മുംബൈയെ സമയാസമയം ഞാനിഷ്ടപ്പെടുകയും വെറുക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും, ഒരു ചക്രവ്യൂഹം പോലെ ദുരൂഹമായ ഈ നഗരം എന്നെ എന്നും അതിശയിപ്പിക്കുന്നു! ഇവിടെ ഒരിക്കല്‍ ചേക്കേറിയവര്‍ പിന്നീട് മോഹമുണ്ടെങ്കിലും വിട്ടുപോകാനാവാത്ത വിധം അവരെ വരിഞ്ഞു മുറുക്കിയിരിക്കും, ഈ നഗരം! മുംബൈയെ ഞാന്‍ ഇഷ്ടപ്പെടുന്ന പോലെ മുംബൈയെ ഞാന്‍ വെറുക്കാറുമുണ്ട് !
ഒരു ഒഴിവുകാലത്ത്, എഴുപതുകളില്‍ , ഒരാള്‍ക്ക് തുണയായി ആദ്യം വന്നപ്പോള്‍ ഞാന്‍ ബോംബയെ സ്നേഹിച്ചിരുന്നു. ബേസിന് റോഡിലെ ഒറ്റമുറിയും, ഉപ്പുചുവയുള്ള വെള്ളവും, ഹോളിയിലെ നേന്ത്രപ്പഴവും, പാപ്പടിയിലെ നാടന്‍ കള്ളും, പാര്‍വതി ടാക്കീസിലെ മലയാളപടങ്ങളും ‘പാവ് വാല‘ എന്ന് വിളിച്ചു കൂവി ദിവസവും പാവു തരുന്ന കിളവനും എനിക്ക് പഥ്യമായി. നാട് വെറുത്തു ഇവിടെ എത്തിയ ഞാന്‍ ബേസിന് റോഡിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. മനോരമയില്‍ സ്ഥിരമായി കഥകളെഴുതിയിരുന്ന ഉണ്ണിവാരിയത്തിനെ കണ്ടു. പാട്ടുകാരനായ ബാലേട്ടനെ കണ്ടു. ഇനി ഒരു ജോലി വേണം.
അന്ന്, ജോലി കിട്ടാന്‍ ഏറ്റവും സാധ്യതയുള്ള കൊട്ടും (ടൈപ്പ് റൈറ്റിംഗ് ) പാട്ടും എനക്ക് വശമില്ലായിരുന്നു. സഹായിയായും സെയില്‍സ്മാനായും ജോലി ചെയ്യാന്‍ തുടങ്ങി. ബ്രീഫ് കേസും ടൈയും ലോക്കല്‍ യാത്രക്കൂലിയും പിന്നെ ഇരുനൂറു രൂപ ശമ്പളവും. തീര്‍ന്നില്ല . പത്തു ശതമാനം കമ്മിഷന്! ദിവസവും കാലത്ത് ബഡാ ഫാസ്റ്റ് പിടിച്ച് ഫോർട്ടിലെത്തും. പിന്നെ ഓഫിസുകളില്‍ കയറി അറിയാവുന്ന മുറി ഇംഗ്ലീഷും ഹിന്ദിയും നിര്‍ലോഭം പ്രയോഗിക്കും. ആദ്യ മാസാവസാനം കമ്മിഷനായി നൂററി ഇരുപതു രൂപ! അടുത്ത മാസം അത് അറുപതു രൂപയായി കുറഞ്ഞു. അതായത് ഈ രണ്ടു മാസങ്ങളില്‍ ആകെ വിറ്റത് അറുനൂറു രൂപ വിലയുള്ള സാധനം മൂന്നെണ്ണം.! മാര്‍വാഡി മൊയലാളി മുരണ്ടു. പയ്യന് വിരണ്ടു. ടൈയ്യും പെട്ടിയും കാറ്റലോഗും തിരിച്ചു കൊടുത്തു ഓഫിസ് പടിയിറങ്ങുമ്പോള്‍ മാര്‍വാഡിയെ ഇംഗ്ളിഷിൽ തെറി വിളിക്കാന്‍ മറന്നതില്‍ ഖേദിച്ചു. വീട്ടില്‍ നിന്നും പഠിത്തം തുടരാനുള്ള ഉത്തരവുമായി നാട്ടിലേക്കുള്ള ജനതയില്‍ കയറി. ആര്‍ക്കോണത്ത് ട്രെയിന്‍ നിന്നപ്പോള്‍ മറ്റുള്ളവരുടെ കൂടെ ഇറങ്ങി മുടി വെട്ടിച്ചു. പിന്നെ വൈകീട്ടുള്ള തൈർസാദം പൊതി വാങ്ങി വച്ചു.. രണ്ടിനും മദ്രാസിൽ വില കുറവ്. വീട്ടിലെത്തിയപ്പോള്‍ അമ്മ കരഞ്ഞതെന്തിനെന്നറിയില്ല!
