ഓരോ മനുഷ്യനും അവരുടെ ബാല്യത്തെ ഉള്ളിൽ പേറുന്നുണ്ട്. ആ അനുഭവങ്ങൾ, അത് മാധുര്യമേറിയതാകട്ടെ , കയ്പ്പേറിയതാകട്ടെ, അവരുടെ പിൽക്കാല ജീവിതത്തെ അത് സ്വാധീനിക്കാറുണ്ട് .അവരുടെ ചിന്തകളിൽ, എഴുത്തുകളിൽ ഒക്കെയും അതിൻറെ അനുരണനങ്ങൾ കാണാൻ കഴിയും. അതുകൊണ്ടു തന്നെ ഒരെഴുത്തുകാരനെ ആഴത്തിലറിയാൻ അയാളുടെ ബാല്യത്തേക്കുറിച്ച് അറിയാൻ ശ്രമിച്ചാൽ കഴിയും.

എഴുത്തുകാരുടെ ബാല്യത്തെക്കുറിച്ച് വായിക്കാൻ ഏറെ താല്പര്യപ്പെടുന്ന ഒരാളാണ് ഞാൻ. അവരുടെ കൃതികളെ അതെങ്ങനെയാണ് സ്വാധീനിക്കുക എന്നറിയാനുള്ള ഒരു കൗതുകം. പ്രശസ്തരായ എഴുത്തുകാർ പലരും ബാല്യത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് . മാർക്വേസിന്റെ ബാല്യകാല സ്മരണകളിൽ നിന്നാണ് മക്കോണ്ടോ  പിറക്കുന്നത് തന്നെ. ഏകാന്തതയുടെ നൂറു വർഷം ആരംഭിക്കുന്നത് ഒരു ബാല്യകാലസ്മൃതിയിൽ  നിന്നാണല്ലോ. സരമാഗോ,  മാർക്വേസ്, ഫ്രാൻസിസ് നൊറോണ, മാധവിക്കുട്ടി, ബഷീർ,  എംടി അങ്ങനെ എണ്ണമറ്റ എഴുത്തുകാർ ബാല്യത്തെക്കുറിച്ച് വിശദമായി തന്നെ എഴുതിയിട്ടുണ്ട്.   അനീസ് സലിമിന്റെ പുസ്‌തകങ്ങൾ വായിക്കുമ്പോൾ തന്നെ ഇതിൽ എത്രമാത്രം ജീവിതം ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ട്. പിന്നീട് അനീസ് സലിം ഒരഭിമുഖത്തിൽ സ്വന്തം അച്ഛനുമായിട്ടുണ്ടായിരുന്ന സങ്കീർണമായ ബന്ധത്തെക്കുറിച്ച് വിവരിച്ചപ്പോൾ അനീസിന്റെ  പുസ്‌തകങ്ങൾ ആ അനുഭവത്തെ എവിടെയൊക്കെയോ വരച്ചിട്ടിരുന്നല്ലോ എന്ന് തോന്നി.

ഒരു എഴുത്തുകാരനെ അയാളാക്കിത്തീർക്കുന്നതിൽ അഥവാ അയാളെ  സ്ഫുടം ചെയ്തെടുക്കുന്നതിൽ ബാല്യകാലത്ത് വളരെ പ്രാധാന്യമുണ്ട്. ബാല്യത്തിലെ ഓർമ്മകൾ ഉണ്ടായിരിക്കുക മാത്രമല്ല അതിനെ മറ്റൊരാൾക്ക് മുന്നിൽ  അതേ തീവ്രതയോടെ അവതരിപ്പിക്കാനും അനുഭവവേദ്യമാക്കാനും കഴിയുമ്പോഴാണ് അയാൾ വിജയിക്കുന്നത്.

കയ്‌പ്പേറിയ ബാല്യകാല അനുഭവങ്ങൾ ഉള്ളവർ ശരിക്കും ഒരു ഭാരം ചുമക്കുകയാണ്.  മറ്റൊരാളോട് പറഞ്ഞാൽ അത് നിസാരവത്ക്കരിക്കപ്പെടുമോ അല്ലെങ്കിൽ കളിയാക്കപ്പെടുമോ എന്ന ഭീതിയാൽ കാലങ്ങളോളം അവരത്‌ ഉള്ളിൽ പേറുന്നു.  അതിനാലവർ അതൊക്കെ തങ്ങളുടെ കൃതികളിൽ അതിവിദഗ്ധമായി ഒളിച്ചു വെക്കുന്നു; ചില വായനക്കാർക്കു മാത്രം കണ്ടെത്താനായി.

