അല്ല ചങ്ങാതി….. ഈ ഓണത്തിന് തെക്കും വടക്കുമെന്നുണ്ടോ? ഉണ്ടോന്നോ? തെക്കും വടക്കും മാത്രമല്ല, കിഴക്കും പടിഞ്ഞാറും തെക്കുകിഴക്കും വടക്കു പടിഞ്ഞാറും കിഴക്കുവടക്കും ഒക്കെ കാണും. ‘ആറ് നാട്ടില് നൂറോണം’. കയ്പ്പക്കപ്പരുവത്തില് നീണ്ടുനിവർന്നു തൂങ്ങിക്കിടക്കുന്ന ഇത്തിരിയോളം പോന്ന നമ്മുടെ സംസ്ഥാനംതന്നെ തെക്കന്‍ കേരളം, വടക്കന്‍ കേരളം, മദ്ധ്യകേരളം എന്നൊക്കെയാ വിളികൊണ്ടു പോരുന്നത്. ‘പലമയിലെ ഒരുമ’ എന്ന് വേണമെങ്കില്‍ പറയാം. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന് നേരത്തെ പറഞ്ഞു ശീലിച്ചത്. ഓണത്തിലെ ‘പലമ’യാണ് പറയാന്‍ വന്നത്. തെക്കന് വെജിറ്റേറിയന്‍ ഓണമെങ്കില്‍ വടക്കന് നോണ്‍ വെജിറ്റേറിയന്‍. ചിലര്‍ക്ക് രണ്ടും. എന്തായാലും ഓണമാണേ…..

മാവേലി നാടുഭരിച്ചിരുന്നെന്നും മാനുഷരെല്ലാരും ഒന്നായിരുന്നെന്നും കളളവും ചതിയും ഉണ്ടായിരുന്നില്ലെന്നും പൊളിവചനങ്ങളാരും ഉരുവിട്ടിരുന്നില്ലായെന്നുമൊക്കെയുളള പഴയ പൊങ്ങച്ചങ്ങള്‍ നമുക്ക് വീണ്ടും ആടിപ്പാടിനടക്കാം.

ഓണക്കാലമാകുമ്പോഴേക്കും എല്ലാവര്‍ക്കും നൊസ്റ്റാള്‍ജിയ പിടികൂടും. ദേശമോ അന്യദേശമോ എന്നുവേണ്ട, ഓര്‍മ്മയുടെ വയല്‍വരമ്പിലൂടെ മുതുക്കന്‍മാര്‍വരെ പൂക്കുരിയയുമെടുത്തോടും. അത്തപ്പൂ…ചിത്തിരപ്പൂ… എന്നു പാട്ടുപാടും. മുക്കുറ്റി, കോളാമ്പി, എളളിന്‍പൂ, തുമ്പപ്പൂ, കൃഷ്‌ണപ്പൂ, കാക്കപ്പൂ തുടങ്ങി നാട്ടിപ്പതിനായിരം പൂക്കളുടെയും കഴുത്തിന് നുളളും. പൂക്കള്‍ മാത്രം നുളളിയാല്‍ പോര, ചിലര്‍ക്ക് ഇലയും നുളളണം. കപ്പക്കിഴങ്ങിന്‍റെ ഒണക്കക്കൊളളി ശേഖരിച്ച് അതില്‍ പുട്ടുംകുറ്റിയില്‍ കോലിട്ടുതളളുന്നതുപോലെ ഒരു തളളു തളളി വെളുത്ത പൊങ്ങിനെ താഴെയിടും ചിലര്‍. ബ്ലേഡുകൊണ്ട് അതിനെ നേര്‍മ്മയില്‍ മുറിച്ച് മഷിഗുളിക കലക്കിയ വെളളത്തിലിട്ട് നിറം പിടിപ്പിക്കും. മരപ്പൊടിക്ക് (അറക്കപ്പൊടി) ചായം കൊടുക്കുന്ന വിരുതന്‍മാരുമുണ്ട്. ഉമിക്കരിയും പച്ചരിയും കൊണ്ട് കളം നിറക്കുന്നവരുമുണ്ട്. പൂക്കളത്തില്‍ പൂക്കള്‍ മാത്രമല്ല കേട്ടോ. മാടോട് അടിച്ച് പൊടിച്ചാല്‍ ചുവപ്പ് കിട്ടും. വയലീന്ന് പുല്ലരി പറിച്ചുകൊണ്ടുവന്ന് ഊര്‍ന്നെടുത്താല്‍ പച്ചയായി. നിറങ്ങളായ നിറങ്ങളെല്ലാം ഒപ്പിക്കാന്‍ പിന്നെ നമ്മളെവിടെ പോകും!. ഇങ്ങനെയൊക്കെ അങ്ങൊപ്പിക്കും.

