ജിസാ ജോസ്

ആരുമില്ലാത്ത ഉച്ചനേരത്ത് ഒരു പാതിലീവിന്റെ മറവിൽ ഒളിച്ചും പതുങ്ങിയുമെത്തി അവരുടെ തണുപ്പിച്ച കിടപ്പുമുറിയിൽ ഒന്നാളിക്കത്തിയണയാനുള്ളതേയുള്ളുവെന്നറിഞ്ഞിട്ടും ആ പ്രേമത്തിൽ കുതിർന്ന് അവളയാളുടെ കൈകളിൽ വേവലാതിയോടെ അമർത്തിപ്പിടിച്ചു..”

തരം കിട്ടുമ്പോഴൊക്കെ അടുക്കളയിൽ നിന്നു ബിസ്‌കറ്റ് കട്ടു തിന്നുന്നവളായിരുന്നു അവൾ ജോലി ചെയ്യുന്ന വീട്ടിലെ സ്‌ത്രീ. ഓഫീസിൽ നിന്നു വന്നാൽ ഷാളും ബാഗുമൊക്കെ എങ്ങോട്ടെങ്കിലും വലിച്ചെറിഞ്ഞ് ഒരു സ്‌കൂൾകുട്ടിയെപ്പോലെ അവർ അടുക്കളഭരണികൾ പരതി. പഞ്ചസാരത്തരികൾ വിതറിയ നൈസ് ടൈം ബിസ്ക്കറ്റുകളായിരുന്നു എപ്പോഴും അവർകക്കിഷ്‌ടം. അതു കൈയ്യിലെടുത്ത് ഭംഗി നോക്കിയും കണ്ണു പാതിയടച്ച് മെല്ലെ നുണഞ്ഞും അവരവളെ കൊതിപ്പിക്കും.

“നോക്കടോ എന്തു രസാ… കണ്ടാൽത്തന്നെ തിന്നാൻ തോന്നില്ലേ? പ്രണയം പുരണ്ട വാക്കുകൾ പോലെ പഞ്ചാരത്തരികളിങ്ങനെ ചിതറിക്കിടന്ന്.. മധുരിച്ച്..”

അവർ കണ്ണിറുക്കി ചിരിക്കും. അവരുടെ ഇരുന്നൂറിനും മേലെ നിൽക്കുന്ന പ്രമേഹത്തെക്കുറിച്ചൊന്നും ഓർമ്മിപ്പിക്കേണ്ടത് തന്റെ ജോലിയല്ലാത്തതു കൊണ്ട് അവളപ്പോൾ ഒന്നും മിണ്ടാതെ അവർക്കു വേണ്ടി മധുരമില്ലാത്ത ചായയുണ്ടാക്കും. അന്നത്തെ ജോലി തീർത്ത് വീട്ടിലേക്കോടാനുള്ള വെപ്രാളത്തിനിടയിൽ ചിലപ്പോഴോർത്താലുമായി, എത്ര വട്ടം അതു തിന്നു നോക്കിയിട്ടുണ്ട്. പക്ഷേ പ്രണയത്തിന്റെ രുചിയൊന്നും വേർതിരിച്ചറിയാൻ പറ്റിയിട്ടില്ലല്ലോ! എന്നിട്ടും ഒരു ദിവസം ആ വീട്ടിലെ അടുക്കളയിലേക്കുള്ള നീളൻ ഇടനാഴിയിൽവെച്ച് അവളുടെ വിരൽത്തുമ്പുകൾ കൈയ്യിലെടുത്തോമനിച്ച് ആരെങ്കിലും വരുന്നോയെന്ന് പതറി നോക്കിക്കൊണ്ട് അവരുടെ ഭർത്താവ് പ്രണയത്തെക്കുറിച്ചു പറഞ്ഞപ്പോൾ അവളാകെ തുടുത്തു പോയി. ആദ്യമായായിരുന്നു അവളങ്ങനെയൊന്നു കേൾക്കുന്നത്.

പണ്ട് പണ്ട് കല്യാണം കഴിഞ്ഞ കാലത്ത് ആദ്യമായി പരസ്‌പരം കണ്ടതിനെക്കുറിച്ച് ഭർത്താവിനോടു ചോദിക്കാനും അയാൾ പറയുന്നതുകേട്ടു പിന്നെയും പിന്നെയും മധുരിക്കാനും അവൾ കൊതിച്ചിരുന്നു.

