കഴിഞ്ഞ ദിവസം കോഴിക്കോട് കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാരംഗം സംസ്ഥാന സെമിനാറിൽ ഒരു പ്രബന്ധം അവതരിപ്പിച്ചു. വിഷയം ‘സാങ്കേതിക വിദ്യകാലത്തെ സാഹിത്യം’ ആയിരുന്നു. അവിടെ വലിയൊരു ഹാളും സ്‌ക്രീനും അവതരണവുമൊക്കെയായ് ഒരു പുതിയ അനുഭവമായിരുന്നു.

കടുത്ത മത്‌സരം പ്രതീക്ഷിച്ചാണ് ഞാൻ കാരപ്പറമ്പ് സ്‌കൂളിലേക്ക് ചെന്നത്. പക്ഷേ അവിടെ എന്നെ അമ്പരപ്പിച്ചത് പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനമെന്ന വിദ്യാരംഗത്തിന്റെ പോളിസിയാണ്. അവിടെ മത്‌സരമില്ല. നമ്മുടെ ആശയങ്ങളും കണ്ടെത്തലുകളും മറ്റുള്ളവരുമായ് പങ്കിടാനുള്ള ഒരു ഇടം. അത് ഒരു പുതിയ അനുഭവമായിരുന്നു.

സബ്‌ ജില്ലയിൽ പ്രബന്ധാവതരണത്തിനായ് ഞാനെടുത്ത സമയം ഇരുപത് മിനിറ്റും നാൽപ്പത് സെക്കന്റുമായിരുന്നു.എന്നാൽ മേഖലാ തലത്തിൽ ഒരു പ്രബന്ധാവതരണത്തിന് നിശ്ചയിച്ചിരുന്നതായ് എന്നെ അറിയിച്ചിരുന്ന സമയം പത്ത് മിനിറ്റായിരുന്നു. ഈ സമയ പരിധിക്കുള്ളിൽ ആ ഒരു പ്രബന്ധത്തെ ചുരുക്കുക എന്നത് വളരെ ശ്രമകരമായിരുന്നു. അങ്ങനെ അതിനെ ഒതുക്കിയെടുത്തപ്പോഴാകട്ടെ  സമയ പരിധിക്കുള്ളിൽ പറഞ്ഞ് തീരുന്നില്ല. ശ്വാസം വിടാതെ റോക്കറ്റ് വിട്ടത് പോലെ ഞാൻ പറഞ്ഞ് പ്രാക്റ്റീസ് ചെയ്‌ത്‌ ഒടുവിൽ 10 മിനിറ്റ് 20 സെക്കന്റ് എന്നസമയ പരിധിക്കുള്ളിൽ കൊണ്ടുവന്നു. പക്ഷേ അവിടെ ചെന്ന് നോക്കിയപ്പോൾ അതാ, യാതൊരു സമയപരിധിയുമില്ല. മത്‌സരത്തിന്റെ പിരിമുറുക്കങ്ങളുമില്ല. രസകരമായൊരു അനുഭവം.

