സ്വപ്‌നം കാണാൻ ഭയമാകുന്നു എന്ന് പറയുന്ന ഒരാളെയെങ്കിലും കണ്ടുമുട്ടിയിട്ടില്ലാത്തവരുണ്ടോ? ഒരു സുഹൃത്ത്, ഒരു ബന്ധു , ഒരു പരിചയക്കാരൻ, ഒരു വഴിപോക്കൻ… അങ്ങനെ ആരെങ്കിലും എപ്പോഴെങ്കിലുമൊക്കെ നിങ്ങളോട് പറഞ്ഞിട്ടില്ലേ സ്വപ്‌നം കാണാൻ പേടിയാകുന്നു എന്ന്?

സ്വപ്‌നം പതുക്കെ പതുക്കെ മോഹമാകുമെന്നും മോഹം പതിയെ പ്രതീക്ഷയാകുമെന്നും അത് പിന്നെ നിരാശയിലേയ്‌ക്കെത്തിക്കുമെന്നും എല്ലാമായിരിയ്ക്കാം സ്വപ്‌നത്തെ ഭയപ്പെടുന്നവർ അതിന് പറയുന്ന കാരണങ്ങൾ.

സത്യത്തിൽ എന്തിനാണ് ഒരാൾ സ്വപ്‌നത്തെ ഭയപ്പെടുന്നത്? സ്വപ്‌നങ്ങൾ, സ്വപ്‌നങ്ങൾ മാത്രമാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചാൽ തീരാവുന്നതേയുള്ളൂ സ്വപ്‌നത്തോടുള്ള ഈ ഭയം. സ്വപ്‌നങ്ങളൊക്കെ യാഥാർത്ഥ്യമാവണമെന്ന പിടിവാശി ഉപേക്ഷിക്കുക.

ഓർത്ത് നോക്കൂ… ജീവിതത്തിന് മഴവിൽ വർണ്ണങ്ങൾ പകരാൻ സ്വപ്‌നങ്ങളെപ്പോലെ മറ്റെന്തിനാണ് കഴിയുക? സ്വപ്‌നം തരുന്ന ആനന്ദത്തിന് ഒരു പ്രത്യേക സുഖമാണ്. ഇഹലോകത്തിലും പരലോകത്തിലുമല്ലാത്ത ഒരു ലോകത്തേക്കാണ് സ്വപ്‌നങ്ങൾ നമ്മളെ കൂട്ടിക്കൊണ്ട് പോവുക.

കാലദേശാതിർത്തികൾ മാത്രമല്ല, യാതൊരു കെട്ടുപാടുമില്ലാതെ പറന്നുല്ലസിയ്ക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം സാമ്രാജ്യമല്ലെ സ്വപ്‌നങ്ങൾ വാഗ്‌ദാനം ചെയ്യുന്നത്? ഞാനും നീയും എന്ന അതിർവരമ്പുകൾ ഇല്ലാത്ത, നമ്മൾ തന്നെയില്ലാത്ത, നമ്മൾ പൂമ്പാറ്റകളാകുന്ന, പക്ഷിച്ചിറകേറി പറക്കുന്ന സുന്ദരസാമ്രാജ്യം…

യഥാർത്ഥ ജീവിതത്തിൽ നമുക്ക് നഷ്‌ടപ്പെട്ട ഒരു ജീവിതമല്ലെ സ്വർണ്ണത്തിളകയിൽ സ്വപ്‌നങ്ങൾ നമുക്ക് നേരെ നീട്ടുന്നത്? അങ്ങനെയൊരു ചിന്തതന്നെ മനസിൽ കുളിർമഴ പെയ്യിയ്ക്കുന്നില്ലേ?

ഇതൊക്കെയാണെങ്കിലും സ്വപ്‌നങ്ങളിലേയ്ക്ക് കുറുക്കുവഴികളില്ല. സ്വപ്‌നം കാണാൻ മനസിനെ പാകപ്പെടുത്തുക  എന്നത് മാത്രമാണ് സ്വപ്‌നത്തിലേയ്ക്കുള്ള ഏകവഴി. അതിന് ആദ്യം നമ്മൾ നമ്മളെ അറിയണം. ഇത്രകാലവും ബുദ്ധിമാത്രം നിയന്ത്രിച്ചിരുന്ന നമ്മുടെ ജീവിതത്തിൽ മനസിനുകൂടി ഇടം നൽകണം.

മനസിനെ ഒരു അപ്പൂപ്പൻതാടി പോലെ ലാഘവത്വമുള്ളതാക്കൂ. സുന്ദരസ്വപ്‌നങ്ങൾ നമ്മളെത്തേടി വരാതിരിക്കില്ല.

നോക്കൂ, ‘പ്രാക്റ്റിക്കലാവുക’ എന്നത് ജീവിത വിജയത്തിന് എത്ര ആവശ്യമാണോ, അത്ര തന്നെ ആവശ്യമാണ് സ്വപ്‌നം കാണലും. ഒന്ന് ഭൗതികവും മറ്റേത് ആത്‌മീയവും.

അതുകൊണ്ടുതന്നെയാണ് ‘Dreams are often most profound when they seem the most ക്രേസി’ എന്ന് സ്വപ്‌നവ്യാഖ്യാനങ്ങളുടെ അവസാനവാക്കായ സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിട്ടുള്ളത്. വളരെ നിസാരമായ/ഭ്രാന്തമെന്ന് നമുക്ക് തോന്നുന്ന സ്വപ്‌നങ്ങൾ പോലും നമ്മളറിയാതെ നമ്മളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്.

നെഞ്ചിൽ കൈവെച്ച് സ്വയമൊന്ന് ചോദിച്ച് നോക്കൂ: എത്ര കാലമായി ഒരു നല്ല സ്വപ്‌നം കാണാൻ നമ്മൾ കൊതിക്കുന്നു എന്ന് ! നമ്മളെത്തന്നെ പേടിച്ച് നമ്മൾ മാറ്റിവെച്ച നമ്മുടെ മോഹക്കിനാക്കൾ….

കാത്തിരിപ്പ് മതിയാക്കൂ…
വരൂ….
ഇനി നമുക്ക് നമ്മുടെ സുന്ദരസ്വപ്‌നങ്ങളെ നെഞ്ചേറ്റാം…. സ്വപ്‌നം കാണാനുള്ള ഭയത്തെ വഴിയിലുപേക്ഷിയ്ക്കാം.

സ്വപ്‌നം കാണാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എന്ത് ജീവിതം!!

– ജ്യോതി മദൻ

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account