വളരെ അവിചാരിതമായാണ് ഇന്ന് ന്യൂസ്‌18ല്‍ നടന്ന ഓണാഘോഷത്തിന്‍റെ വീഡിയോ കാണാനിടയായത്. ‘വെളിപാടിന്റെ പുസ്തക’മെന്ന സിനിമയിലെ പാട്ടോക്കെ പാടി ഡാന്‍സും കളിച്ച് അവര്‍ നന്നായി ആഘോഷിക്കുന്നതൊക്കെ കാണാന്‍ നല്ല രസമുണ്ടായിരുന്നു.. ഞാന്‍ പറഞ്ഞു വരുന്നത് അവിടുത്തെ ആഘോഷങ്ങളെ പറ്റിയല്ല, മറിച്ച് അവിടെ നിന്നുയരുന്ന ആരോപണങ്ങളെക്കുറിച്ചാണ്..

കഴിഞ്ഞ കുറച്ച് നാളുകളായി കത്തി നില്‍ക്കുകയാണ് വനിതാ മാധ്യമ പ്രവർത്തകയ്‌ക്ക്‌ നേരെയുണ്ടായ അപമാനശ്രമവും തൊഴില്‍ ചൂഷണവും അതിനെത്തുടര്‍ന്ന് അവര്‍ നടത്തിയ ആത്മഹത്യാ ശ്രമവും. സംഭവവുമായി ബന്ധപ്പെട്ട് അന്ന് “അഴിമുഖം” റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ന്യൂസ് വായിച്ചിരുന്നു. അതില്‍ നിന്ന് രാജീവ്‌ ദേവരാജ്, എസ്.ലല്ലു, ബി ദിലീപ് കുമാര്‍, സി എന്‍ പ്രകാശ് തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു.

അവിടെയുള്ള ചില സുഹൃത്തുക്കളുമായി അന്ന് ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ സാധിച്ചത്, ആ ചാനലില്‍ ഒരേ പദവിയുള്ളവര്‍ക്ക് വ്യത്യസ്‌ത വേദനം നല്‍കുന്നു, മാനേജ്‌മെന്റിന് അപ്രിയരായവരെ മോശം പേര്‍ഫോമെന്‍സ് എന്ന പേരില്‍ അകാരണമായി പിരിച്ചുവിടാന്‍ ഒരുങ്ങുന്നു എന്നൊക്കെയായിരുന്നു. ഒരുപരിധിവരെ അവ പുരംലോകത്തിനും (പ്രത്യേകിച്ച് മലയാളത്തിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാവുന്നതുമായിരുന്നു). എന്നിട്ടും പ്രതികരണങ്ങള്‍ അത്രയധികം ഉയര്‍ന്നുവന്നില്ല എന്നത് നിരാശാജനകമാണ്. ആകെ ഞാന്‍ കേട്ടത്, അകാരണമായി ആളുകളെ പിരിച്ചുവിടുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സി. നാരായണന്‍ സര്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തു വന്നിരുന്നു എന്ന് മാത്രമാണ്.

എന്തേ മറ്റെല്ലായിടങ്ങളിലും നീതിക്കായി മുറവിളികൂട്ടുന്ന ചില പ്രമുഖര്‍ ഇതിനെതിരെ പ്രതികരിക്കാതെ പോയി.?

ഇതിനെല്ലാം ഇടയിലാണ് ഇന്നത്തെ അവരുടെ ഓണാഘോഷത്തിന്‍റെ വീഡിയോ കാണാന്‍ ഇടയായത്. ആടിയും പാടിയും അവര്‍ മോഡേണ്‍ ഓണം ആഘോഷിക്കുന്നു. നല്ലത് തന്നെ. പക്ഷെ അതിനിടയില്‍ അവരുടെ ആ സഹപ്രവര്‍ത്തകയെയും അവര്‍ കൂടെ കൂട്ടേണ്ടതായിരുന്നു. ഒറ്റപ്പെടുത്തുന്നവരെ ഒറ്റക്കെട്ടായി നിന്ന് വേണം നിങ്ങള്‍ എതിര്‍ക്കുവാന്‍… നിങ്ങളില്‍ പലരുടേയും മനസ്സ് ആ ഇരക്കൊപ്പം ആണെന്നും അറിയാം. പക്ഷെ നിങ്ങളുടെ സഹപ്രവര്‍ത്തക എന്ന നിലയില്‍ അവരെക്കൂടി ആ ആഘോഷങ്ങള്‍ക്ക് ക്ഷണിക്കേണ്ടതായിരുന്നു. (അവര്‍ വരുകയോ വരാതിരിക്കുകയോ ചെയ്യുന്നത് അവരുടെ ഇഷ്‌ടം).

