ഒരു സാധാരണ മുംബൈക്കാരന് ജോലിക്ക് പോകുന്നത് ഒരു സ്ഥിരം യുദ്ധസന്നാഹത്തോടെ എന്ന് പറയുന്നതില്‍ തെറ്റില്ല. കാലത്ത് ഏതങ്കിലും ഒരു സ്ഥിരം ലോക്കല്‍ ട്രെയിന്‍ ഉണ്ടാകും മിക്കവര്‍ക്കും. ഏതു ട്രെയിന്‍ എന്ന് ചോദിച്ചാല്‍ ഏതെങ്കിലും ട്രെയിന്‍ സമയമാകും മറുപടി. “സടെ നൌ ലോക്കല്‍ “ അല്ലെങ്കില്‍ “സവ ആട്ട്“ എന്നൊക്കെ ആവും മറുപടി.
വീട്ടില്‍നിന്നും ഇറങ്ങുമ്പോഴേ തുടങ്ങും സന്നാഹങ്ങള്‍! ഷൂ ലൈസ് വലിച്ചു കെട്ടുക, ബെല്‍റ്റ് മുറുക്കുക, പേഴ്സ്, മൊബൈല്‍ മറ്റു വിലപ്പെട്ട വസ്തുക്കളും ഭദ്രമായി വെക്കുക തുടങ്ങി തയ്യാറെടുപ്പുകള്‍. പിന്നെ രണ്ടും കൽപ്പിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക്. അവിടെ വിവിധ പ്ലാറ്റ്ഫോമുകളിൽ ജനം അവരവരുടെ വണ്ടിയും കാത്തു നില്ക്കും. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതോടെ യാത്രക്കാരന്റെ ഹൃദയമിടിപ്പുകള്‍ കൂടും. അവന്റെ മുഖം വരാന്‍ പോകുന്ന ഏതോ ദുരവസ്ഥയുടെ സൂചനയാല്‍ വലിഞ്ഞു മുറുകും. അപ്പോഴേക്കും ലോക്കല്‍ ഇലക്ട്രിക് ട്രെയിന്‍ ഒരു മലമ്പാമ്പിനെപ്പോലെ സ്റ്റേഷനില്‍ എത്തിയിരിക്കും. വണ്ടി നില്ക്കുന്നതിനു മുന്‍പ് തന്നെ ഉള്ളിലെത്തി സീറ്റ് പിടിക്കാനുള്ള വ്യഗ്രതയില്‍ എല്ലാവരും ട്രെയിനിലേക്കൊരു തള്ളികയററ്മാണ്. “ആക്രമണ്“ എന്ന ആക്രോശത്തോടെയോ , “ഹര് ഹര് മഹാദേവ്“ എന്ന വിളിയോടെയോ അവര്‍ തള്ളികയരും. പിന്നെ ഉള്ളില്‍ സീറ്റിനുള്ള ബഹളമാണ്. ഒരു കസേരകളിയെ ഓര്‍മിപ്പിക്കുന്ന ചാതുര്യത്തോടെ കൂട്ടത്തില്‍ പ്രബലര്‍ സീറ്റ് നേടുന്നു. സീറ്റ് കിട്ടാത്ത ഹതഭാഗ്യര്‍ വളിച്ച ചിരിയോടെ പിന്മാറി, എവിടെയങ്കിലും ചാരി നിൽക്കാനുള്ള സൗകര്യം തേടുന്നു. മിക്കവാറും മണിക്കൂറിലധികം യാത്ര ചെയ്യേണ്ടവര്‍. ഇരിക്കാന്‍ സീറ്റ് തരമായവര് തങ്ങളുടെ സീറ്റില്‍ സ്വയം ഇളകി ആസനസ്ത്തരായി സീറ്റ് കിട്ടാത്തവരെ വിജയപൂര്‍വം നോക്കിക്കൊണ്ട് സ്വന്തം ആയുധം (മൊബൈല്‍) ശ്രദ്ധയോടെ പുറത്തെടുത്ത് സ്നേഹപൂര്‍വ്വം തലോടാന്‍ തുടങ്ങുകയായി. പിന്നീടത് ആരതിയായി മാറി അവര്‍ മൊബൈലില്‍ പൂര്‍വാധികം വേഗതയോടെ ചാറ്റ് തുടങ്ങുന്നു. താമസിയാതെ എല്ലാ യാത്രക്കാരും പ്രായഭേദമില്ലാതെ സ്വന്തം സാധനത്തില്‍ ഉറ്റു നോക്കി വിരലനക്കുന്നു. അവരുടെ മുഖത്ത് ഭാവഭേദങ്ങള്‍ മിന്നിമറയുന്നു. ചിലര്‍ വട്ടുപിടിച്ചകണക്കു സ്വയം ചിരിക്കുന്നു.
