ഒരനുഭൂതി മറ്റൊരു അനുഭൂതിയിലെക്കാണ് നമ്മെ തിടുക്കത്തില്‍ എത്തിക്കുക. ഇത് കവിതയുടെ മാത്രം പ്രത്യേകതയാണ്. നല്ല കവിതകള്‍ വായിക്കപ്പെടുമ്പോള്‍ നമുക്ക് പെട്ടെന്ന് ഈ അനുഭൂതി സംക്രമണം മനസ്സിലാക്കാന്‍ കഴിയും. ഇതുതന്നെയാണ് പരമ്പരാഗത കവിതകളും പുതുകവിതകളും തമ്മിലുള്ള വ്യത്യാസം. മലയാള കവിതയിലെ നവാഗതയാണ് ഫൗസിയ കളപ്പാട്ട്. കിതയ്ക്കാത്ത വാക്കുകളില്‍ കണ്ണീരിന്‍റെ ഉപ്പുകാറ്റ്. മലയാള കവിതയ്ക്ക് പുതിയൊരാമുഖം. ഒരുപക്ഷേ, മലയാള സാഹിത്യത്തില്‍ പ്രണയത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള അത്രയും വരികള്‍ മറ്റൊരു വിഷയത്തെക്കുറിച്ചും എഴുതപ്പെട്ടിട്ടില്ലെന്നു തീര്‍ത്തു പറയാം. ഏത് കവിയ്ക്കാണ് പ്രണയമെന്ന വികാരത്തെക്കുറിച്ച് എഴുതാതിരിക്കാന്‍ കഴിയുക.അല്ലെങ്കില്‍ എഴുതി മതിയാവുക.

