“ഏറ്റവും സ്വസ്ഥമായി ഇരിക്കുക എന്നാൽ നമുക്ക് നമ്മളെ നഷ്‌ടപ്പെടുക എന്നാണ്!” അയാൾ പറയുന്നു.

“സ്വസ്ഥമായി ഇരിക്കുമ്പോൾ എങ്ങനെയാണ് നമുക്ക് നമ്മളെ നഷ്‌ടപ്പെടുന്നത്?” അവൾ ചോദിക്കുന്നു.

“സ്വസ്ഥത ആസ്വദിച്ച് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ വീണ്ടും വീണ്ടും അതിന്റെ പൂർണതയിലേക്കെത്താൻ ഹൃദയമിങ്ങനെ മിടിച്ചു കൊണ്ടേയിരിക്കും, ഒരിക്കലും എത്തില്ലെന്നറിയാമെങ്കിൽപോലും ആ സ്വസ്ഥത നഷ്‌ടപ്പെടാതെയിരിക്കാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും, അവിടെ നാം സ്വയം നഷ്‌ടപ്പെട്ടവരായി തീരുന്നു”.

അയാൾ പറഞ്ഞു നിർത്തിയപ്പോഴേക്കും മുന്നിലിരിക്കുന്ന അത്ര ഗംഭീരമല്ലാത്ത സദസ്സിന്റെ മുൻ നിരയിലെ സീറ്റുകാർ കയ്യടിച്ചു. കുട്ടികളാണ്, മുടി നീട്ടി വളർത്തിയ, വലിയ ഫ്രയിമുള്ള കണ്ണടകളുള്ള, ഉശിരൻ താടിയുള്ള കിളുന്തു പയ്യന്മാർ… അവർ കയ്യടിക്കുമെന്നും ആ കയ്യടികൾ എന്നും സ്റ്റേജിലെ രംഗപടങ്ങളും കഴിഞ്ഞു അകമുറികളിൽ ഇരുന്നു പച്ചവേഷങ്ങളഴിച്ചിടുന്ന പലരിലും തറയ്ക്കുമെന്നും അയാൾക്കറിയാം…

***************
അയാളുടെ ജീവിതം സഞ്ചരിച്ചത്…

മുപ്പതു വർഷമായി എന്റെ നീണ്ട നടനം. സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തിലെ പല വേദികൾ. നാടകങ്ങളുടെ വിഷാദകാലം കഴിയുമ്പോൾ രംഗപടം വീണ്ടുമെടുത്തണിയുന്ന രാവുകൾ, തണുത്തൊഴുകുന്ന പുഴ പോലെ പിന്നെ അഭിനയിക്കുന്നവരുടെ മനസ്സുകൾ.. കാലം മാറിയപ്പോൾ ഞങ്ങളുടെ നാടകം ആർക്കും വേണ്ട.. നാടകം അധികപ്രസംഗികളുടേതാകുന്നു. അഭിനയം ചൂളം വിളി മുഴക്കുന്നവർക്ക് പറ്റിയതാകുന്നു. സിനിമയുടെ വെളിച്ചം കണ്ണിലേക്കടിയ്ക്കുമ്പോൾ തലച്ചോറ് വരെ ഉരുണ്ടു കയറുന്ന വെയിൽ പൊള്ളലുകൾ…

എങ്കിലും നഷ്‌ടപ്പെടാൻ വയ്യ, കാരണം ജീവിതം അഭിനയമാണ്. ഓരോ കാലത്തിലും വന്നു പോയവരുടെ കണക്കെടുത്താൽ കൈവിരലിലും കാൽ വിരലിലും നിൽക്കില്ല. നാടകം, സിനിമയിലേക്കുള്ള സീസൺ ടിക്കറ്റുകളായതിൽ പിന്നെ എല്ലാം വലിച്ചെറിഞ്ഞു പോകാൻ പ്രത്യേക സുഖമുണ്ടെന്ന് എത്ര പേർ പറയുന്നു. പക്ഷെ, എനിക്കാവില്ല. എന്റെ രക്‌തത്തിൽ അലിഞ്ഞു പോയി ഈ രംഗപടങ്ങൾ… കാണികളുടെ ആർത്തിരമ്പലുകൾ… മഴക്കാലത്തെ ശീതരസ പ്രണയങ്ങൾ… അവളെവിടെ?….

