എൻ. പ്രഭാകരൻ മാഷിന്റെ ‘ഒരു തോണിയുടെ ആത്‌മകഥ’ വായിച്ചു. ഈ തോണി ഒൻപതു കടവുകളിലൂടെയാണ് തുഴഞ്ഞു നീങ്ങുന്നത്. അവിടെ ഓരോരോ കാഴ്ച്ചകൾ കടത്തുകാരൻ (എൻ. പ്രഭാകരൻ മാഷ്) കാട്ടിത്തരുകയാണ്.

‘പൂവൻകോഴി’ എന്ന കഥ അന്ധമായ ദൈവ വിശ്വാസത്തിന്റെ മറ്റൊരു ആഖ്യാനമാണ്. കഥയിലെ മുഖ്യ കഥാപാത്രമായ ജീവന എന്ന പെൺകുട്ടിക്ക് എൻട്രൻസാണ് ലക്ഷ്യം.  ഡോക്‌ടറാകാൻ പറ്റിയിലെങ്കിൽ ആത്‌മഹത്യ ചെയ്‌തുകളയും എന്ന് പറയുന്ന ചില വിദ്യാർത്ഥികളെപ്പോലെയൊന്നുമല്ല ജീവന. പക്ഷേ ഡോക്‌ടറാവുന്നില്ലെങ്കിൽ മറ്റൊന്നുമാവുന്നില്ല എന്ന കടുത്ത തീരുമാനമെടുക്കുന്നു അവൾ. ഒരു കല്ല്യാണമൊക്കെ കഴിച്ച് ശിഷ്‌ടകാലം കഴിച്ച് കൂട്ടാൻ ജീവന തയ്യാറാണ്. കല്ല്യാണം നടന്നു കാണാനുള്ള അച്ഛന്റെ തീവ്ര ആഗ്രഹം കാരണം കാവിൽ ദേവിക്കു വഴിപാടായി  കോഴിയെ നേദിക്കാൻ തയ്യാറാകുന്നു അച്ഛനും, ജീവനയും. ഈ കടവിലെ കാഴ്ച്ചകൾ എന്നെ വല്ലാതെ ചിരിപ്പിച്ചു. വിശ്വാസത്തിനും, വിശ്വാസ സംരക്ഷണത്തിനും പേരുകേട്ട നാടാണല്ലോ നമ്മുടെ കേരളം. ഫലപ്രാപ്‌തിക്കായ് മലയാളി എന്തും ചെയ്യും. ഒരു സാധുജീവിയെ നിർദാക്ഷിണ്യം തിരുസന്നിധിയിൽ തുണ്ടം തുണ്ടമാക്കുന്ന ഈ പ്രവൃത്തിയെ എങ്ങനെയാണ് ദൈവത്തിനുള്ള നൈവേദ്യമെന്നു പറയുന്നത്? ഇത്തരം ക്രൂരാചാരങ്ങൾ നിർത്തലാക്കുക തന്നെ വേണം.  അനാചാരങ്ങൾക്ക് പിന്നിൽ പോകുന്ന തനി മലയാളികളെ കളിയാക്കുകയാണ് കടത്തുകാരൻ.

മറ്റൊരു കടവിൽ ഞാൻ കണ്ടത് കടുത്ത യുക്‌തിവാദിയായ ‘ശിവദാസൻ’ മാഷിനെയാണ്. മതത്തിനും വിശ്വാസത്തിനും എതിരെ  വാതോരാതെ സംസാരിക്കും ശിവദാസൻ മാഷ്. ജാതിയും മതവുമില്ലാത്ത ഒരു മനുഷ്യൻ. യുക്‌തിവാദികളായ നിരവധി സുഹൃത്തുക്കളുമുണ്ട് മാഷിന്. അവരോടൊപ്പമുള്ള സംഭാഷണങ്ങൾ പക്ഷേ  ഭാര്യക്കും മകൻ ജീവേഷിനും ഇഷ്‌ടമല്ല. പെട്ടെന്നാണ് ശിവദാസൻ മാഷിന്റെ ജീവിതത്തിൽ അത് സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ മരണം. മാഷിന്റെ മരണം ഭാര്യക്കും, മകൻ ജീവേഷിനും, സുഹൃത്തുക്കൾക്കും താങ്ങാൻ സാധിച്ചില്ല. മരണശേഷം അദ്ദേഹത്തിനു തന്റെ സകല യുക്‌തികളും വാദങ്ങളും ഉപേക്ഷിക്കേണ്ടി വരുന്നു. എന്തിലാണോ വിശ്വസിച്ചത് അതു നഷ്‌ടപ്പെടുന്നു. എന്താണോ സ്വന്തം ജീവിതത്തിലൊരിക്കലും സംഭവിക്കരുതെന്നു ചിന്തിച്ചത് അതൊക്കെത്തന്നെ നടക്കുന്നു. മരണം മനുഷ്യനെ നിസഹായനാക്കുന്നുവെന്ന് ഈ കഥ പറയുന്നു

