചേര്‍ന്ന് അത്തപ്പൂവിന്റെ ചിത്രം വരച്ചു തീര്‍ന്നപ്പോഴേക്കും അഞ്ചു മണി കഴിഞ്ഞിരുന്നു.

‘നിങ്ങൾ വിട്ടോ, ഇനി താമസിച്ചാൽ ബസ്സ്  മിസ്സാവും’ ജീവിന്റെ  ഓര്‍മ്മപ്പെടുത്തൽ. ‘അല്ലുവിനങ്ങു ദേവലോകത്തെത്തേണ്ടതാ’

‘ബിന്ദുവിനും, അല്ലുവിനും, എനിക്കും കഞ്ഞിക്കുഴി വരെ എത്തിയാൽ മതി. ഞങ്ങൾ പോട്ടെ, എല്ലാവരും ചേര്‍ന്ന് ബേക്കർ ജംഗ്ഷനിലേക്കു നീങ്ങി. ഓരോ തിരിഞ്ഞുനോട്ടത്തിലും ആരോ പുറകെ വരുന്നതു പോലെ! ഇല്ല എന്റെ തോന്നലാവാം’

‘പ്രീഡിഗ്രിക്ക് ചേര്‍ന്നതുമുതൽ എന്നെ പിന്തുടരുന്ന കണ്ണുകൾ. മറക്കാതെ എന്നെ ഓര്‍മ്മിപ്പിക്കുന്ന മുഖം, പരിചയമില്ലാത്ത മുഖം, എന്നാൽ മനസ്സിൽ എവിടെയോ  കോറിയിട്ട പരിചയം.’

‘ഗീത, നീ, എന്താ ഈ  തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത്?’ വൈകിയതിന്റെ വേവലാതിയോടെ ബിന്ദു ചോദിച്ചു

‘അവടെ മറ്റവനെ.. ഓര്‍ക്കുന്നോ അല്ലൂ, നീ പുച്ഛത്തോടെ പറഞ്ഞത്?’

‘നീ  വരുന്നുണ്ടോ ഒന്നിങ്ങോട്ട്. ചെന്നിട്ടുവേണം പൂക്കൾ വാങ്ങാൻ പോകാൻ. ബിന്ദു,  സായിപ്പ്  പോയിക്കാണുമോ എന്റെ കര്‍ത്താവെ.’ പാക്കിസ്ഥാനിൽ കുടുംബത്തിലെ ആരോ പോയിട്ടുള്ളതിനാൽ  സ്വയം ‘സായിപ്പ്’ എന്നു വിശേഷിപ്പിക്കുന്ന ബിന്ദുവിന്റെ ഡ്രൈവർ .

‘മുല്ലപ്പൂ സന്ധ്യക്കേ എത്തുകയുള്ളു,  അല്ലൂ’

വീണ്ടും ആ വാക്കിന്റെ  മുഴക്കത്തിൽ  ഞാൻ തിരിഞ്ഞു നോക്കി, ആരും തന്നെ ഇല്ല.

കഞ്ഞിക്കുഴിയിൽ ബസ്സിറങ്ങി, ബിന്ദു,ഇറഞ്ഞാൽ റോഡിലേക്കും ഞാനും അല്ലുവും കൂടി ദേവലോകം ഭാഗത്തേക്കും നടന്നു. കഥകൾ പറഞ്ഞ്, നാളത്തെ സന്തോഷത്തിൽ അല്ലു നടന്നകന്നു.