പ്രണയത്തെ കുറിച്ച് പറയുമ്പോഴൊക്കെ എന്റെ കണ്ണിൽ വിടരുന്ന ചെന്താമര പൂക്കൾ ആരൊക്കെ കാണുന്നുണ്ടാകുമെന്ന് അറിയില്ല, പക്ഷെ വിടരാതെ വയ്യ… പ്രണയത്തിന്റെ നേർത്ത പെൺ ഗന്ധമായി അവൾ നാടകത്തിലെ കാമുകിയായി ഉടലിൽ പറ്റി ചേരുമ്പോൾ അവിടെ ഞാനും അവളും മാത്രമാകും.. പിന്നെ ഞങ്ങൾ ഒഥല്ലോയും ഡെസ്‌ഡിമോണയുമാകും… സാറാമ്മയും കേശവൻ നായരുമാകും… നീലിമയും അനന്തനുമാകും…

ഞങ്ങൾക്കിടയിലേയ്ക്ക് അവളുടെ ഭർത്താവ് കടന്നു വരുന്നത് വരെ ഞങ്ങൾ പ്രണയിച്ച് നടക്കും. പിന്നെയവൾ അയാളുടെ തോളിൽ ചാരി മറഞ്ഞുകിടക്കുന്ന വഴിയിലൂടെ മുന്നോട്ടു നടന്നു ഇരുട്ടിൽ അലിഞ്ഞു തീരും…

മൂന്നു മാസമായതേയുള്ളൂ അവൾ എന്റെ പുതിയ നായികയായിട്ട്. കാലത്തിനനുസരിച്ചുള്ള മാറ്റം സിനിമകളിലും നാടകങ്ങളിലും ഒക്കെ വരുമ്പോൾ മാറാതിരിക്കാൻ കഴിഞ്ഞില്ല, മധ്യകാലം കഴിഞ്ഞു പുതിയ കാലത്തിലേക്ക് കയറുമ്പോൾ തിരിച്ചറിയുന്നു, അവളുൾപ്പെടെയുള്ള ന്യൂജനറേഷൻ കുട്ടികൾ നാടകത്തെ സ്‌നേഹിച്ചു തുടങ്ങുന്നു. തീയറ്റർ ആർട്‌സ് പഠിച്ച് സ്വന്തമായി കഥാപാത്രങ്ങളും കഥകളുമാകുന്നു.

എനിക്കവളോട് പ്രണയം തോന്നാൻ ഇതൊന്നുമല്ല കാരണം. അവളെന്നെ പൂരിപ്പിക്കുന്നു. എന്റെ കഥാപാത്രങ്ങളെ , എന്റെ യാത്രകളെ, എന്നിലെ പുരുഷനെ… വസ്‌ത്രമുലഞ്ഞു ഡെസ്‌ഡിമോണയായി അവൾ കിടക്കുമ്പോൾ അവസാന ചുംബനത്തിനായി ഞാൻ ചുണ്ടുകളാഴ്ത്തുന്നു. എനിക്കവളെ ഇന്നേവരെ ചുംബിക്കാനായിട്ടില്ല, അവളെയെന്നല്ല ഒരു സഹനടിയെയും, അത് പാപമാണെന്നു ഞാൻ കരുതുന്നു. പക്ഷെ, പ്രേക്ഷകർ അത് ഇന്നേവരെ മനസ്സിലാക്കിയിട്ടേയില്ല, പക്ഷെ, എന്റെ ചുംബനത്തെ അവൾ പൂരിപ്പിച്ചെടുത്തു.

