വീണ്ടും ഒരോണം കൂടി പുലര്‍ന്നിരിക്കുന്നു. ഓണമില്ലെങ്കില്‍ മലയാളിയില്ല. ഭാഷ പിറക്കുന്നതിനും മുമ്പ് മലയാളി സമൂഹത്തെ ഒന്നിപ്പിച്ച ഓര്‍മയും കിനാവുമാണ് ഓണം. ഓണത്തിന്‍റെ നേരവകാശികള്‍ മലയാളികള്‍ മാത്രമല്ല. ലോകത്തിലെ ഒട്ടെല്ലാ സമൂഹങ്ങളിലും ഓണമെന്ന സങ്കല്‍പമുണ്ട്.

“പല ദേശത്തില്‍, പല വേഷത്തില്‍
പലപല ഭാഷയില്‍ ഞങ്ങള്‍ കഥിപ്പൂ
പാരിതിലാദിയിലുദയം ചെയ്തു-
പൊലിഞ്ഞൊരുപൊന്നോണത്തിന്‍ ചരിതം” എന്ന് വൈലോപ്പിള്ളി.

ഓണത്തിന്‍റെ യഥാര്‍ഥമായ ഉത്‌ഭവം ‘അസ്സീറിയ’യില്‍ നിന്നാണെന്നാണ് പല ചരിത്ര ഗവേഷകരും എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം. അസുരന്‍മാര്‍ എന്ന നരവംശത്തിന്‍റെ നാടാണ് അസ്സീറിയ എന്നാണ് ഈ ചരിത്രപാഠം. ഏതോ കാലത്ത് അസ്സീറിയില്‍ ‘നിനേവ’ തലസ്ഥാനമാക്കി ഭരണം നടത്തിവന്ന ‘അസുര്‍ബനിപാല്‍’ എന്ന രാജാവോ ആ വംശത്തിലെ വൈല ശബ്‌ദത്തോടുകൂടിയ മറ്റേതെങ്കിലും അസ്സീറിയന്‍ രാജാവോ ആയിരിക്കാം മഹാബലി എന്ന് എന്‍ വി കൃഷ്‌ണവാര്യരും നിരീക്ഷിച്ചിട്ടുണ്ട്.

അസ്സീറിയയില്‍ നിന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലേയ്ക്കും വ്യാപിച്ച നരവംശങ്ങളില്‍ കേരളീയര്‍ മാത്രമാണ് ‘ഓണ’ത്തെ ഇത്രയും കാലം വിടാതെ നെഞ്ചേറ്റി നിലനിര്‍ത്തിയത്. സംഘകാലത്ത് തമിഴകത്ത് ഓണമുണ്ടായിരുന്നതിന് ‘തിരുപല്ലാണ്ട്’ പോലുള്ള സംഘം കൃതികള്‍ തെളിവു തരുന്നുണ്ട്. എന്നാല്‍ കാലാന്തരത്തില്‍ തമിഴകവും ഓണത്തെ കയ്യൊഴിഞ്ഞു.

എന്നാല്‍ മലയാളികളുടെ സമൂഹം സ്വന്തം ദേശത്തു മാത്രമല്ല ചെന്നനാട്ടിലൊക്കെയും ഓണത്തെ അവരുടെ സ്വത്വത്തിന്‍റെ ഭാഗമായി കൊണ്ടുനടന്നു. ജാതി, മത, വര്‍ണ, വര്‍ഗ, ലിംഗഭേദമേതുമില്ലാതെ ഓണസങ്കല്‍പ്പത്തെ കലാനുസൃതമായി ആധുനീകരിച്ചു. ഇന്ന് മലയാളികളുള്ള നാട്ടിലൊക്കെ, ലോകത്തെവിടെയായാലും ഒരു വലിയ മാനവോത്സവമായിത്തന്നെ ഓണമുണ്ട്. പ്രവാസികള്‍ക്കിടയിലാണ് നാട്ടിലുള്ളതിനേക്കാള്‍ ഗംഭീരമായ, എല്ലാ വിഭാഗീയതകള്‍ക്കുമതീതമായ ഓണാഘോഷമുള്ളത്. കേരളത്തിലെ ആദ്യത്തെ പ്രവാസിയാണല്ലോ മഹാബലി. ആണ്ടിലൊരിക്കല്‍ മാത്രം നാട്ടില്‍ വന്നുപോവാനവകാശമുള്ള ആ മാവേലിയുടെ പിന്‍മുറക്കാരാണ് പ്രവാസികളായ മലയാളികളൊന്നടങ്കം. ഓണം അങ്ങനെ പ്രവാസത്തിന്‍റെ സ്‌നേഹോത്‌സവമാകുന്നു.

ഒരു സങ്കല്‍പമെന്നനിലയില്‍ സഹസ്രാബ്‌ദങ്ങളായി ഓണം മലയാളികള്‍ക്കൊപ്പമുണ്ടെങ്കിലും സാമൂഹിക സമത്വത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളീയ പൊതുസമൂഹത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ഓണമുണ്ടായതെന്നുമുതലാണെന്നു ചിന്തിച്ചാലോ?