വീട്ടിലെത്തി നാളത്തേക്ക് വരക്കാനുള്ള ചോക്കും പെന്‍സിലും, ചെറിയ കയറും  മറ്റും എന്റെ വക വരക്കാനുള്ളവ എടുത്തുവെച്ചു. രാത്രി മുഴുവൻ തിരിഞ്ഞു മറിഞ്ഞു കിടന്നു. രാവിലെ ആറരക്കു തന്നെ അല്ലു, നീ  എത്തി, നിന്റെ ഡാഡിയുടെ കൂടെ. ബിന്ദുവിനെയും വിളിച്ച് നമ്മൾ ലീഗ് ഹോസ്റ്റലിന്റെ മുന്നിലിറങ്ങി കോളേജിലേക്ക് നടന്നു. നമ്മളെയും കാത്ത് പള്ളിയുടെ പടിയിലിരിക്കുന്ന മറ്റുള്ള അഞ്ചു പേർ! ഒരു കൊച്ചു കൂട്ടം. ഇവിടെ കോളേജിൽ ചേര്‍ന്നതു മുതൽ ഒരു കൂട്ടമായി നമ്മൾ എന്നും  ഒരുമിച്ചായിരുന്നു. എന്തായാലും  ഈ സ്‌നേഹം അന്നും ഇന്നും  നിലനില്‍ക്കുന്നു.

കവിണി സാരിയുടുത്ത്   എത്തിയ നമ്മളെ ആണ്‍ചെക്കന്മാർ ഒന്നിരിത്തി നോക്കിയോ? ഉവ്വ്, എന്നു തന്നെ പറയാം.

എല്ലാവരും തന്നെ പൂക്കളം തയ്യാറാക്കാൻ ഓടി നടക്കുകയാണ്. ഇന്നലെ വരച്ചു വച്ചിരുന്ന ഡിസൈൻ ഒന്നുകൂടി മോടിയാക്കുന്ന തിരക്കിലായിരുന്നു ആണ്‍കുട്ടികൾ. അവരോടു പറഞ്ഞിരുന്ന ജമന്തിയും, നന്ദ്യാർവട്ടവും മറ്റും നേരത്തെതന്നെ അവർ വാങ്ങി വച്ചിരുന്നു.

‘എല്ലാവരും വന്നേ’ ജീവിന്റെ  വിളി, ‘എന്നാലേ മൂന്ന് മണിക്കൂറുകൊണ്ട്  തീരുകയുള്ളു’

ചില പൂക്കൾ ആശയും  ബിന്ദുവും ചേര്‍ന്ന്  മുറിച്ചു കൂട്ടിയിട്ടു. വിമലയും വിനിത്തും ജമന്തിയുടെ ഞെടുപ്പിൽ നിന്ന്  ഇളക്കിയിട്ടു മറ്റൊരു പേപ്പറിലേക്ക്.

‘വന്നേ.. വന്നേ.. അല്ലു ,ഗീത തുടങ്ങിക്കേ..’ എബിയുടെ  വിളിയെത്തീ വീണ്ടും.

നിങ്ങൾ എല്ലാവരും മുല്ലപ്പൂക്കളും ചൂടി സുന്ദരികളായിരുന്നു. അയ്യോ ഞാൻ ഓര്‍ത്തില്ല പൂവെച്ചില്ല എന്ന്!. ഇതിനിടയിൽ മനസ്സ് പിന്നെയും എന്തിനെയോ തേടുന്നതു പോലെ. രാജേഷിനെ ഇതിനിടയിൽ കാണാതായി.

എവിടെപ്പോയി ഇവൻ? ജീവിന്റെ  ചോദ്യം. ആര്‍ക്കറിയാം. വല്ലതും മറന്നതു വാങ്ങാൻ പോയതായിരിക്കും?

ഇടക്ക് സീനിയർ ക്ലാസ്സിലുള്ള ബംബിളും, വിനോദും, ആനന്ദും ഒക്കെയായി ഒത്തുകൂടാറുള്ള രാജേഷിന്റെ, മിന്നൽ ഡിസ്സപ്പിയറൻസ് എല്ലാവർക്കും അറിയാവുന്നതാണ്.

പൂക്കളം എതാണ്ട് പകുതിയായിത്തുടങ്ങി, സമാധാനം.