പ്രണയത്തിന് ഒരു ആത്മീയ ലാവണ്യം പകര്‍ന്നേകാന്‍ കഴിയുമ്പോഴാണ് അത് വിഷയമാകുന്ന കവിതയ്ക്ക് സ്വീകാര്യത കൂടുന്നത്. ഉള്ളുലയ്ക്കുന്ന പ്രണയാനുഭവം തരും ഫൗസിയ കളപ്പാട്ടിന്‍റെ കാവ്യസമാഹാരം ‘നിലാവില്‍ ഒരു പ്രണയ ശലഭം’. പ്രണയ മുറികള്‍ ഓര്‍മ്മയുടെ താക്കോലുകളാണ്. പ്രപഞ്ചത്തിന്‍റെ പ്രണയമുറികളിലിരുന്നാണ് ഫൗസിയ കളപ്പാട്ട് എഴുതുന്നത്. ഇവിടെ അമ്പത്തിനാലു കവിതകളിലൂടെ ഫൗസിയ തന്‍റെ പ്രണയമെഴുതുമ്പോള്‍, കാല്‍വെള്ളയില്‍ മുള്ളുകള്‍ തറച്ച നൊമ്പരത്തോടെ കാലം മൃദുവായി ഒഴുകുന്നു. പ്രണയത്തിന്‍റെ ആത്മശേഖരങ്ങള്‍ അവിടവിടെ ചിതറികിടക്കുന്നു. എന്നാൽ താന്‍ നെഞ്ചോടു ചേര്‍ത്തുവെച്ച പ്രണയം ഒരുപാട് ആശയും പ്രത്യാശയും സമ്മാനിച്ച് ജീവിത യാത്രയിലെവിടെയോ നഷ്‌ടമാവുമ്പോഴുള്ള വേദന കവിയത്രി വളരെ വ്യക്തമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ”നിന്‍റെ പ്രണയമാണ് എന്‍റെ കവിതകള്‍; ഒരിക്കലും പകര്‍ത്തപ്പെടാത്ത മനസ്സെന്ന ക്യാന്‍വാസ്സില്‍, രക്‌തത്തുള്ളികള്‍ കൊണ്ട്; നഷ്‌ടപ്പെടലിന്‍റ വരികളായി” എന്നു ഫൗസിയ വളരെ വേദനയൊടെയാണ് എഴുതിവെയ്ക്കുന്നത്. പ്രണയത്തിന്‍റെ തെറ്റായ ഗ്രാഫിലേക്കും ചത്ത മൗനത്തിന്‍റെ ചിറകിലേക്കും ഏകാന്തതയിലെക്കും വഴുതിവീണ കാമുകിയെ മിക്ക കവിതകളിലും കാണാം. എന്നിരുന്നാലും ഒരു നിത്യ പ്രണയിനിയാണ് ഫൗസിയ എന്നു പറയാതെ വയ്യ. നിലാവില്‍ ഒരു പ്രണയ ശലഭം ഓര്‍മ്മയുടെ നദിയാണ്. ഒഴുകി വരും പ്രണയത്തിന്‍റെ ഇലകള്‍, പൂക്കള്‍, തരുശാഖകള്‍, പരാഗരേണുക്കള്‍. ഈ ഒഴുക്കിന്‍റെ ശക്‌തിയാണ് ആവിഷ്ക്കാരങ്ങളിലെക്ക് ഒരു എഴുത്തുകാരനെ അല്ലെങ്കില്‍ എഴുത്തുകാരിയെ എത്തിക്കുന്നത്. ഓരോ എഴുത്തുകാരനും /എഴുത്തുകാരിയും എഴുത്തുമുറിയില്‍ തുടങ്ങി വായനാ മുറിയില്‍ അവസാനിക്കുകയോ തുടരുകയോ ചെയ്യുന്നു. അത്തരത്തില്‍ ഫൗസിയയുടെ കവിതകള്‍ വായിച്ചപ്പോള്‍ മുമ്പെങ്ങും അനുഭവപ്പെടാത്ത ഒരു ആത്മ സംതൃപ്‌തി എന്നിലുണ്ടായിരുന്നു. അതുകാരണമാവാം പുസ്‌തകം മടക്കിവെച്ച് പെട്ടെന്നൊരു നിരൂപണം എഴുതുക എനിക്കു സാധ്യമാവാതിരുന്നത്. അത്‌ഭുതലോകത്തെത്തിയ ആലീസിനെപ്പോലെ ഏതോ ഒരു സാങ്കൽപ്പിക ലോകത്തിലെക്കും ഞാനറിയാതെ വഴുതി വീഴുകയായിരുന്നു. ഈ കവിതാസമാഹാരത്തെ ഞാന്‍ പഠന വിഷയമാക്കുമ്പോള്‍ സ്വയം അറിയാതെ ചെറുതായിപ്പോവുംപോലെ. അത്തരമൊരു ഉദ്യമത്തിന് ഞാന്‍ യോഗ്യയല്ലാത്തപോലെ. അമ്പത്തിനാലു കവിതകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ”അസാദ്ധ്യ കവിതകള്‍ ” എന്ന ഒറ്റ വാക്യമാണ് ഞാനെന്‍റെ സുഹൃത്തുമായി ആദ്യം പങ്കുവെച്ചത്. ഒന്നെനിക്കു തീര്‍ത്തു പറയാൻ സാധിക്കും. ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും ഞാന്‍ ഇത്തരത്തിലുള്ള കവിതകള്‍ വായിച്ചിട്ടില്ല. അതിഗംഭീരം എന്ന വിശേഷണവും ഒട്ടും ചെറുതാവില്ല, നിലാവില്‍ ഒരു പ്രണയ ശലഭത്തിനു മുന്നിൽ .

‘നിനക്കും എനിക്കുമിടയിലെ പ്രണയത്തിനിടയ്ക്ക് സദാചാരം എന്ന കപടമുഖം നമ്മെ ക്രൂരമായി ബലാല്‍ക്കാരത്തിനിരയാക്കുമെന്ന്’ കവിയത്രി പാടുമ്പോള്‍, അത് നമ്മുടെ സമകാലിക സമൂഹത്തിനു നേരെ പിടിച്ച ഒരു കണ്ണാടിയാണ്. നല്ല പ്രണയങ്ങളുടെ സംസ്ക്കാരമാണ് നമുക്കു മുന്നിലുള്ളത്. പ്രണയ രാഹിത്യത്തിന്‍റെ സംസ്ക്കാര വിരുദ്ധതയും. പ്രണയത്തിന്‍റെ ചൂടില്‍ പൊറുതിമുട്ടുന്നവരെ നമുക്കു ചുറ്റിലും കാണാം. അവര്‍ക്ക് സദാചാര പോലീസാകാം, ഫെയ്സ്ബുക്ക് കവിയാകാം, വിലാപ ഗാനം പാടുന്ന ഇടയനാകാന്‍ പറ്റില്ല. പ്രണയം നല്ല സങ്കൽപ്പമാകുമ്പോഴെ നാം മുറിവിടങ്ങള്‍ കാണുകയുള്ളൂ.

