പൊതുവെ ജീവചരിത്രങ്ങളോ, ആത്‌മകഥകളോ വായിക്കുന്ന ആളേ അല്ല ഞാൻ. എന്നാൽ ഒരു ആത്‌മകഥ, അതുമൊരു ഐ.പി.എസ്. ഓഫീസറുടേത് ഞാൻ വീർപ്പടക്കിയിരുന്നു വായിച്ചു തീർത്തു വെന്നത് എനിക്കു തന്നെ വിശ്വസിക്കാനാകുന്നില്ല. പറഞ്ഞു വരുന്നത് കേരളത്തിലെ പ്രശസ്‌ത പോലിസ് ഓഫീസർ ഡോ.സിബി മാത്യുസിന്റെ ‘നിർഭയം’ എന്ന പുസ്‌തകത്തെക്കുറിച്ചാണ്.

ആദ്യം തന്നെ ഒരു കാര്യം സൂചിപ്പിക്കാം. എനിക്കീ കുറ്റാന്വേഷണ സിനിമകൾ വളരെ ഇഷ്‌ടമാണ്. പ്രത്യേകിച്ച് സേതുരാമയ്യർ സി.ബി.ഐ. പോലുള്ളവ. അതിലൊക്കെ എത്ര ബുദ്ധിപൂർവ്വമാണ് സേതുരാമയ്യർ കേസുകൾ അന്വേഷിച്ചന്വേഷിച്ച് യഥാർത്ഥ പ്രതിയെ കണ്ടെത്തുന്നത്! വേറൊന്ന് സുരേഷ് ഗോപിയുടെ ‘നരിമാൻ’. ആത്‌മഹത്യ എന്നു വിശ്വസിക്കപ്പെട്ട  ഒരു പ്രമുഖന്റെ മരണം  കൊലപാതകമാണെന്ന്, അതും ഒരു വെരി വെൽ പ്ലാൻഡ് മർഡറാണെന്ന് തെളിയിക്കാൻ നരിമാൻ കണ്ടെത്തിയ തെളിവ്. ഹോ…!! അതെനിക്ക് വളരെ വലിയ അത്‌ഭുതമായ് തോന്നിയിരുന്നു.

പക്ഷേ അത്തരം സിനിമകളെയൊക്കെ വെല്ലുന്ന ട്വിസ്റ്റുകളും, ക്ലൈമാക്‌സുകളും നിറഞ്ഞ thrilling ആത്‌മകഥയാണ് ഡോ. സിബി മാത്യൂസിന്റെ ‘നിർഭയം’.

കേരളത്തെ ഞെട്ടിച്ച പ്രമാദമായ കേസുകളായ ജോളി മാത്യു വധക്കേസ്, ജ്വല്ലറി ഉടമ ചന്ദ്രൻ വധക്കേസ്, മാർക്ക് ലിസ്റ്റ് തട്ടിപ്പ്, കരിക്കൻ വില്ല കൊലക്കേസ് എന്നിവ അന്വേഷിച്ച് തെളിയിച്ച CBI ഓഫീസർ കൂടിയാണ് ഡോ. സിബി മാത്യൂസ്. അദ്ദേഹത്തിന്റെ ബുദ്ധിപരമായ നീക്കങ്ങൾ പലപ്പോഴും  വായനയ്ക്കിടെ എന്നെ ഞെട്ടിച്ചു കൊണ്ടേയിരുന്നു. അത്രയ്ക്കും ത്രില്ലിങ്ങ് ഫീലാണ് ഈ ആത്‌മകഥയ്ക്ക് .

കരിക്കൻ വില്ല കൊലക്കേസ് തന്നെ ഉദാഹരണമായി പറയാം. സമ്പന്നരായ വൃദ്ധദമ്പതികൾ പെട്ടെന്നൊരു ദിവസം കൊല ചെയ്യപ്പെടുന്നു. പണം അപഹരിക്കുന്നതിനായി കളളൻ വീട്ടിൽ കയറിയതാണ്. അപ്പോൾ ആ ദമ്പതികളെയും അവർ ഇല്ലാതാക്കി. എന്നാൽ ആ കേസിലെ യഥാർത്ഥ പ്രതിയെ കണ്ടെത്താൻ സിബി മാത്യുവിന് നിർണായകമായൊരു  തെളിവ് തന്നെ ലഭിച്ചു. ആ  തെളിവ് എന്താണെന്ന് പറഞ്ഞാൽ സസ്‌പെൻസ് പൊളിയുമല്ലോ, അതു കൊണ്ട് ഞാനതിവിടെ പറയുന്നില്ല. അത് എല്ലാവരും പുസ്‌തകം വായിച്ച് തന്നെ കണ്ടെത്തിക്കൊള്ളൂ.

ജ്വല്ലറിക്കാരൻ ചന്ദ്രൻ വധക്കേസ് മറ്റൊരു പ്രമാദമായ കേസായിരുന്നു. കോഴിക്കോടാണ് സംഭവം നടന്നത്. ഒരു വണ്ടി നമ്പറിനെ മാത്രം പിന്തുടർന്നാണ് ആ കേസ്  തെളിയിക്കുന്നത്.  ഇങ്ങനെ ഒട്ടനവധി പ്രധാന കേസുകൾ  സിബി മാത്യു അന്വേഷിച്ച് തെളിയിച്ചിട്ടുണ്ട്. എല്ലാ കൊലപാതകികളും എന്തെങ്കിലുമൊരു തെളിവ് അന്വേഷണോദ്യോഗസ്ഥന്മാർക്കു കണ്ടെത്താനായി അവശേഷിപ്പിക്കുമെന്നാണ് സിബി മാത്യുവിന്റെ തോന്നൽ. അതു കണ്ടെത്താൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു.

മണിച്ചന്റെ കൊലക്കത്തി എന്ന അധ്യായം വായിച്ചന്ന് രാത്രി സ്വപ്‌നത്തിൽ അതേ കൊലക്കത്തിയുമായ്‌ മണിച്ചൻ എന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. ‘അച്ചായാ, എന്നെയൊന്നും ചെയ്യല്ലേ,  ഞാൻ പാവാണേ…’, സ്വപ്‌നത്തിൽ ഞാനലറി. പെട്ടെന്ന് കണ്ണ് തുറന്നപ്പോൾ മണിച്ചൻ ആ പരിസരത്തില്ല. അച്ഛനും, ഞെട്ടിവിറച്ചിരിക്കുന്നു. ഓ അതു സ്വപ്‌നമായിരുന്നു എന്നറിഞ്ഞു ജാള്യത തോന്നി.

എന്തായാലും നിർഭയം ഞാനൊന്നു പറയാം. എനിക്കീ കൊലപാതകികളെയും, കള്ളൻമാരെയും പണ്ടേ പേടിയാ… പക്ഷേ അവരെ പിടിച്ച കഥകള് വായിക്കാൻ വല്യ ഇഷ്‌ടവും.

– സ്വരൺദീപ്

1 Comment
  1. JAYARAJ MENON 2 months ago

    അപ്പുണ്ണീ അസ്സലായിട്ടുണ്ട് മോനൂ ഇത് വായിച്ചപ്പോൾ “നിർഭയം” ഒന്ന് വായിക്കാൻ തോന്നുന്നു

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.

Forgot your details?

Create Account