കർഷക സമരങ്ങൾ ഇന്ത്യൻ രാഷട്രീയത്തിന് ഒരു പുതിയ അനുഭവമേയല്ല. ചമ്പാരൻ സമരം മുതൽ രാജീവ് ഗാന്ധി ഗവർമെന്റിനെതിരെ മഹേന്ദ്ര സിംഗ് ടിക്കായത്ത് നയിച്ച പ്രക്ഷോഭം വരെ എല്ലാ പ്രക്ഷോഭങ്ങളും വലിയ മാറ്റങ്ങൾക്ക് കാരണമാവുമെന്ന് അതതു കാലങ്ങളിൽ വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്നു.  സമ്പദ്ഘടനയുടെ മുതലാളിത്താനുകൂല പരിവർത്തനത്തിനെതിരെയുള്ള പരമപ്രധാന പ്രതിരോധശക്‌തിയായിത്തന്നെയാണ് എന്നും കർഷക മുന്നേറ്റങ്ങൾ പരിഗണിക്കപ്പെട്ടിരുന്നത്. അതു കൊണ്ടു തന്നെയാണ് മഹാരാഷ്‌ട്രയിലെ കർഷകർ നടത്തിയ ലോംഗ് മാർച്ച് ഇത്രയേറെ പ്രാധാന്യമുള്ളതായി നാം പരിഗണിക്കുന്നതും. മഹാരാഷ്‌ട്രയിൽ നാസിക് മുതൽ മുംബൈ വരെ നടത്തിയ ലോംഗ് മാർച്ചിന്റെ ഉൽപന്നമെന്താണ് എന്ന് നമുക്ക് വിശകലനം ചെയ്യേണ്ടതുണ്ട്.

രണ്ടു വർഷത്തോളമായി നിരന്തരം നടത്തിയ പ്രതിഷേധങ്ങൾക്കും പല ആത്‌മഹത്യകൾക്കും ശേഷമാണ് കർഷകരും ആദിവാസികളുമടങ്ങുന്ന സമൂഹം ഇത്തരമൊരു അറ്റകൈ പ്രയോഗത്തിനിറങ്ങിയത്. ഒരു തരത്തിലുള്ള തട്ടിപ്പു വാഗ്‌ദാനങ്ങൾക്കും അവരുടെ രോഷത്തെ തണുപ്പിക്കാനാവില്ല എന്ന തിരിച്ചറിവു തന്നെയാണ് വിട്ടു വീഴ്ച്ചകൾക്കു തയ്യാറാവാൻ ഫഡ്‌നാവിസ് സർക്കാറിനെ പ്രേരിപ്പിച്ചത് എന്നതും സത്യം. കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച ഫഡ്‌നാവിസിനോളവും ബി.ജെ.പിയോളവും കർഷകരെ സ്‌നേഹിക്കുന്ന മറ്റൊരു കൂട്ടർ ഈ ദേശത്തേയില്ല എന്ന ചില മൂഢൻമാരുടെ പ്രസ്‌താവനകളേയും പ്രചരണങ്ങളേയും നമുക്കു തള്ളിക്കളയുക. എന്നാൽ സമര നേട്ടങ്ങളെക്കുറിച്ചുള്ള പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ചവരുടെ അവകാശവാദങ്ങളിൽ പലതും പൊള്ളയാണ് എന്നത് കാണാതിരുന്നു കൂടാ.

കാർഷിക കടങ്ങൾ എഴുതിത്തള്ളുന്ന കാര്യത്തിൽ രണ്ടു മാസത്തിനുളളിൽ തീരുമാനമെടുക്കും, വനാവകാശ നിയമം ഉടൻ നടപ്പാക്കും, കൃഷിഭൂമി കർഷകർക്കു വിട്ടു കൊടുക്കുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കും, എന്നിങ്ങനെ വാഗ്‌ദാനങ്ങൾ മാത്രമാണ് ഗവർമെന്റ് സമരക്കാർക്ക് നൽകിയിട്ടുള്ളത്. ഈ ഉറപ്പുകൾ എഴുതി നൽകാൻ തയ്യാറായി എന്നതാണ് സമരം നയിച്ചവർ ഉയർത്തിക്കാട്ടുന്ന നേട്ടം. ചോദ്യം ഇതാണ്, എഴുതി നൽകിയ ഉറപ്പുകൾ പാലിക്കാൻ തയ്യാറായില്ലെങ്കിൽ മഹാരാഷ്‌ട്രാ ഗവർമെന്റിനെതിരെ എന്തു നടപടിയാണ് നമുക്കു സ്വീകരിക്കാനാവുക? ഒന്നുമില്ല എന്നാണുത്തരം. നൽകിയ വാക്കുകൾ പാലിക്കാനുള്ളതല്ല എന്നും  പ്രക്ഷോഭങ്ങളേയും പ്രതിഷേധങ്ങളേയും മറികടക്കാൻ  ഏതു തന്ത്രവും പ്രയോഗിക്കാമെന്നും വിശ്വസിക്കുന്ന ഒരു പാർട്ടിയുടെ ഗവർമെന്റാണ് മഹാരാഷ്‌ട്ര ഭരിക്കുന്നത് എന്ന് നാം മറന്നു കൂടാ. ഒരേ റാങ്കിന് ഒരേ പെൻഷൻ പദ്ധതി മുതൽ കർഷകർക്കുള്ള ഒട്ടനവധി സൗജന്യങ്ങൾ വരെ നുണകളുടേയും വാഗ്‌ദാനലംഘനങ്ങളുടേയും എത്രയെത്ര അനുഭവങ്ങളാണ് കഴിഞ്ഞ നാലു വർഷമായി നമുക്കുളളത് എന്നും മറക്കാതിരിക്കാം.  മഹാരാഷ്‌ട്രയിലെ കർഷകർക്കു നൽകാതെ ഗുജറാത്തിലേക്ക് വെള്ളം നൽകുന്നു എന്ന ആക്ഷേപത്തിനെതിരെ ഒന്നും ചെയ്യുന്നതിനെപ്പറ്റി പറയുന്നതേയില്ല എന്നതും ശ്രദ്ധേയമാണ്.