ഒരേ വിഷയമാണ് എല്ലാവരും ചർച്ച ചെയ്യുന്നതെങ്കിലും വ്യത്യസ്‌തമായ ആശയങ്ങളാണ് പലരും മുന്നോട്ട് വെക്കുന്നത്. ചിലർ മലയാളികൾ പുതിയൊരു സൈബർ സാങ്കേതിക സംസ്‌കാരം വളർത്തിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റൊരു വിഭാഗം പ്രിന്റ് മീഡിയയുടെ ആധികാരികതയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും വാദിക്കുന്നു. ഓരോ വാദങ്ങൾ ആഴവും പരപ്പും ഉണ്ട്. എന്നാൽ അതിന് തുല്യവും വിപരീതവുമായ എതിർവാദങ്ങമുണ്ട്. ഓരോരുത്തരുടെയും ശരീരഭാഷയും ഭാഷാശൈലിയും വ്യത്യസ്‌തമാണ്. ചിലർ സരസമായ് സംസാരിക്കുമ്പോൾ മറ്റ് ചിലർ വിഷയത്തിന്റെ ഗൗരവത്തെ പരമാവധി ഉൾക്കൊണ്ട് അക്ഷരസ്ഫുടതയോടെ, ഘനഗാംഭീര്യത്തോടെ സംസാരിക്കുന്നു. ന്യൂസ് റൂമുകളിലെ എട്ട് മണി ചർച്ചകളിൽ കോട്ടും സ്യൂട്ടുമിട്ട് രണ്ട് വിഭാഗക്കാരെ തമ്മിലടിപ്പിക്കുന്ന ചോദ്യങ്ങളുന്നയിച്ച് ഒരിടത്ത് നിന്നും എല്ലാ കണ്ട് രസിക്കുന്ന വേണുവിനെയും പ്രമോദ്  രാമനെയുമൊക്കെയാണ് മറ്റ് ചിലർ ഓർമ്മിപ്പിച്ചത്. അവതരണ ശൈലിയിൽ എല്ലാവരുടെയും പ്രബന്ധങ്ങൾ വ്യത്യസ്‌തമായിരുന്നു.

ഞാൻ ഇതിനു മുൻപും സ്‌കൂ ളിൽ ചില പരിപാടികളിൽ ചെറിയ മൂന്നോ നാലോ പേജുള്ള പ്രബന്ധങ്ങൾ എഴുതി തയ്യാറാക്കി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക പിന്തുണ ഉയോഗിച്ച് ഇതുവരെ ഒരു അവതരണവും നടത്തിയിട്ടില്ല. രണ്ട് വർഷമായ് വീട്ടിൽ ഞങ്ങളുടെ ‘ആസ്യൂസ്’ ലാപ് ടോപ്പിൽ ഉള്ള ‘മൈക്രോസോഫ്റ്റ് പവർ പോയിന്റ്’  ആദ്യമായ് ഒന്ന് തുറന്നു നോക്കുന്നത് പോലും ഈ ഒരു പ്രബന്ധാവതരണത്തിനുള്ള സ്ലൈഡുകൾ നിർമ്മിക്കാനാണ്. അങ്ങനെ പവർപോയിന്റ് ഉപയോഗിച്ച് സ്ലൈഡുകൾ നിർമ്മിക്കാനും സമയബന്ധിതമായ അവതരണത്തിന് സ്ലൈഡുകൾ ക്രമീകരിക്കാനും ഞാൻ പഠിച്ചു. ഇപ്പോൾ ഒരു പ്രസന്റേഷൻ തയ്യാറാക്കാൻ എനിക്ക് ചെറിയ സമയം മാത്രം മതി.

ഏകദേശം ഒരു വർഷത്തോളമായ് ഞാൻ ‘ജ്വലനം’ ഓൺലൈനിൽ എഴുതുന്നു.  മുപ്പതിൽ കൂടുതൽ കോളങ്ങൾ എഴുതി ഇതിൽ പ്രസിദ്ധീകരിച്ചു. എഴുതിയത് മുഴുവൻ മൊബൈൽ ഫോണിലെ ‘കളർ നോട്ട്’ ആപ്പിൽ ‘ഗൂഗിൾ ഹാൻഡ്‌റൈറ്റിംഗ് ഇൻപുട്ട്’ ഉപയോഗിച്ചായിരുന്നു. പേനയോ പേപ്പറോ കൈയിലെടുത്തിട്ടില്ല. എഴുതാനാവശ്യമായ വിവരശേഖരണം നടത്തിയത് ഗൂഗിള്ളമ്മായിയുടെ അടുത്തു നിന്നുമാണ്. സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി വിനിയോഗിക്കാൻ ജ്വലനത്തിലെ കോളമെഴുത്തിലൂടെ എനിക്ക് സാധിച്ചു. സാങ്കേതികവിദ്യാകാലത്തെ സാഹിത്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഒരു വ്യക്‌തി എന്ന നിലയിൽ ഇത്തരമൊരു വിഷയത്തിൽ ഒരു പ്രബന്ധം തയ്യാറാക്കുക എന്നത് എനിക്ക് എളുപ്പവും രസകരവുമായിരുന്നു. അതിനാൽ അവതരണ സമയത്ത് ഭയമൊന്നും ഉണ്ടായിരുന്നില്ല.

