എട്ടാം ക്ലാസ്സിൽ പ്രിയ എ.എസിന്റെ ഒരു മഴയനുഭവം ഞങ്ങൾക്ക് പഠിക്കാനുണ്ട്. ‘നനയാത്ത മഴ’ എന്നാണ് പേര്. അതിൽത്തന്നെ ഒരു ചെറു കൗതുകം ഒളിഞ്ഞിരിക്കുന്നുണ്ടല്ലോ!

എന്താണ് യഥാർത്ഥത്തിൽ നനയാത്ത ആ മഴ? വായിച്ചപ്പോൾ  കൂടുതൽ രസകരമായി ആ നനയാത്ത മഴ ഞാൻ നനഞ്ഞു. ആ ഓർമ്മക്കുറിപ്പിലാകെ  നഷ്‌ടബാല്യത്തിന്റെ കണ്ണീരുപ്പ് പുരണ്ടിരുന്നു.

കേവലം ഒരു മഴയനുഭവമായോ പാഠഭാഗമായോ അല്ല  പ്രിയ  എ.എസിന്റെ നനയാത്ത മഴ എനിക്ക് അനുഭവപ്പെട്ടത്. ചെറുപ്പത്തിൽ അസുഖങ്ങൾ പല വിധത്തിൽ വേട്ടയാടിയിരുന്നത് കാരണം പ്രിയക്ക് മഴയനുഭവങ്ങൾ വിരളമായിരുന്നു. അസുഖക്കാരിയായതിനാൽ അച്ഛനും, അമ്മയും തീർത്ത വേലിക്ക് പുറത്ത് ചാടിക്കടക്കാനും പൂർണമായും സാധിച്ചിരുന്നില്ല.

മഴയെ  വിലക്കിയ  നിരവധി അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. ചെറുപ്പത്തിൽ ഞാനും ഒരസുഖക്കാരനായിരുന്നു. പെട്ടന്ന് പനിയും ശ്വാസം മുട്ടലുമൊക്കെ വരുമായിരുന്നത്രേ. അന്നൊക്കെ എന്നെയും മഴ നനയാൻ വിട്ടിട്ടുണ്ടാവില്ല.

പക്ഷേ ഏകദേശം ഏഴ് വർഷങ്ങൾക്ക് മുൻപാണ്. ഒരു ജൂൺ മാസക്കാലം. മഴ തിമിർത്തു പെയ്യുന്ന ഒരു ശനിയാഴ്ച്ച. മുറ്റത്തിറങ്ങി മഴ നനയാൻ വല്ലാത്ത ആഗ്രഹം. അമ്മയോട് ചോദിച്ചു:

‘ഒന്ന് മഴ നനഞ്ഞോട്ടെ?’

വേണ്ടെന്നു പറയുമെന്നാണു വിചാരിച്ചത്. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ‘അത്ര കൊതിയാണേൽ കുറച്ചു നേരം നനഞ്ഞോ’ എന്നമ്മ.

അനുവാദം കിട്ടിയല്ലോ, പിന്നെ ഒന്നും നോക്കിയില്ല. ഞാൻ ഇറങ്ങിയങ്ങ് നനഞ്ഞു. ഒരു  ഒന്നൊന്നര നനയൽ.  തണുത്ത മഴ ശക്‌തമായ് മുഖത്തേക്ക്  വീണു കൊണ്ടേയിരുന്നു. മനസ്സിൽ ആനന്ദം കൂലം കുത്തിയൊഴുകി. മഴ നനഞ്ഞപ്പോഴുണ്ടായ അന്നത്തെ  ആ സന്തോഷം അനിർവചനീയമായിരുന്നു. വെള്ളം തെറ്റിത്തെറിപ്പിച്ചും കൈകൾ കൊണ്ടു മഴയത്തു തല്ലിയും ഞാൻ അർമാദിച്ചു.

പക്ഷേ ഇതും കണ്ടുവന്ന അച്ഛൻ എന്നെ നല്ലോണം വഴക്ക് പറഞ്ഞു. മഴയത്തു നിന്ന് പിടിച്ചു കേറ്റി തലയും ദേഹവുമൊക്കെ തോർത്തി. പിറ്റേ ദിവസമായപ്പോഴേക്ക് നല്ല പനി, ചുമ, ജലദോഷം. മഴയത്തെ കളിക്ക് ഡോക്റ്ററുടെ വക ശകാരവും കിട്ടി.  ഒരാഴ്ച്ചയാണ് അന്ന്  പനിയുംപിടിച്ച് വീട്ടിൽ കിടന്നത്. ആ കിടപ്പിൽ മുമ്പെനിക്കേറെ ഇഷ്‌ടമായ മഴയോടു വെറുപ്പുമായി. ഇപ്പോഴും ചെറിയൊരു മഴ വന്നാൽപ്പോലും ഞാൻ അതിൽ നിന്നും ഓടിയൊളിക്കും. അത്ര പേടിയാണ് മഴ നനയൽ. കുടവിട്ട് ഒരു കളിയില്ലിന്ന്. അങ്ങനെ പഴയ ആ മഴമോഹങ്ങളെ  ഞാൻ എന്നന്നേക്കുമായ് മണിച്ചിത്രത്താഴിട്ട് പൂട്ടിയിരിക്കുകയാണ്. മഴക്കാലങ്ങളിൽ ‘തുറന്ത് വിട്’ എന്നവ ആക്രോശിക്കുന്നു. അതിനാണെങ്കിൽ എന്റെ ഉള്ളിലെ ശങ്കരൻ തമ്പിക്ക് ധൈര്യവുമില്ല.

