യവന നായകരുടെ കടൽയാത്രകളിൽ കേട്ടിരുന്ന അഭൗമ സംഗീതം, സൈറണുകളുടെ മാസ്‌മരിക ആലാപനം. സീയൂസ്  ദേവന്റെ പുത്രിയായ പേഴ്‌സി ഫോണിന്റെ തോഴികളായിരുന്നുവത്രേ സൈറണുകൾ. മനുഷ്യനും പക്ഷിയും ചേർന്ന രൂപമുള്ള സൈറൺ സഹോദരിമാർ പാറക്കെട്ടുകൾ നിറഞ്ഞ ദ്വീപായ സിറെനം സ്‌കോപുലിയിലേക്ക് നാവികരെ സംഗീതത്താൽ വശീകരിച്ചെത്തിക്കുന്നു. അന്ത്യപ്രലോഭനമാണത് എന്നറിയാതെ കപ്പൽച്ചാൽ മാറ്റി സഞ്ചരിച്ച് ദ്വീപിലേക്ക് അടുക്കുന്ന അവരുടെ യാനങ്ങൾ പറക്കെട്ടുകളിലിടിച്ച് തകരുന്നു. അത് അവയുടെ അന്ത്യയാത്രയാകുന്നു

ഹോമർ ഒഡീസിയിൽ സൈറണുകളേപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ട്രോജൻ യുദ്ധശേഷം പരിവാരങ്ങൾക്കൊപ്പം ട്രോയിയിൽ നിന്നും സ്വന്തം രാജ്യമായ ഇത്താക്കയിലേക്ക്  മടങ്ങുന്ന വേളയിൽ സൈറണുകളുടെ സംഗീതത്താൽ പ്രലോഭിക്കപ്പെടാതിരിക്കാൻ ഒഡീസിയസ് ഒഴികെ മറ്റെല്ലാവരുടേയും ചെവിയിൽ മെഴുക് നിറയ്ക്കുകയാണ് ചെയ്യുന്നത്. ഒഡീസിയസിനാകട്ടെ ആ സുന്ദര ആലാപനം കേട്ടേ തീരൂ. കൊടിമരത്തോട് ചേർത്ത് തന്നെ വരിഞ്ഞുകെട്ടാനാണ് രാജാവായ ഒഡീസിയസ് ആവശ്യപ്പെടുന്നത്. പിന്നീട് ആ സംഗീത ലഹരിയിൽ തന്നെ അഴിച്ചുവിടാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കാതങ്ങൾക്കകലെ, ആ സംഗീതം കേൾക്കാവുന്നതിനപ്പുറം എത്തിയ ശേഷം മാത്രമേ ഭടന്മാർ അദ്ദേഹത്തെ മോചിപ്പിച്ചുള്ളു.

എത്ര നിശ്ചയദാർഢ്യത്തോടെയുള്ള ജീവിതത്തിനിടയിലും ഇത്തരം പ്രലോഭനങ്ങൾ മനസ്സിനെ തെല്ലിട ചഞ്ചലമാക്കിയേക്കാം. അതിൽപ്പെട്ട് ഒടുങ്ങാം, അൽപ്പപ്രാണനായി തുഴഞ്ഞു കയറാം, അതുമല്ലെങ്കിൽ അതു കേട്ടാസ്വദിച്ച്‌, പക്ഷേ അതിനു വഴിപ്പെടാതെ ഒഡീസിയസിനേപ്പോലെ മനസിനെ വരിഞ്ഞു കെട്ടി യാത്ര തുടരാം. എത്ര മോഹിപ്പിക്കുന്ന പ്രലോഭനമായാലും ലഹരിയായാലും ആസക്‌തിയായാലും ഏതു രീതിയിൽ അതിനെ സ്വാംശീകരിക്കുന്നു എന്നതിലാണ് മുന്നോട്ടുള്ള യാത്രയുടെ വിജയം. അത്ര അലൗകികമായ ആ സംഗീതം എന്തിന് ചെവിക്കൊള്ളാതെ പോകണം? അത്ര ആസ്വാദ്യകരമായ ഒരു വേള ഇനിയുണ്ടാകണമെന്നുമില്ല. അതിൽ നിന്ന് വേണ്ടതുൾക്കൊണ്ട് സൃഷ്‌ടിപരതയെ കൂടുതൽ തുടച്ചു മിനുക്കി മുന്നോട്ടു പോകാൻ ആകുമെങ്കിൽ അതിൽപ്പരം എന്തു വേണം? അതല്ല വന്നതിനൊക്കെ വഴിപ്പെട്ട് സ്വത്വം കൈവിട്ട് ഉഴറിയാൽ ഒരു വേള തിരിഞ്ഞു നോക്കുമ്പോൾ നഷ്‌ടക്കണക്കുകൾ മാത്രമേയുണ്ടാകൂ.

പത്തൊൻപതാം നൂറ്റാണ്ടിൽ ജെയ്ൻ ഹാരിസൺ പറഞ്ഞത് മദ്ധ്യാഹ്നത്തിലെ കാറ്റടങ്ങിയ ശാന്തതയിലാണ് സൈറണുകളുടെ സംഗീതം കേൾക്കുക, ആ സംഗീതത്തിന്റെ ഒടുവിൽ കാത്തിരിക്കുന്നത് മരണമാണ് എന്നാണ്. ജീവിത മദ്ധ്യാഹ്നത്തിൽ ആ സംഗീതം കേട്ടാസ്വദിച്ചിട്ടും മരണത്തിന് വശപ്പെടാതെയിരുന്ന ഒഡീസിയസ് അല്ലേ സമർത്ഥനായ, വിജയിയായ സഞ്ചാരി? ഒപ്പമുണ്ടായിരുന്ന നാവികർ, ഭടന്മാർ എന്നിവരൊക്കെയും ലക്ഷ്യത്തിലെത്തിയെങ്കിലും ആ ഗാനാലാപനം കേൾക്കാൻ ആസ്വദിക്കാൻ അവർക്കായില്ല.

