എന്നത്തെയുംപോലെ ഓഫീസിലെ  തിരക്കിലേക്ക്  നടന്നു കയറി.  ഗുഡ് മോർണിംഗുകളും ചിരികൾക്കുമിടയിലൂടെഎന്റെ ക്യാബിനിലേക്കെത്തി.  വീട്ടിൽ നിന്നുള്ള  പതിവ് അമ്മയുടെ വിളിയെത്തി, ‘മോനെ, എന്തുണ്ട്?’.

‘പ്രത്യേകിച്ചൊന്നും ഇല്ല,  അമ്മ’. പതിവ്  ദിവസം, അമ്മയുടെ എന്നുമുള്ള ദീർഘനിശ്വാസത്തോടൊപ്പം എന്റെ മറുപടിയും അമ്മയുടെ  കാതിലെത്തി എന്നുള്ളത് തീർച്ചയായി!

‘അമ്മെ , ഒന്ന് സമാധാനമായിരിക്ക്’. അമ്മയുടെ മറുപടിയും  ഉടനടി എത്തി, ‘ഞാൻ സന്തോഷമായിരിക്കണെമെങ്കിൽ നിനക്ക് സന്തോഷം വേണം, അതോർമ്മയുണ്ടായാൽ മതി!’

‘ഇന്ന് പേരാമ്പ്ര യിലെ വാസുവിന്റെ മോൾടെ കുട്ടിയുടെ  ചോറൂണാ. ഞാനും  അമ്മിണിയും കൂടി അവിടെക്കിറങ്ങുകയാ.. ഉച്ചകഴിഞ്ഞേ എത്തു.  ഫോൺ അമ്മിണിയുടെ കയ്യിലുണ്ടാവും.’

അമ്മയോടുള്ള സംസാരത്തിനിടയിൽ  ക്യാബിനിലേക്ക്  അനിൽ ബാ‍ബു കയറിവന്നു. ആംഗ്യത്തിലൂടെ അവനോടിരിക്കാൻ പറഞ്ഞു. എന്റെ ആത്‌മാർഥ സുഹൃത്തും കോളേജിലും സ്‌കൂളിലും ഒരുമിച്ചു പഠിച്ചു എന്നുള്ള  ഒരു ടാഗും ഉണ്ട്. ഇന്നിവിടുത്തെ അക്കൗണ്ടന്റ് ആണവൻ.

അമ്മക്ക് കൂട്ടായി കൂടെത്താമസിപ്പിച്ചിരിക്കുന്ന അകന്ന ഒരു ബന്ധു അമ്മിണി.  അവരുടെ  ജോലി ആത്‌മാർഥതയോടെ ചെയ്യുന്നു എന്നുള്ള ഒരു സമാധാനം മാത്രം  ബാക്കി.

‘എന്നാൽ ശരിയമ്മേ, നാളെ വിളിക്കാം’.

‘പാവം നിന്റെ അമ്മ’, അനി പറഞ്ഞു നിർത്തി.  അനിൽ ബാബു എന്ന, അനി എന്ന് ഞാനും കുട്ടുകാരും മാത്രം വിളിക്കുന്ന, എന്റെ ആത്‌മാവിന്റെ സൂക്ഷിപ്പുകാരൻ.

ഈ ബ്രാ‍ഞ്ചിൽ ഞാൻ  ജോയിൻ ചെയ്യാനെത്തിയ ദിവസം, ആദ്യം  പരിചയപ്പെടാനെത്തിയ  അനി, സന്തോഷത്തോടെ വന്നു കെട്ടിപ്പിടിച്ചപ്പോൾ ഒരു ലോകം പിടിച്ചടക്കിയ സന്തോഷം ആയിരുന്നു. പ്രായത്തിന്റെ നരകയറിത്തുടങ്ങിയ എന്റെ  മുടിയും താടിയും അവന് അതിശയം മാത്രമായിരുന്നു!

