ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നൊരു പേരാണ് നിപ (Nipah). അൽപം ലാളിത്യം തുളുമ്പുന്ന പേരുപോലെ തോന്നുമെങ്കിലും ലാളിത്യം ഒട്ടും തീണ്ടിയിട്ടില്ലാത്തതാണ് നിപയുടെ പരിണിത ഫലങ്ങൾ. പേരിലെ കൗതുകം കൊണ്ട് നമുക്ക് സുപരിചിതമായവയാണ് എബോള (Ebola) യും സിക (Zika) യുമൊക്കെ. എങ്കിലും ഈ സാംക്രമികരോഗം ഉടലെടുക്കുന്നതിന് കേരളം സാക്ഷിയാകേണ്ടിവന്നത് കഴിഞ്ഞ മെയ് മാസത്തിലാണ്.

ചരിത്രത്തിൽ ഏറെ സമ്പന്നമായ ഓർമ്മകൾ പങ്കുവെയ്ക്കുവാനുള്ള കോഴിക്കോട് ജില്ലയിലാണ് നിപയെന്ന അതിഥി തലയനക്കിത്തുടങ്ങിയത്. കേരള ആരോഗ്യവകുപ്പിന്റെയും പൂനെയിൽ പ്രവർത്തിക്കുന്ന ദേശീയ വൈറോളജി ഇൻസ്റ്റിട്യൂട്ടിന്റെയും പഠനപ്രകാരം കോഴിക്കോടുള്ള ‘ചെങ്ങരോത്ത്’ എന്ന ഗ്രാമത്തിലാണ് ഈ പകർച്ചവ്യാധിയുടെ ഉറവിടമെന്നാണ് നിഗമനം.  സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത് എന്നയാളെ നിപായുടെ ‌ ആദ്യ ഇരയായി കണക്കാക്കുന്നു.  സാബിത്തും സഹോദരൻ സാലിയും പിതാവും പിതാവിന്റെ സഹോദരീപുത്രിയും പ്രകടമായ രോഗ ലക്ഷണങ്ങളോടെ മരണമടഞ്ഞു. സാബിത്തിന്റെ സഹോദരനെ മസ്‌തിഷ്‌ക്കജ്വരമാണെന്ന ആശങ്കയിൽ അടിയന്തര ശുശ്രുഷ നൽകവെയാണ് നിപ വൈറസിനെ കുറിച്ച് ആരോഗ്യപ്രവർത്തവർക്ക് സംശയം തോന്നിയത്. തുടർന്ന് സാബിത്തിന്റെ വീട്ടിൽ പനിയുമായികഴിഞ്ഞിരുന്ന മ റ്റ് അംഗങ്ങളെ പരിശോധിക്കുകയും രക്‌തസാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി മണിപ്പാലിലെ ഇൻസ്റ്റിട്യൂട്ടിലേക്ക് അയച്ചത്.  അങ്ങനെ മെയ് 29ന് നിപ എന്ന രോഗത്തെ കേരളത്തിൽ സ്ഥിതീകരിച്ചു. ഇതേ ദിവസം തന്നെയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്‌സ്‌ ലിനി, നിപ മൂലം മരണമടഞ്ഞത്. TV, പത്രമാധ്യമങ്ങളിലും ഫേസ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും നഴ്‌സ്‌ ലിനി മരണക്കിടക്കയിൽ ഭർത്താവിനെഴുതിയ കത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും കേരളത്തിലെ വൈദ്യശാസ്‌ത്രത്തിന്റെ നേർക്ക് ഒട്ടേറെ ആക്ഷേപങ്ങളും ഉണ്ടായി.