സൈബർ സാഹിത്യത്തെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള അവസരം കൂടിയാണ് പ്രബന്ധാവതരണത്തിനായുള്ള വിവരാന്വേഷണങ്ങൾ എനിക്ക് സമ്മാനിച്ചത്. സൈബർ സാഹിത്യത്തെക്കുറിച്ചുള്ള പ്രമുഖ മാധ്യമപ്രവർത്തകരുടെ നിരീക്ഷണങ്ങളും, സൈബറിടങ്ങളിൽ സൃഷ്‌ടിക്കപ്പെട്ട രചനകളുടെയും, സൈബർ എഴുത്തിലൂടെ പ്രമുഖരായവരെക്കുറിച്ചുമൊക്കെ കൂടുതൽ അറിയാൻ കഴിഞ്ഞു. സൈബർ ലോകം ഇതിവൃത്തമായ് വരുന്ന എം.മുകുന്ദൻ എഴുതിയ ‘നൃത്തം’ പോലുള്ള ഒട്ടനവധി നോവലുകളെക്കുറിച്ചും അറിയാൻ കഴിഞ്ഞു. വ്യക്‌തിപരമായ പല നിരീക്ഷണങ്ങളും  ഉണ്ടാക്കിയെടുക്കാൻ എനിക്ക് കഴിഞ്ഞു.

നവമാധ്യമങ്ങളിൽ മലയാളികളുടെ ഇടപെടൽ ഇന്ന് വളരെയധികം സജീവമാണ്. ബ്ലോഗുകൾ, ഓൺ ലൈൻ റൈറ്റിങ് വെബ്‍സൈറ്റുകൾ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകൾ വളരെയധികം പ്രയോജനപ്പെടുത്തുന്നവരാണ് മലയാളികൾ. ദീപ നിശാന്ത്, ഏച്ച്മുക്കുട്ടി, സജീവ് എടത്താടൻ എന്നിവർ സൈബറെഴുത്തിലൂടെ പ്രശസ്‌തരായവരാണ്. സജീവ് എടത്താടന്റെ ബ്ലോഗിനെക്കുറിച്ച് ഞാൻ അറിയുന്നത് ‘ദി സമ്പൂർണ കൊടകരപുരാണം’ എന്ന ആ ബ്ലോഗ് കുറിപ്പുകളുടെ സമാഹാരം വായിച്ചപ്പോഴാണ്. പുസ്‌തകത്തെക്കുറിച്ച് പ്രിയ സംവിധായകൻ രഞ്ജിത്തിന്റെ ആമുഖം വായിച്ചപ്പോൾ തന്നെ ഞാൻ വായിക്കാനാരംഭിച്ചു. നർമ്മത്തിന്റെ മേമ്പൊടിയോടെ എഴുതിയ ഓരോ കുറിപ്പുകളും വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. കൊടകര എന്ന ഗ്രാമത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി കൊടുത്ത വ്യക്‌തിയാണ് സജീവ് എടത്താടൻ. ഒട്ടനവധി ബ്ലോഗുകളെക്കുറിച്ചറിയാനും ഈ തയ്യാറെടുപ്പുകൾ എന്നെ സഹായിച്ചു.

സാങ്കേതിവിദ്യാകാലത്ത്  സാഹിത്യത്തിന് തന്നെ കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് എന്റെ നിരീക്ഷണം. പുസ്‌തകങ്ങൾ നിർമ്മിക്കാനായ് മുറിച്ച് മാറ്റുന്ന മരങ്ങളും അതുണ്ടാക്കുന്ന പരിസ്ഥിതിനാശവും ആലോചിക്കുമ്പോൾ, എഴുത്തും വായനയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകണം. അതിന് വേണ്ടി നാം ഒറ്റക്കെട്ടായ് പരിശ്രമിക്കണം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account