കാലത്ത് യോഗയ്ക്ക് പോയി വരുമ്പോഴാണ് അത് ശ്രദ്ധിച്ചത്. സൊസൈറ്റിയിലെ തൂപ്പുകാരനായ അരുണ്‍ ചവറ്റുകൊട്ടയിലെ കീറിയ ഇംഗ്ലീഷ് പേപ്പര്‍ എടുത്തു കാര്യമായി വായിക്കുന്നു. എന്നെ കണ്ടാല്‍ അവന് സാധാരണ ഗുഡ് മോര്‍ണിംഗ് പറയാറുണ്ട് . പേപ്പര്‍ എന്നെ കാണിച്ചുകൊണ്ട് അവന് ആവേശത്തോടെ എന്നോട് വായിക്കാന്‍ പറഞ്ഞു.
രാജസ്ഥാനിലെ ഒരു ഗ്രാമത്തില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടി CA പ്രശസ്തിയോടെ പാസായ വാര്‍ത്തയാണ് അവന് എന്നെ കാണിച്ചത്. ഞാന്‍ ചോദ്യരൂപത്തില്‍ അവനെ നോക്കി. ‘സർജി ഇതെന്റെ ചെറിയമ്മയുടെ മകളാണ് റൂപ. അവള് അന്നേ പഠിക്കാന്‍ മിടുക്കിയായിരുന്നു’. അവന് പേപ്പര്‍ തിരിച്ചു വാങ്ങിക്കൊണ്ട് തുടര്‍ന്നു, ‘അവള് ഗുരുത്വമുള്ളവളാ. പരീക്ഷ കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞിരുന്നു. അവള്‍ക്കു പഠിക്കാന്‍ ഞാനാണ് പണം അയച്ചു കൊടുത്തിരുന്നത്’.
‘എന്നിട്ടവള് നിന്നെ വിളിച്ചു പറഞ്ഞില്ലേ?’
‘രണ്ടു ദിവസമായി സര് എന്റെ മൊബൈല്‍ നഷ്ടമായിട്ട്. എവിടെവച്ച് മറന്നു എന്നറിയില്ല. ഇന്ന് ഞാന്‍ ഉടനെ അവളെ വിളിക്കും’.
എന്റെ കയ്യില്‍ മൊബൈല്‍ ഉണ്ടോ എന്നവന് നോക്കുന്നപോലെ തോന്നി. വീട്ടില്‍ ഉപയോഗമില്ലാതെ കിടക്കുന്ന പഴയ മൊബൈല്‍ അരുണിന് കൊടുക്കാന്‍ ഞാന്‍ മനസാ തയ്യാറായി.
കാലത്ത് യോഗാഭ്യാസത്തിനു പോകുമ്പോള്‍ കയ്യില്‍ സെല്‍ വയ്ക്കാറില്ല. അരുണ്‍ അധ്വാനിയാണ്. ഈ ഏരിയയിലെ മിക്ക സൊസൈറ്റികളും കടകളും തൂത്ത് വാരുന്നത് അവനാണ്.
‘പത്രത്തില്‍ അവര്‍ എഴുതിയിട്ടുണ്ട്, തീരെ ദരിദ്ര കുടുംബത്തില്‍ പിറന്ന റൂപ തൂപ്പുകാരനായ ജേഷ്ഠന്റെ സഹായത്തോടെയാണ് പഠിച്ചതെന്ന്. അത് ഞാനാണ് സര്’
‘നിനക്ക് ഇംഗ്ലീഷ് പത്രം വായിക്കാനാകുമോ അരുണ്‍ നീ ഏതു വരെ പഠിച്ചു?’
‘ഞാന്‍ ബി എ പാസായാതാണ് സര്. മുംബൈയില്‍ വന്നിട്ട് വേറെ ജോലിയൊന്നും കിട്ടിയില്ല. നിവര്‍ത്തി കെട്ടപ്പോള്‍ എന്നെ ഇവിടെ കൂടെ നിൽക്കാന് സഹായിച്ച സഫായി വാലയുടെ കൂടെ സഹായത്തിനു കൂടിയതാണ്. ഇനിയിപ്പോ ഇതന്റെ ദൌത്യമായി’.
‘എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണം’. ഞാന്‍ ഇടക്കിടെ അവനോട് പറയാറുണ്ടെങ്കിലും ഒരിക്കലും അവന് ആവശ്യപ്പെടാറില്ല. ഒരിക്കല്‍ അറിയാതെ കച്ചറയില്‍ വീണു പോയ വിലപിടിപുള്ള ഒരു വസ്തു അവന് എനിക്കു തിരിച്ചു തന്നു. ഞാന്‍ കൊടുത്ത നൂറു രൂപ അവന് സ്നേഹപൂര്‍വ്വം നിരസിച്ചു. ‘ഇതിനായി സര് എനിക്കൊന്നും വേണ്ട. ഇത് എന്റെ കടമ. ആവശ്യമുള്ളപ്പോള്‍ ഞാന്‍ ചോദിച്ചു വാങ്ങാം’.
അതെ അരുണ്‍, നീ നിന്റെ കടമകളില്‍ പ്രതിബദ്ധനാണ്! ഞാന്‍ എന്റെ കടങ്ങളിലും!
അരുണ്‍ ഒരിക്കലും ചോദിച്ചില്ല. ഞാന്‍ ഓരോ വിശേഷങ്ങള്‍ക്കും സ്നേഹത്തോടെ എന്തെങ്കിലും കൊടുക്കുമ്പോള്‍, സന്തോഷത്തോടെ അവന് അത് സ്വീകരിക്കുമ്പോള്‍, എപ്പോഴും എനിക്ക് തോന്നും ‘കുറഞ്ഞു പോയി’. എന്റെ സ്ഥായിയായ ദാരിദ്രമേ എന്നെ ഉയര്‍ത്തിയാലും!!
A great human being…