അടുത്ത കാലത്ത് മുംബൈയെ കുറിച്ച് ഒരു കുറിപ്പ് എഴുതിയപ്പോള്‍ ഒരു വായനക്കാരന്‍ കളിയാക്കി ചോദിച്ചു, ‘ധാരാവി ധാരാവി എന്ന് കേട്ടിടുണ്ടോ?’ എന്ന്.  യശശ്ശരീരരനായ അതുല്യ നടന്‍ തിലകന്റെ ഒരു പ്രസിദ്ധ ഡയലോഗ്! കേള്‍ക്കുകയല്ല, പോയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ആ ചേരി മുംബൈയില്‍ ഏറെ കുപ്രസിദ്ധമാണ്. വെറും കയ്യോടെ ജീവിതം തേടി ഇവിടെ എത്തുന്ന മറു സംസ്ഥാനക്കാരുടെ ആശ്രയം ഈ വൃത്തിഹീനമായ ചേരിയാണ്. വഴിതെറ്റിയ ജീവിതമാര്‍ഗം ഇവരില്‍ പലരെയും അധോലോക നായകന്മാരായും മയക്കുമരുന്നുകച്ചവടക്കരായും മാറ്റുമ്പോള്‍, സാധാരണക്കാര്‍ ധാരാവിയെ  ഭയപ്പാടോടെ കാണുന്നു.

കൂടുതലും തമിള്‍ വംശജര്‍ താമസിക്കുന്നു എന്നതാണ് ധാരാവിയുടെ പ്രത്യകത എങ്കില്‍ മലയാളികള്‍ ധാരാളമായി താമസിക്കുന്ന മറ്റൊരു വന്‍ ചേരിയാണ് മുംബയിലെ മാല്‍വാണി.

രണ്ടാമത്തെ തവണയാണ് മാല്‍വാണിയില്‍ പോകുന്നത്. ആദ്യ തവണ പോയപ്പോള്‍ തന്നെ ഈ ചേരിയും അവിടത്തെ ജീവിതങ്ങളും ഒരുപാട് അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കി.  ഈ ചേരിയെ ചുറ്റി ഞാനൊരു കഥയും എഴുതിയിരുന്നു . NBKS നടത്തിയ കഥാമത്സരത്തില്‍ ‘മാല്‍വാണി ഗേറ്റ് നമ്പര്‍ 8 ‘ എന്ന ഈ കഥക്ക് കിട്ടിയ സമ്മാനം, മൺമറഞ്ഞ കാര്‍ട്ടൂണ്‍ ചക്രവര്‍ത്തി ടോംസിൽ നിന്നും വാങ്ങാന്‍ എനിക്ക് ഭാഗ്യമുണ്ടായി.  മുംബയില്‍ ഒരു ജോലിക്കായി വന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ ജീവിത വ്യഥകള്‍ ആയിരുന്നു കഥാതന്തു.

ഇത്തവണ മാല്‍വാണിയില്‍ പോയതു മലയാളം മിഷ്യന്റെ ഗൃഹസന്ദര്‍ശനവാര പ്രചരണത്തിനായിരുന്നു.  ഇത്തവണയും മാല്‍വാണി എന്ന ഈ ഭയാനക ചേരി എന്നെ വല്ലാതെ ഉലച്ചു.  മഴക്കാലത്ത്‌ ഈ ചേരിയുടെ സ്ഥിതി തീര്‍ത്തും കഷ്‌ടമാണ്. വൃത്തികെട്ട ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുചാലുകളും വഴിയരുകില്‍ കുമിഞ്ഞു കൂടി അഴുകിയ ചപ്പു ചവറുകളും അറപ്പുണ്ടാക്കുന്ന കാഴ്ച്ചകള്‍. ഇവിടെ ഈ ചുറ്റുപാടില്‍ സ്ഥിരം  ജീവിക്കുന്നവര്‍ എത്ര മാത്രം സഹിക്കുന്നുണ്ടാകണo!! മാരകമായ പകര്‍ച്ചവ്യാധികള്‍ ഏതു നിമിഷവും പൊട്ടിപ്പടരാന്‍ സാദ്ധ്യതയുള്ള ഈ ചേരിയും ലോകത്തെ വലിയ നഗരങ്ങളിലോന്നായ മുംബൈക്ക് സൊന്തം!

ഇവിടുത്തെ രാഷ്‌ട്രീയ നേതാക്കള്‍ വാഗ്‌ദാനം ചെയ്‌ത സിങ്കപ്പൂര്‍ എവിടെ? മുംബൈയെ സിങ്കപ്പൂര്‍ ആക്കുമെന്ന് ഊറ്റം കൊണ്ടവര്‍ ഈ ചേരികളും ഇവിടത്തെ ജനങ്ങളുടെ ദുരിത ജീവിതവും കാണാതെ പോകുന്നത് വിരോധാഭാസം തന്നെ. ഇവര്‍ക്ക് സ്വസ്ഥമായി, സ്വച്ഛമായി ജീവിക്കാനുള്ള ഒരു സംവിധാനം നല്‍കാന്‍ ഒരു സര്‍ക്കാരിനും സാധിക്കുന്നില്ല എന്ന സത്യം നില നില്‍ക്കെ പ്രധാനമന്ത്രിയുടെ  ‘സ്വച്ച്ഭാരത്’ ഒരു പ്രഹേളികയായി അവശേഷിക്കുന്നു!!

ഗോവിന്ദനുണ്ണി

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account