നൊസ്റ്റാള്‍ജിയക്കാലത്തെ ഓണത്തിന് തമിഴ്‌നാട്ടിൽ നിന്നും പൂവെത്തിയിരുന്നില്ല. പൂപ്പറിക്കാനാണ് പത്തുദിവസം സ്‌കൂൾ പൂട്ടുന്നതു തന്നെ. വയലും, തോടും കുന്നുംമലയും പറമ്പുമെല്ലാം അന്ന് നടന്നുതീര്‍ക്കും. ദാഹിക്കുമ്പോള്‍ തോട്ടിലെ തെളിനീര്‍ കോരിക്കുടിക്കുന്നത് പൊടിമീനുകള്‍ നോക്കിരസിക്കും. വഴിയില്‍ നിന്നും വീണുകിട്ടിയ നെല്ലിക്ക ഒരുവന്‍ കടിച്ച് മറ്റേയാള്‍ക്ക് കൊടുക്കും. പളള പയ്ക്കുമ്പോള്‍ കണ്ടത്തിലെ വിളയാറായ നെല്‍ച്ചെടികളുടെ ഇളം മധുരമുളള തണ്ട് ചവച്ചരക്കും. കൃഷ്‌ണപ്പൂ പറിക്കാനെന്ന ഭാവത്തില്‍ നെല്ലിന്‍റെ പിട്ടല്‍ വലിച്ചൂരി തിന്നുന്ന പിളളാരെ വയലുടമ ഓടിക്കും. പിന്നാലെ ചെളിക്കട്ടകള്‍ പാഞ്ഞുവരും. ചെളിക്കട്ടകള്‍ക്കൊപ്പം മുട്ടന്‍ തെറിയുമുണ്ടാകും. അരിപ്പൂവിളയുന്ന പറമ്പുകളില്‍ പാമ്പുകള്‍ കാണും. വിഷമുളളതും ഇല്ലാത്തതും കാണും. ചന്തിക്കു കുത്താന്‍ ഒരുങ്ങി നില്‍ക്കുന്ന മുള്‍ച്ചെടികള്‍ കാണും. പൂ പറിക്കുന്നതിനിടയില്‍ മുളളു തട്ടി ചോരപൊടിഞ്ഞ വിരലുകളെ നോക്കി വിതുമ്പുമ്പോള്‍ തൊട്ടാവാടികള്‍ കണ്ണുചിമ്മും.

ഓണം തൂശനിലയില്‍ വിളമ്പിയ ചൂടുളള സദ്യയാണ്. ‘ഉണ്ടറിയണം ഓണം, എന്നാണ് പണ്ട് നമ്മള്‍ പറഞ്ഞിരുന്നത്. പഴം, പപ്പടം, ഉപ്പേരി, കാളന്‍, ഓലന്‍, അവിയല്‍, എരിശ്ശേരി, പുളിശ്ശേരി, സാമ്പാര്‍, കൂട്ടുകറി, പച്ചടി, മോര്. കടുമാങ്ങ,നാരങ്ങ ഇഞ്ചിപ്പുളി, ഇഞ്ചിത്തൈര് തുടങ്ങി നാലുകൂട്ടം ഉപ്പിലിട്ടത്, പായസം പ്രഥമന്‍…… വല്ല ന്യൂജെന്‍ സിനിമക്കാരും കേട്ടാല്‍ അടുത്ത പടത്തിലൊരു പാട്ടാവും. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നാണ് അന്ന് നമ്മള്‍ പറഞ്ഞത്. കുഞ്ഞമ്പുമാഷ് ഇരട്ടവര കോപ്പിയില്‍ കുറേ എഴുതിക്കുകയും ചെയ്‌തിരുന്നു. പോത്തന്‍ രാമന്‍റെ മോന്‍ ശേഖരന്‍ എന്നുമത് തെറ്റിച്ചേ എഴുതൂ.. ‘കോണം വിറ്റും ഓണം ഉണ്ണണം’. കുഞ്ഞമ്പുമാഷിന്‍റെ പെരുംകൈ ശേഖരന്‍റെ നടുപ്പുറത്തു വീഴും. ‘നിന്‍റെ തുളവീണ കോണകം വിറ്റ് എങ്ങനെയാടാ ഓണമുണ്ണുന്നത്’ എന്നൊരു ചോദ്യവും കുട്ടികളുടെ കൂട്ടച്ചിരിയും അകമ്പടി. ‘ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി’ എന്ന ചൊല്ലിനെ പലപാട് വ്യാഖ്യാനിച്ചിട്ടുണ്ട് കുഞ്ഞമ്പുമാഷ്. മാഷിന്‍റെ പതിരില്ലാത്ത ആ പഴഞ്ചൊല്ല് ഈ ഹൈടെക് കാലത്തും അര്‍ത്ഥവ്യത്യാസമില്ലാതെ തുടരുന്നു. ഒരു വശത്ത് ഒരു കൂട്ടര്‍ മൂക്കുമുട്ടേ തിന്നും കുടിച്ചും ആര്‍മ്മാദിക്കുമ്പോള്‍, മറുവശത്ത് പതിനായിരങ്ങള്‍ മുണ്ടുമുറുക്കിയുടുക്കുകതന്നെയാണ്. എങ്കിലും, അവര്‍ക്കുമുണ്ട് ഓണം. സര്‍ക്കാര്‍ വക രണ്ട് കിലോ അരിയും ഇച്ചിരി പഞ്ചാരയും ഇച്ചിരി ചായപ്പൊടിയും നൂറുഗ്രാം മൊളകും ഓണക്കിറ്റായി സൗജന്യം കിട്ടും. ക്ഷേമപെന്‍ഷന്‍കാര്‍ക്കൊക്കെ ഒന്നോ രണ്ടോ മാസത്തെ പെന്‍ഷനും കിട്ടും. ‘ഉളളതുകൊണ്ട് ഓണം പോലെ’ എന്ന ചൊല്ല് അവര്‍ക്കുളളതാണ്.

