‘നീരാളി’യുടെ ടൈറ്റിൽ സോങ് തുടങ്ങിയ ശേഷമാണ് തിയേറ്ററിലെത്തിയത്. ഇതിനു മുൻപു വല്ല സീനും ഉണ്ടായിരുന്നോയെന്ന് ഇരുട്ടിൽ അടുത്തിരുന്നയാളോട് ചോദിച്ചു. ഇല്ലെന്നു മറുപടി കിട്ടിയപ്പോൾ പരിചയമുള്ള സ്വരം! ഓഫീസിലെ ബിജുവാണ്. ‘പെട്ടല്ലോ’ എന്ന് മനസ്സിൽ പറഞ്ഞു. സംസാരപ്രിയനായ ബിജുവിന്റെ “കത്തി” സഹിക്കേണ്ടി വരുമെന്നായിരുന്നു പേടി. പക്ഷേ,  സിനിമ കണ്ടിറങ്ങുമ്പോൾ അവന് നിറഞ്ഞമനസ്സോടെ കൈകൊടുത്താണ് പറഞ്ഞു വിട്ടത്. അവനില്ലായിരുന്നെങ്കിൽ ഞാൻ ഈ രണ്ടു മണിക്കൂർ എങ്ങനെ അതിജീവിക്കുമായിരുന്നു! ഹൊ!!

ബാംഗ്ലൂരിലെ പ്രമുഖ സ്ഥാപനത്തിൽ രത്‌നക്കല്ലുകളുടെ മാറ്റുനോക്കുന്ന വിദഗ്‌ധനാണ് മോഹൻലാലിൻറെ സണ്ണി. ഓഫീസിലെ പെണ്ണുങ്ങൾ സണ്ണിയോട് ആരാധനയും പ്രേമവും കൊണ്ട് ഗതികിട്ടാതെ നടക്കുന്നവരാണ്! (സിനിമയിൽ നോർമലായി ഒരു സ്‌ത്രീകഥാപാത്രം പോലും ഇല്ല! ) അതിൽ നൈനയാകട്ടെ (പാർവതി നായർ) പണ്ടൊരു രാത്രിയിൽ മംഗോളിയയിൽ വച്ച് സണ്ണിച്ചായൻ പാടിയ പാട്ടു  കേട്ട് ഭ്രാന്തായിപ്പോയവളുമാണ്! ‘ഹൂറിമാർ നിറഞ്ഞ ആ  സ്വർഗ്ഗലോക’ത്തു നിന്ന്  ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സണ്ണിയുടെ കാർ  അപകടത്തിൽപ്പെട്ട് കൊക്കയുടെ വിളുമ്പിൽ നിൽക്കുന്നതാണ് ‘നീരാളി’ എന്ന സിനിമ. കാറിനുള്ളിൽ ഡ്രൈവർ വീരപ്പനും (സുരാജ് വെഞ്ഞാറമൂട്) സണ്ണിയും ഒരു രാത്രി മുഴുവൻ പെട്ടുപോകുന്നു.

അപകടം സംഭവിച്ചപ്പോൾ മുതൽ മരണത്തെ മുഖാമുഖം കണ്ടുള്ള സണ്ണിയുടെ നിസ്സഹായാവസ്ഥ മോഹൻലാൽ തകർത്തഭിനയിക്കുന്നുണ്ടെങ്കിലും (സുരാജ് എല്ലുകൾ തകർന്ന് അവശനിലയിൽ സീറ്റ്ബെൽറ്റിൻ്റെ സപ്പോർട്ടിൽ ഇരിക്കുകയാണ്)

പ്രേക്ഷകർക്ക് ഒരു ആകാംക്ഷയും തോന്നുന്നില്ല. രണ്ടു മണിക്കൂർ നേരം ബോറടിക്കാതെ കാണാൻ കട്ട ലാലേട്ടൻ ഫാൻസിനുപോലും സാധിക്കില്ല എന്ന് റിലീസ് ദിവസം നാലാമത്തെ ഷോ ആയപ്പോഴേക്കും അവർ  കണ്ടം  വഴി വിട്ടതിൽ നിന്ന് മനസിലാക്കാം.

