പത്താം ക്‌ളാസിലെയും പ്ലസ് ടുവിന്റെയുമൊക്കെ റിസൽറ്റ് വന്നാൽ പത്രങ്ങളിൽ ഫുൾ എ പ്ലസ് തലക്കെട്ടോടെ വരുന്ന കുട്ടികളുടെ ഫോട്ടോ കണ്ടിട്ടില്ലേ? അതിലൊരുപാട് പെൺകുട്ടികളെ കണ്ടിട്ടില്ലേ? അതിൽതന്നെ ഒരുപാട് മക്കനയിട്ട പെൺകുട്ടികളെ കണ്ടിട്ടില്ലേ? നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആപത്രത്താളിനപ്പുറം പിന്നീട് അവരെവിടെപ്പോയി എന്ന്? അതിനുശേഷം അവരെങ്ങോട്ടാണ് അപ്രത്യക്ഷമാകാറെന്ന്? പെൺവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുൻപന്തിയിലായിട്ടും അവരുടെ സാമ്പത്തിക ഉന്നമനത്തിൽ അവരെങ്ങനെ പിറകോട്ട് പോയി എന്ന്?

ആഹാ കല്യാണക്കാര്യം എന്തായി? നോക്കുന്നില്ലേ? ഒന്നും ശരിയായില്ലേ? ഇനി ആരെങ്കിലും.? അതോ പഴയവല്ല…? ഇനി വേറെ വല്ല കുഴപ്പവും…?

പതിനെട്ടിനോടടുക്കുമ്പോഴോ അത് കഴിഞ്ഞ ഉടനെയോ പെൺകുട്ടികളുള്ള വീട്ടുകാർക്ക്  മേൽ പറഞ്ഞ ചോദ്യങ്ങളിൽ ഒന്നിനെങ്കിലും മറുപടി കൊടുക്കാനാവാതെ ഒഴിഞ്ഞു മാറാൻ കഴിയില്ല. ചിലർക്ക് ചോദിക്കാൻ തക്കം പാർത്തിരിക്കുന്നതും, കാണുമ്പോൾ കാണുമ്പോൾ ഇട്ട് കുത്താനും വേണ്ടി മാത്രമുള്ളതുമാണ് ഈവക ചോദ്യങ്ങൾ. നാലാള് കൂടുമ്പോഴോ ഒളിഞ്ഞോ ചോദിക്കുന്ന രീതിക്കനുസരിച്ച് കേൾക്കുന്നവന്റെ നെഞ്ചിൽ തീ കോരിയിടാൻ പോന്നവണ്ണമുള്ള ചോദ്യം.

പല കാരണങ്ങൾ കൊണ്ടും കല്യാണം നടക്കാതെനിൽക്കുന്ന വീടുകളിൽ അസ്വസ്ഥതയുണ്ടാക്കാൻ ഈ ചോദ്യങ്ങൾക്ക് നന്നായി കഴിയും. ഇനി അതൊന്നും അല്ലേലും രക്ഷിതാക്കളുടെ മനസ്സിൽ വേണ്ടുവോളം ആധിപടർത്താൻ ഈ ചോദ്യത്തിന്നാവും. പിന്നെ കല്യാണം നോക്കൽ തകൃതിയായി, കല്യാണമായി, മംഗളം. ശുഭം!

ഇന്നാട്ടിൽ ചിലരെങ്കിലും പെൺമക്കളെ നേരത്തെ പിടിച്ചുകെട്ടിക്കുന്നത് നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി തന്നെയാണ്. ഇത്തരം കല്യാണങ്ങളിൽ മിക്കതും പെൺകുട്ടിയുടെ സമ്മതമോ ഇഷ്‌ടമോ പോലും നോക്കാറില്ല. നാട്ടുകാരുടെ വായടപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം. പലരും പറഞ്ഞ പോലെ ‘ബാധ്യത’ ആവും മുൻപ് കെട്ടിച്ചൊഴിവാക്കുക.