‘ഗീത’ പുറകിൽ നിന്നുള്ള വിളി…

ഇതാ… ഒരു കെട്ടു മുല്ലപ്പൂ എന്റെ കയ്യിലേക്ക് നീട്ടി നില്‍ക്കുന്നു. വാക്കുകളൊന്നും ഇല്ലാതെ, ഒരു ചിരിയിൽ മാത്രം ഒതുങ്ങി നില്‍ക്കുന്നു എല്ലാ ഉത്തരങ്ങളും. ധൃതിക്കിടയിലും ഞാൻ പൂക്കെട്ടു തുറന്നു. മുടിയിൽ തിരികി. ബിന്ദുവും, സപ്‌നയും എന്നെ നോക്കി ഒന്നു മൂളി. വേറെ ആരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു,

ഉം, ഉം നടക്കട്ടെ… പൂക്കളം എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോ, ഗെയ്റ്റിന്റെ അടുത്തുനിന്നും  ജയ് വിളിയും  സമരത്തിന്റെ  കൂക്കുവിളികളും ഉയര്‍ന്നു. എല്ലാവരും പൂക്കളത്തിൽ നിന്നെഴുന്നേറ്റ് നോക്കി, ഇനി ഒന്നും നടക്കുന്ന ലക്ഷണം ഇല്ല. ഇത്രയും നേരത്തെ ഈ ജോലിയെല്ലാം വെറുതെയായല്ലോ കര്‍ത്താവെ, സപ്‌നയുടെ സങ്കടം.

നിങ്ങൾ  പെണ്‍പിള്ളാരെല്ലാം വീട്ടിൽ പോക്കോളൂ. ഇനിയൊന്നും നടക്കുമെന്ന് തോ‍ന്നുന്നില്ല.

മനസ്സിൽ മിഴിവോടെ അന്നത്തെ പൂക്കളത്തിന്റെ വര്‍ണശോഭ. ഒരു നിമിഷം ആ സൌരഭ്യം എനിക്കു ചുറ്റും പരന്നു.

‘അല്ലു, യു ദേർ?” ഗീതയുടെ ചാറ്റ് വിന്‍ഡോ ചിലച്ചു.

‘യെസ്, യെസ്’  സ്‌മൈലിയോടൊപ്പം ഒരു പുഞ്ചിരി എന്നിലും.

ഗീത ഉത്‌സാഹത്തോടെ തുടര്‍ന്നു..

ദൂരെ നിന്നു പി റ്റി ഏബ്രഹാം, അന്നത്തെ പ്രിന്‍സിപ്പൽ നടന്നടുത്തു. കൂടെ റ്റീച്ചര്‍മാരും മറ്റുള്ള അദ്ധ്യാപകരും. പിന്നാലെ നീണ്ട കൂട്ടമണിയും. ഗെയിറ്റിന്റെ അടുത്തുവരെ നമ്മളെ കടത്തിവിടാൻ ആണ്‍പിള്ളാരും കൂടെ എത്തി. ബേക്കർ ജംഗ്ഷൻ വരെ അവരും വന്നു. രാജേഷ് ഏറ്റവും പുറകിൽ നടപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു. തിരിഞ്ഞു നോട്ടങ്ങളിൽ എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. അന്നൊക്കെ മനസ്സില്‍  പേടിയായിരുന്നു, ചോദിക്കാനും,പറയാനും അറിയാനും. അന്ന് അവിടം കൊണ്ടു തന്നെ എല്ലാം അവസാനിച്ചു.

‘ഇത്രയുമേയുള്ളോ കഥ? നീ ഈക്കിടന്നു വിഷമിച്ചു വെപ്രാളം പിടിച്ചത് ഇതിനായിരുന്നോ?’ എന്റെ  ചോദ്യം അവളെ നൊമ്പരപ്പെടുത്തിയോ?

‘നിനക്കതു പറയാം അല്ലു… പക്ഷേ,നീ കേള്‍ക്ക്. അന്ന് ആ പ്രായത്തിൽ  തോന്നിയതൊന്നും സത്യം ആണെന്ന് എനിക്കും തോന്നുന്നില്ല. എന്നാൽ അതു മായാതെ  മറയാതെ  എന്റെ  മനസ്സിൽ കിടന്നു. ഇന്നും ഉണ്ട്, മനസ്സിലായോ…’

‘ഗീത, നീ ഇവിടെ ഫെയ് ബുക്കില്‍  കണ്ടെത്താൻ  ശ്രമിച്ചിട്ടില്ലേ?’ എന്റെ ആകാംക്ഷയ്ക്ക് പെട്ടന്ന് തന്നെ ഉത്തരം കിട്ടി.

