നീലക്കുറിഞ്ഞി പൂക്കുന്നപോലെ വല്ലപ്പൊഴും പൊട്ടിവിടരുന്ന സ്നേഹവസന്തങ്ങൾ അനുഭവിച്ചിട്ടില്ലാത്തവരുണ്ടാകുമോ? വർഷങ്ങളോളം ഒരു കോൺടാക്റ്റും ഇല്ലാതെ പെട്ടെന്നൊരു ദിവസം നമ്മളെത്തേടി വരുന്ന ഒരു പരിചയം, ഒരു സൗഹൃദം, ഒരു നഷ്ടപ്രണയം, പേരിട്ടിട്ടില്ലാത്ത ഒരു ബന്ധം – അങ്ങനെ ചിലർ, പെട്ടെന്ന്, വളരെ പെട്ടെന്ന് നമ്മുടെ സ്നേഹവസന്തത്തിലേയ്ക്ക് പൊട്ടിവിടരാറില്ലേ?
വർഷങ്ങളോളം കാണാതെ, എവിടെയെന്നറിയാതെ, നമ്മുടെ വികാരവിചാരങ്ങളിൽ പോലും കയറിവരാത്ത ചിലർ, ഒരുകാലത്ത് നമ്മൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നവർ, വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടുമ്പോൾ പരസ്പരം യാതൊരു അപരിചിതത്വവും തോന്നാതിരിക്കുകയും ഇന്നലെ പറഞ്ഞ് നിർത്തിയിടത്തു നിന്നും തുടരുന്നപോലെ സംസാരിക്കാനാവുകയും ചെയ്യുന്നുണ്ടെങ്കിൽ അവരെ തന്നെയല്ലെ ‘ആത്മാവിനെ സ്പർശിക്കുന്നവർ’ എന്ന് നമ്മൾ വിളിക്കേണ്ടത്?
മറ്റുചിലപ്പോൾ, ചിലർ, ഏറ്റവും തീവ്രമായി, അഗാധമായി ആത്മാവിനെ തൊടുന്നവിധത്തിൽ നമ്മളോട് ഇടപെടുകയും പെട്ടെന്ന് ഏതാണ്ട് പൂർണമായി ഒഴിഞ്ഞുപോവുകയും പിന്നീട് ഒട്ടും വൈകാതെ അതേ തീവ്രതയോടെ നമ്മളിലേയ്ക്ക് തിരികെയെത്തുകയും ചെയ്യാറില്ലേ?
ഇനി മറ്റൊരു കൂട്ടരുണ്ട്. നമ്മൾ അസ്വസ്ഥരാകുമ്പൊൾ അകാരണമായി അസ്വസ്ഥരാവുകയും നമ്മൾ മനസിൽ വിചാരിയ്ക്കുന്നത് ടെലിപ്പതിയായി വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ് അവർ.
അപൂർവ്വമായി മാത്രം നമ്മൾ Contact ചെയ്യുന്ന ഒരു സുഹൃത്തിനെയോ അടുപ്പമുള്ള മറ്റാരെയെങ്കിലുമോ ഫോൺ ചെയ്യുമ്പോൾ നമ്മളോടവർ പറയാറില്ലേ ‘ഇപ്പൊ നിന്റെ കാര്യം ആലോചിച്ചതേയുള്ളൂ’ന്ന്? അതവർ (നമ്മളും) വെറുതെ പറയുന്നതല്ല, മനസിന്റെ ടെലിപ്പതിക് സന്ദേശങ്ങളെ കുറിച്ച് മനശാസ്ത്ര വിദഗ്ദ്ധർ വിശദമായ പoനങ്ങൾ തന്നെ നടത്തിയിട്ടുണ്ട്.
എല്ലാ ബന്ധങ്ങളും നൈമിഷികമാകുന്നതോടൊപ്പം തന്നെ ആജീവനാന്തവുമാണെന്നാണ് ജീവിതം നമ്മെ പഠിപ്പിയ്ക്കുന്നത്.
അല്ലെങ്കിൽ തന്നെ ഓരോരുത്തരുടേയും മനസ് സഞ്ചരിയ്ക്കുന്ന വഴികൾ ആർക്കാണറിയുക?
ഒരു വ്യാഴവട്ടക്കാലം മുഴുവൻ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന നീലക്കുറിഞ്ഞികൾ പിന്നീട് കൂട്ടത്തോടെ പൂവിട്ട് വസന്തം തീർക്കുന്നതുപോലെ നമ്മുടെ മനസെന്ന നീലക്കുറിഞ്ഞികളുടെ പൂക്കാലത്തെ കാത്തിരിയ്ക്കുകയല്ലെ നമ്മൾ ഓരോരുത്തരും…
അല്ലെങ്കിലും നീണ്ട കാത്തിരിപ്പ് തന്നെയല്ലെ ജീവിതം? എന്തിനൊക്കെയോ വേണ്ടിയുള്ള ഒടുങ്ങാത്ത കാത്തിരിപ്പ് !
– ജ്യോതി മദൻ