വേദിയിലെ അരണ്ട വെളിച്ചത്തിൽ അവസാന ചുംബനം വയ്ക്കാനായി താഴുമ്പോൾ ഉറക്കത്തിന്റെ അർദ്ധബോധ അവസ്ഥയിൽ അവളെന്നെ വലിച്ച് താഴ്ത്തുന്നു… പൂർണമായ ചുംബനം… ഞാൻ വിസ്‌മൃതിയിലായി പോകുന്നു.. എന്റെ ഈശ്വരാ എനിക്കെന്താണ് സംഭവിക്കുന്നത്… അവളുടെ മുഖത്തപ്പോൾ പ്രണയ ഭാവം തിളച്ചു മറിയുന്നു… പക്ഷെ ആ സീനിനപ്പുറം തണുത്തുറഞ്ഞെന്ന പോലെ അവൾ കിടക്കുമ്പോൾ വർഷങ്ങൾക്കപ്പുറംനിന്നെങ്ങോ ഘനീഭവിച്ച് പോയ മഞ്ഞുകട്ട പോലെ എനിക്ക് മരവിക്കുന്നു. വേദിയ്ക്കു പുറത്ത് ആ ചുംബനം മറന്നവളായി അവൾ മറ്റൊരുവളാകുന്നു. നാടക ബസിലെ ആദ്യ സീറ്റുകളിലൊന്നിൽ സ്ഥാനം പിടിച്ച് അവൾ അവളെ അന്വേഷിക്കുന്നു. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമുള്ളവളെ എങ്ങനെ ശല്യപ്പെടുത്തും? പക്ഷേ…. ഇപ്പോൾ അവളെന്റെ പ്രണയിനിയാണ്. മൂന്നുമാസത്തെ റിയലിസ്റ്റിക് അഭിനയത്തിന്റെ ഇടയിലെപ്പോഴോ ഞങ്ങളിരുവരും റിയലിസ്റ്റിക് കഥാപാത്രങ്ങളായി പരിണമിയ്ക്കപ്പെട്ടു. ആർക്കുമറിയാതെ, അപരിചിതരായി ഞങ്ങൾ ഞങ്ങളെ തൊട്ടു.

എന്റെ ഭ്രാന്തൻ യാത്രയിലേയ്ക്ക് എനിക്കജ്ഞാതമായ ഇടങ്ങളുടെ സൂചികയായി. പക്ഷെ ഒരിക്കലും എനിക്കൊപ്പം അവൾ വന്നില്ല. കൂടെ വരാൻ പറഞ്ഞപ്പോൾ, നിങ്ങൾക്ക് സ്വന്തം ഭാര്യയെ കൂട്ടരുതോ എന്ന ഉപദേശവും. ഉപദേശിയ്ക്കാൻ ആർക്കും കഴിയും! എനിക്ക് സ്‌നേഹവുമാണ് എന്റെ പ്രിയപ്പെട്ട ഭാര്യയോട്. ഒന്നോർത്താൽ അവളെക്കാൾ പ്രിയം മറ്റൊന്നിനോടുമില്ല. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ എന്റെ നാടക ഭ്രാന്തുകൾ സഹിച്ചവൾ, എന്റെ യാത്രകളിൽ ഒറ്റയ്ക്കിരുന്നവൾ. എന്റെ അപൂർണതകളിൽ കുറ്റപ്പെടുത്താതെയിരുന്നവൾ. അവളെ എങ്ങനെ സ്‌നേഹിക്കാതെയിരിക്കും…

പക്ഷെ മനസിന്റെ ഇടങ്ങൾ അപ്പോഴും എന്നോ മായ്ക്കപ്പെട്ടതു പോലെ വെള്ള നിറത്തിൽ തരിശായി കിടക്കുന്നു. എന്നാണു അത് മായ്ക്കപ്പെട്ടത്? ഏതു യുഗത്തിലാണത്! ആരാൽ ആണത്?

നാടകത്തിലെ പല പാതി നിർത്തിയ ചുംബനങ്ങളിലെയും പെൺ കഥാപാത്രങ്ങൾ യാത്രകളിലും കിടക്കയിലും ഉരുകി ചേരുമ്പോൾ ഞാൻ തേടിയത് പോലും മാഞ്ഞുപോയ എന്റെ വെളുത്ത പേജിലെ അക്ഷരങ്ങളായിരുന്നു. ഞാൻ പോകാത്ത ഏതു സ്ഥലങ്ങൾ ഉണ്ടെന്നാണ്! ഞാൻ അവതരിപ്പിക്കാത്ത ഏതു കഥാപാത്രം ഉണ്ടെന്നാണ്! നിങ്ങളല്ലേ എന്നെ കാണുന്നത്. പറയുവിൻ… വിട്ടു പോയ ഭാഗം ഞാൻ എങ്ങനെ പൂരിപ്പിക്കണമെന്നാണ്!