നൊസ്റ്റാള്‍ജിയക്കാലത്ത് ഓണസദ്യപോലെത്തന്നെ മൂഖ്യമാണ് ഓണപ്പുടവയും. ഓണമുണ്ടുടുക്കാതെ ഓണപ്പുടവചുറ്റാതെ എന്താഘോഷം! ഓണക്കാലത്ത് അന്ന് റേഷന്‍ കടകളില്‍ കണ്‍ട്രോള്‍ തുണി വരും. പാവങ്ങള്‍ക്കു വിതരണം ചെയ്യുന്ന വിലകുറഞ്ഞ തുണി. ദരിദ്രനാരായണൻമാർക്കും നാരായണിമാര്‍ക്കും ഓണക്കോടി മിക്കവാറും അതായിരിക്കും. പുത്തന്‍പുരയ്ക്കലെ സജീവന്‍റെ ഷര്‍ട്ടും താഴെവീട്ടിലെ ഹൈമാവതിയുടെ പാവാടയും കുഞ്ഞിരാമേട്ടന്‍റെ ലംഗോട്ടിയും കുഞ്ഞിമോന്‍റെ കോണകവും സത്യന്‍റെ ട്രൗസറും ഒരേ തുണികൊണ്ട്. മാവേലി വാണിടും കാലത്തെ സോഷ്യലിസം നമ്മള്‍ നടപ്പിലാക്കിയത് ഈ ഡ്രസ്സ്കോഡുകൊണ്ടാണ്.

വിഭവസമൃദ്ധമായ സദ്യയുണ്ടുകഴിഞ്ഞാല്‍ അതൊന്നു ദഹിക്കണ്ടേ…? അതിനാണ് കളികള്‍. പലതരം ഓണക്കളികളുണ്ട്. ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി, ഓച്ചിറക്കളി, തലപ്പന്തുകളി, ഓണത്തല്ല്, പുലികളി, കമ്പവലി, വളളംകളി…….. അങ്ങനെ നീണ്ടുപോവും. ഓണത്തിന് ഒരു സിനിമ. അത് അനുവദിക്കപ്പെട്ട റേഷനാണ്. ഓലടാക്കീസുകള്‍ക്കു മുന്നില്‍ ഉച്ചമുതലേ തുടങ്ങും നീണ്ട ക്യൂ. തുലാഭാരം, തച്ചോളി അമ്പു, ജീവിത നൗക, വാഴ്വേമായം, വീണ്ടും പ്രഭാതം…… കുട്ടികള്‍ ഓണത്തെ ഏറ്റവും സ്നേഹിച്ചത് ഒരു സിനിമ കാണാലോ എന്നുകൂടി ഓര്‍ത്തിട്ടാണ്. സത്യന്‍, ഷീല, തിക്കുറിശ്ശി, കൊട്ടാരക്കര, രാഗിണി, നസീര്‍, ഉമ്മര്‍ എന്നിവരെയൊക്കെ തറടിക്കറ്റെടുത്ത് അടുത്തുനിന്ന് കാണാം. വേണമെങ്കില്‍ ഒന്ന് തൊടാം. അവരോടൊപ്പം ആടാം… പാടാം… ആരോമല്‍ ചേകവരാകാം…… കൂടിയിരിപ്പിന്‍റെ സങ്കേതങ്ങളായിരുന്നു സിനിമാകൊട്ടകകള്‍. പരിചയം പുതുക്കലുകള്‍, ചങ്ങാത്തങ്ങള്‍, പ്രണയങ്ങള്‍, ഇണക്കങ്ങള്‍, പിണക്കങ്ങള്‍ എന്നിവയ്ക്കുളള സംഗമഭൂമി.