പിന്നീട് നിപ ഭീതിയിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു ജനതയെയാണ് കേരളം കണ്ടത്. മഴക്കാലത്തിന്റെ ആരംഭദശയായിരുന്നതിനാൽ നിപയോടൊപ്പം മറ്റു ജലജന്യരോഗങ്ങളും പടർന്നേക്കാം എന്ന ആശങ്ക ജനങ്ങളിലും ആരോഗ്യവകുപ്പിനും ഉണ്ടായി. ഇതിനോടകം തന്നെ മെഡിക്കൽ കോളേജിലും തദ്ദേശീയ ആശുപ ത്രികളിലും പനിബാധിച്ചും നിപ ഭീതിമൂലവും ആയിരങ്ങൾ ദിനംപ്രതി ചികിൽസതേടിയെത്തികൊണ്ടിരുന്നു. നിപയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. മലേഷ്യയിലെ ‘കുബുങ് സുങ്ങായ് നിപ’ എന്ന ഗ്രാമത്തിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ആ നാട്ടിലെ ഒരു രോഗിയിൽ നിന്നും വേർതിരിച്ചെടുത്തതുകൊണ്ടാണ് ഈ വൈറസിന് നിപ എന്നു പേരുനൽകിയത്. മൃഗങ്ങളിൽനിന്ന് മൃഗങ്ങളിലേക്കും, മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്കും, മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കും വേഗം പടരുവാൻ ഈ വൈറസിന് സാധിക്കും. മലേഷ്യൻ നരിച്ചീറുകൾ (വവ്വാലുകൾ) ആണ് ആ നാട്ടിൽ വൈറസ് വാഹകരെന്ന് ശാസ്‌ത്രലോകം കണ്ടെത്തി. മലേഷ്യയിൽ നിപ മൂലം ഏകദേശം ഇരുന്നൂറോളം ആളുകൾ മരണമടഞ്ഞു. രോഗാസാംക്രമണം തടയുന്നതിന് ഗത്യത്തരമില്ലാതെ  വവ്വാലുകളെയും രോഗം പിടിപെട്ട പന്നികളെയും കോഴികളെയും കൂട്ടത്തോടെ കൊന്നൊടുക്കി!

പ്രേതകഥകളിലും നോവലുകളിലും സിനിമകളിലുമെല്ലാം ഭയത്തിന്റെ സൂചകമായി പ്രത്യക്ഷപ്പെട്ടിരുന്ന വവ്വാലുകൾ നിപയുടെ വാഹകരായി അവരോധിക്കപ്പെട്ടു. വവ്വാലുകളുടെ സ്രവങ്ങളിലൂടെ മൃഗങ്ങളിലേക്കും വവ്വാലുകൾ കടിച്ച പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും കോഴികളിൽനിന്നുമെല്ലാം നിപ പടരുമെന്ന ഭീതി ജനങ്ങളിൽ നിറഞ്ഞു. പൊതുവിപണിയിൽ പഴവർഗ്ഗങ്ങളുടേയും പച്ചക്കറികളുടെയും ഡിമാൻഡ് കുറഞ്ഞു. മാർക്കറ്റുകളിൽ നിന്ന് പച്ചക്കറികൾ വളരെ ശ്രദ്ധയോടെമാത്രം ആളുകൾ വാങ്ങാൻ തുടങ്ങി. ചില ഗൾഫ് രാജ്യങ്ങൾ കേരളത്തിൽ നിന്നുള്ള പച്ചക്കറി ഇറക്കുമതി നിരോധിച്ചു. മെഡിക്കൽ സ്റ്റോറുകളിൽ പനി മരുന്നുകളുടെ സ്റ്റോക് വേഗത്തിൽ വിറ്റഴിക്കപ്പെട്ടുകൊണ്ടിരുന്നു. കൂടാതെ മെഡിക്കൽ സ്റ്റോറുകളിൽ കൂടുതലായെത്തിയ മറ്റൊരുൽപ്പന്നമാണ് മാസ്‌ക്കുകൾ (Dust mask). അഞ്ചു രൂപ മുതൽ 125 രൂപ വരെ വിലയുള്ളവ മാർക്കറ്റിൽ ലഭ്യമായിരുന്നു. ഈ ഘട്ടത്തിൽ, നിപയുടെ സാംക്രമണവുമായി ബന്ധപ്പെട്ട് നാനാഭിപ്രായങ്ങളും കണ്ടെത്തലുകളുമായി സമൂഹമാധ്യമങ്ങളും രംഗത്തെത്തി. നിപയെ പ്രതിരോധിക്കാനുള്ള മരുന്നുകൾ ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടില്ല എന്നതായിരുന്നു ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പടർന്ന കിംവദന്തി. ജനങ്ങളിൽ രോഗഭീതിവർധിപ്പിക്കാൻ ഈ പ്രസ്‌താവന ധാരാളമായിരുന്നു. എബോള (Ebola) പടർന്ന സമയത്ത് ആളുകൾ ധരിച്ചിരുന്നതുപോലെ ജനങ്ങൾ മുഖംമൂടിയണിഞ്ഞ് (Dust mask) നിരത്തിലിറങ്ങി. രോഗികൾ എന്ന് സംശയിക്കുന്നവരുമായുള്ള സംസർഗ്ഗം ഒഴിവാക്കി. പനി ബാധിച്ച അയൽക്കാരനെ നിപ ബാധിച്ചയാൾ എന്ന കണ്ണുകളോടെ കാണാൻ തുടങ്ങി. രോഗികളും കുടുംബങ്ങളും സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥകൾ വരെ ചില ഗ്രാമങ്ങളിലുണ്ടായി.