അവൾക്കുള്ളിലെ അഗ്‌നിപർവ്വതങ്ങൾ…

എന്റെ ലാവകൾക്കു മുകളിലേയ്ക്ക് തീക്കൊള്ളി വന്നത് പോലേയേ ഉണ്ടായിരുന്നുള്ളൂ അവന്റെ ഒട്ടും ചൂടില്ലാത്ത ആദ്യ ചുംബനം. അതും ഞാൻ കവർന്നെടുത്തത്. കഥാപാത്രങ്ങൾക്ക് പൂർണത വേണമെന്ന് വാദിക്കുന്നവന് എന്തുകൊണ്ട് സ്വയം പൂർണനായിക്കൂടാ? സദാചാരമല്ല, അവനു ഭയമാണെന്നു ഞാൻ കണ്ടെത്തിയത് പതുക്കെയാണ്.

അപൂർണമായി ചുംബിക്കപ്പെട്ടിട്ടുപോലും ഉടൽ വഴി കിനിഞ്ഞിറങ്ങിപ്പോയ പെണ്ണുടലുകളുടെ ഗന്ധം അവനെ അവനറിയാതെ പരിഭ്രമിപ്പിച്ചിരുന്നു. രതിമൂർച്ചയോടെയോ അതില്ലാതേയോ പല പെണ്ണുങ്ങളും തളർന്നുറങ്ങുമ്പോൾ അവൻ അവരുടെ മുലകളിൽ മുഖം ചേർത്ത് വച്ച് ഗന്ധമാസ്വദിക്കാറുണ്ടായിരുന്നത്രെ.

അമ്മയുടെ പാൽ മണം എവിടെ നിന്നൊക്കെയോ ഊറി വരുമ്പോൾ ഭ്രമിക്കുന്ന വൻകടലുകൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു വൻ ചുഴികളിലേയ്ക്ക് അവൻ വലിച്ചെറിയപ്പെടുന്നു. അതിശയമായിരുന്നു അവൻ… ആശ്വാസമായിരുന്നു അവൻ… നാടകം പ്രണയമാണ്, ജീവശ്വാസമാണ്… ഒപ്പം പഠിച്ച സുഹൃത്തുക്കളിലധികവും സിനിമയിലേയ്ക്ക് ചേക്കേറിയപ്പോൾ എന്തുകൊണ്ട് നാടകവും അഭിനയവും തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് വേദികളോടുള്ള പ്രണയം എന്ന് തന്നെയാണുത്തരം…

എന്ത് ചെയ്‌താലും ഇതൊന്നും എന്റേതല്ലെന്ന തോന്നലുകളിൽ എനിക്ക് അലയേണ്ടി വന്ന ഇടങ്ങൾ അത്രയ്‌ക്കൊന്നും ചെറുതല്ല. ഏറ്റവുമൊടുവിൽ അവന്റെ പ്രശസ്‌തമായ നാടക സമിതിയുടെ ഭാഗമാകുമ്പോൾ എനിക്കെന്തൊക്കെയോ ചെയ്യാൻ ഇവിടെ നിലനിൽക്കുന്നത് പോലെ… ഓരോശ്വാസത്തിലും ഒരു നിറഞ്ഞു കവിയൽ ഉണ്ടാകുന്നത് പോലെ. അതെന്നെ പലപ്പോഴും ശ്വാസം മുട്ടിക്കുന്നു.

