ധീരവും സാഹസികവുമായ ഒരു റിലീസ് ആണ് “മൈ സ്റ്റോറി” എന്ന റോഷ്‌നി ദിനകർ ചിത്രത്തിന്റേത്.

AMMAയിലെ കോളിളക്കത്തിന് ശേഷം മലയാളസിനിമയിലെ ആദ്യത്തെ പ്രധാന റിലീസ്  താരസംഘടനയുടെ അധിപത്യത്തിനെതിർവശത്തു നിന്നാണെന്നത് ശ്രദ്ധേയമാണ്. താരസംഘടനയിലെ പൊട്ടിത്തെറികണ്ട്  പ്രേക്ഷകർ വരില്ലെന്ന് പേടിച്ചിട്ടാവണം ‘തീവണ്ടി’ എന്ന ടോവിനോപ്പടം അവസാന നിമിഷത്തിൽ റിലീസ് മാറ്റിവച്ചത്. (പ്രേക്ഷകർ മുഴുവൻ ലോകകപ്പ് ഫുട്ബോൾ ജ്വരത്തിലായതിനാൽ തിയേറ്ററിൽ ആള് കേറില്ലെന്നു കരുതീട്ടുമാവാം). പുതുമുഖങ്ങളുടെ കിടു, പെട്ടിലാംബ്രട്ട എന്നീ സിനിമകളായിരുന്നു കഴിഞ്ഞയാഴ്ച്ച ഇറങ്ങിയത്. ഈയാഴ്ച്ചയാകട്ടെ സ്വന്തം അഭിപ്രായവും വ്യക്‌തിത്വവും പണയം വെക്കാത്ത അഭിനേതാക്കളായി ജനം വിലയിരുത്തുകയും അതേ കാരണത്താൽ വിവിധ ഫാൻസ്‌ കൂട്ടങ്ങളുടെ നാലാംകിട തെറിവിളികളും  ഭീഷണികളും നേരിടേണ്ടി വരികയും ചെയ്‌തവർ അഭിനയിക്കുന്ന  “മൈ സ്റ്റോറി”. പാർവതിയെ അഭിനയിപ്പിക്കുന്ന സിനിമകൾ കൂവിത്തോൽപ്പിക്കുമെന്നു പരസ്യമായി വെല്ലുവിളിക്കുന്ന സിനിമാവിരുദ്ധർക്കും സാമൂഹ്യവിരുദ്ധർക്കും നൈസായിട്ടുള്ള   മറുപടിയാണ് ഈ റിലീസ്.

തികച്ചും യാദൃശ്ചികമായി അതേ  ദിവസം തന്നെയാണ്  ‘കരിന്തണ്ടൻ’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കേരളം ഏറ്റെടുക്കുന്നത്. സിനിമാലോകത്തെ അടക്കി ഭരിക്കുന്ന ഒരു സംഘടനയുടെയും ഭാഗമല്ലാത്ത ലീല എന്ന യുവതി സംവിധാനം ചെയ്യുന്ന പ്രോജക്‌ട് നിർമ്മിക്കുന്നത് AMMAയുടെ സ്‌ത്രീവിരുദ്ധ നടപടികൾക്കെതിരെ ശക്‌തമായ നിലപാടെടുത്ത  രാജീവ് രവി-ഗീതു മോഹൻദാസ് ടീമാണ്. ‘അവളോടൊപ്പം’ ധീരതയോടെ നിന്ന  വിനായകൻ എന്ന  യഥാർത്ഥ പ്രതിഭ നായകനാകുന്നു.

അങ്ങനെ പതിറ്റാണ്ടുകളായുള്ള താരാധിപത്യ സമവാക്യങ്ങൾ പൊളിഞ്ഞു പോകുന്ന സാഹചര്യത്തിലാണ്  റോഷ്‌നി ദിനകർ എന്ന നവാഗത സംവിധായികയുടെ ‘മൈ സ്റ്റോറി’ കാണുന്നത്.

നയനമനോഹരമായ ഒരു പ്രണയചിത്രമാണ്‌ മൈ സ്റ്റോറി. മലയാളസിനിമയിൽ കണ്ടിട്ടില്ലാത്ത  പോർച്ചുഗലിന്റെ അതുല്യസുന്ദരമായ പശ്ചാത്തലത്തിൽ ചിത്രീകരിച്ച  റൊമാൻസ് കാണുമ്പോൾ ഓരോ ഫ്രെയിമിലും കണ്ണും മനസ്സും കുളിർക്കുന്നുണ്ട്.  ഛായാഗ്രഹണത്തിൻ്റെ  ക്രെഡിറ്റ് രണ്ടു പേർക്കാണ് –  ഡൂഡ്‌ലി, വിനോദ് പെരുമാൾ (ചെന്നൈ എക്‌സ്‌പ്രസ് ടീം).  പ്രകൃതി ദൃശ്യങ്ങൾ, വാസ്‌തുകല, ഹെറിറ്റേജ്, ഫുട്ബോൾ  എന്നിങ്ങനെ പോർച്ചുഗലിലേക്കുള്ള  ഒരു ഗംഭീര  സഞ്ചാരാനുഭവമാണ് മൈ സ്റ്റോറി സമ്മാനിക്കുന്നത്.