സത്യത്തില്‍ ഗൃഹാതുരമായ ഓര്‍മ്മകളുടെ നടവരമ്പിലൂടെയാണ് നമ്മള്‍ പോയ്ക്കൊണ്ടിരിക്കുന്നത്. ജീവിതത്തിന്‍റെ മദ്ധ്യവേനല്‍ പിന്നിട്ടവര്‍ക്ക് ഓര്‍ക്കാന്‍ നല്ലരസം. കണ്ണുകളില്‍ ഓണവെയില്‍ ചിന്നും. കാതുകളില്‍ ഓണപ്പാട്ടുകള്‍ അലയും. പൂവേപൊലി പൂവേപൊലി പൂവേയെന്ന് പൊലിപ്പാട്ടുകള്‍ ഓളം തല്ലും. ഓണത്താറും ഓണപ്പൊട്ടനും വീട്ടുമുറ്റത്തുവന്ന് തുളളും. അപ്പോള്‍ അവരുടെ കുടമണി കിലുങ്ങും തൃക്കാക്കരയപ്പനും അത്തച്ചമയങ്ങളും കണ്ണില്‍ നിറയും. ഓണാക്കാഴ്ച്ചകളുമായി കുടിയാന്മാരെയെത്തും. ഓണക്കോടിയും നാണയത്തുട്ടുമായി മടങ്ങും. തിരുവോണത്തെ വരവേല്‍ക്കാന്‍ തലേനാള്‍ ഒരു ഉത്രാടപ്പാച്ചിലുണ്ട്. ഓണത്തെ ഒരുക്കാന്‍ സാധന സാമഗ്രികള്‍ തേടിയുളള നെട്ടോട്ടമാണ്.
‘ഇല്ലംനിറ വല്ലംനിറ’ എന്ന് ഉരുവിടുമ്പോള്‍ ഇല്ലവും വല്ലവും നിറയും. എങ്ങും സമ്പല്‍സമൃദ്ധി… ആഹ്ളാദം… മണ്ണിനും മനസ്സിനും. ഓണമേ….. തിരുവോണമേ നിനക്ക് നന്ദി.

ഒരുപാട് ഓണമുണ്ടു. കാലദേശങ്ങള്‍ ഓണത്തിനുമേല്‍ ഒട്ടേറെ മിനുക്കുപണികള്‍ നടത്തി. ആ മിനുക്കു പണികളിലുമുണ്ട് കുറേ രസക്കാഴ്ച്ചകള്‍. നമ്മുടെ ഓണം ഇങ്ങനെയൊക്കെ മാറിപ്പോകുമെന്ന് ഇരുപത്തിയഞ്ചോ മുപ്പതോ കൊല്ലങ്ങള്‍ക്കുമുമ്പ് ആരെങ്കിലും ഓര്‍ത്തിട്ടുണ്ടാകുമോ ആവോ? ‘നാടോടുമ്പോള്‍ നടുവെ’ എന്ന ചൊല്ല് നമുക്കിവിടെ സാന്ദര്‍ഭികമായി എടുത്തുചേര്‍ക്കാം.