ഇത്തരമൊരു സിനിമയെടുക്കുമ്പോൾ പ്രേക്ഷകന് വിശ്വാസയോഗ്യമായ തരത്തിൽ യുക്‌തിഭദ്രമായി മികച്ച സാങ്കേതിക മികവോടെ ചെയ്‌താൽ മാത്രമേ രക്ഷയുള്ളൂ എന്ന് സെറ്റിലെ ലൈറ്റ് ബോയ്‌ക്കു വരെ അറിയാം. പക്ഷെ അജോയ് വർമ്മ എന്ന സംവിധായകന് അത്തരം ആലോചനകളൊന്നുമില്ല! കുറഞ്ഞപക്ഷം പത്തുമുപ്പത്തിനാല് കൊല്ലം മുൻപിറങ്ങിയ  ‘മൈഡിയർ കുട്ടിച്ചാത്തൻ’  എങ്കിലും റഫർ ചെയ്‌തിരുന്നെങ്കിൽ എത്ര നന്നായിരുന്നു! ആദ്യ സീനിൽ വണ്ട് പറക്കുമ്പോൾ പൂമ്പാറ്റയാണെന്നു തോന്നുന്നത് നമുക്ക് ഭാവനയില്ലാത്തതുകൊണ്ടാണെന്നും അല്ലാതെ നാലാംകിട ഗ്രാഫിക്‌സായതുകൊണ്ടല്ല എന്നും  നമ്മൾ  സമ്മതിച്ചു കൊടുക്കാം. (ചുമ്മാ ആശ്വസിക്കട്ടെ). പിന്നീട്  അപകടത്തിൽപ്പെടുന്ന കാർ  പാറപ്പുറത്തേക്കു ഉരുണ്ടുപോകുന്ന ദൃശ്യങ്ങൾ തന്നെ തോൽവിയാണ്. പിന്നെയാണ് ബൈബിൾ നാടകത്തിന് സെറ്റിട്ടപോലെയുള്ള മരത്തിൽ തടഞ്ഞു നിൽക്കുന്ന കാർ! (ബംഗളൂരു നിന്ന് കോഴിക്കോട്ട് വരുമ്പോൾ ബോർഡറിൽ ചുരമില്ല, ചുരമുള്ളിടത്ത് ഇങ്ങനൊരു കൊക്കയുമില്ല. ഇത് സംവിധായകൻ്റെ സ്വന്തം ‘താമരശ്ശേ….രിച്ചൊരം!!!’). നട്ടപ്പാതിരക്ക് സണ്ണിയുടെ സൗകര്യത്തിന് വെളിച്ചം തെളിയുകയും കെടുകയും ചെയ്യുന്ന   താഴ്വരയിലെ പട്ടണവും പള്ളിയും സുവിശേഷപ്രസംഗവും! തമിഴ്‌നടൻ നാസറിനെ ഒരുകാര്യവുമില്ലാതെ വിളിച്ചോണ്ട് വന്ന് അപ്പന്റെ പ്രേതംകളിപ്പിക്കൽ!  കാറിൽ കുടുങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് ഇഴഞ്ഞു കയറുന്ന പാമ്പിനെക്കണ്ട പ്രേക്ഷകർ ചിരിയോടു ചിരി! മോഹൻലാലും പാമ്പും മുഖാമുഖം നിന്നപ്പോൾ കൂവിയവരെ കുറ്റം പറയാൻ പറ്റില്ല.  സംവിധായകൻ പ്രേക്ഷകനെ ഉദ്വേഗമുനയിൽ നിർത്താനുദ്ദേശിച്ചു ചെയ്‌ത ആ ഇന്റർവെൽ പഞ്ച്  പ്രേക്ഷകനെ ബോറടിയിൽ നിന്നുണർത്തി ചിരിപ്പിച്ച് മൂത്രമൊഴിക്കാൻ പറഞ്ഞയച്ചു.

ഇടയ്ക്കിടക്ക്  ഇത്തിരി നാടൻ സെന്റിമെൻസിനു ഡ്രൈവർ വീരപ്പന്റെ കുടുംബകഥയുണ്ട്. അച്ഛനെ ചികിൽസിച്ച കടം/ വട്ടിപ്പലിശക്കാർ/കിടപ്പാടം പണയം/അമ്മയില്ലാത്ത മകൾ/ ഗുണ്ടാവിളയാട്ടം എക്‌സട്രാ…

കാണാതായ വീരപ്പന്റെ വണ്ടി തപ്പി വരുന്ന ഗുണ്ടാ സംഘം (ദിലീഷ് പോത്തന്റെ നേതൃത്വത്തിൽ ബിനീഷ് കോടിയേരിയും മറ്റും..) എന്തിനോ വന്നു.. എങ്ങനോ പോയി..!

