ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് എല്ലാ എഴുത്തുകളും. ഏറിയും കുറഞ്ഞും ജീവിതത്തിന്റെ വ്യത്യസ്തങ്ങളും വിചിത്രങ്ങളുമായ നിരവധി ഭാവങ്ങളെ, അവസ്ഥകളെ നിരീക്ഷിച്ചറിയുകയും അനുഭവപ്പെടുത്തുന്നത്ര തീവ്രതയോടെ പുനരാവിഷ്കരിക്കുകയും ചെയ്യുന്ന എഴുത്തുകൾ കൂടുതൽ ശ്രദ്ധേയങ്ങളാവുന്നതു സ്വാഭാവികം. ചലനാത്‌മകവും ജൈവികവുമായ ചിന്തകളിലൂടെ, ചിത്രങ്ങളിലൂടെ സമകാലിക ജീവിതത്തിന്റെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന ചന്ദ്രമതിയുടെ ‘നിങ്ങൾ നിരീക്ഷണത്തിലാണ്’ എന്ന കഥാസമാഹാരത്തിന്റെ സവിശേഷതയും അതു തന്നെയാണ്. ജീവിതനിരീക്ഷണം മാത്രമല്ല – അതാണ് എല്ലാ എഴുത്തുകാരുടെയും പ്രാഥമിക സ്രോതസ് – സദാ മറ്റാരൊക്കെയാലോ നിരീക്ഷിക്കപ്പെടുന്ന ജീവിതത്തിന്റെ ദൈന്യത കൂടി ഒരേ സമയം കഥകളിൽ കടന്നു വരുന്നുവെന്നത് ഈ സമാഹാരത്തിനെ വ്യത്യസ്തമാക്കുന്നു.

മിക്കവാറും കഥകളിൽ പ്രത്യക്ഷവും പരോക്ഷവുമായ നിരീക്ഷണങ്ങൾക്കിരകളാവുന്ന ജീവിതങ്ങളാണ് കേന്ദ്രസ്ഥാനത്ത്. സ്വകാര്യതകളും രഹസ്യങ്ങളും സൂക്ഷിക്കാനാവാതെ പുതിയ കാലത്ത് വല്ലാതെ സ്വയം വെളിപ്പെടുത്തേണ്ടി വരുന്ന മനുഷ്യന്റെ  നിസഹായതയാണത്. മറ്റുള്ളവരുടെ കണ്ണുകൾ, യന്ത്രങ്ങൾ അതിനൂതനമായ  സാങ്കേതികവിദ്യ, അധികാരകേന്ദ്രങ്ങൾ,  ഒക്കെ അവനെ എപ്പോഴും തുറന്നു കാട്ടിക്കൊണ്ടിരിക്കും. സദാ ഒട്ടനവധി സി സി ടി വി ക്യാമറകൾക്കു മുന്നിലൂടെ നടന്നു തീർക്കുന്ന, മറ്റാരൊക്കെയോ കണ്ടു രസിക്കുന്ന സ്വന്തം ജീവിതം എന്ന നിസഹായത പുതിയകാല മനുഷ്യന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണു താനും.