കോളേജിലെ ഏറ്റവും സുന്ദരൻ, മസിൽ മാൻ കിരീടം ഇതെല്ലാം എന്നും  എന്റെ മാത്രം കുത്തകകൾ ആയിരുന്നു. പെൺപിള്ളാരുടെ ഒരു നീണ്ടനിരതന്നെ എന്നോടൊപ്പം എന്നുമുണ്ടായിരുന്നു. എങ്കിലും എന്റെ കൂടെ പഠിച്ചിരുന്ന, അധികം സംസാരിക്കാത്ത, എന്നാൽ പുസ്‌തകത്തിൽ നിന്ന് കണ്ണെടുക്കാതെ, എന്തൊക്കെയോ കുത്തിക്കുറിച്ചിരിക്കുന്നവൾ മാത്രമായിരുന്നു എന്റെ ചിന്തകളിലും നോട്ടത്തിലും. നീണ്ട തലമുടിയുള്ള അവളുടെ  ബെഞ്ചിനു നേരെപുറകിൽ  അൽപ്പനേരം നിന്ന് എന്നും സംസാരിക്കുക എന്നത്  എന്റെ സ്ഥിരം പതിവായിരുന്നു. കുളികഴിഞ്ഞ് അഴിച്ചിട്ട കുളിപ്പിന്നലിൽ തിരുകിയ തുളസിക്കതിരും, അതിൽ നിന്നുള്ള  നനുത്ത മണവും എന്നും എന്റെ  കോളേജിന്റെ ദിവസത്തിന്റെ  തുടക്കങ്ങൾ മാത്രമായിരുന്നു. അതവൾ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നതാണ് എന്റെ ആവേശത്തിന്റെ ഏറ്റവും പ്രസക്‌തമായ ഭാവം. അനിയെപ്പോലുള്ള ചില കൂട്ടുകാരൊഴിച്ച് ആർക്കും തന്നെ അറിയല്ലായിരുന്നു. എന്നാൽ  അനിക്കൊപ്പം, ശോഭ, രാജേഷ്, ജ്യോതി, ജാൻസി, സുധീർ എന്നീ എന്റെ  കൂട്ടുകാർക്കറിയാമായിരുന്നു അടങ്ങാത്ത, അവേശത്തോടെയുള്ള എന്റെ സ്‌നേഹം.

‘അമ്മയായിരുന്നോ?’, അനിയുടെ ചോദ്യം എന്നെ ഓർമ്മകളിൽ നിന്ന്  തട്ടിയുണർത്തി.

‘ആ.., അമ്മയാ, പതിവ് ചോദ്യങ്ങളും. എന്താ ഇന്നത്തെ അജണ്ട, അനി?’

‘പ്രത്യേകിച്ചൊന്നും ഇല്ല. ടാക്‌സിന്റെ  ചെറിയ ഇഷ്യൂ ഉള്ള ഒരു  ഹൌസ് വൈഫ്  ഒരു പെറ്റീഷൻ തന്നിട്ടുണ്ട്.  ഞാനില്ലാത്തപ്പോ വന്ന്  അവർ ഇവിടെ ആരെയോ വന്നു കണ്ടിരുന്നു. ഒരു  കംപ്ലെയിന്റ് തന്നിട്ടുണ്ട്’.

‘ഒകെ അനി’. അതും കേട്ട്  എഴുനേറ്റു പോകുന്നതിനിടയിൽ  അനി പറഞ്ഞു, ‘ആ പേപ്പറുകളെല്ലാം നിന്റെ ഡേ റ്റു ഡേ ആക്റ്റിവിറ്റി ഫയയിൽ വച്ചിട്ടുണ്ട്’.