നാടും നാട്ടുവഴികളുടെ ഈണവും വിട്ട് നമ്മള്‍ നഗരകാന്താരങ്ങളിലേക്ക് കുടിയേറി. ദിര്‍ഹവും ഡോളറും നമ്മുടെ നാടിനെത്തന്നെ മാറ്റിമറിച്ചു. പണം വന്നപ്പോള്‍ പവ്വറുകൂടി. ഓണത്തിന് പകിട്ട് കൂടി. നടവരമ്പുകള്‍ കോണ്‍ക്രീറ്റ് ഇടനാഴികളായി. പൂപ്പാടങ്ങളില്‍ വില്ലകളും ഫ്ളാറ്റുകളും വിരിഞ്ഞു. പൂതേടിപ്പോകുന്ന കുട്ടികള്‍ ഇല്ലാതായി. അവര്‍ക്കുവേണ്ടി പുക്കളമൊരുക്കാന്‍ തെങ്കാശിയിലും ഗുണ്ടല്‍പേട്ടിലും പൂകൃഷി സ്ട്രോങ്ങായി. ചെട്ടിയും ജെമന്തിയും ലോറിയില്‍ കയറി തമിഴന്‍മാരോടൊപ്പം നമ്മുടെ ടൗണില്‍ വന്നിറങ്ങി. കഴുത്തുനീട്ടിത്തന്ന ചെണ്ടുമല്ലിയും ഡാലിയയും കച്ചവടക്കാരന്‍റെ ത്രാസില്‍ കയറിയിരുന്ന് തുലാഭാരം തൂങ്ങി. വേലിത്തലപ്പത്തിരുന്ന് ചെമ്പരത്തിയും കുറ്റിക്കാട്ടിലിരുന്ന് അരിപ്പൂവും വയലിലെ പുല്‍ച്ചാടികളെ മറഞ്ഞിരുന്ന് കാക്കപ്പൂവും പഴമ്പറമ്പൂകളിലിരുന്ന് തുമ്പയും ആത്മനിന്ദയാല്‍ മുഖം കുനിച്ചു. കെട്ടുപ്രായം കഴിഞ്ഞ് മൂലക്കായിപ്പോയ പെണ്‍പിളേളരെപ്പോലെ ആത്മവിശ്വാസം കുറഞ്ഞ് അവനവനെത്തന്നെ പഴിച്ചു. പൊങ്ങച്ചക്കാരന്‍റെ പൂക്കളങ്ങളില്‍ മത്സരാര്‍ത്ഥികളായി അന്യദേശക്കാര്‍ നിറഞ്ഞു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്കു പുറമേ പ്രോത്സാഹന സമ്മാനങ്ങളും അയല്‍നാട്ടിലെ പൂക്കാരികള്‍ കൊണ്ടുപോയി. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് സംഘടിപ്പിച്ച ഫുള്‍ ബോട്ടിലിനൊപ്പം പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞു കെട്ടി കൊണ്ടുവന്ന തമിഴന്‍പൂക്കള്‍ നീട്ടി അച്ഛന്‍ മക്കളോട് പറഞ്ഞു. പൂക്കള്‍ക്കൊക്കെ എന്താ വില ? ഇത്തവണ ഉളളതിട്ടാല്‍ മതി. ഉളളതുകൊണ്ട് ഓണം പോലെ…

ഓണക്കാലത്താണ് വളളംകളി. കേരളത്തിന്‍റെ ജലമേളം. പുഴയിലേയും കായലുകളിലേയും ഓളപ്പരപ്പുകളില്‍ തുഴയെറിഞ്ഞ് ആര്‍പ്പോ….. ഇര്‍റോ എന്നാര്‍ത്തുവിളിച്ച് ചുണ്ടന്‍ വളളങ്ങള്‍ കുതിച്ച് പായും. കുട്ടനാടന്‍ പു ഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേയെന്ന് കരയിലിരുന്ന് മാലോകര്‍ താളംപിടിക്കും. മണ്ണും ജലവും ആകാശവും ആര്‍പ്പുവിളികളിലമരും. ആറډുളയും ഉത്രട്ടാതിയും നെഹ്റു ട്രോഫിയും മുസരിസും വളളംകളിയുടെ പര്യായമാകും. വളളംകളിക്കൊപ്പം ‘വെളളംകളിയും’ പ്രചാരത്തിലായതോടെയാണ് മലയാളി ചുവടുകളിലെ താളം ഒന്നു മാറ്റിപ്പിടിച്ചത്. തിത്തോം തകതിത്തിത്തൈ എന്ന് നാലു കാലില്‍ ചുവടുവെക്കുന്നവരുടെ ആഘോഷമായി ഓണം മാറിയിട്ട് അധികമൊന്നുമായില്ല. ബാറുകള്‍ പൂട്ടിപ്പോയെങ്കിലെന്ത്? ബിവറേജുകള്‍ സുലഭം. വ്യാജചാരായം അതിലും സുലഭം. ക്യൂവില്‍ നില്‍ക്കാന്‍ മടിയുണ്ടെങ്കില്‍ പേടിക്കേണ്ട. കൂലിക്ക് ക്യൂ നില്‍ക്കാന്‍ ആളുകളേറെ. പുതിയൊരു തൊഴില്‍ മേഖലയ്ക്കു കൂടി വഴി തുറന്നിട്ടുണ്ട് പുതിയ മദ്യനയം. അടുത്തുതന്നെ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. ‘ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ ആളെ ആവശ്യമുണ്ട്.’