പന്ത്രണ്ടു വർഷത്തെ ചികിത്സക്കുശേഷം പ്രസവിക്കാൻ പോകുന്ന ഭാര്യയായി നദിയ മൊയ്‌തു ഇടയ്ക്കിടെ പ്രസവമുറിയിൽ നിന്ന് ലൈവ് വരുന്നുണ്ട്. ‘നാദിയ കൊല്ലപ്പെട്ട രാത്രി’ ഒരു സിനിമയുടെ പേരാണ്. പക്ഷെ ഈ രാത്രി നീരാളി കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിൽ നദിയ മൊയ്‌തു എന്ന പ്രിയനടി കൊല്ലപ്പെട്ടിരിക്കുന്നു.

ജീത്തു ജോസെഫിന്റെ പ്രണവ് ചിത്രമായ ആദിയിൽ പഴയ മോഹൻലാൽ പാട്ടുകൾ വരുമ്പോൾ പ്രേക്ഷകർ ഹൃദ്യമായി ആസ്വദിച്ചു. നീരാളിയിൽ അതേ പരിപാടി അവർത്തിച്ചുവെങ്കിലും സാമാന്യം ബോറായി. നദിയ മൊയ്‌തു ‘ആയിരം കണ്ണുമായ്..’ പാടിയപ്പോഴേക്കും അങ്ങേയറ്റം വെറുപ്പിക്കലായി.

സ്റ്റീഫൻ ദേവസ്സി സംഗീതം നൽകിയ തരക്കേടില്ലാത്ത പാട്ടുകൾ പലപ്പോഴും  തിരുകിക്കയറ്റിയിട്ടുണ്ട്. റോണി റാഫേലിന്റെ  പശ്ചാത്തല സംഗീതത്തിൽ നിന്ന് ഇടയ്ക്കു ബാഹുബലി മുതൽ പഴയ കാബൂളിവാല വരെ മനസ്സിൽ കയറിവരുന്നുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ‘ത്രില്ലർ’ എന്ന് വിശേഷിപ്പിച്ച്‌ പുറത്തിറക്കിയ പടത്തിന്  അതിനു പറ്റിയ തിരക്കഥയോ ആവശ്യമായ ക്യാമറാ/എഡിറ്റിംഗ് വർക്കുകളോ കലാസംവിധാനമോ, ഗ്രാഫിക്‌സോ തനതായ പശ്ചാത്തലസംഗീതമോ വിശ്വസിക്കാൻ കൊള്ളാവുന്ന ലൊക്കേഷനോ ഇല്ല! ഇവയൊക്കെ സമന്വയിപ്പിച്ചു സിനിമയെടുക്കണം എന്ന് അറിവുള്ള സംവിധായകനും ഇല്ല!

പലപ്പോഴും മലയാളസിനിമയ്ക്ക്  ശാപമാണ് സാറ്റലൈറ്റ് റേറ്റ്. ഇവിടെ ഏറ്റവും കൂടുതൽ സാറ്റലൈറ്റ് മൂല്യമുള്ള നടനാണ് മോഹൻലാൽ. മോഹൻലാലിനെ വെച്ച് മീഡിയം ബഡ്‌ജറ്റിൽ സിനിമയെടുത്താൽ അത് തിയേറ്ററിൽ ഓടിയില്ലെങ്കിലും നിർമ്മാതാവിന് നഷ്‌ടം വരില്ല. അത് മുതലാക്കി ലാലിൻ്റെ കോൾഷീറ്റ് കിട്ടിയാൽ സിനിമയെന്ന പേരിൽ എന്തെങ്കിലും ചവറ് പടച്ചുവിടുന്നത് ഇതിനു മുൻപും നമ്മൾ പലവട്ടം കണ്ടിട്ടുണ്ട്. ”കാട്ടിലെ തടി, തേവരുടെ ആന……’.

‘നീരാളി’  കണ്ടിറങ്ങുമ്പോൾ  ‘ഓയെംകേവീ’ എന്നുറക്കെ വിളിച്ചു പറഞ്ഞ പ്രേക്ഷകരാണ് മലയാള സിനിമയുടെ യഥാർത്ഥ ആസ്വാദകർ.

-ഉമേഷ് വള്ളിക്കുന്ന് 

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account