ഷാൻ റഹ്‌മാൻ – ഹരിനാരായണൻ ടീമിന്റെ പാട്ടുകളും രാജ നാരായൺ ദേബിന്റെ പശ്ചാത്തല സംഗീതവും  നല്ല ഒഴുക്കിൽ സിനിമയെ കൊണ്ട് പോയി. പാർവതിയുടെ പെർഫോമൻസും  സംഗീതവും ദൃശ്യങ്ങളും കൃത്യമായി മിശ്രണം ചെയ്‌ത്‌ ഗംഭീരമായി പ്രണയത്തെ ആവിഷ്‌കരിച്ച്  സംവിധായിക വൈദഗ്ധ്യം തെളിയിക്കുന്നു.

ദൃശ്യചാരുതയ്ക്കപ്പുറം മൈ സ്റ്റോറിയെ സമ്പന്നമാക്കുന്നത് പാർവതിയാണ്. അതുല്യമായ ഊർജ്ജത്തോടെ വ്യത്യസ്‌തരായ രണ്ടു കഥാപാത്രങ്ങളെ പാർവതി അവതരിപ്പിച്ചിരിക്കുന്നു. മലയാളത്തിലെ നായികാ നടിമാരിൽ പാർവതിക്ക് പകരം വയ്ക്കാൻ തൽലം മറ്റാരുമില്ല എന്ന്, കൂവാൻ കയറിയ ശിങ്കിടിമുണ്ടന്മാർക്കു വരെ ബോധ്യപ്പെട്ടിട്ടുണ്ടാവും. ( സിനിമ തുടങ്ങി കുറേനേരം കഴിഞ്ഞപ്പോൾ ബഹളംവെച്ചുകൊണ്ട് കയറി വന്ന അഞ്ചെട്ടുപേർ മൊബൈൽ ഫോണിൽ പടമെടുത്തും തറ നിലവാരമുള്ള  കമന്റുകളടിച്ചും ഉറക്കെ സംസാരിച്ചും അലമ്പുണ്ടാക്കി. റൊമാന്റിക് സീനുകളിൽ മാനസികരോഗികളെപ്പോലെ  മുക്രയിട്ടു. രണ്ടു കാലങ്ങൾ മാറിമാറി വരുന്ന സിനിമ ഇടയ്ക്കുവച്ച് കണ്ടപ്പോൾ ഒന്നും പിടികിട്ടാത്തതുകൊണ്ടാവണം  ചുംബന രംഗം കഴിഞ്ഞപ്പോൾ കൂട്ടത്തോടെ ഇറങ്ങിപ്പോയി).

ജയ് എന്ന മുഴുനീള കഥാപാത്രത്തിൽ പൃഥ്‌വിരാജിന് വ്യത്യസ്‌തമായൊന്നും ചെയ്യാനില്ലായിരുന്നു. മൈ സ്റ്റോറി എന്ന് അയാൾ പറഞ്ഞത് യഥാർത്ഥത്തിൽ അവളുടെ കഥയായിരുന്നു. നായകനെക്കാൾ നായികക്ക് മാർക്ക് കിട്ടുന്ന ഒരു സിനിമയോടൊപ്പം നിന്ന പൃഥ്‌വിരാജിനെ അഭിനന്ദിക്കണം. പക്ഷേ,  പ്രായമുള്ള വേഷത്തിൽ അദ്ദേഹത്തിന്റെ പെർഫോമൻസ് സാമാന്യം ബോറായിരുന്നുവെന്ന് പറഞ്ഞേ പറ്റൂ. സെല്ലുലോയിഡും വിമാനവുമൊക്കെ അവർത്തിക്കുന്നതെന്തിന്?

മനോജ് കെ ജയനും നന്ദുവും മണിയൻപിള്ള രാജുവുമാണ് സിനിമയിലെ സീനിയർ താരങ്ങൾ. ചെറിയ വേഷങ്ങളിൽ. ഗണേഷ് വെങ്കിട്ടരാമൻ ഡേവിഡ് എന്ന ‘പണക്കാരൻ’ വില്ലനെ അവതരിപ്പിക്കുന്നു. പേരിനൊരു പതിവ് വില്ലൻ – അത്രേയുള്ളു.

പക്ഷേ, ‘മൈ സ്റ്റോറി’യിൽ ഒരു ഗംഭീര വില്ലനുണ്ട്.  സിനിമയുടെ യഥാർത്ഥ വില്ലൻ!  ശങ്കർ രാമകൃഷ്‌ണന്റെ തിരക്കഥയാണത്! എൺപതുകളിൽ മനോരമയിലും മംഗളത്തിലുമൊക്കെ വായിച്ച നോവലുകളെ സിനിമ കാണുന്നതിനിടയിൽ പലവട്ടം ഓർത്തുപോയി! അക്കാലത്തോ അതിനു മുൻപോ വന്ന സിനിമകളെയും! ജയ് നായകനാകുന്ന ആദ്യ സിനിമയെക്കുറിച്ച്  അവനും താരയും പറയുന്ന  കമന്റുകൾക്ക്  ‘മൈ സ്റ്റോറി’യുടെ തിരക്കഥ അടിവരയിടുന്നു.

– ഉമേഷ് വള്ളിക്കുന്ന്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account