നാലു ചുമരുകൾ
മനസ്സാക്ഷി സുക്ഷിപ്പുകാരാണ്…
മാറ്റൊലി കൊണ്ടേക്കമായിരുന്ന
ഗദ്ഗദങ്ങളെ ഒളിപ്പിച്ചവർ…
ചാരിയിരുന്നപ്പോളൊപ്പിയെടുത്ത
എണ്ണക്കറയിലൂടെ
വിഷാദങ്ങളെ ഒപ്പിയെടുത്തവർ…
ആണികളിൽ തൂങ്ങിയാടിയ
കലണ്ടറിലെ കാത്തിരിപ്പുകളും,
നീക്കിയിരിപ്പുകളും കണക്കുകളും
ഹൃദിസ്ഥമാക്കിയവർ…
പതിച്ചു വെച്ച ചിത്രങ്ങളിലെ
പറയാത്ത കഥകളും
അസത്യമായ ചിരികളും
കാപട്യവും
തിരിച്ചറിഞ്ഞവർ…
നഗ്നതയുടെ സൌന്ദര്യവും
തീക്ഷ്ണതയും നുകർന്നവർ…
നാലു ചുമരുകൾ
മനസ്സാക്ഷി സൂക്ഷിപ്പുകരാണ്…
ശബ്ദമില്ലാതാകപ്പെട്ട
സൌഹൃദത്തിന്റെ
വാഴ്ത്തപ്പെടാത്ത വിശുദ്ധർ…
