“ടെൻഷൻ മത് ലോ ..” ഓഫീസിലെ മറാത്തി സുഹൃത്ത്‌ പുറത്തു തട്ടി പറയുന്നു, എന്നെ സമാധാനിപ്പിക്കാൻ. !

എന്തിനെന്നോ? എപ്പോഴെന്നോ?

കാലത്ത് ഓഫീസിൽ വന്നപ്പോൾ എന്റെ ബട്ടുവ (പേഴ്‌സ് ) കാണാനില്ല. !!

ഒരു മണിക്കൂറിലധികം ലോക്കൽ ട്രെയിൻ യാത്ര കഴിഞ്ഞാണ് ഓഫീസിലെത്തുന്നത്. പേഴ്‌സിൽ പണം മാത്രമല്ല, ATM, ക്രെഡിറ്റ്‌, ആധാർ. ഡ്രൈവിംഗ് ലൈസെൻസ് തുടങ്ങി ഒരുപാട് അവശ്യ രേഖകളും അടങ്ങിയതാണ്. !

എന്നിട്ട് പറയുന്നു “ടെൻഷൻ മത് ലേ ” എന്ന് !!

ഇത്രയും സംഭവിച്ചാൽ ഞാൻ എങ്ങിനെ ടെൻഷൻ ഇല്ലാതിരിക്കും എന്ന് കൂടി പറഞ്ഞു തരു. !!

എന്തായാലും മുംബൈയിലെ “”ടെൻഷൻ “” പിടി കിട്ടാത്ത ഒരു വികാരം തന്നെ.

കഴിഞ്ഞ ദിവസം മാർക്കെറ്റിൽ പച്ചക്കറി വാങ്ങാൻ ചെന്നപ്പോ അൽപ്പം സംശയിച്ചു ഞാൻ പച്ചക്കറിയുടെ പേര് പറയാൻ തുടങ്ങുമ്പോഴേക്കും ഇതാ ഒരു മറാത്തി സ്‌ത്രീ –

“ആദാ കിലോ കാന്ത ദേ ”

ഞാൻ പച്ചക്കറിയുടെ പേര് മുഴുവൻ പറയാത്തതിനാലും, സ്‌ത്രീയുടെ പെട്ടെന്നുള്ള മേൽക്കോയ്‌മ കണ്ടിട്ടും ആവാം ബാജി വാല, കാന്ത തൂക്കി.

എനിക്ക് രോഷം വന്നു. അത് ശ്രദ്ധിക്കാതെ സ്‌ത്രീ തുടർന്നു – “ചലോ ഏക്‌ കിലോ പൂരാ ദോ”. അതും പറഞ്ഞു സ്‌ത്രീ എന്റെ മുഖത്ത് നോക്കി പറയുന്നു. “ടെൻഷൻ നഹി ഹായ് ന”!!

അര കിലോ ഉള്ളിക്ക് പകരം ഒരു കിലോ ഉള്ളി വാങ്ങിയാൽ ടെൻഷൻ എങ്ങിനെ കുറയും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല .!

(അന്ന് ഉള്ളിക്ക് സ്ഥിരമായി കിലോവിനു പത്തു രൂപയെ ഉള്ളു)

ബാജി തരുമ്പോ ബാജിവാല സമാധാനിപ്പിച്ചു “ഓ മാടം ടെൻഷൻ മേം ത്തേ”.

ബാജിവാലയെ ആകാവുന്ന കത്തിവേഷരൂക്ഷതയോടെ നോക്കി, ഇഷ്‌ടപ്പെട്ടില്ല എന്നറിയിച്ചു. അവൻ പകരം സ്വന്തം കത്തി എടുത്തു ചേനയിൽ പ്രതികാരത്തോടെ കുത്തി തന്റെ പ്രതിഷേധം തിരിച്ചറിയിച്ചു. ഇനി ഈ ബാജിവാലയുടെ പച്ചക്കറി വാങ്ങില്ലെന്ന് നിനച്ചു. ടെൻഷൻ നഹി ഹായ് നാ .!!

ഈയ്യിടെ ഉള്ളിയുടെ വില അതിക്രൂരമായി കൂടിയപ്പോൾ ശരിക്കും ടെൻഷൻ ആയി. അന്ന് ഉള്ളി വാങ്ങി വന്ന ധർമദാരങ്ങൾ കിതച്ചു കൊണ്ട് പറഞ്ഞു “കിലോ എൺപതു രൂപ !! ഇനീം കൂടുംന്ന ബാജിവാല പറഞ്ഞെ”

“ഏതു ബാജിവാല? ആ പെണ്ണുങ്ങൾക് ആദ്യം കൊടുക്കുന്നവനോ?”

“ആരായാലെന്താ ? ഉള്ളിയുടെ അതിവിലയാണ് ഞാൻ പറഞ്ഞത്. ഇങ്ങിനെ വില കൂടിയാൽ എന്ത് ചെയ്യും”

സംസാരം കേട്ട് കൊണ്ടിരിക്കുന്ന മകന്റെ വഹ –  “കൂൾ അമ്മ.. കാന്ത കുറച്ചു വാങ്ങുക, കുറച്ചു കഴിക്കുക. ടെൻഷൻ നഹി ഹായ് ന“”

അക്കൌണ്ട് പഠിക്കുന്ന മകന്റെ കൂടി കേട്ടപ്പോ സ്വന്തം കത്തി വേഷം വിറയൽ പൂണ്ടു. !

ഏറ്റവും കൂടുതൽ ടെൻഷൻ വീട്ടിലെ ഡോമെസ്റ്റിക് ബായി തന്നെ ! എന്തിനും ഏതിനും ടെൻഷൻ ആക്കുന്ന ഈ തമിൾ വംശജ സ്ഥിരം ഒരു ടെൻഷൻ തന്നെ.

കാലത്ത് ലോക്കൽ ട്രെയിൻ പിടിക്കാൻ തിരക്കിടുമ്പോഴാണ് ഇടാൻ വച്ച സോക്‌സ് ബായി എടുത്തു വാഷിന് ഇട്ടു എന്നറിയുന്നത്. ഭീകരമായി നോക്കി ദേഷ്യം തീർക്കാൻ ശ്രമിച്ചപ്പോ വരുന്നു ..

“ദൂസര ലെ ലോ ന്ന… ടെൻഷൻ കായി കോ” ??!!

ഈശ്വരാ, ശരിയായ ടെൻഷൻ എന്തെന്ന് ആരെങ്കിലും ഈ ദ്രാവിഡ സ്‌ത്രീക്ക് പറഞ്ഞു കൊടുക്കാനില്ലേ ?

കഴിഞ്ഞ ദിവസം ബായി അഡ്വാൻസ്‌ വേണം എന്ന് പറഞ്ഞു .

“എത്ര വേണം ?”

“ഏക്‌ പകാർ പൂര ദോ.. ടെൻഷൻ നഹി ഹായ് ന “” !!

ഈ മുംബൈയിൽ ഉള്ള കാലം വരെ ” ടെൻഷൻ” എന്ന ഭീകരൻ പല രൂപത്തിലും, ഭാവത്തിലും വേട്ടയാടും എന്ന സത്യം മനസ്സിലാക്കി എന്നിലെ ക്ഷിപ്രവാസം ആളിക്കത്തി ശരിക്കും ടെൻഷൻ ആയി !!

– ഗോവിന്ദനുണ്ണി

2 Comments
  1. KGP Nair 4 years ago

    Every day event, reported observantly. Good.

  2. Babu Raj 4 years ago

    Tension remains… forever…
    Enjoyed reading.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account