അത്യുന്നതമായ ബൗദ്ധിക ശേഷിയും വിവേകപൂർണമായ രാഷ്‌ട്രീയ നിലപാടുകളും ശാസ്‌ത്ര ബോധവുമുള്ളവർ എന്ന് അഭിമാനിച്ചിരുന്ന മലയാളി സമൂഹം തെരുവിൽ ശരണം വിളിച്ചും ഭജന നടത്തിയും പേക്കൂത്തുകൾ കാണിച്ച് നടക്കുന്നത് കണ്ട് അമ്പരന്ന് നിൽക്കുകയാണല്ലോ നമ്മളിൽ ചിലരെങ്കിലും. ഇത്രേയുണ്ടായിരുന്നുള്ളൂ മലയാളിയുടെ സാംസ്‌കാരിക ഔന്നത്യം എന്ന ബോധ്യപ്പെടൽ ശരിക്കും ആൾക്കൂട്ടത്തിനു നടുവിൽ നഗ്നരാക്കപ്പെട്ടതു പോലെ നമ്മെ നാണം കെടുത്തുന്നു.

അവസര വാദ രാഷ്‌ട്രീയത്തിന്റെ മുതലെടുപ്പു ശ്രമങ്ങളേയും അധികാര ഭ്രാന്തിന്റെ നൈതികതാ രാഹിത്യങ്ങളേയും മറ്റും മറ്റും കുറ്റപ്പെടുത്തുമ്പോഴും നമുക്കു സംഭവിച്ച ഒരു വലിയ വീഴ്ച്ചയെ തിരിച്ചറിയേണ്ടതുണ്ട്. യാഥാസ്ഥിതികത്വത്തോടും ആചാര പ്രമാണങ്ങളോടും നാം പൊരുതി നേടിയ നവോത്ഥാന മൂല്യങ്ങൾ നിലനിർത്തുന്നതിലും തലമുറകളിലേക്ക് കൈമാറുന്നതിലും നാം അമ്പേ പരാജയപ്പെട്ടു എന്നതാണത്. കഴിഞ്ഞ ആറേഴു ദശാബ്‌ദങ്ങൾ നാം മുന്നോട്ടല്ല പിന്നോട്ടാണ് നടന്നത് എന്ന പേടിപ്പെടുത്തുന്ന യാഥാർഥ്യമാണത്.

സംഘടിത മതങ്ങളേയും അവയുടെ മത രാഷ്‌ട്രീയ ബാന്ധവങ്ങളേയും കുറിച്ച് ഗിരിപ്രഭാഷണങ്ങൾ നടത്തുന്ന നമ്മളിതാ ദൈവത്തെ രക്ഷിക്കാൻ തെരുവിലിറങ്ങിയിരിക്കുന്നു. ദൈവത്തെ സംരക്ഷിക്കാൻ തന്നെയാണ് മുസ്ലീം തീവ്രവാദികൾ ജോസഫ് മാഷുടെ കൈ വെട്ടിയത്. ദൈവത്തെ രക്ഷിക്കാൻ തന്നെയാണ് സിറിയയിലും യമനിലും ബുദ്ധിയും ബോധവുമില്ലാത്ത, മതാന്ധ്യവും അധികാര ഭ്രാന്തും സമാസമം ചേർന്ന അതി തീവ്ര മത വിശ്വാസികൾ മനുഷ്യനെ കൊന്നൊടുക്കുന്നത്. അതേ വഴിയാണ് ഹിന്ദുക്കളും (അങ്ങനെ ബ്രാന്റ് ചെയ്യപ്പെട്ടവർ) ചെയ്യുന്നത് എങ്കിൽ നമ്മളെവിടെയാണ് ചെന്നെത്തുക എന്നതിന് ചരിത്രം സാക്ഷി പറയട്ടെ.

നവോത്ഥാനത്തിന്റെ സാമൂഹ്യ മൂല്യങ്ങൾ പരിരക്ഷിക്കപ്പെടേണ്ടതാണ് എന്ന കാര്യത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾ അക്ഷന്തവ്യമായ അവധാനതയും കുറ്റകരമായ അനാസ്ഥയും പുലർത്തി എന്ന സത്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല. ജാതീയതയും മതബോധവും നമ്മെ പിന്നോട്ട് നയിക്കുമെന്ന് ആവർത്തിച്ചു കിട്ടിയ മുന്നറിയിപ്പുകൾ അവഗണിച്ചത് കേവലം നിസ്സാരമെന്ന തോന്നൽ കൊണ്ടു മാത്രമല്ല. അധികാരത്തോടുള്ള വിധേയത്വത്തിന്റെ ഉൽപ്പന്നം കൂടിയായിരുന്നു ആ നിശ്ശബ്‌ദത. ഓരോ ജാതിയും ജാതിയുടെ പേരിൽ തന്നെ സംഘടിച്ചപ്പോഴോ, ജാതി പറയുന്നത് അഭിമാനമാണെന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചപ്പോഴോ ഒന്നും അതിനെ ചെറുത്തു നിൽക്കാൻ നവീകരണ പ്രസ്ഥാനങ്ങളൊന്നും ശ്രമിച്ചില്ല. എന്നു മാത്രമല്ല, അത്തരം സമ്മർദ്ദ സംഘങ്ങളെ തങ്ങളോടൊപ്പം നിർത്താൻ മത്‌സരിക്കുകയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുൾപ്പെടെയുള്ളവർ ചെയ്‌തത്.