വീണ്ടും ദിവസത്തിന്റെ സ്ഥിരം ജോലിത്തിരക്കുകളിൽ മുഴുകി.  വൈകിട്ട് പോകാനിറങ്ങിയപ്പോൾ സ്ഥിരം പതിവുപോലെ ഡേ റ്റു ഡേ ആക്റ്റിവിറ്റി ഫയൽ അലസമായി ലാപ്‌ടോപ് ബാഗിലേക്കിട്ടു. അതിൽ നിന്ന്  പൊഴിഞ്ഞ് താഴേക്കൊരു പേപ്പർ തെറിച്ചു വീണു. പേപ്പറെടുത്ത് തിരിച്ചു നോക്കിയപ്പോൾ ഒരു നിമിഷത്തേക്ക്  എന്റെ സപ്‌തനാടികളും തളർന്നു. പേപ്പർ തിരിച്ചുവെച്ച്, ലാപ്‌ടോപ്  ബാഗും എടുത്ത് കാറിൽക്കറി. ഓർമ്മകൾ  വണ്ടിയുടെ സ്‌പീഡിനൊപ്പം കാടുകയറി.

എല്ലാ കുട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങാതെ  ഞാൻ  അവളോട് നേരിട്ടെന്റെ സ്‌നേഹം പറഞ്ഞറിയിച്ചില്ല… ഒരിക്കലും.

ശോഭ എന്നോട് പറഞ്ഞു നിർത്തി,  ‘നമ്മൾ പി ജി ക്ലാസ്സിലാണ്. അവളുടെ വീട്ടുകാർ കല്യാണാലോചനകൾ തുടങ്ങിക്കാണും. രണ്ടാമതൊന്ന് ചിന്തിക്കാൻ അവൾക്ക് പോലും സമയം കിട്ടില്ല. ഈ മാസം നീ പറയണം, രാമചന്ദ്രാ..’

അവിടേക്ക്  നടന്നടുത്ത രാജേഷ് പറഞ്ഞു, ‘പറ്റില്ലെങ്കിൽ  പറയടാ, ഞാനും ഒത്തിരി ഇഷ്‌ടപ്പെട്ട ഒരു കുട്ടിയാ അവൾ.  എന്റെ അപ്പനൊടും അമ്മയോടും മിണ്ടേണ്ട ആവശ്യമേയുള്ളു. നാളെ  മോതിരം മാറും.  വേണോ?’

‘രാജേഷ്, ആനക്കാര്യത്തിനിടയിലാ അവന്റെ മോതിരം മാറൽ’. ശബ്‌ദം   പൊങ്ങുന്നതുകേട്ട്  ജ്യോതി ഓടിയെത്തി. ‘ഹെല്ലോ കല്യാണപ്പാർട്ടി ക്ലാസ്സിൽ വരെ കേൾക്കാം. അവളിറങ്ങി വരും, എന്നിട്ട് ഇവിടെ സ്വയംവരം നടത്തേണ്ടി വരും മിക്കവാറും. ഒന്ന് പതുക്കെയാക്കൂ’. അതോടെ  തിരിച്ചെല്ലാവരും ക്ല്ലാസിലേക്ക് മടങ്ങി.

ആ മാസം പരീക്ഷയുടെ അവസാനത്തെ ദിവസം. ജ്യോതിയുടെ അസമയത്ത് വന്ന ഒരു ഫോൺ എന്റെ അമ്മയെവരെ  സംശയത്തിന്റെ മുൾമുനയിൽ നിർത്തി.

‘ജ്യോതി. നിന്റെ കൂടെ പഠിക്കുന്നതാണെന്ന് പറയുന്നു’.  അമ്മ ഫോൺ എന്റെ കയ്യിൽ തന്നു.