‘ഉണ്ട്, കണ്ടുപിടിച്ചു. എന്നെ പുള്ളിയുടെ പേജിൽ  ചേര്‍ത്തു, പക്ഷേ, ഒരു  ലൈൻ പോലും, എന്താ വിശേഷം എന്നു പോലും ചോദിച്ചിട്ടില്ല ഇന്നു വരെ?’ ഗീതയിൽ നിന്നും നനവാര്‍ന്ന ഒരു നിശ്വാസം എന്നെ തട്ടിയതു പോലെ.

അവിടെ ഉണ്ട് എന്നു മാത്രം…!

‘ഞാൻ ഒന്നു ഓര്‍മ പുതുക്കി നോക്കട്ടെ ഗീതാ …?’

‘അതു വേണ്ട, അതങ്ങിനെ കിടക്കട്ടെ, അല്ലു, വേണ്ട. നിന്റെ  സ്വഭാവത്തിനു നീ ഇതിന്റെയൊക്കെ പുറകെ പോകും. വേണ്ട, ഞാൻ ഇന്നു ഏറ്റവും സന്തോഷവതിയായ ഒരു ഭാര്യയും അമ്മയും ആണ്. എന്റെ സന്തോഷേട്ടൻ ഒരു ഭര്‍ത്താവിന്റെ മാത്രമല്ല, എന്റെ അച്ചന്റെയും ഒരു നല്ല സുഹൃത്തിന്റെയും കൂടി ഭാഗം എന്റെ  ജീവിതത്തിൽ എനിക്കു തരുന്നുണ്ട്. ഞാൻ ഇതെല്ലാം  വള്ളിപുള്ളി വിടാതെ പുള്ളിയോടു പറഞ്ഞിട്ടും ഉണ്ട്.’

‘പിന്നെ ഇന്ന് നീ ചോദിച്ചപ്പോ പറഞ്ഞു എന്നു മാത്രം. ഇന്നത്തെ ദിവസത്തിന്റെ ഒരു നോസ്റ്റാൽജിയ, അത് എനിക്ക് മനസ്സിൽ നിന്നു പോകുന്നില്ല.’

‘സാരമില്ല ഗീത, സ്‌നേഹിച്ചവരെ ഓര്‍ക്കുന്നത് പാപമല്ല. അതു നമ്മുടെ മനസ്സിനെ കൂടുതൽ  സന്തോഷിപ്പിക്കും’ ഞാൻ അവളെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചു.

‘അല്ലു… നിന്നോട് ഒരു കാര്യം കൂടി പറഞ്ഞു തരാം. അവന്റെ പിറന്നാൾ കൊന്നപ്പൂക്കൾ പൂത്തുലയുന്ന സമയത്താണ്, മാര്‍ച്ച് മാസത്തിൽ. അതുകൊണ്ട് വിഷുവിനു കണി വെയ്ക്കുമ്പോൾ കണിക്കൊന്ന പൂക്കളോടൊപ്പം ഞാൻ അവനെ വീണ്ടും ഓര്‍ക്കാറുണ്ട്. എന്റെ കൃഷ്‌ണനെപ്പോലെ ഞാൻ അവനെ ആരാധിക്കുന്നു. ഇതു നിന്നോടു മാത്രം പറയുന്നു, അല്ലു…’

ഗീത അര്‍ദ്ധോക്തിയിൽ നിര്‍ത്തിയോ?

‘എനിക്കിപ്പോൾ ഭഗവാനായി ഓര്‍ക്കാനാണിഷ്‌ടം, കേട്ടോ! ഞങ്ങൾ ഹിന്ദുക്കള്‍ക്ക് കൃഷ്‌ണനെന്നാൽ പ്രണയം എന്നാണ്, മനസിലായോ നിനക്ക്?’

സപ്‌ന അനു ബി ജോർജ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account