വളളംകളിയും വെളളംകളിയും മാറ്റിവെച്ച് നമുക്ക് അടുക്കളയിലേക്കു മടങ്ങാം. സദ്യവട്ടങ്ങളില്‍ നിന്നും ചിലര്‍ സാമ്പാറിനെ മാറ്റി. അവിയലിനേയും കൂട്ടുകറിയേയും മാറ്റി. പകരം ഹോര്‍മോണ്‍ കുത്തിവെച്ച് തടിച്ചുകൊഴുത്ത കോഴികള്‍ ചുരമിറങ്ങി ചെക്കുപോസ്റ്റിനെയും വെട്ടിച്ച് ഊട്ടുപുരയിലും അടുക്കളയിലുമെത്തി. വിവസ്ത്രരായി (ഡ്രസ്സിങ്ങ് എന്നാണ് കോഴികളുടെ ഭാഷ) ചിക്കന്‍ ചില്ലിയും പെപ്പര്‍ ചില്ലിയും ചിക്കന്‍ മസാലയും ഡ്രൈഫ്രൈയുമായി തീന്‍മേശകളില്‍ നിറഞ്ഞാടി. തൂശനിലയില്‍ വിളമ്പാറുളള കുത്തരിച്ചോറിനോട് പുതിയ ബ്രോയിലര്‍ കുഞ്ഞുങ്ങള്‍ മുഖം തിരിച്ചു. ‘നല്ലൊരോണായിട്ട് ഇന്നും ചോറോ’ എന്ന് വടക്കനുണ്ണികള്‍ കിണുങ്ങി. ചോറിനു പകരം കോഴിബിരിയാണിവിളമ്പി കുട്ടികളെ പേടിയുളള അമ്മമാര്‍ അവരെ ഊട്ടി. കോഴിക്കു പുറമേ ചില ചെമ്പുകളില്‍ ആടും പോത്തും അമറി. സപ്‌തതി പിന്നിട്ട വിദേശിയായ ആകോലിയും അയക്കൂറയും പ്രായഭേദം മറന്ന് ന്യൂജെന്‍ സദ്യകളില്‍ പങ്കാളികളായി. ചില വടക്കന്‍ നോണ്‍വെജ് സദ്യകള്‍ കണ്ട് തെക്കന്മാർ മൂക്കത്ത് വിരല്‍വെച്ചു. ഓണത്തിന് മത്സ്യമാംസങ്ങള്‍ വിളമ്പുകയോ… ഛായ് കഷ്ടം… ഞങ്ങളുടെ അടുക്കളയിലെ ഇറച്ചിവേവുന്ന മണം നിങ്ങളുടെ അടുക്കളയിലും വൈകാതെ എത്തുമെന്ന് ഉളളില്‍ ചിരിച്ച് ചില വടക്കൻമാരും…

ഓണസദ്യ കഴിഞ്ഞാന്‍ പുതുവസ്‌ത്രങ്ങളുമണിഞ്ഞ് ബന്ധുഗൃഹങ്ങളിലേക്ക് ഒരു വിരുന്നുണ്ടായിരുന്നു പണ്ട്. ഇന്ന് ഇരുന്നിടത്തുനിന്ന് അനങ്ങാന്‍ വിടില്ല ചാനലുകള്‍. അഥവാ അതിഥികള്‍ ആരെങ്കിലും വന്നാല്‍ മിമിക്രിക്കാരുടെ ഒരു ചൊല്ല് എഴുതിവെച്ചിട്ടുണ്ടാകും ഡ്രോയിംഗ് റൂമിന്‍റെ ചുമരില്‍. ‘വന്നോണം, നിന്നോണം, പൊക്കോണം’ അത്തം തുടങ്ങുമ്പോള്‍ തുടങ്ങിക്കോളും ഓരോ കോപ്രായങ്ങള്‍. നൊസ്റ്റാള്‍ജിയകളുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്നത് ടെലിവിഷന്‍ ചാനലുകളാണെന്ന് തോന്നും. ഇന്നലെകളുടെ ഓണം മിനിഞ്ഞാന്നത്തെ ഓണം എന്നിങ്ങനെ ഓരോ പേരുമിട്ടോണ്ടുവരും ലിപ്സ്റ്റിക്കിട്ട ചിരിയുമായ് ചില അരഔണ്‍സ് അവതാരകര്‍. സിനിമാക്കാരൊക്കെ ഈ കാലത്ത് അധികചായം തേച്ചുതുടങ്ങും. സെലിബ്രിറ്റികള്‍ സെറ്റില്‍ നിന്നും സെറ്റിലേക്ക് പറക്കും. സൂര്യാഘാതത്തെക്കാള്‍ കടുപ്പമുളള സ്റ്റുഡിയോ വെളിച്ചത്തില്‍ വിയര്‍ക്കും. കുടുംബവിശേഷങ്ങളും സിനിമാവിശേഷങ്ങളും മാറിമാറി പറഞ്ഞ് വായ കഴയ്ക്കും. ഒരു സിനിമയും നേരാംവണ്ണം കാണാന്‍ വിടില്ല ഈ ടീവിക്കാര്‍. ഒരേ നേരത്താവും എല്ലാസിനിമകളും. ഒരേ നേരത്താവും എല്ലാ പരസ്യങ്ങളും. റിമോട്ടിന്‍റെ കഴുത്തുഞെക്കി സായൂജ്യമടയാനല്ലാതെ നമുക്കെന്തു ചെയ്യാനൊക്കും!