വിഖ്യാത റഷ്യൻ എഴുത്തുകാരനായ മാക്സിം ഗോർക്കിയെ ലോകമറിയുന്നത് ‘അമ്മ’ എന്ന കൃതിയിലൂടെയാണ്. എനിക്കാകട്ടെ ഏഴാം ക്ലാസിലെ അറുബോറൻ പാഠഭാഗം ആയാണ് “അമ്മ” ഓർമ്മവരിക. ആ പുസ്തകത്തിൻറെ ഏതോ ഭാഗത്തു നിന്നും അടർത്തിയെടുത്ത ഒരു അധ്യായം നമ്മെ എങ്ങനെ ആകർഷിക്കാനാണ്?? അല്ലെങ്കിൽ പഠിപ്പിക്കുന്ന അധ്യാപകർ കഥാസാരം ചുരുക്കി കുട്ടികളോട് പറയണം. എങ്കിൽ മാത്രമേ നമുക്കതിനോടൊരു ആകർഷണം അനുഭവപ്പെടൂ.

ആ പഴയ ഓർമ്മയുള്ളതിനാൽ ഗോർക്കിയുടെ പുസ്തകങ്ങളൊന്നും തന്നെ പിന്നീട്,,, വായിച്ചിട്ടില്ല.  അങ്ങനെയിരിക്കെയാണ്  ഗോർക്കിയുടെ Childhood എന്ന പുസ്‌തകം കൈയിലെത്തുന്നത്. ആത്മകഥകളിലെ ഒരദ്ധ്യായമായൊതുങ്ങാറുള്ള ബാല്യത്തെക്കുറിച്ച് മാത്രം ഒരു പുസ്തകമെഴുതണമെങ്കിൽ അത് വായിക്കപ്പെടേണ്ടതാണ് എന്ന തോന്നൽ എന്നിൽ ശക്തമാവുകയും വായിക്കാൻ തീരുമാനിക്കുകയും ചെയ്തു.

അലക്സി പെഷ്ക്കോവ് (1868-1936) എന്ന എഴുത്തുകാരന്റെ തൂലികാനാമമാണ് മാക്സിം ഗോർക്കി. “Childhood”, “My Apprenticeship”, “My Universities” എന്നീ മൂന്ന് പുസ്‌തകങ്ങളിലായിട്ടാണ് ഗോർക്കി തന്റെ ആത്മകഥയെഴുതിയത്. ലോകമറിയപ്പെടുന്ന എഴുത്തുകാരനാകുംമുൻപേ കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ വ്യക്തിത്വമാണ് ഗോർക്കിയുടേത്. യൗവനാരംഭത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ട, ദാരിദ്ര്യവും ദുരിതവും  നിരന്തരം വേട്ടയാടിയിരുന്ന ഗോർക്കി അവയെ ഒക്കെ അതിജീവിച്ചാണ് എഴുത്തിന്റെ വഴികളിലേക്കെത്തുന്നത്. റഷ്യൻ പുസ്‌തകങ്ങളിൽ പൊതുവേ ദുരിതവും യാതനകളുമൊക്കെയാണെന്ന് കളിയാക്കപ്പെടാറുണ്ട്. ജീവിതമാണ് എഴുത്തിന്റെ ആലയാകുന്നത് എന്നതാണ് സത്യം. അത്തരം യാഥാർത്ഥ്യങ്ങളുടെ തുറന്നെഴുത്താണ് Childhood.

