ഇന്ന് സമകാലികന്‍ സംസാരിക്കാന്‍ പോകുന്നത് ഒരു പുസ്തകത്തെപ്പറ്റിയാണ്. വെറും പുസ്തകമല്ല. നല്ല ഗൗരവമുള്ള പുസ്തകം തന്നെ.
“ഫെയ്സ്ബുക്കില്‍ കണ്ടു, എഫ് ബിയില്‍ കാണാം, എഫ് ബി ഫ്രണ്ട്സ് പറയുന്നു, എഫ് ബിയില്‍ ഇരുന്ന് നേരം പോയതറിഞ്ഞില്ല..” മലയാളിയുടെ നാവിന് തുമ്പില്‍ ഇത്തരം പ്രയോഗങ്ങള്‍ സാധാരണം. എന്താണിതിനുകാരണം? മലയാളിയും ഫെയ്സ്ബുക്കും തമ്മില്‍ അത്രമാത്രം ബന്ധമായിരിക്കുന്നു. അടുത്ത വീട്ടിലെ ആളുകള്‍ മിണ്ടിയില്ലെങ്കിലും നമുക്ക് കുഴപ്പമില്ല. എഫ് ബി ഉണ്ടല്ലോ, പിന്നെന്താ? സോഷ്യല്‍ മീഡിയ എന്നത് പഴയ അര്‍ത്ഥത്തില്‍ സാമൂഹിക മാധ്യമമല്ല.അതൊരു പുതിയ മാധ്യമ രീതിയാണ്.
കേവലം കൂട്ടുകാരെ കാണാനും സംസാരിക്കാനും മാത്രമല്ല, സാമൂഹികവിഷയങ്ങളില്‍ സംവദിക്കാനും രാഷ്ട്രീയ ഇടപെടല്‍ നടത്താനും സാഹിത്യസല്ലാപത്തിനുമൊക്കെ ഫെയ്സ്ബുക്കും ട്വിറ്ററും മലയാളികള്‍ ഉപയോഗിക്കുന്നു. ‘തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല’ എന്ന് കേരളത്തിന്റെ സാമൂഹ്യാധുനികതയെക്കുറിച്ച് കവി പറഞ്ഞതുപോലെ അധികം വൈകാതെ ‘കമ്പ്യൂട്ടറില്ലാത്ത വീടില്ലെന്ന് ‘ നമുക്കു പറയാനാവും. അത്രമേല്‍ മലയാളികള്‍ സോഷ്യല്‍ നെറ്റ് വർക്കുമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. ആ ലോകം കൂടുതല്‍ വിപുലപ്പെടാന്‍ തന്നെയാണ് സാദ്ധ്യത. ഈ മേഖലയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും ദിശാബോധത്തോടെ മുന്നോട്ട് പോവാനും സഹായിക്കുന്നൂ, ദിനേശ് വര്‍മയുടെ “സൈബര്പുഴുക്കളും പൂമ്പാറ്റകളും എന്ന പുസ്തകം”.
സൈബര്‍ലോകത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കച്ചവടപുസ്തകമല്ല ഇതെന്നത് ഏറെ ആഹ്ളാദകരം. ആദ്യവസാനം ഗ്രന്ഥകാരന് പുലര്‍ത്തുന്ന സാമൂഹികബോധം പുസ്തകത്തെ ഗൗരവമുള്ളതാക്കുന്നു. സൈബര്ലോകമെന്നത് അരാഷ്ട്രീയതയുടെ വിളനിലമാണെന്ന ധാരണ ഇവിടെ തിരുത്തിക്കുറിക്കപ്പെടുന്നു. മറ്റൊന്ന്, ഈ രംഗത്തുണ്ടാകുന്ന, ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളോടുള്ള സമീപനമാണ്. ഇതെഴുതുന്ന സമയത്ത് ഉള്ളതുപോലെ ആയിരിക്കില്ല ഒരുപക്ഷേ ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ സോഷ്യല്‍ നെറ്റ് വർക്കിങ്ങിന്റെ ലോകമെന്ന വലിയ തിരിച്ചറിവ് കൃതിയിലുടനീളം കാണാം.