‘രവീന്ദ്രാ, ഞങ്ങൾ പേടിച്ചപോലെ പറ്റി.. അവളുടെ കല്ല്യാണം  നിശ്ചയിച്ചു. അടുത്താഴ്ച്ച ഗുരുവായൂരിൽ വെച്ച് കല്ല്യാണം! നിന്നോട് മര്യാദക്ക് പറഞ്ഞതല്ലെ അവളോടൊന്ന്  സൂചിപ്പിക്കയെങ്കിലും ചെയ്യാൻ… കേട്ടില്ല, അനുഭവിക്ക്…’ അവളുടെ സകല ദേഷ്യവും  ചേർത്ത് അവൾ ഫോൺ താഴെവെച്ചു.

അന്ന് ആ ഫോൺ വീണ ശബ്‌ദത്തിനൊപ്പം ഞനെന്റെ  ഹൃദയം കൊട്ടിയടച്ചു.  എന്റെ അമ്മക്കും അന്നു മനസ്സിലായി, ഞാനും എന്റെ ഹൃദയവും മരവിച്ചു എന്ന്. അതിന്റെ  മാറ്റൊലികൾ അവരുടെ  പൊക്കിൾക്കൊടിയും അനുഭവിച്ചു കാണും. എന്നോടൊപ്പം എന്റെ അമ്മയും എന്റെ വേദനകളുടെ പങ്കാളിയായി!

വർഷങ്ങൾ കാറ്റ് പോലെ ഓടി മറഞ്ഞു. മഴപോലെ ഹൃദയം കരഞ്ഞൊഴുകി. എന്നിട്ടും  രാവിനും പകലിനും  മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല. പതിവായി  ഓടിയെത്തി. എന്നും സന്ധ്യയിൽ  നിലവിളക്കിന്റെ വെളിച്ചത്തിൽ എന്റെ അമ്മക്കൊപ്പം നാ‍മം ജപിച്ച്, കുറിതൊട്ട് ഞാൻ  നടന്നകന്നു എന്റെ മുറിയിലെ മൌനത്തിന്റെ പാട്ടിന്റെ താളത്തിലേക്ക്…

എന്റെ ചുവടുവെപ്പുകൾ കാതോർത്തിരുന്ന അമ്മ, എന്റെ മുറിയുടെ വാതിലിന്റെ ശീൽക്കാര ശബ്‌ദത്തോടൊപ്പം കണ്ണീർച്ചാലുകൾക്ക് സ്വാഗതം ഏകി, എന്നും! 33  വർഷങ്ങളായിട്ടും അമ്മയുടെ പാട്ടിന്റെ ശീലുകളും മാറിയില്ല, അന്നും ഇന്നും.

‘എന്തെ നീ കണ്ണാ‍, എനിക്കെന്തെ തന്നില്ല കൃഷ്‌ണതുളസിക്കതിരായി ജന്മം’.

വീടിന്റെ പടിവാതിക്കൽ വണ്ടി നിർത്തി, ബാഗുമായി   വീടുതുറന്ന് അകത്തേക്ക് നടന്നതേ ലാപ്‌ടോപ് ബാഗ്  തുറന്ന് ഫയൽ എടുത്തു.

ഫയലിൽ നിന്ന് ആധാർകാർഡിന്റെയും, പാൻകാർഡിന്റെയും ഫോട്ടോകോപ്പി പേപ്പർ വീണ്ടും എടുത്ത് എന്റെ  കസേരയിലേക്ക് ചാഞ്ഞിരുന്നു. വിറക്കുന്ന കൈകളിൽ ഇരുന്ന അവളുടെ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരിന്ന എന്റെ ചിന്തകൾ വീണ്ടും ഭ്രാന്തമായി  ഉയർത്തെഴുന്നേറ്റത് ഞാൻ തന്നെ മനസ്സിലാക്കി.

പേപ്പറിന്റെ താ‍ഴെ എഴുതിയിരുന്ന  മോബൈൽ നമ്പറിൽ  കണ്ണുടക്കി. വേണോ, വിളിക്കണോ? സംശയത്തോടെ ആണെങ്കിലും നമ്പർ ഡയൽ ചെയ്‌തു.