Childhood ആരംഭിക്കുന്നത് തന്നെ ഗോർക്കിയുടെ അച്ഛന്റെ മരണത്തോടെയാണ്. തൊട്ടുപിന്നാലെ കുഞ്ഞനുജനേയും നഷ്ടമാകുന്ന അലക്സി(ഗോർക്കിയുടെ യഥാർത്ഥപേര്) തന്റെ മുത്തച്ഛനും കുടുംബത്തിനുമൊപ്പം താമസമാരംഭിക്കുന്നു.  അമ്മയോടൊരു ആത്മബന്ധമൊന്നും അലക്സിയിലുടലെടുക്കുന്നില്ല. അമ്മ അവനെ സ്വന്തം മാതാപിതാക്കളെ ഏൽപ്പിച്ച് യാത്ര തിരിക്കുകയും ചെയ്യുന്നു. ശിഥിലമായ കുടുംബ ബന്ധങ്ങളാണ് തനിക്കുള്ളത് എന്ന് അലക്സി മെല്ലെ തിരിച്ചറിയുന്നു. കഥകളിലുള്ള പോലുള്ള നൻമനിറഞ്ഞ മുത്തച്ഛനല്ല അവനുണ്ടായിരുന്നത്. മുൻകോപിയും വഴക്കാളിയുമായ മുത്തച്ഛൻ അവനെയെന്നല്ല ആ വീടിനെ മുഴുവൻ കിടിലം കൊള്ളിക്കുന്നു. അത്യാഗ്രഹികളും അസൂയാലുക്കളും പോരാത്തതിന് കടുത്ത മദ്യപാനികളുമായ അമ്മാവൻമാർ കൂടി ചേരുമ്പോൾ ശ്വാസം മുട്ടിക്കുന്ന ഒരവസ്ഥയാണ് കുഞ്ഞ് അലക്സിക്ക് അനുഭവപ്പെടുന്നത്. മുത്തശ്ശിയാണ് അവനെ സ്നേഹിക്കാനും അവനെ കേൾക്കാനും അവനോട് കാര്യങ്ങൾ പങ്കുവെയ്ക്കാനും തയാറാകുന്നത്. അവരെ കാര്യപ്രാപ്തിയും നേതൃഗുണവുമുള്ള ഒരുജ്ജ്വല വ്യക്തിത്വമായാണ് ഗോർക്കി ചിത്രീകരിക്കുന്നത്. സാമ്പത്തികമായി അവർ തകർച്ച നേരിടുമ്പോഴും, നിന്നെക്കൂടി പോറ്റാൻ എനിക്കു കഴിയില്ലെന്ന് പറഞ്ഞ് മുത്തച്ഛനവരെ തള്ളിക്കളയുമ്പോഴും അവർ അതിജീവനത്തിന്റെ വഴികൾ നിർഭയം തേടുന്നു. വരാനിരിക്കുന്ന സാമ്പത്തിക തകർച്ചയെ മുൻകൂട്ടി കണ്ട് മുന്നറിയിപ്പു നൽകാനും വഴക്കടിക്കുന്ന മക്കളെ ശാന്തരാക്കാനും ഒക്കെ അവർക്ക് കഴിയുന്നു.

അക്കാലത്തെ റഷ്യൻ സാമൂഹിക അവസ്ഥകളെ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ കാട്ടിത്തരികയാണ് ഗോർക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും കെട്ടുറപ്പില്ലാത്ത കുടുംബ വ്യവസ്ഥിതിയുമെല്ലാം childhoodൽ കാണാം.

അലക്സിയുടെ വ്യക്തിത്വം രൂപം കൊള്ളുന്നത് ഇത്തരം സാഹചര്യങ്ങളിലൂടെയാണ്. അവൻ അവൻപോലുമറിയാതെ ഉൾവലിഞ്ഞു തുടങ്ങുന്നു. ബാല്യത്തിനു മാത്രം പരിചിതമായ അതിരുകളില്ലാത്ത ആഹ്ളാദം അവന് അപരിചിതമാണ്‌. പരിമിതമായ സൗഹൃദങ്ങളൈ അവനുണ്ടാകുന്നുള്ളൂ, അവയും അധികം നീണ്ടുനിൽക്കുന്നുമില്ല. കളിച്ചു തിമിർക്കേണ്ട പ്രായത്തിൽ വേദനയും ഏകാന്തതയും പേറി ജീവിക്കേണ്ടിവരുന്ന അലക്സി മെല്ലെയാണ് അയൽപക്കത്തെ രണ്ടു കുട്ടികളുമായി സൗഹൃദത്തിലാകുന്നത്.  മറ്റൊരുതരം അനാഥത്വം പേറുന്ന അവരോട് അവന് വല്ലാത്തൊരടുപ്പം തോന്നുന്നുണ്ട്. എന്നാൽ പൊടുന്നനേ ആ സൗഹൃദം നിരോധിക്കപ്പെടുന്നു.

