സാംസ്‌കാരിക മുംബൈ ഒരു ദിശാസന്ധിയിലാണോ എന്ന് തോന്നിക്കുന്നതാണ് അടുത്ത കാലത്തെ സാംസ്‌കാരിക മേളകള്‍ വിളിച്ചു പറയുന്നത്. ഏതാനും വ്യവസായികളും, പ്രസിദ്ധി തേടുന്ന കുറെ കലാസാംസ്‌കാരിക പ്രവര്‍ത്തകരും കൂടി നടത്തുന്ന ഇത്തരം ഷോകള്‍ തീര്‍ത്തും ബോറടിപ്പിക്കുന്നതാണ്. ഏതാനും കലകാരന്മാരെ ചേര്‍ത്ത്, കേരളത്തില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ചില സീനിയര്‍ കലകാരന്മാരെയും എഴുത്തുകാരെയും ചെലവ് കൊടുത്തു വരുത്തി, അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍, അല്ലെങ്കില്‍ കാമറയില്‍ ആവാന്‍ ഇക്കൂട്ടര്‍ വേദിയില്‍ കാണിക്കുന്ന പരാക്രമങ്ങള്‍ പലപ്പോഴും സദസ്സില്‍ സംഭാഷണ വിഷയമാവാറുണ്ട്.

ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം പിറന്ന ഒരു ഡാനിഷ് മിനി കഥയെ ഓര്‍മിപ്പിക്കുന്നതാണ് ഈ പുകിലുകള്‍. “ദ ലിറ്റില്‍ മര്‍മൈഡ്” എന്ന പേരില്‍ ഹാന്‍സ് ക്രിസ്ത്യന്‍ ആന്റെര്‍സണ്‍ എന്ന കഥാകാരന്‍ കോപ്പെൻഹാഗിൽ എഴുതിയ ഒരു ഡാനിഷ് നാടന്‍കഥയാണ് പില്‍ക്കാലത്ത് ഒരുപാട് പ്രാസങ്ങികര്‍ കയ്യടി വാങ്ങിയ ഈ വാക്കുകള്‍ “രാജാവ് ന്ഗ്നനാണ്”. മുംബൈയില്‍ തന്നെ ഏതാനും വേദികളില്‍ പല എഴുത്തുകാരും ഈ വാക്കുകള്‍ പലപ്പോഴായി പറഞ്ഞു കയ്യടി നേടുന്നത് കണ്ടിട്ടുണ്ട്.

ഡാനിഷ് രാജാവിന്റെ വസ്‌ത്രഭ്രമം സഹിക്കാഞ്ഞു സാഹസികരായ ചില കൊട്ടാരം നെയ്ത്തുകാര്‍ രാജാവിന് ഒരു പ്രത്യേക നെയ്ത്ത് തുണി അണിയിക്കയാണെന്ന് രാജാവിനെ ധരിപ്പിച്ചു. ഈ വസ്‌ത്രം സ്വന്തം സ്ഥാനം അര്‍ഹിക്കുന്നവരായ ജ്ഞാനികള്‍ക്കു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ എന്നും, വിഡ്ഢികളും, സ്വസ്ഥാനങ്ങള്‍ അര്‍ഹിക്കാത്തവര്‍ക്കും ഇത് വിവസ്‌ത്രമായി തോന്നും എന്നും കൂട്ടിച്ചേർത്തു. നെയ്ത്തുകാര്‍ രാജാവിനെ വസ്‌ത്രം ധരിപ്പിക്കുന്നതായി നടിച്ചു. വസ്‌ത്രം കണ്ടില്ലെന്ന് അറിയിച്ചാല്‍ തന്റെ രാജകീയ സ്ഥാനത്തിനു കോട്ടം തട്ടുമെന്നു ഭയന്ന രാജാവ് പിന്നീട് രാജവീധിയില്‍ കൂടി വിവസ്‌ത്രനായി പതിവ് കവാത്തും നടത്താന്‍ നിര്‍ബന്ധിതനായി! നെയ്ത്തുകാരുടെ വാക്യങ്ങള്‍ ഓര്‍ത്തു കൊട്ടാരം സേവകരും പ്രജകളും പ്രതികരിക്കാതെ നിന്നെങ്കിലും ,കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു ബാലന്‍ “രാജാവ്‌ നഗ്നനാണ് “ എന്ന് വിളിച്ചു പറഞ്ഞു!!

ആ ബാലന്റെ നിഷ്ക്കളങ്കതയും ധൈര്യവും ഏവര്‍ക്കും ഉണ്ടായിരിക്കണം എന്നാണ് അവര്‍ ഈ വാക്യം എടുത്തു പറഞ്ഞു ആവശ്യപ്പെടുന്നത്. എന്നാല്‍ ഇവിടെ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ കൂടുതല്‍ പേര്‍ക്കും സാധിക്കാത്തത് അവരുടെ സ്വകാര്യ കടപ്പാടുകളുടെ സ്വാധീനം തന്നെ. ആരെങ്കിലും സത്യം തുറന്നു പറഞ്ഞാല്‍, അയാള്‍ സാമൂഹ്യദ്രോഹിയും അഹങ്കാരിയുമെന്ന് മുദ്രകുത്തപ്പെടുന്നു.

പണത്തിനോടും, പദവിയോടും കടപ്പാടില്ലാത്ത ഒരു സാംസ്‌കാരിക ലോകം ഉണ്ടാവട്ടെ, ഈ മൂടുപടങ്ങള്‍ വലിച്ചെറിയപ്പെടട്ടേ. തനതായ കലയും കലാസ്വാദനവും ഉണ്ടാവണം.

ഗോവിന്ദനുണ്ണി

.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account