ഇതേസമയം തന്നെ മലപ്പുറം ജില്ലയി നിന്നും പനി റിപ്പോർട്ട് ചെയ്‌തു തുടങ്ങി. സാധാരണ ജലജന്യരോഗങ്ങളെപോലും ആളുകൾ ഭീതിയോടെ കാണുവാൻ തുടങ്ങി. നിപ പനിയാണെന്നു സംശയിക്കുന്നവരുടെ രക്‌തസാമ്പിളുകൾ വൈറസ് പരിശോധനയ്ക്ക് അയച്ചു. റിസൾട്ട് വരുന്നതുവരെ ആളുകൾ ഭീതിയുടെയും ആശങ്കയോടെയും ദിവസങ്ങൾ തള്ളിനീക്കി. പത്രങ്ങളുടെ ആദ്യപേജിൽ നിപ മൂലം മരിക്കുന്നവരുടെ എണ്ണവും, വാർത്തകളും സ്ഥാനംപിടിച്ചു. വവ്വാലുകളും ആടുകളും കോഴികളും പന്നികളുമെല്ലാം പ്രതിസ്ഥാനത്തായി. ചാനൽ വാർത്തകളിലും നിപയ്ക്ക് മുൻഗണന ലഭിച്ചു. വാർത്താ ചാനലുകളുടെ റേറ്റിംഗിനുവേണ്ടിയുള്ള മത്‌സരവും ഇതിനിടയിലുണ്ടായി.

ആക്ഷേപങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ചെവികൊടുക്കാതെ സംസ്ഥാന ആരോഗ്യവകുപ്പും രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുസ്ഥിതി മനസിലാക്കി ആരോഗ്യപ്രവർത്തകരും സമയമോ ക്ഷീണമോ വകവയ്ക്കാതെ പ്രവർത്തിച്ചത് ആദരവോടെ ഓർമ്മിക്കേണ്ട ഒരു കാര്യമാണ്. രോഗിയെ പരിചരിക്കുന്നതിനിടെ നിപ മൂലം മരണപ്പെട്ട മെഡിക്കൽ കോളജിലെ നഴ്‌സ്‌ ലിനി തന്റെ തൊഴിലിനെ സേവനമായിക്കണ്ടു പ്രവർത്തിച്ച് ഏവർക്കും മാതൃകയായി. ലിനിക്ക് ലോകരാഷ്‌ട്രങ്ങൾ ആദരമർപ്പിച്ചു. ആരോഗ്യമന്ത്രാലയം വിദഗ്ദ്ധരായ ഡോക്റ്റർമാരിൽനിന്നും നിർദേശങ്ങൾ സ്വീകരിക്കുകയും തർക്കങ്ങൾക്ക് ഇടനൽകാതെ ശരിയായ ചർച്ചകൾ നടത്തിയും കൃത്യമായ ആസൂത്രണം നടത്തിയും പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. ആരോഗ്യവകുപ്പിന്റെ പഠനങ്ങളും നിർദേശങ്ങളും ഗവണ്മെന്റ് കീഴ്വഴക്കങ്ങളോ പിഴവുകളോ കൂടാതെ നടപ്പാക്കുവാൻ അനുമതിനൽകുകയും അവശ്യസഹായങ്ങൾ ദ്രുതഗതിയിലാക്കുകയും ചെയ്‌തു.