വേദിയിൽ നിൽക്കുമ്പോൾ ആ തിരതള്ളൽ കൃത്യമാണ്. ഉള്ളിൽ നിന്നും ഉരുണ്ടു വീർത്ത എന്തോ ഒന്ന് ഉരുണ്ടു കയറി ശ്വാസം വലിച്ചെടുക്കുന്ന കുഴലിന്റെ മധ്യഭാഗത്ത് വന്നു തടഞ്ഞു നിൽക്കും. പിന്നെ നിവൃത്തികളില്ല, ശ്വാസത്തിന്റെ അഭാവത്തിലും പ്രവർത്തിച്ചു കൊണ്ടേയിരിക്കണം. സ്വസ്ഥത  നഷ്‌ടപ്പെടുന്നതോടെ എനിക്കെന്നെ വീണ്ടെടുക്കാനാകുന്നു. എന്റെ കഥാപാത്രങ്ങൾ പൂർണരാകുന്നു. അങ്ങനെയാകണം അവനെന്നെ പ്രണയിച്ച് തുടങ്ങിയത്.

ഇഷ്‌ടങ്ങളൊന്നും അടിച്ചേൽപ്പിക്കുകയോ വേണ്ടെന്നു പറയുകയോ ചെയ്യുന്ന ആളല്ല കൂടെ ഉള്ള ആൾ, താലി കെട്ടുന്നതിന് മുൻപ് ഒന്നേ പറഞ്ഞിരുന്നുള്ളൂ, എന്റെ സ്വാതന്ത്ര്യം അതെനിക്ക് വിട്ടു തരണം. അതാർക്കും അടിയറ വയ്ക്കാനാവില്ല സ്വാതന്ത്ര്യം എന്നത് ഏതെങ്കിലും മൈതാനത്ത് മേയുന്ന കെട്ടിയിടപെട്ട കുതിരയല്ലെന്നും അതിനു നിയന്ത്രണങ്ങളറ്റു കുതിച്ചു ഇഷ്‌ടമുള്ള വഴി നീങ്ങാനാണിഷ്‌ടമെന്നും അവനും പറഞ്ഞു. പിന്നെ ഞാനും പറഞ്ഞു. പിന്നെ ഞങ്ങൾ ഒന്നിച്ച് കുതിരകളായി ഓടി. ചിലപ്പോൾ തളർന്നു വീണു. ചിലപ്പോൾ കിതച്ചു ശ്വാസം നേടാനായി തെല്ലു വിശ്രമിച്ചു. അങ്ങനെയൊരു കുതിപ്പിന്റെ ഇടയ്ക്കാണ് ഈ സമിതിയും നാടകവും പിന്നെ എന്തോ പൂരിപ്പിക്കാനെന്നോണം  മാഞ്ഞതെന്തോ തിരഞ്ഞുനടക്കുന്ന അവനും.

വളരെ മാന്ത്രിക വേഗതയിലാണ് അവൻ കഥാപാത്രങ്ങളാകുന്നത്. കണ്ണുകൾ ചിലപ്പോൾ അഭിനയിക്കുന്നുവെന്നു തോന്നും, മറ്റു ചിലപ്പോൾ വിരലുകൾ, ചിലപ്പോൾ ദംഷ്‌ട്രകൾ പോലെ തള്ളിനിൽക്കുന്ന പല്ലുകൾ. ചിലപ്പോൾ ഭയക്കും. ചിലപ്പോൾ പ്രണയിക്കും. എനിക്കറിയാം, പുരുഷന്റെ പ്രണയത്തിന്റെ ഞരമ്പുകൾ വലിച്ചു മുറുക്കിയ വഴികൾ. അതിലെ രക്‌തത്തിന്റെ തീച്ചൂട്. ഉടൽ ഗന്ധങ്ങളിൽ തീയുടെ നാളം ഉലയുന്നതും പിന്നെ എവിടെയും തൊടാതെ അതിങ്ങനെ നിശബ്‌ദമായി ഇല്ലാതാകുന്നതും. പക്ഷെ, അവനിതുവരെ എന്നെ ക്ഷണിച്ചിട്ടില്ല. അവന്റെ കിടക്കയുടെ ഉന്മത്ത ഗന്ധങ്ങൾ അനുഭവിക്കാതെ കടന്നുപോയ പെണ്ണുങ്ങളില്ലെന്നു സമിതിയുടെ ബസ്സിൽ പെണ്ണുങ്ങളുടെ അടക്കം പറച്ചിലുകളുണ്ട്.