‘എന്റെ കണ്ണടയുംമുൻപ് നിന്റെ കല്യാണം കാണാൻ ആഗ്രഹമുണ്ട്, നിന്റെ  താഴെയുള്ളതുങ്ങളെക്കുറിച്ചെങ്കിലും നീയോർക്കണം’ തുടങ്ങിയ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് നടത്തിയാണ് ചിലർ പെൺകുട്ടിയെക്കൊണ്ട് സമ്മതിപ്പിക്കാറ്. പിന്നെ നിന്റെ കൂടെ പഠിച്ചവർക്കൊക്കെ കെട്ടി കുട്ടിയായി എന്ന കണക്കെടുപ്പും. പ്രായത്തിലെ വളർച്ചയുണ്ടായാലും പക്വതയെത്താത്ത ഇരുപതിന് താഴെയുള്ള പെൺകുട്ടികൾക്ക് ഇതിനെതിരെ മറുത്തൊന്നും പറയാൻ കഴിയാറില്ല പലപ്പോഴും. അതനുസരിച്ച് അവർ വിവാഹിതരാകുന്നു. കുഞ്ഞുങ്ങളുണ്ടാകുന്നു. വീണ്ടും കുഞ്ഞുങ്ങളുണ്ടാവുന്നു…

അവർക്ക് മുന്നിലുണ്ടായിരുന്ന സൗഹൃദത്തിന്റെ, പഠനത്തിന്റെ തുടങ്ങി ഒരുപാട് വിശാല ലോകങ്ങളെയാണ് ഒന്നിച്ച് ചിലർ ചേർന്ന് കൊട്ടിയടച്ചത്. ‘പ്രായമായാൽ പെൺകുട്ടികളെ കെട്ടിച്ചയക്കൽ രക്ഷിതാക്കളുടെ കടമയാണ്’ എന്നൊക്കെ പറയുന്നവരുണ്ട്. ശരിയാണ്. പക്ഷെ സ്വന്തം വിവാഹകാര്യത്തിൽ തീരുമാനമെടുക്കാൻ അവളുടെ കൂടെ നിൽക്കുകയല്ലേ ഓരോ രക്ഷിതാവും ചെയ്യേണ്ടത്?

‘പണിയെടുത്തു പഠിക്ക്, മറ്റൊരു വീട്ടിൽ ചെന്നു കേറേണ്ടവളാ.., ഓ അടുക്കളപ്പണിക്കും കുട്ടികളെ നോക്കാനും വല്യ പഠിപ്പൊന്നും വേണ്ട…’ സങ്കടകരമെന്നു പറയട്ടെ, വീട്ടിൽ നിന്നും നാട്ടിൽ നിന്നും പെൺകുട്ടികൾ നിരന്തരം കേൾക്കുന്ന കാര്യങ്ങളാണിവ. മറ്റൊരു വീട്ടിൽ ചെന്നു കേറേണ്ടവളാണെന്ന് നാഴികക്ക് നാൽപതുവട്ടം കേൾക്കുന്ന കുട്ടി, വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് ഏതു നിമിഷവും ഞാൻ കടത്തപ്പെടുമെന്നും അതിനാൽ എനിക്കുവേണ്ടി ഞാനായിട്ടൊന്നും ചെയ്യേണ്ടെന്നും അറിയാതെയെങ്കിലും മനസിൽ അടിയുറച്ചു പോകുന്ന കുട്ടികൾ പുനത്തിൽ ഉഴപ്പുന്നത് കാണാറുണ്ട്. 18 എന്ന ബോർഡറിൽ ചെന്ന് തീരേണ്ടതാണ് സ്വന്തം സ്വപ്‌നങ്ങളെന്നും അതിനുശേഷം മറ്റാരുടെയൊക്കെയോ സ്വപ്‌നങ്ങൾക്ക് കൂട്ടുപോവണമെന്നും ചുറ്റുമുള്ളവർ അവളുടെ മനസിലുറപ്പിച്ചിട്ടുണ്ടാവും അപ്പഴേക്കും.