നിങ്ങൾ നിരീക്ഷണത്തിലാണ് എന്ന പേരിലുള്ള കഥ സ്വന്തം വീടിനു മുന്നിൽ മാലിന്യങ്ങളിടുന്ന അജ്ഞാതരെ ഭയപ്പെടുത്താൻ നിങ്ങൾ ഒളിക്യാമറയുടെ നിരീക്ഷണത്തിലാണ് എന്ന വ്യാജ അറിയിപ്പ്  ബോർഡ് സ്ഥാപിക്കുന്ന ജോൺ കുര്യന്റെ പ്രതിസന്ധികളാണ് തുറന്നു കാണിക്കുന്നത്. വീടിനു മുന്നിൽ വീഴുന്ന ചവറുസഞ്ചികളുടെ എണ്ണം കൂടിയപ്പോൾ, ഒഴിവാക്കാനുള്ള മറ്റൊരു മാർഗ്ഗവും ഫലിക്കാതായപ്പോൾ ഉപയോഗിച്ച ചെറിയൊരു കൗശലം അയാളെ കുറ്റവാളിയാക്കുന്നു. പോലീസ് സ്റ്റേഷനിൽ സമ്പന്നനും സാമൂഹികസമ്മതി ഉള്ളവനുമായ കൊടും കുറ്റവാളിയ്ക്കു കിട്ടുന്ന മര്യാദയും മതിപ്പും ജോൺ കുര്യനെ അത്‌ഭുതപ്പെടുത്തുന്നുണ്ട്. അനുമതിയില്ലാതെ  മറ്റുള്ളവരെ നിരീക്ഷിക്കാനുള്ള അധികാരമോ അവകാശമോ സാധാരണ പൗരന്മാർക്കില്ലെന്ന നിയമവശം ജോൺ കുര്യനറിവില്ലാത്തതായിരുന്നു. ജീവിതം ആരൊക്കെയോ വലിച്ചെറിയുന്ന ചവറ്റുസഞ്ചികളുടെ മാലിന്യവും ദുർഗന്ധവും വഹിക്കാനുള്ള ഇടമായി മാറുന്നു സാധാരണക്കാരെ സംബന്ധിച്ച്.

നിരീക്ഷണവലയത്തിൽ നിന്ന്, ഇല്ലാത്തതെങ്കിലും ഭീതിയുണർത്തിയിരുന്ന ഒളിക്യാമറയിൽ നിന്ന് മുക്‌തയായതിന്റെ സന്തോഷമാണ്  ജോൺ കുര്യന്റെ കൗമാരക്കാരിയായ മകളെ ആശ്വസിപ്പിക്കുന്നത്. ഇനിമേൽ ഒരു ഒളിനോട്ടത്തിന്റെയും ഭീഷണിയില്ലാതെ അവൾക്ക് രഹസ്യമായി കാമുകനെ വീട്ടിലേക്കു ക്ഷണിക്കാം.

കേരളീയ ജീവിത യാഥാർത്ഥ്യങ്ങളെ, പുതിയ മനുഷ്യന്റെ അനവധിയായ നിസഹായതകളെ അൽപ്പമൊരു പരിഹാസച്ചവർപ്പോടെ അഭിമുഖീകരിക്കുന്ന രാഷ്‌ട്രീയകഥയാണ് നിങ്ങൾ നിരീക്ഷണത്തിലാണ്. സാർവ്വകാലികമായ അധികാര വ്യവസ്ഥകൾ തനിക്കു താഴെയുള്ളതിനെ, തന്നെക്കാൾ നിസഹായമായതിനെ കീഴടക്കാനുള്ള യുക്‌തികൾ സദാ നിർമ്മിച്ചു കൊണ്ടിരിക്കും. ഇൻസ്പെക്ടരുടെ വീട്ടിലുണ്ടാക്കിയ കോഴിക്കറി കൂട്ടി ഊണുകഴിക്കുന്ന വൻ തട്ടിപ്പുകാരന്റെ മുന്നിൽ, വീട്ടുമുറ്റത്ത് ചവറു നിക്ഷേപിക്കുന്നത് കുറ്റകരമെന്ന് ബോർഡു വെയ്ക്കുക മാത്രം ചെയ്ത ജോൺ കുര്യന് ഭീകര കുറ്റവാളിയെപ്പോലെ പരുങ്ങി നിൽക്കേണ്ടി വരുന്നു.  മറ്റുള്ളവരുടെ ചവറുകൾ ഏറ്റുവാങ്ങുന്ന നിസഹായ ഭൂരിപക്ഷത്തിന്റെ പ്രതിനിധിയാണയാൾ. സാംസ്കാരിക നായകനും കൂടിയായ ആ  തട്ടിപ്പുകാരനെപ്പോലുള്ളവർ  നിരന്തരം അവരുടെ ചവറുകൾ വലിച്ചെറിയുന്നത് ഈ ഭൂരിപക്ഷത്തിനു നേരെയാണ്. സമാനമായ അധിനിവേശ യുക്‌തികളുടെ കഥയാണ് – “വെറുമൊരു മോഷ്‌ടാവും വെറുതെ കുറേ  കള്ളന്മാരും” എന്ന കഥ. ലംബോധരൻ എന്നു പേരുള്ള അതിവിദഗ്ദ്ധനായ കള്ളനും നിയമപാലകരായ പോലീസുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൾ. മോഷണമുതൽ തിരിച്ചു കൊടുക്കലും പങ്കുപറ്റലും തുടങ്ങി പോലീസ്-കള്ളൻ ബന്ധത്തിലെ നീതികേടുകൾ കഥ വെളിപ്പെടുത്തുന്നു. മോഷ്‌ടിക്കപ്പെട്ട സ്വർണം തിരിച്ചു കിട്ടാൻ പോലീസ് സഹായം തേടുകയും നിയമ സംവിധാനത്തിൽ വിശ്വസിക്കുകയും ചെയ്ത കുടുംബത്തിനു നേരിടേണ്ടി വന്ന ചതിയും നഷ്‌ടവും, മറ്റൊരു കുടുംബം കേസിനും കൂട്ടത്തിനും പോവാതെ കള്ളനുമായി പോലീസ് സാന്നിധ്യത്തിൽ  ഒത്തുതീർപ്പിലെത്തി അവനും പോലീസിനും പങ്കുകൊടുത്ത് ബാക്കിയുള്ളത് കൈപ്പറ്റി സംതൃപ്തരാവുന്നതിന്റെ പശ്ചാത്തലത്തിൽ മികവോടെ വരച്ചുകാട്ടുന്ന കഥയാണിത്. വെറുമൊരു മോഷ്‌ടാവ് എന്ന അയ്യപ്പപ്പണിക്കർ സ്പർശമുള്ള നർമ്മപ്രയോഗത്തിലൂടെ പോലീസ്, നീതിന്യായവ്യവസ്ഥകൾ ഇവയിലെല്ലാമുള്ള അനീതിയും അന്യായവും നിശിതമായി തുറന്നു കാട്ടുന്നു കഥാകാരി.

മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മൂർച്ചയേറിയ നോട്ടങ്ങൾ, വെറും അലസനോട്ടങ്ങളല്ല, പലതും ചുഴിഞ്ഞെടുക്കാനുള്ള നിരീക്ഷണങ്ങൾ കഥയിൽ സ്വീകാര്യമെങ്കിലും യഥാർത്ഥജീവിതത്തിൽ അതങ്ങേയറ്റം അസഹ്യമാണ്.   ചന്ദ്രമതിയുടെ കഥകൾ മറ്റുള്ളവരാൽ നിരീക്ഷിക്കപ്പെടുന്നവരുടെ ജീവിതങ്ങളെ, അവരുടെ നിസഹായതകളെയാണ്   അസാധാരണ ചാരുതയോടെ ആവിഷ്കരിക്കുന്നത്. ശ്രീഹവ്യയും ചില അക്കാദമിക് പ്രശ്നങ്ങളും എന്ന കഥയിൽ ലെസ്ബിയൻ പ്രണയത്തോടുള്ള സമൂഹത്തിന്റെ, പ്രത്യേകിച്ച് അക്കാദമിക് സമൂഹത്തിന്റെ പോലും വിരുദ്ധ നിലപാടുകളാണ് നിരീക്ഷണ വിധേയമാക്കുന്നത്. ഫീമെയിൽ സെക്ഷ്വാലിറ്റി / ലെസ്ബിയനിസം ആദർശവല്ക്കരിക്കപ്പെട്ട ,സ്ഥാപിതമായ രതികാമനകളെ, അതെപ്പോഴും പുരുഷകേന്ദ്രിതമായിരിക്കും താനും, നിഷേധിക്കുന്നു. അതു കൊണ്ടു തന്നെ സ്വവർഗ്ഗാനുരാഗത്തെ സ്വാഭാവിക രതിയെന്നു കണക്കാക്കാൻ ഇപ്പോഴും നമ്മുടെ സമൂഹത്തിനു കഴിയാതെ പോകുന്നു. ക്വീർ തിയറിയും ലൈംഗികന്യൂനപക്ഷങ്ങളുടെ ലിംഗസ്വത്വാവകാശങ്ങൾക്കു വേണ്ടിയുള്ള രാഷ്‌ട്രീയ ഇടപെടലുകളുമൊക്കെ സജീവമായ വർത്തമാനകാലത്തുപോലും ലെസ്ബിയൻ ഇണകളും അവരുടെ പ്രണയങ്ങളും പാപമായിത്തന്നെ കണക്കാക്കപ്പെടുന്നു. കോളേജധ്യാപികയായ സൗമ്യയ്ക്ക് മൗലികതയുള്ള ഗവേഷണ വിഷയമായി ലെസ്ബിയനിസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ലെസ്ബിയൻ സാഹിത്യത്തിൽ ഗവേഷണം നടത്തുന്ന പെണ്ണിന്റെ വില വിവാഹച്ചന്തയിൽ ഇടിയുമെന്നതത്രേ കാരണം. സ്ത്രീധനവും പെണ്ണിന്റെ അംഗവൈകല്യമില്ലായ്മയുമൊക്കെ പരിഗണിച്ചിരുന്ന പഴയകാലം പോയി. ഇപ്പോൾ അവളുടെ ഗവേഷണ വിഷയവും സൈബർ സൗഹൃദങ്ങളുമൊക്കെയാണ് വിവാഹച്ചന്തയിൽ ഇഴകീറി പരിശോധിക്കപ്പെടുക.