ഒരുച്ചയ്ക്ക് ചോറുവിളമ്പിവെച്ച കിണ്ണത്തിനു മുന്നിൽ നിന്നവളെ കുത്തിയെണീപ്പിച്ച് അമ്മയുടെ പഴകിനരച്ചൊരു സാരിയിലും ബ്ലൗസിലും പൊതിഞ്ഞ് ഉമ്മറത്തേക്കിറക്കിയ ആ നിമിഷം. അന്നത്തെ ദിവസത്തെ അഞ്ചാമത്തെ പെണ്ണുകാണലാണെന്നും വൈകിയതതു കൊണ്ടാണെന്നും കൂടെ വന്നയാൾ പറയുന്നുണ്ടായിരുന്നു. അവർക്ക് ചായയോ ചോറോ കൊടുക്കേണ്ടതെന്ന സന്ദേഹം അടുക്കളയിൽ പുകഞ്ഞു. എന്തൊക്കെയോ അപമാനങ്ങൾ കൊണ്ട് അന്നവൾക്ക് ഒരു പ്രാവശ്യം പോലും തലയുയർത്തി അയാളെ നോക്കാൻ കഴിഞ്ഞില്ല. പക്ഷേ അയാൾ അവളെ നോക്കാതിരിക്കില്ലല്ലോ! കൂടെക്കൂട്ടേണ്ട പെണ്ണെന്ന് ആ ആദ്യത്തെ നോട്ടത്തിൽ തന്നെ അയാൾക്കു തോന്നിയിരിക്കുമോ?

“എന്താ ആദ്യം എന്നെക്കണ്ടപ്പോ തോന്നീത്?”

അയാൾ ഒരു നവവരനൊരിക്കലും ചേരാത്ത മടുപ്പോടെ അവളെ നോക്കി. ജാതകം ചേരാതെയും കൂടെക്കൊണ്ടു നടക്കാൻ മാത്രം ചന്തമുള്ള പെണ്ണു വേണമെന്ന വാശിയിലും തട്ടിച്ചിതറിപ്പോയ പത്തമ്പതുപെണ്ണുകാണലുകൾ. ഇറവെള്ളം പോലത്തെ ചായ കുടിച്ചും പൗഡറിട്ടു മിനുക്കിയ പേടിച്ചരണ്ട പെൺമുഖങ്ങൾ കണ്ടും ഓക്കാനം വന്നു തുടങ്ങിയതും അമ്മയ്ക്കു ജോലി ചെയ്യാൻ വയ്യാതായതുമൊക്കെ അയാളോർത്തു കാണണം.

“ഞാൻ നിന്നെ കണ്ടോന്നുതന്നെ ഓർക്കുന്നില്ല. അത്രേം മടുപ്പ്. എങ്ങനേം ഒരു പെണ്ണ്. അതേ വിചാരിച്ചിരുന്നുള്ളൂ.”

അവൾ അമ്പരന്നു നോക്കിയപ്പോൾ അയാൾ പെട്ടന്നു സംശയത്തോടെ കൂട്ടിച്ചേർത്തു.

“അങ്ങനൊക്കയല്ലേ അധികം പേരും കല്യാണം കഴിക്കുന്നത്”

അന്നവൾക്കു സങ്കടം വന്നിരുന്നു. അവൾ എത്രയോ ചെറിയ പെൺകുട്ടിയായിരുന്നു. ജീവിക്കണമെങ്കിൽ ഇത്തരം ഇല്ലാത്തണലുകൾ മോഹിച്ച് നിൽക്കരുതെന്നും നിരന്തരം ഓടണമെന്നുമൊക്കെ തിരിച്ചറിയും മുമ്പ്. പിന്നെ അവളതൊക്കെ വളരെ സ്വാഭാവികമായി മറന്നുകളഞ്ഞു.

പക്ഷേ ഇപ്പോൾ അയാൾ അവളോടു ശബ്‌ദം താഴ്ത്തി പ്രണയത്തെക്കുറിച്ചു പറയുമ്പോൾ, എത്ര കാലമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു, എനിക്കത്രയ്ക്കിഷ്‌ടമാണെന്നു മന്ത്രിക്കുമ്പോൾ, അവൾക്കതെല്ലാം ഓർമ്മ വന്നു. ആരുമില്ലാത്ത ഉച്ചനേരത്ത് ഒരു പാതിലീവിന്റെ മറവിൽ ഒളിച്ചും പതുങ്ങിയുമെത്തി അവരുടെ തണുപ്പിച്ച കിടപ്പുമുറിയിൽ ഒന്നാളിക്കത്തിയണയാനുള്ളതേയുള്ളുവെന്നറിഞ്ഞിട്ടും ആ പ്രേമത്തിൽ കുതിർന്ന് അവളയാളുടെ കൈകളിൽ വേവലാതിയോടെ അമർത്തിപ്പിടിച്ചു. അയാളുടെ കൈകൾക്ക് നൈസ് ടൈമിന്റെ മധുരിക്കുന്ന പരുപരുപ്പായിരുന്നു.

5 Comments
 1. Venu 3 years ago

  Nice time… nice story!

 2. Anil 3 years ago

  Good. Had a nice time reading it….

 3. Priya 3 years ago

  Nice, the ‘Nice time’..

 4. Silvikutty 3 years ago

  നല്ല കഥ ജിസാ.

 5. Babu Raj 3 years ago

  Nice…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account