‘പറയുവാനുണ്ടെനിക്കിനിയും, എന്‍റെ പ്രണയത്തെക്കുറിച്ച് തിരയും മണലും തീരവും എന്നിലെ ഉപ്പു പടര്‍ന്ന കണ്ണുനീരിനെ വേര്‍തിരിക്കും വരെ’ എന്നു പ്രിയ സുഹൃത്ത് എഴുതുമ്പോള്‍ വക്കുപൊട്ടിയ പ്രണയത്തിന്‍റെ ഇരയെ മനസ്സില്‍ പ്രതിഷ്ഠിക്കാം.മലയാളത്തില്‍ ഒരുപക്ഷേ മാധവിക്കുട്ടിയ്ക്കൊപ്പം നില്‍ക്കാവുന്ന എഴുത്തുകാരിയാണ് ഫൗസിയ കളപ്പാട്ട്. മലയാളത്തില്‍ സൗന്ദര്യമുള്ള പദങ്ങളത്രയും ഇവിടെ എഴുത്തുകാരി എടുത്തുപയോഗിച്ചിരിക്കുന്നു. പ്രണയം പ്രായോഗികതയ്ക്കു വഴിമാറുന്ന സമകാലിക സമൂഹത്തില്‍ പെണ്‍ജീവിതമെങ്ങനെ ദുസ്സഹമാവുന്നുവെന്ന് ഫൗസിയയുടെ കവിതകളില്‍ കാണാം. സുപരിചിതമായ വാക്കുകള്‍കൊണ്ട് വിസ്‌മയം തീര്‍ക്കുകയാണ് ഫൗസിയ. വായനക്കാരനെ തീര്‍ച്ചയായും അവ ചിന്തിപ്പിക്കും. ഫൗസിയയുടെ കവിതകള്‍ക്ക് ഒരു നിരൂപണത്തിന്‍റെയോ പഠനത്തിന്‍റയോ ആവശ്യമില്ല. കാരണം അവ അത്രമാത്രം വായനക്കാരനിലെത്തിക്കഴിഞ്ഞു. പിന്നെന്തിനാണ് ഇങ്ങനെയൊരു പഠനം / നിരൂപണം എന്നു ചോദിച്ചാല്‍, അതാ, ആകാശത്തില്‍ പറവകള്‍ വന്നു കഴിഞ്ഞു എന്നു പറയുന്ന ശിഷ്യനോട് സെന്‍ ഗുരുനാഥന്‍ അവ അവിടെ എപ്പോഴും ഉണ്ട് എന്നു മറുപടി പറഞ്ഞപോലെ മാത്രം. ഈ കവിതാ സമാഹാരത്തിന്‍റെ കെട്ടിലും മട്ടിലും അകപൊരുളിലും പുതുമ പുലര്‍ത്തിക്കൊണ്ട് രചനാ രീതിയില്‍ ആസ്വാദനത്തിന്‍റെ രാസയോഗം തീര്‍ത്തിരിക്കുന്നൂ മലയാളത്തിന്‍റെ ഈ പ്രിയ എഴുത്തുകാരി. ലാളിത്യമേറിയ ഇവരുടെ രചനയെ ആശംസിക്കാനുള്ള യോഗ്യതപോലും എനിക്കില്ലാത്തതിനാല്‍ തുടര്‍ന്നുള്ള സാഹിത്യ ജീവിതത്തിന് എന്‍റെ എല്ലാ വിധത്തിലുള്ള പ്രാര്‍ത്ഥനകളും നേരുന്നു.

– അനഘ നടുവത്തൂർ

1 Comment
  1. Sunil 4 years ago

    A good read…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account