‘ഹലോ, ഇത് രാമചന്ദ്രൻ ആണ്. ടാക്‌സ് ഓഫീസിൽ നിന്നാണ്’.

‘ആ, ഒകെ സർ, ഞാൻ കഴിഞ്ഞാഴ്ച്ച ഒരു നിവേദനം കൊടുത്തിരിന്നു’.

എന്റെ  ഇടറിയ ശബ്‌ദം ശ്രദ്ധിച്ചിട്ടാണോ എന്നറിയില്ല,  നന്നായി കേൾക്കാൻ മേല, ഒന്നുറക്കെ പറയുമോ?

‘ആ, നാളെ 10 മണിക്ക് ഓഫീസിൽ വരാൻ വേണ്ടി വിളിച്ചു പറഞ്ഞന്നേയുള്ളു. നിങ്ങൾ തിരുവനന്തപുരത്താണെല്ലൊ അല്ലെ?’

‘അതെ, സർ, ഞാൻ നാളെ എത്തിക്കോളാം’

ഫോൺ വെച്ചുകഴിഞ്ഞപ്പോഴും ശക്‌തമായടിക്കുന്ന എന്റെ നെഞ്ചിടിപ്പിനൊപ്പം ഞാൻ മനസ്സിലാക്കി, ഇതവൾതന്നെ. ആ സ്വരം എനിക്കൊരിക്കലും തെറ്റില്ല, ഏതു പ്രായത്തിലും!

രാവിലെ വരെയുള്ള സമയം ഒരു യുഗം പോലെ ഞാൻ തള്ളി നീക്കി. രാവിലെ തൂത്തുവാരാൻ വരുന്ന  വിജയനെ, വൈകിട്ടു വരൂ എന്ന  മറുപടിയോടെ  8 മണിക്കേ കാറിൽ ഓഫീസിലേക്ക് തിരിച്ചു.

പോകുന്ന വഴി മൊബൈലിൽ  അനിയെ വിളിച്ച്, നേരത്തെ ഒഫീലെത്താൻ പറഞ്ഞു,  എന്താ, എന്തുപറ്റി, എന്നുള്ള  അവന്റെ ചോദ്യത്തിനു മറുപടി, എന്റെ ഫോൺ ഓഫ് ചെയ്‌ത ടോൺ ആയിരുന്നു.

രാവിലെ എത്തുന്ന ക്ലീനേഴ്‌സിനു എന്റെ  നേരത്തേ വരവിൽ  പ്രത്യേകതയൊന്നും തോന്നിയിരുന്നില്ല.  പതിവുപോലെ അസമയത്തെഴുന്നേറ്റാൽ നേരത്തെതന്നെ ഓഫീസിൽ എത്താറുണ്ട്.

ഒരു ചായ എത്തിയ കൂട്ടത്തിൽ ധൃതിപ്പെട്ട് അനിയും ഓടിക്കയറി വന്നു.

‘എന്താ, എന്താ?

ഫയൽ തുറന്ന് അനിയുടെ മുന്നിലേക്ക്  നീട്ടി.   അതും വാങ്ങി, തളർന്ന പോലെ അവൻ  കസേരയിലേക്ക്  ഇരുന്നു!

‘ഇത് ……?’

‘നീ ഈ ഫയൽ കണ്ടില്ലെ, അവളിവിടെ വന്നപ്പോ  നീ ഇല്ലായിരുന്നോ?’

‘ഇല്ല,  അനിതയുടെ നെയ്ബർ ആണവരെ ഇവിടെ കൊണ്ടുവന്നത്. അതുകൊണ്ട് കാര്യങ്ങളും പേപ്പറും നിവേദനവും എഴുതിപ്പിച്ച്, ഫയലിൽവെച്ച് നിന്റെ മേശപ്പുറത്ത് വെച്ചേക്കാൻ പറഞ്ഞു ഞാൻ.