ലോകത്തിന്‍റെ ഏതു മൂലയിലായാലും ഓണനാളില്‍ വീട്ടിലെത്തുന്ന പതിവ് മലയാളിക്കുണ്ടായിരുന്നു. ഇന്നിപ്പോ ഓണാവധിക്ക് മക്കളുടെയോ മരുമക്കളുടെയോ കൂടെ ഇംഗ്ലണ്ടിലോ അമേരിക്കയിലോ അസ്‌ട്രേലിയയിലോ ചിലവഴിക്കാന്‍ നേരത്തെ ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന രക്ഷിതാക്കളുടെ എണ്ണവും കൂടി. നഗരകാന്താരത്തിലെ ബഹുനില അപ്പാര്‍ട്ടുമെന്‍റിലെ ശീതീകരിച്ച മുറികളിലാണ്അവര്‍ മഹാബലിയെ കാത്തിരിക്കുക. അവിടെയവര്‍ പൂക്കളമൊരുക്കും. ഇംപോര്‍ട്ടു ചെയ്ത വാഴയിലകളില്‍ സദ്യ വിളമ്പും, കോടിമുണ്ടും കസവു വേഷ്ടിയും ധരിച്ച് കൂളിങ്ങ് ഗ്ലാസും വെച്ചു നടക്കും. കൊളസ്ട്രോള്‍ കൂടിയ മലയാളി പെണ്ണുങ്ങള്‍ കൈകൊട്ടിയും കുമ്മിയടിച്ചും തിരുവാതിര കളിക്കും. പൊടിക്കവികളും പൊടിക്കാഥികരും ഓണം മലയാളിയുടെ ദേശീയോത്സവമാണെന്നും കൊയ്ത്തുത്സവമാണെന്നും ഫിലാഡല്‍ഫിയയിലേയോ മെല്‍ബണിലെയോ മലയാളി സമാജത്തില്‍ പ്രസംഗിക്കും. ചിലര്‍ ആര്‍ത്തലച്ച് കവിത ചൊല്ലും. ചിലര്‍ ഓണപ്പാട്ടുപാടും കുടവയറന്‍മാര്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് മാവേലിവേഷം കെട്ടി ഫ്ളാറ്റിന്‍റെ നാല്‍പ്പതു നിലകളിലും കയറിയിറങ്ങും. അങ്ങനെ ഓണത്തിന്‍റെ ഗൃഹാതുരത ഞങ്ങളെയും പിടികൂടി എന്നുദ്ഘോഷിക്കും. ആഘോഷങ്ങളുടെ ‘തത്സമയം’ ട്വിറ്ററിലും വാട്ട്സാപ്പിലും ഫെയിസ്ബുക്കിലും പോസ്റ്റും.