ഇരുവിഭാഗങ്ങളുടേയും വാദഗതികള്‍ വായിച്ചു. ഇതെല്ലാം കേട്ടപ്പോള്‍ ഹൈദ്രാബാദിലുള്ള എച്ച്.ആര്‍ ഹെഡ് മാത്രമല്ല വില്ലനെന്ന് തോന്നുന്നു. അറസ്റ്റിലായ ഈ നാല് പേര് മാത്രമല്ല ഇതിലെ കുറ്റക്കാര്‍. ആ വനിതാ മാധ്യമ പ്രവര്‍ത്തകയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ച ഘടകങ്ങള്‍ തീര്‍ച്ചയായും അവലോകനം ചെയ്യപ്പെടെണ്ടത് തന്നെയാണ്. ഇനി ഇത്തരം ഒരു ദുരനുഭവം ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ.. കഴിവും ആത്മാര്‍ത്ഥയും അര്‍പ്പണ മനോഭാവവുമുള്ള സ്‌ത്രീകൾ ഈ രംഗത്തേക്ക് കടന്നുവരട്ടെ.. അവരുടെ ഗമനത്തെ തടയുന്ന ഞാനുള്‍പ്പെടെയുള്ള പുരുഷമേധാവിത്വം തുലയട്ടെ..

പ്രശ്‍നം ആ ഒരു മാധ്യമ പ്രവര്‍ത്തകയുടേത് മാത്രമായി കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നതായാണ് ഞാന്‍ മനസ്സിലാക്കുന്നത്. വളരെ വ്യക്തിപരമായി അറിയാവുന്ന ചില മാധ്യമ സുഹൃത്തുക്കള്‍ ഉണ്ട്. ഇടുക്കിക്കാരനായ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ (അദ്ദേഹം കൊച്ചിയിലെ മറ്റൊരു പ്രമുഖ മാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്‌ത സമയത്ത്) ലൈംഗികമായി ഉപഗോഗിച്ച ഒരു സ്‌ത്രീ എന്നോട് കരഞ്ഞു പറഞ്ഞ അനുഭവങ്ങള്‍ ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്. അവരുടെ കുടുംബം തകരുമല്ലോ എന്നോര്‍ത്ത് മാത്രമാണ് ഞാന്‍ ആരോടും ഈ കാര്യങ്ങള്‍ പറയാത്തത്.

ദളിദ് വിവേചനവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നാണോ എന്നറിയില്ല. ശമ്പളം ഇല്ലാതെ, അല്ലെങ്കില്‍ മതിയായ കൂലി ലഭിക്കാതെ ഈ മേഖലയില്‍ ജോലി ചെയ്യേണ്ടി വരുന്ന ആളുകളുടെ പ്രശ്‌നങ്ങൾ കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കാം. (മജീദിയാ വേജ് ബോര്‍ഡിന്‍റെ നിര്‍ദേശങ്ങളളൊക്കെ ഇപ്പോഴും എവിടെയെങ്കിലും പാലിക്കപ്പെടുന്നുണ്ടോ ആവോ.?)

പറഞ്ഞു വരുന്നത്, മാറ്റേണ്ടത് ഈ മേഖലയിലെ സ്‌ത്രീകളോടുള്ള വിവേചനമാണ്. അവര്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെയാണ് നാം പ്രവര്‍ത്തിക്കേണ്ടത്.. പുരുഷമേധാവിത്വമാണ് അവസാനിപ്പിക്കേണ്ടത്..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account