അനിയുടെ പരവേശം എനിക്കു ഏതാണ്ട് ഊഹിക്കാം. ‘എടാ ഇതിൽ എഴുതിയിരിക്കുന്നത് വെച്ച് നോക്കുമ്പോ, അവളുടെ ഭർത്താവ്…’

‘ആ.. ഞാൻ കണ്ടു. ഡീറ്റെയിൽസ്  അതിലുണ്ടെല്ലോ! നീ ഇതിന്റെ  എൻക്വയറി പേപ്പേഴ്‌സ് ഒന്ന് തയ്യാറാക്കു. ഞാൻ  അവരോട് 10 മണിക്കെത്താൻ  പറഞ്ഞിട്ടുണ്ട്’.

‘നീ വിളിച്ചോ അവളെ? പുള്ളിക്കാരിക്ക് മനസ്സിലായോ?’

‘ഇല്ലെന്ന് തോന്നുന്നു. എന്തായാലും വരട്ടെ.  നീ പേപ്പേഴ്‌സ്   തയ്യാറാക്കു’.

എന്റെ  ആകാംഷയുടെ  നെല്ലിപ്പലക ഇല്ലാതാവുന്നത് അനിക്ക്  മനസ്സിലായി എന്നു തോന്നി.

ഹാൻഡ് കർച്ചീഫ് എടുത്ത് മുഖം തുടച്ച് ഞാൻ കസേരയിലേക്കിരുന്നു,  ചായക്കപ്പുമായി.

10 മണിയാകാനുള്ള താമസം എന്തേ എന്നു തീർച്ചപ്പെടുത്താൻ  ഞാൻ  ക്ലോക്കിൽ തന്നെ  നോക്കിയിരുന്നു. കണ്ണാടി ക്യാബിനിലൂടെ എത്തിയ  പഴയകൂട്ടുകാരിയെയും സുഹൃത്തും അനിതയുടെ  അടുത്തേക്ക്  നടന്നടുക്കുന്നത്  നോക്കിയിരുന്നു.

അനിതക്കൊപ്പം എന്റെ ക്യാബിനിലേക്കെത്തിയപ്പോൾ അനിത പരിചയപ്പെടുത്തി; ‘ശാന്തി, ഇത് ഞങ്ങളുടെ സുപ്പീരിയർ രാമചന്ദ്രൻ’.

അവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു, ‘ആ എനിക്കറിയാം, ഞങ്ങൾ ക്ലാസ് മേറ്റ്‌സാണ്. ഇന്നലെ തോന്നിയിരുന്നു,  ഇന്നു കാണുമ്പോൾ  ചോദിക്കാം എന്നു കരുതി’.

മനസ്സിൽ  തോന്നിയ  ഏതോ ഒരു വേദന ഇല്ലാതായതു പോലെ. എന്നെ മറന്നിട്ടില്ല!

കാര്യവിവരങ്ങൾ എല്ലാം ശേഖരിക്കുന്ന, പറഞ്ഞു മനസ്സിലാക്കുന്ന കൂട്ടത്തിൽ, ചോദ്യങ്ങളും സംശയങ്ങളും ഇടകലർന്ന അവളുടെ നോട്ടങ്ങൾ എന്നെയും  വിഷമിപ്പിക്കുന്നുണ്ടായിരുന്നു.

‘സാരമില്ല, ഇത് ഒരാഴ്ച്ചക്കകം ശരിയാകും. ഹസ്ബന്റിന്റെ  സർട്ടിഫിക്കറ്റുകൾ  കൂടി അറ്റാച്ച് ചെയ്‌താൽ മതി’. ഞാൻ  പറഞ്ഞു നിർത്തി!