അസാപ് (ASAP) ക്ലാസിൽ അറ്റന്റൻസ് ഷോർട്ടേജുള്ളതിനാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമെന്ന വിവരം അറിയിക്കാൻ ഒരു കുട്ടിയെ വിളിച്ചിരുന്നു. ഉമ്മയാണ് ഫോണെടുത്തത്.

“ഓള് ഇഞ്ഞി പരീക്ഷ എഴുതുമോന്നറിയൂല ടീച്ചറേ ”

“അതെന്തേ, സുഖമില്ലേ?

“അല്ലാ, ഓൾടെ കല്യാണം കഴിഞ്ഞു”

കഴിഞ്ഞ മാർച്ചിലാണ് പ്ലസ് ടു പരീക്ഷ കഴിഞ്ഞത്. ഇത് മെയ്, ഒരു മാസത്തിനുള്ളിൽ കല്യാണം. പതിനെട്ടാവാൻ കാത്തു നിൽക്കുകയായിരുന്നു പോലും. ഇവിടെ അവളുടെ പരീക്ഷ എഴുതാനുള്ള ബുദ്ധിമുട്ടായി അവർ പറഞ്ഞത്, അവളുടെ കല്യാണം കഴിഞ്ഞു എന്നാണ്. നോക്കൂ,  കല്യാണമാണിവിടെ ഒരു തടസമായി അവർ പറഞ്ഞിട്ടുള്ളത്. നിർഭാഗ്യകരമെന്നു പറയട്ടെ പഠനം, ജോലി തുടങ്ങിയവയുടെയൊക്കെ സമയം കല്യാണം വരെയാണെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ഇപ്പോഴും ഇവിടെയുണ്ടെന്നതാണ്.

‘എങ്ങനെയെങ്കിലും പ്ലസ് ടു കഴിഞ്ഞാൽ മതി’ എന്ന് ചിന്തിക്കുന്ന പെൺകുട്ടികളും ഉണ്ടെന്നത് മറ്റൊരു സങ്കടം. കാരണം അവളുടെ താത്തമാരുടെ കല്യാണമൊക്കെ ഈ പ്രായത്തിലാണ് നടന്നത് പോലും. പിന്നെ ഞാനൊന്നും സ്വപ്‌നം കണ്ടിട്ടൊരു കാര്യവുമില്ല എന്നവർ ചിന്തിക്കുന്നു.
നോക്കൂ, എത്രത്തോളം പ്രതീക്ഷയറ്റിട്ടാവും ഇങ്ങനെ ചിലരെങ്കിലും ജീവിക്കുന്നത്.

കേൾക്കുന്ന പലർക്കും അത്‌ഭുതം തോന്നാമെങ്കിലും ഇവിടെ ചില സ്ക്കൂളുകളിലും നടക്കുന്ന കാര്യം തന്നെയാണിത്. അത്രമേൽ പെൺകുട്ടികളുടെ മനസിൽ വേരുറച്ചിട്ടുണ്ട് പലരും തങ്ങളുടെ ഭാവി മുൻപേ വരച്ചു വെച്ചിട്ടുണ്ടെന്ന്, സ്വപ്‌നം കാണരുതെന്ന്!

വീട്ടിനുള്ളിൽ കൂടുതൽ പെൺമക്കൾ ഉണ്ടായാലോ നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യത്തിലോ പെൺകുട്ടികളെ അളന്ന്  ‘വിവാഹക്കമ്പോളത്തിൽ’ വിലയിടിയും എന്ന് ചിന്തിച്ച്കൂട്ടിയാണ് പല രക്ഷിതാക്കളും മക്കളെ പെട്ടെന്ന് കെട്ടിച്ചു വിടുന്നത്.