ശ്രീഹവ്യ എന്ന വിദ്യാർത്ഥിനിക്ക് ആണുങ്ങളെ പ്രണയിക്കാനാവില്ലായിരുന്നു. അവളുടേത് വ്യത്യസ്തമായ രതിവാഞ്ഛകളാണ്. ശരീരവും സ്വത്വവുമായി ബന്ധപ്പെട്ട് ഇത്തരം ലൈംഗിക താൽപ്പര്യയങ്ങളെ കാണാനോ അതിന്റെ വൈകാരികതയെ മാനിക്കാനോ ലക്ഷ്മി മാഡത്തിനെപ്പോലുള്ളവർക്ക് സാധിക്കുകയേയില്ല. കടുത്ത സദാചാരയുക്‌തികളും സാംസ്കാരിക മുൻവിധികളുമാണവരിൽ ഈ ലൈംഗിക വ്യതിയാനങ്ങൾ മാരക പാപമാണെന്ന ചിന്തയുണ്ടാക്കുന്നത്. ശ്രീഹവ്യയുടെ പെൺ പ്രണയം തകർത്ത് അവളെ ഒരു പുരുഷനേൽപ്പിച്ചു കൊടുത്തത് ലക്ഷ്മി മാഡത്തിനു ചെറുതല്ലാത്ത ആത്‌മനിർവൃതിയാണു നൽകുന്നത്. ഒരു കുഞ്ഞുമായി ശ്രീഹവ്യയെ വീണ്ടും കാണുമ്പോൾ അവരുടെ അഭിമാനത്തിന്റെ ഗ്രാഫ് വീണ്ടും കുത്തനെ ഉയരുന്നു. സ്വയം രക്ഷകയെന്നവർ വിശ്വസിക്കുന്നു. ശ്രീഹവ്യ അവരെ മുറിപ്പെടുത്താതെ വളരെ നിശബ്‌ദമായി  സ്വന്തം പ്രണയം തിരിച്ചുപിടിക്കുകയും തന്റെ സ്വത്വവും ആനന്ദവും സ്വവർഗപരമായ ലൈംഗിക താൽപ്പര്യങ്ങളുടേതാണ്, അതുമാത്രമാണ് എന്നു സ്ഥാപിക്കുകയും ചെയ്യുന്നതാണ് കഥ മുന്നോട്ടു വെയ്ക്കുന്ന രാഷ്‌ട്രീയം. മതവും സമൂഹവും നിയമവുമൊക്കെ ഉചിതമെന്ന് അനുശാസിക്കുന്ന ഹെറ്ററോസെക്ഷ്വൽ കുടുംബഘടനയെ ആണ് ശ്രീഹവ്യ ധൈര്യസമേതം അപനിർമ്മിക്കുന്നത്. അവൾ വിവാഹമോചനം നേടി തന്റെ പെൺ പങ്കാളിയുമൊരുമിച്ച് ജീവിതവും തുടങ്ങിക്കഴിഞ്ഞു. സാമൂഹ്യവൽകരിക്കപ്പെട്ട ഹെറ്ററോസെക്ഷ്വലിറ്റിയെ നിരസിച്ച് തന്റെ നൈസർഗികമായ രതികാമനകളെ സഫലമാക്കാൻ, ചുറ്റുമുള്ള സമൂഹം അതിനെ അശ്ലീലമെന്നും അധമമെന്നും മാത്രമേ വിലയിരുത്തുകയുള്ളു എന്നറിഞ്ഞിട്ടും തയ്യാറാവുന്ന ശ്രീഹവ്യയുടെ ധൈര്യമാണ് ഗവേഷണ വിഷയമായിപ്പോലും ലെസ്ബിയനിസം തിരഞ്ഞെടുക്കാനറച്ചു നിന്ന അവളുടെ  അധ്യാപിക സൗമ്യക്ക് പ്രേരണയും പ്രോത്‌സാഹനവുമാവുന്നത്.