കോര്‍പ്പറേറ്റ് മുതലാളിത്തം ഓണത്തില്‍ പിടിമുറുക്കിക്കഴിഞ്ഞുവെന്ന് ഇടതുപക്ഷ ബുദ്ധിജീവികള്‍ പറഞ്ഞതിലും കഴമ്പില്ലാതില്ല. ഉത്രാടപ്പാച്ചില്‍ ഇപ്പോള്‍ ഒരുമാസം മുമ്പേ തുടങ്ങും. സര്‍വ്വത്ര ഓണം മേളകളാണ്. ശമ്പളം കിട്ടിയതും ബോണസ് വാങ്ങിയതും പെന്‍ഷന്‍ ലഭിച്ചതും എല്ലാം ചേര്‍ത്തു സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് പലരും. പഴയതുമാറ്റി പുതിയതെടുക്കാനാണ് ചിലര്‍ക്ക് ധൃതി. വീട്ടിനകത്ത് ഭീകരമാംവിധം ഇ-വെയ്സ്റ്റുകള്‍ നിറയുന്നതറിയാതെ ഇലക്ട്രോണിക്സ് സാമഗ്രികളില്‍ അഭിരമിക്കാനാണ് ഏറെപേര്‍ക്കും ഇഷ്ടം. റിഡക്ഷനെന്നോ റിബേറ്റെന്നോ കേള്‍ക്കുകയേ വേണ്ടൂ…… ചക്കപ്പഴത്തിലേക്ക് ഈച്ചക്കൂട്ടങ്ങളെപ്പോലെ ചെന്നുപറ്റും. ‘ഓസി കിട്ടിയാല്‍ ആസിഡും അടിക്കും’ എന്ന ചൊല്ല് മലയാളിക്കുവേണ്ടി മലയാളിതന്നെ ഉണ്ടാക്കിയതാണ്. ഉപയോഗിക്കുക വലിച്ചെറിയുക (അന്യന്‍റെ പറമ്പില്‍) എന്നത് ദേശീയ മുദ്രാവാക്യമായി അടുത്തുതന്നെ മാറ്റിക്കൂടായ്‌കയില്ല. അതിനാല്‍ ഓണം ഒരു പര്‍ച്ചേസിംഗ് ഉത്സവമാകുന്നു… വിറ്റഴിക്കല്‍ മേളയാവുന്നു… വാങ്ങിക്കൂട്ടല്‍ ആഘോഷമാകുന്നു…

ന്യൂജെന്‍കാലത്ത് ഓണം ഇന്‍സ്റ്റന്‍റാവുന്നുണ്ട്. അങ്ങനെ ആക്കിത്തരാന്‍ ഏജന്‍സികള്‍ റെഡി. പൂപ്പറിക്കേണ്ട…… പൂക്കളമിടേണ്ട……. ഫോണില്‍ ഒരു മിസ്‌ഡ് കാൾ മാത്രം. പറന്നെത്തും ഏജന്‍റുമാര്‍ അവരുടെ താരിഫ് പാക്കേജുകളുമായി. ഏതു നിറത്തില്‍… ഏതു വലിപ്പത്തില്‍… എത്രയിനം പൂക്കള്‍കൊണ്ട്…. സ്ക്വയര്‍ ഇഞ്ചിലോ ചതുരശ്ര അടിയിലോ ഓര്‍ഡര്‍ കൊടുക്കാം. വലിയ പുക്കളം ഓര്‍ഡര്‍ കൊടുക്കുന്നവര്‍ക്കായി കമ്പനിയുടെ വക ചെറിയൊരു പൂക്കളം സൗജന്യമായി… ഓഫര്‍ ശ്രദ്ധിക്കുമല്ലോ… ഓണസദ്യയും അങ്ങനെതന്നെ. വിഭവങ്ങള്‍ എന്തൊക്കെ വേണമെന്ന് തന്നിരിക്കുന്ന കോളത്തില്‍ ടിക് ചെയ്യുകയേ വേണ്ടു. ബില്ല് ഇ-പെയ്മെന്‍റുമതി . നാട്ടിലെ വീട്ടിലേതുപോലെ എവിടെയും ഓണം. നേരം പുലര്‍ന്നയുടന്‍ നിങ്ങളെ ടീവിക്കു മുന്നില്‍ പ്രതിഷ്ഠിക്കാം. ആവോളം സിനിമകള്‍ കാണാം. ഓണക്കളികളില്‍ രസിക്കാം. പാട്ടുകള്‍ കേള്‍ക്കാം. നൊസ്റ്റാള്‍ജിയകളില്‍ മൂങ്ങിനിവരുന്ന സെലിബ്രിറ്റികള്‍ക്കൊപ്പം ആഹ്ളാദിക്കാം. ഇടയ്ക്കിടെ അകത്തുചെന്ന് ഈരണ്ടെണ്ണം വീശാം. അണ്ടിപ്പരിപ്പോ ബദാമോ കൊറിച്ചുകൊണ്ട് വീണ്ടും ആഘോഷങ്ങളില്‍ മുഴുകാം. ഓണം കുശാല്‍.

ഉച്ചയ്ക്ക് സദ്യയ്ക്കൊപ്പം ഒരു സെല്‍ഫിയെടുക്കണം ഉണ്ടു കഴിഞ്ഞാല്‍ എല്ലാരും കൂടെ ഒന്നൂടെ. അതേന്നെ… ഒരോണം സെല്‍ഫി.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account