നാട്ടില്‍ പടിപ്പു തുടര്‍ന്നു. ഹിന്ദി ക്ലാസ്സില്‍ പണ്ഡിതനായ ഭട്ട് സാറിനോട് ഹിന്ദിയില്‍ സംസാരിച്ചു കൂട്ടുകാരുടെ കയ്യടിയും പെണ്‍കുട്ടികളുടെ ആരാധനയും കൈപ്പറ്റി. ബോംബെയ്ക്ക് നന്ദി.
വീണ്ടും ബോംബയില്‍ വരുന്നത് നാവികനായാണ്. കൊച്ചിയില്‍ ചേര്‍ന്ന ഉടന്‍ ബോംബെയ്ക്ക് ആദ്യ പോസ്റ്റിങ്ങ്. കപ്പലില്‍ നിന്നും ലിബര്‍ട്ടി കിട്ടുമ്പോഴൊക്കേയും ഫ്ലോറഫൌണ്ടനില്, ഗേറ്റ്-വേക്കപ്പുറവും ഇപ്പുറവും , മറൈന്‍ ഡ്രൈവിലും, കൊളാബ കാഷ്വായിലും തെണ്ടി നടന്നു. രാത്രിയായാല്‍ ഫ്ലോറ ഫൌണ്ടനില്‍ സൈലെർമാരും തെരുവ് നായകളും എന്ന് ഏതോ എഴുത്തുകാരന് ഒരു ലേഖനത്തില്‍ സൂചിപിച്ചപ്പോള്‍ ഞങ്ങളില്‍ പലരും രാത്രി സഞ്ചാരം കുറച്ചു, ഫ്ലീറ്റ് കാന്റീനില്‍ സമയം ചിലവിട്ടു. താമസിയാതെ ബോംബെ മുംബൈ ആയി!
നേവിയില്‍ നിന്നും അകാല വിടുതല്‍ വാങ്ങി മുംബൈയില്‍ ‘ബോംബെ കേരള സമാജ്’ ഹോസ്റ്റലി ല്‍ (BKS) ചേക്കേറി. കാലത്ത് ശിവാജി പാര്‍ക്കില്‍ വായില്‍ നോക്കി നടക്കും, തിരിച്ചു വന്നു ശീര്‍ഷാസനം ചെയ്യും, (മറ്റു യോഗ ആസനങ്ങള്‍ ചെയ്യാന്‍ സ്ഥലപരിമതി അനുവദിക്കുന്നില്ല). ശീര്ഷാസനത്തില് ചുറ്റും കൂടി നില്ക്കുന്ന ഹോസ്റ്റല്‍ നിവാസികള്‍ പറയുന്ന കേള്‍ക്കാം . “കാലത്ത് നടക്കാന്‍ പൊകുമ്പോ ഒരു കുഴപ്പോം ഉണ്ടായിരുന്നില്ല”!
പത്തു മണിക്ക് ജോലിക്ക് പോകും. ദേശായിയുടെ കൂടെ കാന്റീനില്‍ ഉസല്‍ പാവാണ് ഉച്ചഭക്ഷണം. ടാലി ആവാത്ത കണക്കുകള്‍ മടുക്കുമ്പോള്‍ സാറാമ്മയോട് സോള്ളിയും നിഷയോടു നേരമ്പോക്കുകൾ പറഞ്ഞും 5 മണിയാക്കും. ആദ്യം ഫാക്റ്ററിയിൽ നിന്നും പുറത്തിറങ്ങി എന്നും ഒന്നാം സ്ഥാനം നേടി. ഹോസ്ററലില്‍ എത്തി എന്നറിഞ്ഞാല്‍ ഗോപാലകൃഷ്ണന് ചായയുമായി വരും. ആ ദിവസത്തെ ഏറ്റവും സന്തോഷ സമയം അതാണ്. ഗോപാലകൃഷ്ണന് ഒരുമ്മ കൊടുക്കാന്‍ തോന്നുമെങ്കിലും സദാചാരം ഭയന്ന് പിന്മാറും. ഗോപാലകൃഷ്ണനും മറ്റു രണ്ടു പെരുമടങ്ങുന്ന ടീമാണ് ഞങ്ങള്‍ മുപ്പതോളം പേര്‍ക്ക് ഭക്ഷണം തരുന്നത്.
പിന്നീട് ഇന്ത്യ വിട്ടു പോയി, എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും മുംബൈയ്യ !! മുംബൈ, ഞാന്‍ നിന്നെ തീര്‍ച്ചയായും സ്നേഹിക്കുന്നു . ചിലപ്പോള്‍ നിയെന്നെ വേറുപ്പിക്കയും മടുപ്പിക്കയും ചെയ്യുന്നു, എങ്കിലും, നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാലര സെന്റ് സ്ഥലമുണ്ട്. ഒരിക്കലെങ്കിലും എന്നെ വിട്ടു പോകാനനുവദിക്കൂ, നഗരമേ…!