‘കുഞ്ഞുകുഞ്ഞു വർത്തമാനങ്ങൾ (ഗർഭപാത്രത്തിനകത്തും പുറത്തും)’ എന്ന കഥ നാലു കുഞ്ഞുങ്ങൾ തിങ്ങി വളരുന്ന ഗർഭപാത്രത്തിനകത്തേക്കും അതിനുള്ളിലുമുള്ള പലതരം നിരീക്ഷണങ്ങളാണ്. നാലു കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ പുറത്തെടുത്ത് പത്രസമ്മേളനം നടത്തി പ്രശസ്തി നേടാൻ കൊതിക്കുന്ന ഡോക്ടർ, നാലിലൊന്നിനെ ഒഴിവാക്കുമെന്നുകേട്ട് അതിജീവനത്തിനായി വ്യഗ്രതപ്പെടുന്ന കുഞ്ഞുങ്ങൾ, പാവപ്പെട്ടവരുടെ അന്ധവിശ്വാസത്തെ ചൂഷണം ചെയ്യുന്ന ജ്യോത്സ്യൻ, കളയുന്ന നാലിലൊന്നിന്റെ ശാപം മറ്റു കുഞ്ഞുങ്ങളുടെ മേൽ പതിയരുതെന്നു പ്രാർത്ഥിക്കുന്ന അമ്മ, 3 കുട്ടികളെ കിടത്താമെങ്കിൽ ഒന്നിനു കൂടെ സ്ഥലമുണ്ടെന്നും ഓരോരുത്തരുടെയും ചവിട്ടുകൂടി തനിക്കു വേർതിരിച്ചറിയാമെന്നും ശഠിക്കുന്ന മാലിനി. 4 ഉം പെൺകുഞ്ഞുങ്ങളാണെന്നും അവർ ജനിച്ചു കഴിഞ്ഞാൽ ഇപ്പോൾ മാലിനിയുടെ ഗർഭപാത്രത്തിനകത്തെ അസ്വസ്ഥതയും തിക്കുമുട്ടലും പുറത്തായിരിക്കുമെന്നുമുള്ള സൂചനകളിലാണ് കഥ തീരുന്നത്.