സാങ്കേതികവിദ്യാവികസനത്തെ അന്ധമായി എതിര്‍ക്കുന്ന സമീപനം യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല. സാങ്കേതികവിദ്യയെ മനുഷ്യന് ഉപയോഗപ്രദമാവുംവിധം സ്വാംശീകരിക്കുന്ന ചരിത്രപരമായ ഇടപെടല്‍ ആഗോളവത്കരണകാലം ആവശ്യപ്പെടുന്നുണ്ട്. സാമൂഹ്യബദ്ധതയോടും നൈതികപൂര്വവും സ്വന്തം മണ്ണില്‍ നിന്നുകൊണ്ട് ആകാശവിസ്തൃതിയിലേക്ക് നടത്തുന്ന യാത്രയായി ദിനേശ് വര്‍മ സാമൂഹ്യശൃംഖലാപ്രവര്ത്തനങ്ങളെ വിലയിരുത്തുന്നു. ആറ് അധ്യായങ്ങളിലായി സോഷ്യല്‍ നെറ്റ് വർക്കിങ്ങിന്റെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്യുമ്പോള്‍ കൃത്യമായ പക്ഷം പിടിക്കല്‍ ലേഖകന്‍ നടത്തുന്നതായി അനുഭവപ്പെടും. പ്രത്യേകിച്ച് സമകാലിക ഉദാഹരണങ്ങള്‍ പറയുമ്പോള്‍. എന്നാല്‍ അത് ആരോഗ്യകരമായ വീക്ഷണം തന്നെയാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സോഷ്യല്‍ മേഖലയില്‍ ചര്‍ച്ചയായ പല വിഷയങ്ങളും വിശദീകരിച്ചുകൊണ്ട് ഇതെങ്ങിനെ നമ്മുടെ ജീവിതശൈലിയുടെ ഭാഗധേയം നിര്‍ണയിക്കുന്നുവെന്നാണ് പുസ്തകം പറയുന്നത്. പിണറായി വിജയന്റെ വീട്, എം എഫ് ഹുസൈന്റെ സരസ്വതിചിത്രം, ലോക്പാൽ ബില്‍ സമരം, തുടങ്ങിയ വിഷയങ്ങള്‍ അവശ്യം വേണ്ടിടത്ത് ഉപയോഗിക്കുന്നത് വായന സമകാലികമാക്കുന്നു.
ഫെയ്സ്ബുക്കിനെക്കുറിച്ച് സവിസ്തരമായ അവലോകനം പുസ്തകത്തിലുണ്ട്. ലോകഭരണകൂടങ്ങള്‍ ഇന്ന് ഫെയ്സ്ബുക്കിനെ ഉറ്റുനോക്കുന്നു. അമേരിക്കന്‍ മുൻ ഭരണത്തലവന് ബരാക് ഒബാമ ആ സ്ഥാനത്ത് വിരാജിച്ചിരുന്നത് ഈ മുഖപുസ്തകത്തിന്റെ കൂടി ഔദാര്യം കൊണ്ടാണ്. ഈജിപ്ത്, ടുണീഷ്യ, ലബനണ്‍ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ കടപുഴക്കിയെറിഞ്ഞത് ഈയുള്ളവന് തന്നെ. ആഗോളതലത്തില്‍ അഭിപ്രായങ്ങളുടെ അരങ്ങ് സൃഷ്ടിച്ചു സ്വയം ഒരു ആഗോളഭീമനായി ഫെയ്സ്ബുക്ക് അവതാരരൂപം കൈക്കൊണ്ടിരിക്കുന്നു. സാമൂഹ്യശൃംഖലാലോകത്തിലെ ഏറ്റവും വലിയ കണ്ണിയാണത്. സുഹൃത്തുക്കളേയും കുടുംബങ്ങളേയും വ്യാപാരി സഹകാരികളേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനമായാണ് ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ അതിന്റെ രാഷ്ട്രീയ ചലനാത്മകത എത്രത്തോളമെന്ന് അളക്കുക അസാദ്ധ്യം.