സംഗീതമല്ല മൗനമാണ് ഇപ്പോൾ സൈറണുകളുടെ ആയുധം എന്നാണ് കാഫ്‌ക പറത്തിരിക്കുന്നത്.  ഇതിഹാസത്തിൽ രേഖപ്പെടുത്താത്തവരായി ആരെങ്കിലുമൊക്കെ ഒരു പക്ഷേ ആ സംഗീതവലയിൽ പെടാതെ രക്ഷപെട്ടിരിക്കാം, പക്ഷേ ആ മൗനവലയിൽ പെടാതിരിക്കുക അസാധ്യം എന്നദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഇനി മറിച്ചൊന്നാലോചിച്ചാൽ, പാറക്കെട്ടുകൾ നിറഞ്ഞ ആ ദ്വീപിൽ , പുറംലോകമെന്തെന്നറിയാതെ ജീവിക്കാൻ വിധിക്കപ്പെട്ടവരല്ലേ ആ ഗായികമാർ? ‘മാർഗരറ്റ് ആറ്റ്‌വുഡിന്റെ  ‘സൈറൺ ഗാനം’ എന്ന കവിതയിലെപ്പോലെ, തന്നെ രക്ഷപെടുത്തൂ എന്നുള്ള അപേക്ഷയുമാകാമല്ലോ ആ ഗാനം. മൂന്നു സൈറണുകളിൽ ഒരാൾ ദ്വീപിലെ ജീവിതത്തിൽ അസംതൃപ്‌തയായി നിരാശയായി രക്ഷപെടാൻ ആഗ്രഹിക്കുകയാണ്. അതുൾക്കൊണ്ട് മരണത്തെ വെല്ലുവിളിച്ച് രക്ഷപെടുത്താനെത്തുന്ന യവന നായകനെ പ്രതീക്ഷിച്ച് ഉരുകിത്തീരുന്ന ജീവിതങ്ങൾ എത്രയോ തുരുത്തുകളിൽ ഉണ്ട്. ഒരുപക്ഷേ രക്ഷപെടുത്താൻ അങ്ങനെയാരെങ്കിലും എത്തിയിരുന്നെങ്കിൽ, സംഗീതസാന്ദ്രമായ ഒരു സുന്ദര ജീവിതം രണ്ടു കൂട്ടർക്കും ഉണ്ടായേക്കാം.

ഏതൊക്കെയോ ദ്വീപുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന മനസുകൾ ചേരേണ്ടവയോട് ചേർന്ന് ഒന്നിച്ച് യാത്ര തുടർന്നാൽ പിന്നീടൊന്നിെച്ചൊരുക്കുന്ന ഗാനങ്ങൾ കൂടുതൽ സുന്ദരമായേക്കാം. പരസ്‌പരപൂരകങ്ങളായി നിന്ന് പറഞ്ഞും പറയാതെയും പകരുന്ന അനുഭവങ്ങളിൽ നിന്നുരുത്തിരിയുന്ന സർഗ്ഗ സൃഷ്‌ടികൾക്കെത്ര ഭംഗിയേറും!

ആയിരങ്ങളെ സംഗീതം മരണത്തിലേക്ക് വലിച്ചടുപ്പിച്ചിട്ടുള്ള ആധുനിക കാല സന്ദർഭങ്ങളുമുണ്ട്. 1941ൽ ബില്ലി ഹോളിഡേയുടെ സ്വരത്തിൽ ആസ്വാദകരിലേക്കൊഴുകിയെത്തിയ ഗാനമാണ് ഗ്ലൂമി സൺഡേ. പ്രണയിനിയുടെ മരണശേഷം ആത്‌മഹത്യയെ പുൽകാനൊരുങ്ങുന്നവന്റെ ആത്‌മഹത്യാക്കുറിപ്പ്. അതുകേട്ട് ആത്‌മഹത്യയിലേക്ക് എത്രയോ പേർ ചെന്നെത്തി. മരണം വെറും സ്വപ്‌നമല്ലെന്നറിഞ്ഞുകൊണ്ടുതന്നെ, മരിച്ചാൽ അവൾക്കൊപ്പമെത്തി അവളെത്തലോടാമെന്നാഗ്രഹിച്ച് മരണത്തിലേക്ക് നടന്നടുത്തവർ. അങ്ങനെയുള്ളവരെ ആ ഗാനം കൈപിടിച്ച് മരണത്തിലേക്ക് നടത്തി.

ദൂരെ കേൾക്കുന്ന സംഗീതം അവഗണിച്ച് യാത്ര തുടരണോ, അതിനടിപ്പെട്ട് ഒടുങ്ങണോ, അവനവന് വേണ്ടത് സ്വാംശീകരിച്ച് മുന്നോട്ട് നീങ്ങണോ അതോ സംഗീതത്തെത്തന്നെ ദ്വീപിൽ നിന്നു മോചിപ്പിച്ച് ഒപ്പം കൂട്ടി ഒന്നിച്ച് പുതിയ, കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത വൻകരകൾ തേടേണമോ എന്നതേ ചിന്തിക്കവേണ്ടൂ.

– വിനീത പ്രഭാകർ പാട്ടീൽ

4 Comments
 1. Priya 2 years ago

  മനോഹരം

 2. Sreeraj 2 years ago

  ചിന്തയുണർത്തിയ ലേഖനം… നന്നായിട്ടുണ്ട്

 3. Prasad 2 years ago

  good one…

 4. Sunil 2 years ago

  Nice…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account