അനിശ്ചിതമായ ജീവിതത്തിന്റെ അനുഭവക്കലർപ്പുള്ള കഥയാണ് വൈറസ്കാലം. കടുത്ത അസുഖബാധിതയായി ഐസിയുവിൽ കിടക്കുന്ന രോഗിണിയുടെ യാഥാർത്ഥ്യങ്ങളും അയാഥാർത്ഥ്യങ്ങളും കൂടിക്കലർന്ന വിഭ്രമാത്‌മകമായ ചിന്തകൾ, മരണത്തിൽ നിന്നു ജീവിതത്തിലേക്കും തിരിച്ചുമുള്ള  സഞ്ചാരങ്ങൾ. തുടക്കത്തിലും ഒടുക്കത്തിലുമുള്ള രണ്ടുദ്ബോധനങ്ങളാണ് കഥയെ മുറുക്കിക്കെട്ടുന്നതെന്നു തോന്നാം. മരണത്തേയും പാപത്തേയും കുറിച്ചുള്ള ഭീഷണമായ ശാപവാക്കുകളിലൂടെ യേശുവിലാണ് മോചനമെന്നു പഠിപ്പിക്കുന്നു ആദ്യത്തെ പ്രഭാഷകൻ. അവസാനത്തെ പ്രഭാഷകനാവട്ടെ സൗമ്യമായും നർമ്മമധുരമായും ജീവിതത്തെ ,പ്രത്യേകിച്ച് ഏതു നിമിഷവും കെട്ടുപോകാവുന്ന ഐസിയുവിനുള്ളിലെ ജീവിതത്തെ  പ്രത്യാശയോടെ വർണിക്കുന്നു. രണ്ടുതരം നിരീക്ഷണങ്ങളുടെ, നിലപാടുകളുടെ വ്യത്യസ്തതയിലാണ് കഥ ഊന്നുന്നതെന്നനുഭവപ്പെടാം.

അമ്മച്ചിപ്ലാവിന്റെയുള്ളിൽ എന്ന കഥയിൽ സ്വപ്നാടനപ്രിയയായ, അസംതൃപ്തയായ, സതിയെന്ന മധ്യവയസ്കയുടെ ജീവിതത്തിലേക്ക് രേവതി അയക്കുന്ന നോട്ടങ്ങളാണു പ്രമേയം. പ്രവാസിഭാര്യയായ തീർത്തും  സാധാരണക്കാരിയെന്നു താൻ വിചാരിച്ച  കുഞ്ഞമ്മയുടെ ജീവിതത്തിൽ കവിതയുടെയും രഹസ്യ പ്രണയത്തിന്റെയുമൊക്കെ നിഗൂഢമായ അടരുകളുണ്ടെന്നത് രേവതിയെ അത്‌ഭുതപ്പെടുത്തുന്നു. സതിയുടെ സ്വഭാവവ്യതിയാനങ്ങളുടെ യാഥാർത്ഥ്യം രേവതിക്ക് മാത്രമേ പിടിച്ചെടുക്കാനാവുന്നുള്ളൂ. വീട്ടുകാർ സതിയെ മനോരോഗ ചികിൽസകന്റെയും  മന്ത്രവാദിയുടെയുമൊക്കെ അടുത്താണു കൊണ്ടു ചെല്ലുന്നത്. ഒടുവിൽ മറിഞ്ഞുവീണ പ്ലാവിനുള്ളിലെ ആയുധശേഖരവും അറസ്റ്റിലായ കെട്ടിടം പണിക്കാരനും സതിയുടെ രഹസ്യ ലോകത്തെ രേവതിക്കു മുന്നിൽ മുഴുവനായി വെളിപ്പെടുത്തുന്നു. ബാക്കിയുള്ളവർക്ക് അവളിപ്പോഴും ബാധ കേറിയ മനോരോഗി മാത്രം. ചില പ്രണയബാധകൾ ഒഴിയില്ലെന്നും ആഴത്തിൽ  മുദ്രപതിപ്പിച്ച് പ്രാണനിൽത്തന്നെ കലരുമെന്നും രേവതി തിരിച്ചറിയുന്നു.