എല്ലാ സമരങ്ങളുടേയും അടിസ്ഥാന പ്രശ്‌നം ഭൂമിയാണ്. ബംഗാളിൽ ഇടതുഭരണത്തിന് ചരമക്കുറിപ്പെഴുതിയതും വ്യവസായവശ്യത്തിന് കൃഷിഭൂമി പിടിച്ചെടുക്കാൻ നടത്തിയ വിവേകശൂന്യമായ നടപടിയാണ്. വർത്തമാനകാല ഇന്ത്യൻ മുതലാളിത്തത്തിന് അതിന്റെ വേരുകളാഴ്ത്തുവാൻ ഇനിയും ഭൂമിയേറെ വേണം. കോടിക്കണക്കിനു രൂപയുടെ നിക്ഷേപക്കരാറുകൾ പൂർത്തീകരിക്കുവാൻ ഭൂമി ലഭ്യമാക്കുക ഭരണകൂടങ്ങളുടെ ഉത്തരവാദിത്തവുമാണ്. അതിനാൽ മഹാരാഷ്‌ട്ര ഗവർമെന്റ് പ്രക്ഷോഭകാരികളായ കർഷകർക്കു നൽകിയ വാഗ്‌ദാനങ്ങളൊക്കെയും നിറവേറ്റപ്പെടാതിരിക്കാനാണ് സാധ്യത. കാരണം ഭരണകൂടങ്ങൾ എല്ലായ്‌പ്പോഴും കീഴാളവിരുദ്ധവും മൂലധനാനുകൂലവുമായി പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നു.  കേവലം സാമ്പത്തിക സ്ഥാപനങ്ങളായ ഗവർമെന്റുകൾക്ക് അങ്ങനെയാവാനേ തരമുള്ളൂ. അതുകൊണ്ടുകൂടിയാണ് കീഴാറ്റൂരിലെ ഭൂസമരത്തെ ഇകഴ്ത്തിക്കാണിക്കാൻ സമരക്കാരാരും അവിടെ ഭൂമി നഷ്‌ടപ്പെടുന്നവരല്ല എന്ന് കണ്ണൂരിലെ CPI(M) നേതൃത്വം വാദിക്കുന്നത്. ഭൂമി നഷ്‌ടപ്പെടുന്നവരല്ലാത്ത ആർക്കും സമരത്തിൽ പങ്കെടുക്കാൻ അവകാശമില്ല എന്ന പരിഹാസ്യമായ വിചിത്ര വാദഗതി മുന്നോട്ടുവെക്കാൻ CPI(M)-നെ പ്രേരിപ്പിക്കുന്നതും അതേ മൂലധന താൽപര്യങ്ങളാണ്. മറ്റൊന്നുമില്ല, ഭരണകൂടങ്ങൾ എന്നും സമ്പത്തിന്റേയും സമ്പന്നരുടേയും മാത്രം സംരക്ഷകരാണ്.

-മനോജ് വീട്ടിക്കാട്

3 Comments
 1. വിജയകുമാർ നായർ 2 years ago

  ഒരു അന്തം കമ്മിരോദനം…..
  ശെ ക പ…. ഇതാണ് ചുരുക്കത്തിൽ ഈ പാർട്ടിയുടെ പേര് ശേത്കാരി കമ്ഗാർ സംഖടൻ…
  ഈ ഓലപ്പാമ്പു കൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഒരു ചുക്കും സംഭവിക്കില്ല….
  ഒട്ടും……

 2. Anil 2 years ago

  Well written. True facts

 3. Chandran 2 years ago

  രണകൂടങ്ങൾ എന്നും സമ്പത്തിന്റേയും സമ്പന്നരുടേയും മാത്രം സംരക്ഷകരാണ്.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account