കഴിഞ്ഞ തലമുറയിൽ നിന്ന് ജാതിയുടേയോ ദുരാചാരങ്ങളുടേയോ തിക്‌തഫലങ്ങളുമായി യാതൊരു പരിചയവുമില്ലാത്ത പുതിയ തലമുറയിലേക്ക് ചരിത്ര പാഠങ്ങൾ കൈമാറുന്നതിൽ നാം തോറ്റു പോയി എന്നതാണ് സത്യം. പുരോഗമനം എന്നത് നിരന്തരമായ ഒരു പ്രവർത്തന പദ്ധതിയാണെന്ന ഏറ്റവും ലളിതമായ സൂത്രവാക്യം സൗകര്യപൂർവം നാം വിസ്‌മരിച്ചു.വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും നൽകുന്നതിലെ അപകടം കണ്ടില്ലെന്നു നടിച്ചു. സാംസ്‌കാരിക പാരമ്പര്യം എന്ന പേരിൽ നാമുപേക്ഷിച്ച കാലഹരണപ്പെട്ട ചിട്ടവട്ടങ്ങളെ തിരികെ എത്തിക്കുന്നതിനെ നിസ്സാരവൽക്കരിക്കുക മാത്രമല്ല, അതിൽ നിന്നുണ്ടാക്കാവുന്ന താൽക്കാലിക നേട്ടങ്ങൾ സ്വന്തമാക്കാൻ പലപ്പോഴും അവയെ ന്യായീകരിക്കുകയും ചെയ്‌തു. ഇപ്പോഴിതാ ശാസ്‌ത്രം പഠിച്ച, വിദ്യാസമ്പന്നരായ, തൊഴിലും വരുമാനവുമുള്ള കേരളീയ സമൂഹം വിശ്വാസത്തിന്റേയും ആചാരത്തിന്റേയും നിലനിൽപ്പിനു വേണ്ടി തെരുവിലിറങ്ങിയിരിക്കുന്നു.

സംഘ പരിവാരവും ഹൈന്ദവ കക്ഷികളും ജനങ്ങളെ വഴിതെറ്റിക്കുകയാണ് എന്ന നിലപാട് കണ്ണടച്ചിരുട്ടാക്കും പോലെയാണ്. അവരുടെ പ്രചരണങ്ങൾ മുഖവിലക്കെടുത്ത് അയഥാർഥവും മൂഢവുമായ കാര്യങ്ങളുടെ പേരിൽ സ്‌ത്രീകളുൾപ്പെടെയുള്ളവർ തെരുവിലിറങ്ങാൻ തയ്യാറായി എന്നത് തീർച്ചയായും വിശ്വാസം, ദൈവം തുടങ്ങിയവയുടെ പൊള്ളത്തരങ്ങൾ പൊതു സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിൽ ശാസ്‌ത്ര നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വിജയിക്കാനായില്ല എന്നതിന്റെ പരിണിത ഫലമാണ് എന്ന യാഥാർഥ്യം അംഗീകരിച്ചേ മതിയാവൂ. എല്ലാ പരിഷ്‌കരണ പദ്ധതികളും എന്ന പോലെ തന്നെ ജാതീയതക്കും സങ്കുചിത പാരമ്പര്യവാദത്തിനും എതിരെയുള്ള ചെറുത്തു നിൽപും എവിടെയോ വച്ച് മലയാളി സമൂഹം ഉപേക്ഷിക്കുകയും പൂർണമായും യാഥാസ്ഥിതികരാവുകയും ചെയ്‌തു. മനുഷ്യത്വ വിരുദ്ധമായതെന്തും സത്യസന്ധമായി വിശകലനം ചെയ്യാനും തള്ളിക്കളയാനുമുള്ള ആർജവം ഓരോരുത്തരിലും ഉണ്ടാക്കിയെടുക്കേണ്ട ബാധ്യത പുരോഗമന പ്രസ്ഥാനങ്ങൾക്കുണ്ട്. ജാതിയും മതവും ആചാരവും വിശ്വാസവും ദൈവവുമൊക്കെ അനുകൂല സാഹചര്യങ്ങൾ കാത്ത് പതുങ്ങിയിരിക്കുന്ന സാമൂഹ്യ വിപത്തുകളാണെന്നു തിരിച്ചറിയുകയും അവക്കെതിരെ നിരന്തരമായ ജാഗ്രത പാലിക്കുകയും നിതാന്തമായ പ്രതിരോധം തീർക്കുകയും ചെയ്യുക ഓരോ ഉൽപതിഷ്‌ണുവിന്റെയും ഉത്തരവാദിത്തമാണ്. നമുക്ക് നമ്മുടെ നാടിനെയും ജീവിതത്തേയും പിന്നാക്കം നടക്കുന്നതിൽ നിന്ന് സംരക്ഷിച്ചേ മതിയാകൂ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account