ഇന്ന് കോടിക്കണക്കിന് അംഗങ്ങളുള്ള ഒരു രാഷ്ട്രമാണ് യഥാര്‍ഥത്തില്‍ ഫെയ്സ്ബുക്ക്. അതിര്‍ത്തിയില്ലാത്ത രാജ്യം. അധികാര പ്രമത്തത മൂത്ത ഒരു ഭരണാധിപന്റേയും ചാട്ടുളി കാണേണ്ടതില്ലാത്ത സ്വതന്ത്ര-ജനാധിപത്യരാജ്യം. പ്രത്യേക തരത്തിലുള്ള പരസ്പരാശ്രിതത്വമാണ് ഈ നാട്ടുകാരുടെ ഐഡന്റിറ്റി. ഒരാഴ്ചയില്‍ ഇവര്‍ തമ്മില്‍ കൈമാറുന്ന ലൈക്കുകളും കമന്റുകളും രണ്ടായിരം കോടി വരും. ഒരാള്‍ക്ക് ശരാശരി 130 സുഹൃത്താണെന്നാണ് കണക്ക്. 5000 സുഹൃത്തുക്കള്‍ കടന്നാല്‍ മാത്രം ചെറിയ തുക കമ്പനി ചോദിക്കും. അതുവരേക്കും സേവനം സൗജന്യം. ആസ്വദിക്കൂ, സംവദിക്കൂ, അതിര്‍ത്തികള്‍ ഭേദിക്കൂ എന്നാണ് സാമൂഹ്യ ശൃംഖലകള്‍ ഉപഭോക്താക്കളോട് ആജ്ഞാപിക്കുന്നത്. സാമൂഹ്യശൃംഖലയുടെ ജുറാസിക് യുഗമെന്നാണ് ആധുനികാനന്തരകാലം വിശേഷിപ്പിക്കപ്പെടുന്നത്. സാങ്കേതികതയുടെ ഭയങ്കരാസുരതയെന്ന് വിവര്‍ത്തനം ചെയ്താലും കുഴപ്പമില്ലെന്ന് തോന്നുന്നു.
സൈബര്‍ലോകത്തിന്റെ മേന്മകളെപ്പറ്റി വാചാലമാകുമ്പോഴും അതിന്റെ ദുരുപയോഗത്തെക്കുറിച്ചും ലേഖകന്‍ പലതും ഓര്മിപ്പിക്കാനുണ്ട്. വ്യാജ മേല്വിലാസമുണ്ടാക്കല്, വ്യക്തിപരമായ വിവരം ചോര്‍ത്തല്‍, ജാതീയമായും വംശീയമായുമുള്ള അധിക്ഷേപം, അക്കൗണ്ട് ഹാക്കിങ്, വൈറസ് പടര്ത്തല്, തീവ്രവാദ- ദേശവിരുദ്ധ ആശയപ്രചരണം എന്നിവ അവയില്‍ ചിലത്.
ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് എന്നിവയുടെ സമകാലികാവസ്ഥ വിശദമാക്കിക്കൊണ്ടാണ് ‘സൈബര്‍ പുഴുക്കളും പൂമ്പാറ്റകളും’ എന്ന പുസ്തകം സമാപിക്കുന്നത്. അതിവേഗം സാങ്കേതികവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മലയാളിയുടെ ജീവിതത്തിന് ആഴത്തിലുള്ള അടിക്കുറിപ്പാണ് അഭിനന്ദനാര്‍ഹമായ ഗ്രന്ഥരചനയിലൂടെ ദിനേശ് വര്‍മ നല്‍കിയിരിക്കുന്നത്.
‘സൈബര്‍ പുഴുക്കളും പൂമ്പാറ്റകളും’
ദിനേശ് വർമ
ചിന്ത പബ്ലിഷേഴ്സ്
Good..