“സ്ത്രീക്ക് സ്വതന്ത്രമായി  ചിന്തിക്കാൻ കഴിയണം, പ്രവർത്തിക്കുവാൻ കഴിയണം, എഴുതുവാൻ കഴിയണം, തന്റെ കരുത്തും കഴിവും തിരിച്ചറിഞ്ഞ് പ്രകടിപ്പിക്കണം – അതാവണം ഫെമിനിസം” എന്ന് ഈ സമാഹാരത്തിന്റെ അവസാനമുള്ള അഭിമുഖത്തിൽ എഴുത്തുകാരി രേഖപ്പെടുത്തുന്നുണ്ട്. സ്വതന്ത്രമായി ചിന്തിക്കാനും എഴുതാനും കഴിയാതെ, വാടിയും കരിഞ്ഞും പോവുന്ന സ്ത്രീകളെ പല കഥകളിലും കാണാനാവുന്നുമുണ്ട്. അതാണ് സ്ത്രീകളെ സംബന്ധിച്ച് സ്വാഭാവികവും. പക്ഷേ സ്ത്രീവാദ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ശക്‌തവും പ്രകടവുമായ  ആഖ്യാനമെന്ന നിലയിൽ “അപരിചിതൻ എഴുത്തുകാരിയോടു പറഞ്ഞത്” എന്ന കഥ കൂടുതൽ ശ്രദ്ധേയമാവുന്നു. ജീവിച്ചിരുന്ന വ്യക്‌തികൾ പലരും ഈ കഥയിൽ കടന്നു വരുന്നു. രാജലക്ഷ്മി എന്ന ഇടയ്ക്കുവെച്ചു നിലച്ചുപോയ കഥാകാരിയാണ് കഥയിലെ നായികയെന്നു തോന്നാം. അവരുടെ ജീവിതത്തിലും മരണത്തിലും ആകൃഷ്‌ടയായി എന്തിനവർ ആത്‌മഹത്യ ചെയ്തുവെന്നന്വേഷിക്കുന്ന, കവിയായ മായയും കഥയിലെ നായികയാണ്. സർഗ്ഗാത്മക സിദ്ധികളുള്ള എല്ലാ സ്ത്രീകളും ഈ കഥയിലെ നായികമാരാണ്. രാജലക്ഷ്മിയുടെ മരണത്തിന്റെ കാരണങ്ങൾ ഈ കഥയിലുടനീളം ചിതറിക്കിടക്കുന്നു. വായനക്കാർക്ക് അവയെടുത്ത് ക്രമീകരിച്ചാൽ മാത്രം മതിയാവും. ആ ആത്‌മഹത്യ അത്രയൊന്നും നിഗൂഡമോ അപൂർവ്വമോ അല്ല. അനവധി ആത്‌മഹത്യകളിലൂടെ ഓരോ സ്ത്രീയും – സർഗ്ഗാത്‌മകതയുള്ള എല്ലാവരും – ഒന്നൊഴിയാതെ കടന്നു പോരേണ്ടി വരുന്നു. അതിജീവിക്കുന്നവർ എത്രയോ ദുർലഭം. പ്രതീകാത്‌മകമായ ആത്‌മഹത്യകളുടെ സമാഹാരമാവുന്നു ഓരോ സ്ത്രീ ജീവിതവുമെന്ന് ഐറണികളുടെ ഭാഷയിലൂടെ ഈ കഥ തീവ്രമായി പറയുന്നു.

ചന്ദ്രമതിയുടെ കഥകൾ ജീവിതത്തെ നിരീക്ഷിച്ചും സുന്ദരമായി ആവിഷ്കരിച്ചും അവയുടെ തനിമയിൽ ഹൃദയത്തെ സ്പർശിക്കുന്നതിന്റെ ചൂടും തണുപ്പും വായനയിൽ വേർതിരിച്ചനുഭവിക്കാനാവുന്നു. വഴിയും വെളിച്ചവും, നദികൾ ഒഴുകുന്നത്, തുടങ്ങിയ കഥകളൊക്കെ അതിനെ ഉദാഹരിക്കുന്നവയുമാണ്.

–ജിസാ ജോസ്

5 Comments
 1. Anil 2 years ago

  Wonderful review.. Deep insights into the stories. Great use of language…

 2. Xavier Joseph. 2 years ago

  good review, these descriptions adds more value to the reading…

 3. Pramod 2 years ago

  A wonderful critic view…

 4. Anil 2 years ago

  Awesome !

 5. Vipin 2 years ago

  A wonderful insight into the book. Thanks,

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account