എന്റെ പ്രയാസം  മനസ്സിലാക്കിയിട്ടോ എന്തൊ, ശാന്തി പറഞ്ഞു, ‘പുള്ളികാരൻ എനിക്കൊപ്പം ഉണ്ട്, രവീന്ദ്രാ. വളരെ ശക്‌തമായ ഒരു ജീവിതരീതി എനിക്ക്  പരിചയപ്പെടുത്തിയിട്ടാണ് ഏട്ടൻ എന്നെ വീട്ടുപോയത്. അതും പോയിട്ടൊന്നും ഇല്ല, ഇന്നും എന്റെ കൂടെത്തന്നെയുണ്ട്’.

‘ജീവിതം അല്ലെ  ശാന്തി, എല്ലാം സധൈര്യം നേരിടുക, പിന്നെ  സഹായത്തിനും, സഹകരണത്തിനുമായി ഞങ്ങളൊക്കെ ഇല്ലെ, ശാന്തി. അനിൽ ബാബുവും  ഈ ബ്രാഞ്ചിൽ തന്നെയുണ്ട്’.  ഫോണെടുത്ത് അനിയെ  ക്യാബിനിലേക്ക്  വിളിച്ചു വരുത്തുന്നതിനിടയിൽ പറഞ്ഞു.

‘ഓ..  അതറിഞ്ഞില്ല’, തിരിഞ്ഞ് ക്യാബിൻ തുറന്നുവന്ന അനിയെ നോക്കി ശാന്തി പറഞ്ഞു.

‘വർഷങ്ങളായല്ലോ, ശാന്തി.  എന്തായാലും തനിക്ക് മാറ്റം ഒന്നും ഇല്ല’. അനി പറഞ്ഞു നിർത്തി.

‘എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ’.

‘എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ  അനിയുടെ  നമ്പർ കൂടി വെച്ചോളു’. അനിയുടെ കാർഡ് കൂടി കൊടുത്തു. ‘ഞാൻ  വിളിച്ചോളാം ശാന്തി’.

നടന്നു മറഞ്ഞ ശാന്തിയുടെ  പുറകേ എന്റെ കണ്ണുകളും  ചെന്നെത്തി.

രാത്രി ഏറെക്കഴിഞ്ഞ് അന്ന് നല്ല മഴയും ആസ്വദിച്ച്, കയ്യിൽ എടുത്ത ഒരു  വിസ്‌കി ഗ്ലാസ്സുമായി ഞാൻ  തിണ്ണയിലിരുന്നപ്പോൾ പതിവ് ഫോൺ എത്തി, അമ്മയുടെ. ലാൻഡ് ലൈനിൽ.

‘ആ..  അമ്മെ, എന്തുണ്ട് ?’  എന്റെ അത്രയും ശബ്‌ദത്തിൽ നിന്ന് അമ്മ എന്റെ  സന്തോഷത്തിന്റെ ഏടുകൾ വായിച്ചെടുത്തു!

‘ഇന്ന് ശാന്തിയും…., എന്തെങ്കിലും  വിവരം..’ അമ്മ അർദ്ധോക്തിയിൽ നിർത്തി.

‘ഇന്ന് ഓഫീസിൽ ടാക്‌സിന്റെ കാര്യത്തിനായി വന്നിരുന്നു അമ്മെ. മുതിർന്ന കുട്ടികൾ ഒക്കെയുണ്ട്. അതുപോലൊക്കെയിരിക്കുന്നു’. ഭർത്താവിന്റെ വിവരങ്ങൾ അമ്മയോട്  പറഞ്ഞില്ല. വെറുതെ അമ്മയുടെ പ്രതീക്ഷകൾ വീണ്ടും ചിറകുമുളക്കും എന്നറിയാവുന്നതിനാൽ മൌനം പാലിച്ചു.

‘ആ സന്തോഷമായി. നീ ഒന്ന് അയഞ്ഞു, റിലാക്‌സ് ആയല്ലൊ’

‘ആ.. അമ്മെ, മൊബൈൽ  അടിക്കുന്നു  ഞാൻ രാവിലെ വിളിക്കാം കേട്ടോ,  ഗുഡ് നൈറ്റ്’.