പക്ഷെ… എന്റെ ഉടലിന്റെ താക്കോൽ എന്റെ ഹൃദയത്തിൽ ഏറ്റവും ഭദ്രമാക്കപ്പെട്ടു പോയെന്നും അത് പ്രണയത്തിന്റെ ഏറ്റവും ഒടുവിലത്തെ പൂരിപ്പിക്കലിൽ തനിയെ വന്നു ചേരേണ്ടതാണെന്നും എനിക്ക് ധാരണകളുണ്ട്. അവനും ഉണ്ടാകണം ആ ധാരണ. ഭ്രാന്തിന്റെ താഴ്വരകളിൽ കൂടി കടന്നു പോകുമ്പോൾ അവന്റെ കത്തുന്ന പ്രണയം വന്നു താക്കോൽ പഴുതിൽ ഒളിഞ്ഞു നോക്കാറുണ്ട്. വശ്യമായൊരു ചിരിയോടെ ഞാനപ്പോൾ പിന്തിരിഞ്ഞു നടക്കും.

വിവാഹം കഴിഞ്ഞിട്ടും അമിതമായ സ്വാതന്ത്ര്യം ലഭിച്ചവളാകപ്പെട്ടതുകൊണ്ട് കന്യകയായി തുടരേണ്ടി വന്നതിന്റെ ചാരിതാർഥ്യത്തിൽ ഞാനപ്പോൾ പൂക്കും. എന്റെ മുന്നിൽ വന്നു കൊതിപ്പിച്ചു നടന്നു പോയ ആണുങ്ങളെ ഞാനപ്പോൾ മന്ദഹാസത്തോടെ ഓർക്കും. താക്കോൽ ഭദ്രമായി അപ്പോൾ ഞാൻ തലച്ചോറിലേക്ക് മാറ്റി സൂക്ഷിക്കും. എണ്ണിയാലൊടുങ്ങാത്ത അറകളാണ് അവിടെ. ആരും കാണാതെ സൂക്ഷിക്കാൻ എളുപ്പം.

***************
“പ്രണയിക്കാൻ ആരംഭിക്കുന്നതിനു തൊട്ടുമുൻപ് വരെ പുരുഷൻ ഒരു വൻമതിലാണ്. ഒരു പ്രകാശവും കടത്തി വിടാതെ പെൺ മനസ്സിനെ പൊതിഞ്ഞു പിടിച്ച് കൊണ്ട് അവളുടെ വിശ്വാസങ്ങൾക്ക് മുകളിൽ ഉയർന്നു നിൽക്കുന്ന ഒരു വൻമതിൽ.. പ്രണയിക്കപ്പെട്ടു കഴിഞ്ഞാൽ മതിൽ പതിയെ പൊളിഞ്ഞു വീഴുന്നത് കാണാം. അപ്പോഴേക്കും അവളുടെ ഭാഗത്തെ മതിലുകൾ അവൾ സ്‌നേഹത്താൽ ഉയർത്തിക്കഴിഞ്ഞിരിക്കും. അതിനു ശേഷം ഏറ്റവും വേദനയോടെ തകർന്നു വീണ അവന്റെ പ്രണയ മതിലിനെ ഓർത്തു അവൾ ജന്മം കരഞ്ഞു തീർക്കും…”

“നീയിത് ആരുടെ കാര്യമാണ് പറയുന്നത്…”

“നമ്മുടെയാണ് ദാസ്… നിന്റെ സ്‌നേഹം ഈയിടെയായി കുറഞ്ഞു വരുന്നു…”

“അത് നിന്റെ തോന്നലാണ്…”

നാടകം തുടരുമ്പോഴും അവനും അവളും അടക്കിപ്പിടിച്ച ഹൃദയങ്ങളുമായി സംഭാഷത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അവളുടെ ഹൃദയം പറഞ്ഞു, “എന്റെ താക്കോൽ കളഞ്ഞു പോയിരിക്കുന്നു…”

അവൻ ചോദിക്കുന്നു, “താക്കോലില്ലാത്ത മുറികൾ അദൃശ്യമായ ആത്‌മാക്കളുടെ വിഹാരകേന്ദ്രമായേക്കും…”

അവൾ പൊട്ടിച്ചിരിക്കുന്നു, “ഒരാത്‌മാവിനു വേണമെങ്കിൽ ഇത്തിരി ഇടം കൊടുക്കാം. പക്ഷെ…”

അവൾ സംശയിച്ച് അവളുടെ ഹൃദയത്തിലേയ്ക്ക് നോക്കുന്നു, “എന്ത് പക്ഷെ…”

അവളുടെ ഹൃദയം കനം കൊണ്ട് പരക്കുകയും മുഖം മ്ലാനമാവുകയും ചെയ്‌തു.