മനസ്സിൽ തട്ടിയ മറ്റൊരു കഥ ‘കൂളിപാതാളമാണ്’. ജീവിതത്തിന്റെ കനത്ത നീരൊഴുക്കിൽ ജന്മദേശത്തു നിന്ന് എങ്ങോട്ടെന്നില്ലാതെ ഒഴുകി അകന്ന ഒരു മനുഷ്യനാണ് കഥാനായകൻ. അദ്ദേഹത്തിന്റെ പേര് ‘മോഹൻ’ എന്നാണ്. മോഹൻ ഉദ്യോഗലബ്‌ധിക്ക് ശേഷം സ്വന്തം ഗ്രാമത്തിൽ നിന്നും സ്വയം പറിച്ച് നടുന്നു. അതിലൂടെ അയാൾക്ക് നഷ്‌ടപ്പെടുന്നത് സുഹൃത്ത് സദുവിനെയും, സ്വന്തം അനിയത്തിയെയുമാണ്. ജോലിയിൽ നിന്ന് മോഹൻ വിരമിച്ചപ്പോൾ അയാൾക്ക് വല്ലാത്തൊരു ഏകാന്തത. പണ്ട് ജോലിയുണ്ടായിരുന്ന കാലത്ത് പലവിധ തിരക്കുകളുമുണ്ടായിരുന്നു. സായാഹ്ന പത്രത്തിൽ തൂലികാനാമം ഉപയോഗിച്ചുള്ള കോളമെഴുത്തും, ആർട്‌സ് സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനവും എല്ലാം കൂടി ഒന്നിനും നേരമില്ലായിരുന്നു മോഹനന്. എന്നാൽ പെട്ടെന്ന് കാലം മോഹനന്റെ ജീവിതം മാറ്റിമറിക്കുന്നു. ഔദ്യോഗിക ജീവിതത്തിന് ശേഷം എല്ലാത്തിനോടുമുള്ള മോഹനന്റെ താത്‌പര്യം നാമാവശേഷമായി.

റിട്ടയർ ജീവിതം എങ്ങനെയെങ്ങിലും തള്ളിനീക്കാൻ ശ്രമിക്കുമ്പോൾ അയാൾ പഴയ തന്റെ ഗ്രാമത്തിലേക്ക്, അതിന്റെ വിശുദ്ധിയിലേക്ക് വഴി നടക്കാൻ ആഗ്രഹിക്കുന്നു. മോഹനൻ, ജനിച്ച ‘കുന്നോരം’ എന്ന ഗ്രാമത്തെയും, സഹോദരിയെയും, സുഹൃത്തായ സദുവിനെയും വളരെയധികം ഇഷ്‌ടപ്പെടുന്നു. ഒപ്പം കൂളിപാതാളവും. നരിയുടെ കോട്ടയാണ് കൂളിപതാളം. കുട്ടിക്കാലത്ത് കൂളിപാതാളത്തിലേക്ക് ചെന്ന് നരിയെ കാണാൻ ശ്രമിച്ചിട്ടുണ്ട് മോഹനനും സദുവും.  പാതിവഴിയിൽ ഉപേക്ഷിച്ച ഒരു സാഹസിക യാത്ര. കൂളിപാതാളമാണ് മോഹനനെ കുന്നോരത്തേക്ക് ആകർഷിക്കുന്നത്. മനുഷ്യന്റെ ജീവിതാവസ്ഥകളും, അടങ്ങാത്ത അവന്റെ സാഹസിക ത്വരതയും അനുഭവവേദ്യമാക്കുകയാണ് ‘കൂളിപാതാളം’ എന്ന കഥ.

‘ശ്വാസഗതി’ എന്ന കഥയിൽ ശ്വാസം മുട്ടലിന് മുൻപിൽ കീഴടങ്ങേണ്ടി വരുന്ന  രോഗിയെയും, ഒരു കടൽക്കരയിൽ അയാൾ സാക്ഷിയാകുന്ന ഒരു വിചിത്ര ദൃശ്യവും കാണാം. ‘ലവർമുക്ക്’ എന്ന കഥ ഒരു സ്ഥാലനാമ ചരിത്രമാണ് വിശദീകരിക്കുന്നത്. അത് ലവർ എന്ന കുരങ്ങിന്റെ കഥയാണ്. തന്റേടമുള്ള നാടിന്റെ ധീരപുത്രനായ ധിമിനെയും, അവനെ വാഴ്ത്തുന്നവരെയും അവനെ ചുറ്റിപ്പറ്റി കഥകളുണ്ടാക്കുന്ന നാട്ടുകാരെയുമാണ് ‘ശത്രു മിത്രം’ എന്ന കഥയിൽ കാണാൻ കഴിയുന്നത്.

എൻ. പ്രഭാകരൻ മാഷിന്റെ ഓരോ കഥകളും ജീവൻ തുടിക്കുന്നവയാണ്. ഒൻപത് കടവുകളും കഴിഞ്ഞ് അക്കരെയെത്തുമ്പോൾ വായനക്കാരൻ ഒരു നിമിഷം എങ്കിലും തുഴഞ്ഞു നീങ്ങിയ കടവുകളും, കടത്തുകാരൻ ഒരുക്കിവെച്ച കാഴ്ച്ചകളും ഓർത്ത് ഓർത്ത് ഒന്ന് അമ്പരക്കും എന്ന് തീർച്ച. കാരണം അപൂർവ്വതകളുടെ കടവുകളിലൂടെയാണ് ഈ തോണി ഒഴുക്കിനൊത്തും ചിലപ്പോൾ  ഒഴുക്കിനെതിരെയും ഒഴുകുന്നത്.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account