മുറിയിലേക്ക്  നടന്നടുത്ത എന്നെ അതിശയിപ്പിച്ചുകൊണ്ട് ശാന്തിയായിരുന്നു അങ്ങെത്തലക്കൽ!

‘ഹല്ലോ, ശാന്തി’

‘ആ… രാമചന്ദ്രൻ, ഞാൻ ഇത്രനേരം അനിയോട് സംസാരിക്കയായിരുന്നു. നമ്മുടെ കോളേജും കൂട്ടുകാരും അനിലും കുറെനാൾ  കത്തിലൂടെയും ഫോണിലൂടെയും ബന്ധമുണ്ടായിരുന്നു. അന്ന് എന്നോട് രാമചന്ദ്രന് എന്നെ ഒത്തിരി ഇഷ്‌ടമുണ്ടായിരുന്നു എന്നൊക്കെ  പറഞ്ഞിരുന്നു.

എന്റെ സപ്‌തനാടികളും തളർന്ന് ഞാൻ കട്ടിലേക്കിരുന്നു.

‘എന്നിട്ടും, ശാന്തി…’

എന്റെ  മുറിഞ്ഞു പോയ വാക്കുകൾക്ക്  മറുപടിയായി ശാന്തി ഇങ്ങോട്ട് പറഞ്ഞു, ‘വളരെ ഉയരങ്ങളിൽ എത്തണം എന്നും, പഠിത്തം ആയിരിക്കണം  പ്രധാ‍നം എന്നൊക്കെ ചിന്തിച്ച കാലങ്ങൾ ആയിരുന്നു, രാമചന്ദ്രൻ, അക്കാലങ്ങൾ. അതിൽ ഇങ്ങനെയൊരു വശം ഞാൻ ചിന്തിച്ചിരുന്നേയില്ല! പക്ഷെ ഒന്നുണ്ട്, അന്നും  എനിക്കറിയാമായിരുന്നു.  പറഞ്ഞിരുന്നെങ്കിൽ…’ അർദ്ധോക്തിയിൽ ശാന്തി നിർത്തി.

‘ഇന്നിനി അതൊന്നും  ഓർക്കണ്ട ശാന്തി… അതൊരു കാലം, ഇന്നതെല്ലാം നന്മുടെ നല്ല ഓർമ്മകൾ മാത്രം. അതൊക്കെ മനസ്സിലാക്കാനും  മുന്നോട്ട് പോകാനും ശാന്തിക്ക് കഴിയുന്നു എന്നുള്ളത് ശാന്തിയുടെ ഭർത്താവിന്റെ ശക്‌തമായ സാന്നിദ്ധ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഭാവമാണ്. വെരി ഹാപ്പി ഫോർ യു’.

‘അതെ അതുതന്നെയാണ് രവീന്ദ്രാ എനിക്കും പറയാനുള്ളത്. ഇനിയും നമുക്ക് നല്ല സുഹൃത്തുക്കളായിത്തന്നെ  തുടരാം. ഗുഡ് നൈറ്റ്’.

ശാന്തി ഫോൺ വച്ചപ്പോൾ ഞാൻ മനസ്സിലാക്കി എന്റെ കണ്ണു നിറഞ്ഞൊഴുകയായിരുന്നു എന്ന്. എന്നാൽ ആ കണ്ണുനീരിനൊപ്പം എനിക്ക് സധൈര്യം വിളിക്കാനും സംസാരിക്കാനും ശാന്തി എന്റെ കൂടെയുണ്ട് എന്നുള്ള സന്തോഷത്താൽ നിറഞ്ഞൊഴുകിയതായിരുന്നു എന്ന് ഞാൻ മാത്രം നീട്ടിയ കയ്യിൽ വീണ മഴയോടൊപ്പം മനസ്സിലാക്കി!

സപ്‌ന അനു ബി ജോർജ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account