വേദങ്ങളില്‍ എല്ലാ യുഗങ്ങളുടെയും പരമാര്‍ശമുണ്ട്, പക്ഷെ മൊബൈല്‍ യുഗത്തെകുറിച്ച് ഒരു സൂചനപോലുമില്ല. ലോകപ്രസിദ്ധ പ്രവാചകന് നോസ്റ്റര്‍ ഡാമും ഒന്നും സൂചിപ്പിച്ചില്ല. എന്നാലും ഈ മൊബൈല്‍ യുഗം!
ഇതിനിടയില്‍, ചില മാന്യദേഹങ്ങള്‍ സ്വയം എഴുന്നേറ്റു നില്‍ക്കുന്നവര്‍ക്ക് സീറ്റ് നല്കുന്നു. ദാനത്തിനു ശേഷം അവര്‍ അൽപ്പം ഗമയോടെ മറ്റുള്ളവരെ നോക്കുന്നു, ”കണ്ടോഡാ, ഞാനെത്ര നല്ലവന്‍“. അടുത്ത സീറ്റ്കാരന് സുഹ്രുത്തിനോട് കുശുമ്പ് പറയുന്നു, “ഇരിക്കാന്‍ പറ്റില്ല, മൂലക്കുരുവിന്റെ ഉപദ്രവമാ“.
ഇതിനിടെ “താങ്കള്‍ക്കു എവിടയാണ് ഇറങ്ങേണ്ടത് “ എന്ന ചോദ്യം വരുന്നത് നില്ക്കുന്നവരുടെ ബുക്കിങ് സൂചനയാണ്. എഴുന്നെല്‍ക്കുമ്പോള്‍ സീറ്റ് അവര്‍ക്ക് കൊടുത്തിരിക്കണം.
കൊട്ടിപ്പാടിക്കൊണ്ടിരിക്കുന്ന ഭക്തരും, ചീട്ട് കളിക്കാരും, പ്രാര്‍ത്ഥന ഉരുവിട്ടുണ്ടിരിക്കുന്നവരും, കുംഭകര്‍ണന്‍മാരും പോക്കറ്റടിക്കാരും, ഒരുമയോടെ ഒന്നിച്ചു യാത്ര ചെയ്യുന്ന ഈ ശകടം മുംബയുടെ ജീവനാഡിയാണ്. മറ്റു യാത്രമാര്‍ഗങ്ങള്‍ ഒന്നും തന്നെ ഈ ലോക്കല്‍ ട്രെയിനിനു പകരമാവില്ല.
ഇറങ്ങേണ്ട സ്റ്റേഷനില്‍ വണ്ടി നില്ക്കുമ്പോള് കോട്ടുവായ് ഉതിര്‍ത്തു കൊണ്ട് സ്വന്തം ജോലിസ്ഥലത്തേക്ക് ആലസ്യത്തോടെ പോകുന്നു. ജോലി കഴിഞ്ഞാല്‍ വൈകീട്ട് ആവര്‍ത്തനം തിരിച്ച്.
മുംബൈയുടെ ജീവനാഡിയായ ലോക്കള് ട്രെയിന്‍ മുറുമുറുപ്പില്ലാതെ ഓടികൊണ്ടിരിക്കുന്നു, ഒരു നിത്യനിയോഗം പോലെ…
-ഗോവിന്ദനുണ്ണി
Reflection of real life…