ഇനി ഇതൊന്നുമല്ല, ഒരു പ്രണയം മതി ഒരു പെൺകുട്ടിയെ പെട്ടെന്ന് കെട്ടിച്ചു വിടാൻ കാരണമായിട്ട്. കൂടുതൽ ‘പ്രശ്‌നങ്ങളു’ണ്ടാകുമെന്ന് കരുതിയാണ് അവളുടെ കല്യാണം പെട്ടെന്ന് നടത്തുക. നോക്കൂ.. പ്രണയത്തെപ്പോലും എത്ര ഭീതിയോടെയാണ് ആളുകൾ നോക്കിക്കാണുന്നത്. പരസ്‌പരം സ്‌നേഹിച്ചു എന്ന കാരണത്താലും തെറ്റാണെങ്കിൽ മറിച്ച് ചിന്തിക്കാനവസരം കൊടുക്കാതെയും വിവാഹം നടത്തുന്നു. എത്രമാത്രം സംഘർഷഭരിതമായിരിക്കും അവളുടെ മനസ്സ്!  ഒന്നാലോചിച്ചു നോക്കൂ..

നേരത്തെ കല്യാണം കഴിഞ്ഞ് വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുന്ന ഒരു പാട് കുടുംബങ്ങൾ ചുറ്റുമുണ്ട്. പക്ഷെ, അതിൽകൂടുതൽ, പുറമെ സന്തോഷം നടിച്ച് ഉള്ളിൽ നഷ്‌ടപ്പെട്ടു പോയ (തല്ലിക്കെടുത്തിയ) സന്തോഷത്തെക്കുറിച്ചോർക്കുന്നവരാണ്. ‘പെട്ടെന്നൊന്നും കെട്ടി കുടുങ്ങല്ലേ’ എന്ന് പറയുന്ന എത്രയോ പെൺകുട്ടികളുണ്ടിവിടെ. കല്യാണ ആലോചനകൾ ക്കിടയിൽ ‘എനിക്ക് കല്യാണം കഴിഞ്ഞും പഠിക്കണ’മെന്ന് തുറന്നു വെളിപ്പെടുത്തുന്ന പെൺകുട്ടികളുണ്ട്. കാരണം അവർക്കിങ്ങനെയൊരു നിബന്ധന മുന്നോട്ട് വെച്ചേ തീരൂ. കല്യാണം കഴിഞ്ഞ് അതൊക്കെ ലംഘിക്കപ്പെടുന്ന അവസ്ഥ ഒത്തിരിയുണ്ട്.

ഇവിടെയും സ്വന്തം പോക്കറ്റിൽ നിന്ന് സ്വാതന്ത്ര്യം എടുത്ത് തരാമെന്ന് പറയുന്നപോലെ കെട്ടുന്ന ചെക്കനും വീട്ടുകാർക്കും താൽപര്യമുണ്ടെങ്കിൽ തുടർന്നു പഠിക്കാം, ജോലിക്ക് പോകാം എന്നൊക്കെയാണ് മിക്കയിടത്തും അവസ്ഥ. പെണ്ണിന്റെ മുന്നിലെ വിശാലമായ വയസ്സുകൾ അച്ഛൻ  മറ്റൊരാണിന് കൈമാറുന്നു. ഇവിടെയും മിക്കയിടത്തും അമ്മമാർക്കു റോളില്ല എന്നത് ഖേദകരം തന്നെയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ഭർതൃവീട്ടിലെ എതിർപ്പ് വകവെക്കാതെ പഠനം തുടർന്നാലോ ജോലിയിൽ പ്രവേശിച്ചാലോ അഹങ്കാരിയെന്ന് മുദ്രകുത്തുന്നവരാണിവരിലേറെയും.

വീടിന് കാവലായിട്ടല്ല, അവളെ മനസ്സിലാക്കി അവളും ഞാനും കുടുംബത്തിന് കാവലാവുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരുപാട് പുരുഷൻമാരുണ്ടെന്നത് സന്തോഷപൂർവ്വം ഓർക്കുന്നു. നന്നായി പഠിച്ച്, നല്ല ജീവിതം നയിക്കുന്ന പെൺമക്കളെയും അവരുടെ കൂടെ അവരുടെ സ്വപ്‌നങ്ങൾക്ക് കൂട്ടു പോയ മാതാപിതാക്കളെയും ഓർക്കുന്നു.