‘ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍ത്തന്നെ’ യായിരുന്ന കാലം മറക്കാവുന്നത്ര പിന്നിലല്ല. ഉപരിവര്‍ഗം ഓണം കെങ്കേമമായി ആഘോഷിക്കുമ്പോള്‍, ഒരു വലിയ മനുഷ്യസമൂഹം കേരളീയ ജീവിതത്തിന്‍റെ അടിത്തട്ടില്‍ അടിമകളെപ്പോലെ കഴിഞ്ഞിരുന്നു. കിടപ്പാടമില്ലാതെ, ഉടുതുണിക്കു മറുതുണിയില്ലാത്ത, അന്നമില്ലാത്ത, വേലയ്ക്കു കൂലി കിട്ടാത്ത ആ അടിമസമൂഹത്തിന് സ്വന്തം ശബ്‌ദമുണ്ടായിരുന്നില്ല, സങ്കല്‍പമുണ്ടായിരുന്നില്ല, സംഘബോധമുണ്ടായിരുന്നില്ല; വയര്‍നിറഞ്ഞ ഓണവും പെരുന്നാളുമുണ്ടായിരുന്നില്ല. ജാതിമത വിഭാഗീയതകള്‍ അവരെ ശിഥിലമാക്കുകയും ചെയ്‌തിരുന്നു. സാമൂഹിക നീതിയുടെ ഭാഗമായി എല്ലാവര്‍ക്കും തൊഴില്‍, സാമൂഹിക പരിരക്ഷ, മെച്ചപ്പെട്ട വേതനം, കുടികിടപ്പവകാശം, കൃഷിഭൂമി കര്‍ഷകനു നേടിക്കൊടുക്കല്‍, തൊഴിലവകാശങ്ങളുടെയും പൗരാവകാശങ്ങളുടെ സംരക്ഷണം, സമാധാനപൂര്‍ണമായ സാമൂഹ്യജീവിതം-ഇതെല്ലാം ഇടതുപക്ഷ-പുരോഗമനപ്രസ്ഥാനങ്ങള്‍ ഭൗതികലക്ഷ്യം തന്നെയായി സ്വപ്‌നം കണ്ടതാണ്. നിരന്തരസമരങ്ങളിലൂടെ കുറെയൊക്കെ ആ സ്വപ്‌നം നേടിയെടുത്ത കാലത്തു മാത്രമെ കേരളത്തില്‍ എല്ലാവരും ഓണമുണ്ണുന്ന യാഥാര്‍ഥ്യം സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ടുള്ളൂ.

ആ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഈയാണ്ടിലും ഓണം പുലരുന്നത്. ആഗോളീകരണത്തിന്‍റെയും ഉദാരീകരണത്തിന്‍റെയും സാമ്പത്തിക-രാഷ്ട്രീയക്കരാറുകള്‍ കൊണ്ട് പുതിയ ഭരണകൂട വാമനന്‍മാര്‍ അടിസ്ഥാനജനവര്‍ഗത്തിന്‍റെ ജീവിക്കാനുള്ള മണ്ണും ആകാശവും ഇന്ന് അളന്നെടുക്കുകയാണ്. മൂന്നടി മണ്ണിനും കരാര്‍ കൊണ്ട് മുച്ചൂടും കൈക്കലാക്കുന്ന ഈ പ്രച്ഛന്ന വാമനന്‍മാരെ നേരിടാതെ പണിയെടുത്തു പൊറുക്കുന്ന വര്‍ഗത്തിനു നേരെ ചൊവ്വെ ഓണമുണ്ണാന്‍ കഴിയുകയില്ല. ഓണക്കഥയുടെ രാഷ്‌ട്രീയ പാഠം അതാണ്.

ഭൂമി കൈക്കലാക്കുന്നവരുടെ രാഷ്‌ട്രീയം മഹാബലിയുടെ കാലത്തും ഇന്നും ഒരുപോലെയാണ്. കാല്‍ച്ചോട്ടിലെ മണ്ണ് നാമറിയാതെ അളന്നെടുക്കപ്പെട്ടാല്‍പ്പിന്നെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തപ്പെടുകയായിരിക്കും ഏതു സമത്വവ്യവസ്ഥയുടെയും വിധി.

ഓണം കേവല കാല്‍പനികതയുടെ ഗൃഹാതുരമായ ഒരോര്‍മയല്ല. സമത്വത്തിലേയ്ക്കു മുന്നേറാന്‍ വെമ്പുന്ന ജനവര്‍ഗത്തിന്‍റെ ഇച്ഛയും കര്‍മശേഷിയുമാണ്. സമൂഹത്തില്‍ സാക്ഷാല്‍ക്കരിക്കുമ്പോള്‍ മാത്രമെ ഏതു സ്വപ്‌നവും അര്‍ഥപൂര്‍ണമാവുന്നുള്ളൂ. ഓണ സങ്കല്‍പത്തിന്‍റെ വര്‍ഗപരമായ ഉള്ളടക്കം ഇതാണ് – നമ്മുടെ ഓണങ്ങള്‍ നിരന്തര ജാഗ്രതയും പോരാട്ടവും കൊണ്ടു നാം തന്നെ സൃഷ്‌ടിക്കേണ്ടിയിരിക്കുന്നു. ആരും ഔദാര്യമായി തരുന്നതാവരുത് ഓണം.

2 Comments
  1. കണക്കൂർ 4 years ago

    ഹൃദയത്തിലേറ്റിടേണ്ട വരികൾ…
    നന്ദി ആലങ്കോട് മാഷ്..
    നന്ദി ജ്വലനം ടീം

  2. Ravi Punnakkal 4 years ago

    പുതുനിരീക്ഷണം നന്നായി. മാഷെ.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account