മഴ നിരാശപ്പെടുത്തിയൊരു സംഭവവും ലേഖനത്തിൽ പ്രിയ എ.എസ്. പറയുന്നുണ്ട്. സമാനമായൊരു അനുഭവം എനിക്കുമുണ്ട്. കഴിഞ്ഞ ജൂണിലാണ്. തിയ്യേറ്ററിൽ ‘ഞാൻ മേരിക്കുട്ടി’ വന്ന സമയം. ബാൽക്കണിയിൽ തന്നെ ടിക്കറ്റ് കിട്ടി. സിനിമയും തുടങ്ങി. ഒരു അരമണിക്കൂറിന് ശേഷം മഴയും, ഇടിയും ഒന്നിച്ച് രംഗപ്രവേശം നടത്തി. സ്‌ക്രീനിൽ പിന്നീട് ചിത്രങ്ങൾ അവ്യക്‌തമായി. കൂവലുകളും, ചീത്ത വിളികളും കൊണ്ട് തിയ്യേറ്റർ നിറഞ്ഞു.  മഴ, ഇടി, മിന്നൽ  ഒക്കെ കാരണം സാറ്റലൈറ്റ് സംപ്രേക്ഷണത്തിൽ എന്തോ തകരാറു പറ്റിയതാണത്രേ.

പലപ്പോഴും ടി വി യിൽ നല്ല രസായിട്ട് എന്തെങ്കിലും കാണുമ്പോൾ  ഇടിയും, മിന്നലും ചതിക്കാറുണ്ട്. പക്ഷേ ആദ്യമായാണ് തിയ്യേറ്ററിൽ മഴ കാരണം സിനിമ മുടങ്ങി പോയത്. അത് മഴയുടെ ക്രൂരതയായി എനിക്ക് തോന്നി. പിന്നീടൊരിക്കൽ പോയി  ആസിനിമ കണ്ടെങ്കിലും മഴയോട് തോന്നിയ നീരസം മാറിയില്ല.

മഴ ഒരേ സമയം പ്രിയങ്കരവും, ദുഷ്‌കരവുമാണ്. കുട്ടിക്കാലത്ത് വളരെ കുറുമ്പ് കാട്ടിയിരുന്ന ആളായിരുന്നു പ്രിയ. സ്‌കൂളിൽ നിന്ന് ഉച്ചക്ക് വീട്ടിലേക്ക് ചെല്ലുമ്പോൾ മഴയുണ്ടെങ്കിൽ കുട തുറന്നാലും പകുതി ശരീരം നനഞ്ഞാണ് പ്രിയ വീട്ടിലെത്തുക. ഒരു മഴ കിട്ടിയാൽ എങ്ങനെയും നനയണമെന്നാണ് പ്രിയക്ക്. മഴക്ക് ആനന്ദത്തിന്റെയും,

ദുഃഖത്തിന്റെയും രണ്ട് മുഖങ്ങളുണ്ടെന്ന് വരച്ച് കാട്ടുന്നു പ്രിയ. മഴ പലതരത്തിലുമുണ്ടെന്ന് പ്രിയ പറയുന്നു. യക്ഷി മഴ, ഊക്കൻ മഴ, എന്നിങ്ങനെ വ്യത്യസ്‌തങ്ങളായ മഴകൾ. ഇത്തരമൊരു നിരീക്ഷണം കണ്ടപ്പോൾ പ്രിയയുടെ മഴബന്ധത്തിന്റെ ആഴം എനിക്ക് മനസ്സിലായി. മഴ കാര്യമായ് അനുഭവിച്ചിട്ടില്ലെങ്കിലും മഴക്കാഴ്ച്ചകൾ മനോഹരമായ് പ്രിയ വർണിക്കുന്നു. മറ്റ് മഴയനുഭവങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ് പ്രിയയുടെ അനുഭവങ്ങൾ. നനയാത്ത മഴകൾ മനസ്സിൽ കുളിരണിയിച്ച് മെല്ലെ പെയ്‌തിറങ്ങിയൊരനുഭവമാണ് എനിക്കിത് വായിച്ചപ്പോൾ ഉണ്ടായത്.

രോഗങ്ങളുടെ പിടിയിൽ നിന്ന് പിന്നീട് രക്ഷപ്പെട്ട പ്രിയ ബാല്യകാലത്തെ മഴയനുഭവങ്ങളുടെ ദാരിദ്ര്യം പങ്കുവെക്കുന്നുണ്ട്. അതിലെവിടെയെല്ലാമോ എന്റെ അനുഭവങ്ങളുമുണ്ടെന്നു തോന്നി.  ഹൃദയത്തെ സ്‌പർശിക്കുന്ന മനോഹരമായൊരനുഭൂതിയാണ് പ്രിയ എ.എസിന്റെ ‘നനയാത്ത മഴ’.

ഇപ്പോൾ വേനൽക്കാലമാണ്. കൂടാതെ ചൂടൻ പരീക്ഷാ കാലവും. ഒരു മഴയങ്ങ് പെയ്‌തുകിട്ടിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിക്കുന്നു. പരീക്ഷാ ചൂടൊക്കെ ഒന്നു തണുപ്പിക്കാൻ ഒരുഗ്രൻ മഴ.

– സ്വരൺദീപ്

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account