ഒരു സമൂഹം മുഴുവൻ രോഗഭീതിയിൽ ആശുപത്രികളിലേക്ക് ഒഴുകിയെത്തിയപ്പോൾ, ഉള്ളിൽ നിറഞ്ഞ രോഗഭയത്തെ അവഗണിച്ച് ഡോക്റ്റർമാരും നഴ്‌സുമാരും അവരുടെ സമയംമുഴുവനും ആ സമൂഹത്തിനായി മാറ്റിവെച്ചു. ആരോഗ്യവകുപ്പിന്റെയും ഗവണ്മെന്റിൻറെയും ആരോഗ്യപ്രവർത്തകരുടെയും സേവനാത്‌മക മനോഭാവവും പ്രവർത്തനങ്ങളും നിപയുടെ സാംക്രമണത്തെ തടയുകതന്നെ ചെയ്‌തു. കേന്ദ്രത്തിന്റെയോ ഇതര സംസ്ഥാനങ്ങളുടെയോ സഹായമോ നിദേശങ്ങളോ കാത്തുനിൽക്കാതെ കേരളം ഒറ്റക്കെട്ടായാണ് നിപയെ തടഞ്ഞത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. നമ്മുടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ആരോഗ്യ മേഖലയുടെയും വിജയം കൂടിയാണിത്.

സർക്കാരിന്റെ കീഴിൽ ആരോഗ്യവകുപ്പ് പ്രത്യേക സമിതി രൂപീകരിക്കുകയും രോഗത്തെ കുറിച്ചും പ്രതിരോധ പ്രവർത്തങ്ങളെ കുറിച്ചും വിശദവിവരങ്ങൾ ഉൾപ്പെടുത്തി Android Application വികസിപ്പിച്ചു. ആസ്‌ട്രേലിയയിൽ നിന്നും റിബാവരിൻ എന്നപേരിലുള്ള മോണോക്ലൊണൽ ആന്റീബോഡി മരുന്നുകൾ കേരളത്തിൽ എത്തിക്കുകയുണ്ടായി. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുവാനുള്ള തീരുമാനമുണ്ടായി. കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെ കീഴിലാണ് ഈ വിഷയം. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌ത പേരാമ്പ്രയും ചെങ്ങരോത്തും സന്ദർശിച്ച ദേശീയ മൃഗസംരക്ഷണ കമ്മീഷണറുടെ നിർദേശത്തെ തുടർന്നാണ് ആറുമാസം ദൈർഘ്യമുള്ള പഠനത്തിന്റെ രൂപരേഖ മൃഗസംരക്ഷണവകുപ്പ് തയ്യാറാക്കി നൽകിയിരിക്കുന്നത്.

ഇന്നത്തെ പരിതസ്ഥിയിൽ നാം വ്യക്‌തിശുചിത്വം പോലുള്ള ആരോഗ്യ ശീലങ്ങൾ അനുവർത്തിക്കുകയും സഹകരണാത്മകവും പരസ്‌പര സഹായകാത്മകവുമായ നിലപാടും മനോഭാവവും സ്വീകരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്‌താൽ നിപ സാംക്രമണം പോലുള്ള അടിയന്തര ഘട്ടങ്ങളെ നേരിടാനാവുമെന്നും വിജയിക്കാനാവുമെന്നും കേരളസമൂഹം തെളിയിച്ചു.

വിജയം എല്ലാവരുടേതുമാണ്, നിപയെ ചെറുത്തുതോൽപ്പിച്ച രോഗികളുടെ; സാധാരണക്കാരായ കേരള ജനതയുടെ, അക്ഷീണം പ്രയത്‌നിച്ച ആരോഗ്യവകുപ്പിന്റെ…

എല്ലാവിജയാരവങ്ങൾക്കുമൊടുവിൽ ഒരുചോദ്യം അവശേഷിക്കുന്നു: ‘മലേഷ്യയിൽ കണ്ടെത്തിയ നിപ എങ്ങിനെ കേരളത്തിലെത്തി?’

പഠനം, വിവരണം: ജിതു നാരായണൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account