“നീ പറയൂ, എന്താണൊരു പക്ഷെ…”

അവന്റെ ചോദ്യം അസ്വസ്ഥമായിരുന്നു. അതോടെ അവനു അവനെ തിരികെ ലഭിച്ചു. അവൻ പിന്നെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ അവൾക്ക് നൽകാൻ ആരംഭിച്ചു. ഒരേ ഉത്തരം അവൾ നൽകി…

“നമ്മുടെ ഉന്മാദം, നമ്മുടെ ഭ്രാന്തുകൾ… അവ അപൂർണമായി തുടരുമെന്നൊരു പേടി…”

പിന്നെയവൾ ഒന്നും പറഞ്ഞില്ല, അവന്റെ ചോദ്യങ്ങളെ പാടെ തിരസ്ക്കരിച്ചു. പേരറിയാത്ത പേടികളുമായി അവൾ നടിയായി.

അന്ന് രാത്രിയിലെ അവന്റെ തൂവെള്ള കിടക്ക വിരിയിൽ അവൾ താക്കോലില്ലാതെ പൂട്ട് കുത്തി തുറന്നു, ശേഷം ഉടൽ അവൾ അഴിച്ചു വച്ചു. അവന്റെ  നഗ്‌നതയിലേയ്ക്ക് ചോദ്യങ്ങളും പേടികളുമില്ലാതെ അവൾ ഏറ്റവും വന്യമായി കുതിച്ചോഴുകി. കാട്ടരുവിയുടെ തണുപ്പുണ്ടായിരുന്നു അപ്പോൾ അവന്റെ ശബ്‌ദത്തിന്. അവളുടേതിന് നിശബ്‌ദമായ കാടിന്റെയും. അവളുടെ ചെവിയ്ക്കു പിന്നിൽ പുതിയതായി മുളച്ച കുറ്റിക്കാട്ടിലെ മറഞ്ഞിരിക്കുന്ന നിധി തേടി അവനലയുമ്പോൾ അവൾ ഇരുട്ടിന്റെ മറതേടി വന്യമായി അലയുകയായിരുന്നു.

കാടിന്റെ ഉള്ളിൽ, തണുത്ത ചരിവിൽ തീകൊണ്ടുള്ള രണ്ടു പ്രതിമകൾ ഏറ്റവും അഗാധതയിലേയ്ക്ക് തെന്നിവീണു കൊണ്ടിരുന്നു. പൊട്ടിച്ചിതറിപ്പോയ അവളുടെ ഏകാന്തതയിലേയ്ക്ക് അവൻ അക്ഷരങ്ങളാൽ പൂരിപ്പിക്കലുകൾ നടത്തി. അവിടെ അവൻ കണ്ടു, മായ്ക്കപ്പെട്ടു പോയ അക്ഷരങ്ങൾ. എത്രയോ കാലം തിരഞ്ഞവ. ആർത്തിയോടെ അക്ഷരങ്ങളെ നാവു കൊണ്ടും ചുണ്ടുകൊണ്ടും വിരലുകൊണ്ടും ശരീരത്തിലെ ഓരോ അണുകൊണ്ടും ഒപ്പിയെടുക്കുമ്പോൾ അവൾ സ്വയം അക്ഷരങ്ങളായി തീർന്നു. കുതിച്ചു പൊങ്ങിയ അരക്കെട്ടിന്റെ ഭിത്തികൾ തകർന്നു മാറി അവ നിലവിളിക്കുന്നു. കരച്ചിലുകൾ പ്രതിധ്വനിക്കുന്നു. ഉയർന്നു പറക്കുന്ന  ആത്മാവുകളായി അവർ രണ്ടും നിമിഷങ്ങൾ ഒന്നിച്ചലഞ്ഞു. പിന്നെയെപ്പൊഴോ അവൻ കൈവിട്ടു ഇരുട്ടിലെവിടെയോ അലിഞ്ഞു പോയി.

