ഇത്തവണ നഗരത്തില്‍ ജൂലൈ മഴ വന്നതു പ്രതികാരബുദ്ധിയോടെ. തീരങ്ങള്‍ കവിഞ്ഞുയര്ന്നപ്പോള് മറൈന്‍ഡ്രൈവ് ഒരു സാഗരയക്ഷിയെപ്പോലെ കരയിലേക്കാഞ്ഞു കയറി. മനുഷ്യരും വാഹനങ്ങളും സ്വരക്ഷക്കായി നെട്ടോട്ടം ഓടികൊണ്ടിരുന്നപ്പോഴും മഴ സംഹരതാണ്ടവം തുടര്‍ന്ന് കൊണ്ടിരുന്നു. ബെസ്റ്റ് ഡബിള്‍ഡക്കര്‍ ബസ്സുകള്‍ ആടിയുലഞ്ഞു ലക്ഷ്യം തേടിവലഞ്ഞു . ഇലക്ട്രിക് ട്രെയിനുകള്‍ വെള്ളത്തില്‍ മുങ്ങിയ ട്രാക്കുകള്‍ കാണാതെ തെരട്ടയെപ്പോലെ ഇഴഞ്ഞു. ഈറനുടുത്ത നഗരം ഒരു തോര്ച്ചക്കായി വിറ പൂണ്ടു നിന്നു. മെയിൻ റോഡിൽ മഴവെള്ളം പൊങ്ങി പൂള് ആയപ്പോള്‍ സ്കൂള്‍ കുട്ടികള്‍ വെള്ളത്തില്‍ മലക്കം മറിഞ്ഞു കളിച്ചു.
മടിയന്മാരായ മുംബൈ ജോലിക്കാര്‍ മഴയെ പുറമേക്ക് ശകാരിക്കയും ഉള്ളാലെ മഴക്ക് നന്ദി പറഞ്ഞു ജോലിക്കും പോകാതെ ഭാര്യമാരെ സഹായിച്ചും സുരപാനം ചെയ്തും ഫ്ലാറ്റുകളിലും ചാലുകളിലും ചുരുണ്ട് കൂടിയിരുന്നു.
കാലപ്പഴക്കത്തില്‍ അടിത്തറ ഇളകിയ പാലങ്ങളും വര്‍ഷങ്ങള്‍ പഴക്കമുള്ള വീടുകളും നിലംപരിശായപ്പോള്‍, പ്രായമായ പശിമയില്ലത്ത വൃക്ഷങ്ങള്‍ കട പുഴകി വീണു. കാലക്കെടുതിയില്‍ കോലം കെട്ട കര്‍ഷകര്‍ നിരന്തരം ആത്മഹത്യ ചെയ്തപ്പോള്‍ രാഷ്ട്രീയ നേതാക്കന്മാര് കുടക്കീഴില് നിന്ന് മുതലക്കണ്ണീര് പോഴിച്ചു അടുത്ത ഫ്ലൈറ്റിനു ഡല്‍ഹിക്ക് പോയി ബത്ത വാങ്ങി തിരിച്ചു വന്നു.
മുംബയിലെ പക്ഷികള്‍ നനഞ്ഞു കുതിര്‍ന്ന തൂവലുകള്‍ നിവർത്താനാവാതെ പനി പിടിച്ചു പറക്കമുറ്റു തൂങ്ങി നടന്നു. തെരുവിലെ പട്ടിണിയായ പട്ടികള്‍ ആളുകള്‍ വാങ്ങിക്കോണ്ട് പോകുന്ന ഭക്ഷണ പൊതികള്‍ മണത്തു പിന്നാലെ നടന്നു വാലാട്ടുകയും ദയനീയമായി നോക്കി ദീനശബ്ദങ്ങള്‍ പുറപ്പെടുവിക്കയും ചെയ്തു.
വീണ്ടും തിമര്‍ത്തു പെയ്ത മഴയില്‍ നഗരത്തിന്റെ അഹങ്കാരം ഒലിച്ചു പോയി, ഒരു രണ്ടാം ജന്മത്തിനായി തല കുനിച്ചിരുന്നു.