റോഡിനരികിൽ കിടന്ന കുറ്റി ബീഡി കത്തിച്ചു വലിച്ചപ്പോൾ, എന്നെ ഭ്രാന്തനെന്നു വിളിച്ചു.

കടത്തിണ്ണയിൽ അന്തിയുറങ്ങിയ എന്നെ ഭ്രാന്തനെന്നു വിളിച്ചു.

മുഷിഞ്ഞ വസ്ത്രത്തിൽ, മുഷിയാത്ത മനസ്സുമായി ഓടി നടന്ന എന്നെ ഭ്രാന്തനെന്നു വിളിച്ചു.

അടുത്ത വീട്ടിലെ അടുക്കളയിൽ കയറി കിണ്ണത്തിൽ നിന്ന് ചോറ് വാരിത്തിന്ന എന്നെ ഭ്രാന്തനെന്നു വിളിച്ചു.

ഉടുതുണിയില്ലാതെ കുളത്തിൽ കുളിച്ചപ്പോൾ, എന്നെ ഭ്രാന്തനെന്ന് വിളിച്ചു.

നട്ടുച്ചയ്ക്ക് വയലിലൂടെ ആർത്തട്ടഹസിച്ചു നടന്ന എന്നെ ഭ്രാന്തനെന്ന് വിളിച്ചു.

വിശന്നലഞ്ഞു, ഒരു തുള്ളി കഞ്ഞിവെള്ളത്തിന് യാചിച്ചപ്പോൾ, വാതിലുകൾ കൊട്ടിയടച്ച്, എന്നെ ഭ്രാന്തനെന്ന് വിളിച്ചു.

സന്ധ്യാനേരം “സ്തോത്രങ്ങൾ” ചൊല്ലുന്ന എന്നെ ഭ്രാന്താണെന്ന് വിളിച്ചു.

കുഞ്ഞുമക്കളെ എന്റെ പേരുപറഞ്ഞു ഭയപ്പെടുത്തി, കണ്ണടപ്പിച്ചു.

cവിരുന്നുകാരുടെ മുന്നിൽ ഞാൻ അന്യനായി.

ഇല്ല, എനിക്ക് ഭ്രാന്തില്ല…

മുറ്റത്തെ പ്ലാവിൽ കെട്ടിയിട്ട് അടികൊണ്ടപ്പോഴും, തെക്കേ മുറിയിൽ കൈകാലുകൾ ബന്ധിച്ച്‌ ഇരുട്ടിൽ അടച്ചപ്പോഴും, പൂജയും മന്ത്രവും നടത്തി, തലയിൽ തളം വച്ചപ്പോഴും, എന്റെ ഞരമ്പുകളെ തളർത്തിയുറക്കാൻ കഠിനമായ ഔഷധങ്ങൾ ബലമായി കുടിപ്പിച്ചപ്പോഴും, എന്റെ മനസ്സ് പറഞ്ഞു, ഇല്ല എനിക്ക് ഭ്രാന്തില്ല.

ചൂരലടിയേറ്റ് ബോധമറ്റപ്പോഴും, തുള്ളി നീര് തരാതെ തൊണ്ട വറ്റിയപ്പോഴും, ഞാൻ എതിർത്തില്ല, എല്ലാം ഏറ്റുവാങ്ങി. കീറി മുഷിഞ്ഞ കുപ്പായവും ബാക്കിയായ എച്ചിലും മുന്നിലിട്ടപ്പോൾ എതിർത്തില്ല. എനിക്ക് പരാതിയില്ല, ആരോടും.

ഏതോ സുഖ യാമത്തിൽ എന്റെ ജന്മത്തിനു വിത്തിട്ട എന്റെ ജന്മദാദാക്കൾക്കു ഭ്രാന്തില്ല. ജന്മം കൊണ്ട് ഭ്രാന്തനെന്ന് എന്നെ വിളിച്ചു ചിരിച്ചവർ ഇതറിയാതെ പോയി.

ജനന നിമിഷത്തിലെ ജന്മരാശി അന്യായം കാട്ടിയപ്പോൾ, അനുഭവിക്കാൻ ഞാൻ ബാക്കിയായി. എന്റെ ബുദ്ധിചാതുര്യം മസ്തകത്തിന്റെ പിരിയാണി വൈകൃതമായി ചിത്രീകരിച്ചു.

ജന്മം തന്നവർക്കില്ലാത്ത പഴി എനിക്കെന്തിന്? ഞാനും ദൈവസൃഷ്ടി!

4 Comments
 1. Aravindakshan M 3 years ago

  Good

  • Author
   Haridasan 3 years ago

   വായനയ്ക്ക് നന്ദി

 2. sugathan Velay 3 years ago

  മനുഷ്യരിൽ ഏറിയും കുറഞ്ഞും എല്ലാവർക്കും ഭ്രാന്തുണ്ട്. പക്ഷെ, ആരും തിരിച്ചറിയുന്നില്ല. നല്ല ഗദ്യകവിത.
  അഭിനന്ദനങ്ങൾ.

  • Author
   Haridasan 3 years ago

   വായനയ്ക്ക് നന്ദി

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account