ഉന്മാദങ്ങളുടെ ആർത്തനാദങ്ങൾക്കൊടുവിൽ തിരികെയെത്തുമ്പോൾ അവന്റെ ഉടൽതണുപ്പിലേക്ക് അവൾ ചേർന്ന് കിടന്നു. ആലസ്യത്തിന്റെ വെള്ള പ്രാവുകൾ സമാധാന കൊടികളുമായി പറന്നിറങ്ങുമ്പോൾ യുദ്ധം നിർത്തി അവൾ ഉറക്കമാരംഭിച്ചു.

രാജാവില്ലാതെ രാജ്യം ഭരിക്കുന്ന രാജ്ഞിയുടെ ഏകാന്തതയ്ക്കും അപൂർണതയ്ക്കും മുന്നിൽ ചെന്ന് നിന്നപ്പോഴാണ് അവൾ കണ്ണ് തുറന്നത്. അപ്പോഴും അരികിൽ തണുത്തുറഞ്ഞ അവന്റെ ശരീരം പാതി ചരിഞ്ഞു  കിടക്കുന്നുണ്ടായിരുന്നു. ചുണ്ടിലെ ചുംബനങ്ങൾക്ക് ഊർജ്ജമില്ലാതെ അവൻ
നിസംഗനായി തീർന്നത് കണ്ടു പിന്നെയവൾക്ക് ഹൃദയം പെരുത്തു. അവളുടെ താക്കോൽ അവന്റെ നിശ്ചലമാക്കപ്പെട്ട ശരീരത്തിലെവിടെയോ മരവിച്ചിരിക്കുന്നുണ്ട്. തനിച്ചാക്കപ്പെട്ട ആത്‌മാവിനാൽ അവൾ പിന്നെ അത്  തിരയാൻ തുടങ്ങി. പൂരിപ്പിക്കപ്പെട്ടു കിടന്ന അവന്റെ ഹൃദയത്തിന്റെ ഏറ്റവും  ആദ്യത്തെ അറയിൽ നിന്നും അവൾക്കത് കിട്ടി. ശേഷം, പാതിമുറിഞ്ഞു ചോര വാർന്നൊഴുകുന്ന സ്വന്തം ഹൃദയം ആരും കാണാതെ മൂടിക്കെട്ടി താക്കോലവൾ അവൻ അലിഞ്ഞു തീർന്ന ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു.

-ശ്രീ പാർവതി 

(Image courtesy: Shahulhameed K T) 
23 Comments
 1. Anupama 4 years ago

  Bold and beautiful… good read.

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി !

 2. Baburaj 4 years ago

  നല്ല രചന… അഭിവാദ്യങ്ങൾ

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി !

 3. Rajesh kalakaran 4 years ago

  നല്ലൊരു വായന സമ്മാനിച്ചതിനു നന്ദി..

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി !

 4. Fehmida 4 years ago

  realistic story… Beautifully written

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി !

 5. Jayachandran 4 years ago

  പച്ചയായ കഥ…

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി !

 6. Baburaj 4 years ago

  സ്വന്തം ഹൃദയം ആരും കാണാതെ മൂടിക്കെട്ടി താക്കോലവൾ അവൻ അലിഞ്ഞു തീർന്ന ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. ഒരു ജീവിതം മുഴുവൻ ഈ വാക്കുകളിൽ നിറച്ചിരിക്കുന്നു…

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

 7. Chandradas 4 years ago

  Good read… realistic

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

 8. Mohan 4 years ago

  Compelling reading….. liked it.

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

 9. Anil 4 years ago

  A very good read..

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

 10. P K N Nair 4 years ago

  …അവൻ അലിഞ്ഞു തീർന്ന ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു. നല്ല ഉശിരുള്ള കഥ…അഭിവാദ്യങ്ങൾ

  • Author
   Jwalanam 4 years ago

   വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

 11. Haridasan 4 years ago

  A good story…

 12. Author
  Jwalanam 4 years ago

  വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

 13. Vipin 4 years ago

  Great writing…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account