പുസ്‌തകത്തിലെ ഏറ്റവും മനോഹരമായ ഭാഗം അലക്സി മുത്തച്ഛന്റെ വീട്ടിൽ താമസക്കാരനായെത്തുന്ന ഒരാളുമായി സൗഹൃദത്തിലെത്തുമ്പോഴാണ്. ഒരു വിചിത്ര മനുഷ്യനായി എല്ലാവരും കരുതുന്ന, ഏകാകിയായ അയാളുമായുള്ള ബന്ധം അവന് പുതിയ ഉൾക്കാഴ്ച സമ്മാനിക്കുന്നു. അവന് സ്വയം തിരിച്ചറിയാനും കൂടുതൽ സന്തുഷ്ടനാകാനും ഈ സൗഹൃദം തുണയാകുന്നു. എഴുത്തിന്റേയും വായനയുടേയും വിദ്യാഭ്യാസത്തിന്റേയും പ്രാധാന്യവും അത് ജീവിതത്തിനു നൽകുന്ന തെളിച്ചവും മെല്ലെ,മെല്ലെ അലക്സി തിരിച്ചറിയുന്നു. തീർച്ചയായും ഗോർക്കിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ സൗഹൃദം. പക്ഷേ ഈ സൗഹൃദവും മുൻപത്തെപ്പോലെ പൊടുന്നനേ അവസാനിപ്പിക്കേണ്ടിവരുന്നു. പിന്നെ അലക്സി സൗഹൃദത്തിലാകുന്നവരും ഇതുപോലെ വേദനനിറഞ്ഞ ഹൃദയം പേറുന്നവരാണ്. ജീവിതം അതിന്റെ തീക്ഷ്ണതയാൽ അവരെ പൊള്ളിക്കുമ്പോഴും അവർ പരസ്പരം ചേർത്തുപിടിക്കുന്നുണ്ട്.

പുസ്‌തകം അവസാനിക്കാറാകുമ്പോൾ അലക്സിയുടെ അമ്മ മരണപ്പെടുന്നു. അതോടു കൂടി അവന്റെ മുത്തശ്ശി പറയുന്നുണ്ട് ഇനിയും അവനെ പോറ്റാനവർക്കാകില്ലന്നും സ്വന്തമായെന്തെങ്കിലും കണ്ടെത്താനും.

“So i got out into the world” എന്ന വാചകത്തോടെയാണ് പുസ്‌തകം അവസാനിക്കുന്നത്; അവന്റെ ബാല്യവും…

**************

എഴുതപ്പെട്ടിട്ട് നൂറുവർഷത്തോളമായെങ്കിലും “Childhood” ഇപ്പോഴും വായനാക്ഷമമാണ്. കാലം കുതിച്ചു പാഞ്ഞിട്ടുണ്ടാകും, എങ്കിലും അലക്സി കടന്നു പോയ ബാല്യം നമുക്ക് വരികൾക്കിടയിൽ അനുഭവിച്ചറിയാം. അവൻ നിശബ്ദം നീറുന്നത്, സ്നേഹരാഹിത്യത്തിലുലയുന്നത്,അവനിലേക്ക് മെല്ലെ മെല്ലെ ഏകാന്തത പടർന്നു കയറുന്നത്  ഒക്കെ നമുക്കറിയാൻ കഴിയുന്നു..ഗോർക്കിയുടെ പിൽക്കാലജീവിതവും രചനകളുമെല്ലാം ഈ ബാല്യത്തിനാൽ സ്വാധീനിക്കപ്പെട്ടിരിക്കാം.  പണ്ടാരോ പറഞ്ഞ പോലെ “A man is part his DNA. Part the unknown and part what he experience as a child”.

4 Comments
 1. VIPIN 2 years ago

  Nice !!

 2. VIPIN 2 years ago

  നന്നായി എഴുതി..
  Love it

 3. Saritha 2 years ago

  Really true…Childhood experience, interaction and living environment play pivotal role in a writer’s works.Beautifully said. Good job Mujeeb

 4. Achu 2 years ago

  Well written….liked ഉണ്ണിക്കുട്ടന്റെ ലോകം . നന്തനാരുടെ വായിച്ച ഒരു പുസ്തകമാണ്. കുട്ടികളുടെ മാനസിക ലോകം തുറക്കുന്ന ആത്മകഥകൾ മലയാളത്തിൽ കുറവാണ്.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account