മാനസികവളർച്ചയിൽ മുൻപന്തിയിലായിരിക്കില്ല മിക്ക പെൺകുട്ടികളും പതിനെട്ടിൽ. പലപ്പോഴും പാതി വഴിയിൽ നിറുത്തിയ പഠനം, കുറഞ്ഞ ലോക പരിചയം ഇതെല്ലാം കൊണ്ടാണ് ഇന്നത്തെ കാലത്ത് പലപ്പോഴും വിവാഹ ജീവിതങ്ങളിൽ വിള്ളലുകളുണ്ടാകുന്നത് പോലും. നന്നായി പഠിച്ചിരുന്ന കുട്ടികളെ ചെറുപ്രായത്തിൽ തന്നെ കുടുംബ ജീവിതത്തിലേക്ക് തള്ളിവിടുന്നതിനെ എങ്ങനെയാണ് നമുക്ക് ന്യായീകരിക്കാനാവുക? ചോദിക്കുന്നവരോട്, പഠനം കഴിഞ്ഞ് ജോലിയൊക്കെ കിട്ടിയിട്ട് കല്യാണമെന്ന് ഉറപ്പിച്ച് പറയുന്ന മാതാപിതാക്കളാണ് ഏതൊരു പെൺകുട്ടിയുടെയും അനുഗ്രഹം. വിവാഹമെന്നത് വളരെ സ്വാഭാവികമായി, സാധാരണമായി നടക്കേണ്ട കാര്യമാണെന്ന് മനസിലാക്കാൻ നമ്മളിനിയും എത്ര ദൂരം പോകണം?

‘ആദ്യം പOനം, പിന്നെ വിവാഹം’ എന്ന ഉറച്ച തീരുമാനം എടുക്കാൻ ഓരോ പെൺകുട്ടിയും തയ്യാറാവണം.

രക്ഷിതാക്കളേ.., നിങ്ങളൊന്നും ഇത്ര പേടിക്കേണ്ട ഒന്നല്ല കെട്ടോ ഈ പെൺമക്കൾ. നിങ്ങളവൾക്ക് വിദ്യാഭ്യാസം കൊടുത്തു നോക്കൂ.. അവളും നിങ്ങൾക്കഭിമാനം കൊണ്ടുവരും. എല്ലാം നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് തീരുമാനിച്ച് നടപ്പിലാക്കുന്നതിനു മുന്നേ നിങ്ങൾ അവളോട് അവളുടെ ഇഷ്‌ടത്തെക്കുറിച്ച് ചോദിക്കൂ.. മനോഹരമായ അവളുടെ ലോകത്തെക്കുറിച്ചവൾ പറയും. എത്തിപ്പെടാനാഗ്രഹിക്കുന്ന ലക്ഷ്യത്തെയവൾ അതിസുന്ദരമായി വർണിക്കും.. കണ്ണിലൊരാഴക്കടൽ ഇരമ്പുന്നത് നിങ്ങൾക്ക് കാണാം. ശക്‌തമായ അടിയൊഴുക്കുള്ള ഒരു മാരക ആഴക്കടൽ…

– ഷംന കോളക്കോടൻ

5 Comments
 1. P K N Nair 3 years ago

  Very good article, Shamna. The cruel and real facts stated in a lighter mode. Keep writing.

 2. Altaf 3 years ago

  ഇത്ര പേടിക്കേണ്ട ഒന്നല്ല കെട്ടോ ഈ പെൺമക്കൾ. നിങ്ങളവൾക്ക് വിദ്യാഭ്യാസം കൊടുത്തു നോക്കൂ.. അവളും നിങ്ങൾക്കഭിമാനം കൊണ്ടുവരും…. Very good article and message. Keep writing.

 3. Vipin 3 years ago

  Very good article, for every parents to think and follow.

 4. Prema 3 years ago

  Very good social message. Well written.

 5. Sunil 3 years ago

  Good note, written in a lighter way of a serious issue. Keep writing.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account