‘ഇക്കാലത്തെ പാതിരിമാരിൽ ഇതിൽ നിന്നു വ്യത്യസ്‌തനായി ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാനുണ്ടോ? പട്ടു പോലെയുള്ള കുപ്പായമിട്ട് തക്കാളിപ്പഴം പോലെ ചുമന്നു തുടുത്ത കവിൾത്തടങ്ങളുമായി കുണുങ്ങി നടക്കുന്ന പുരോഹിതന്മാർക്ക് ലൗകിക കാര്യങ്ങളിൽ മാത്രമേ താത്‌പര്യമുള്ളു. സൗന്ദര്യവർദ്ധകസാമഗ്രികളും മധുര പലഹാരങ്ങളും വിലയേറിയ മദ്യവും തങ്ങളുടെ അറകളിൽ അവർ സംഭരിച്ചു വെയ്ക്കുന്നു. വാതത്തിന്റെ അസുഖമുണ്ടെന്നു പറയാൻ പോലും അവർക്ക് മടിയില്ല. ഉപവാസവും മിതമായ ആഹാരവും അച്ചടക്കത്തോടെയുള്ള ജീവിതവും കൊണ്ട് ആരോഗ്യം നിലനിർത്താമെന്ന് പരക്കെ അറിവുള്ളതാണ്. യഥാർത്ഥ സന്യാസിയുടെ ജീവിതം നയിക്കുന്നവനെ വാതം പോലുള്ള രോഗങ്ങളൊന്നും ബാധിക്കുകയില്ല. എളിയ ജീവിതവും പ്രാർത്ഥനയും ആത്‌മനിയന്ത്രണവും വ്രതമാക്കിയവർ തടിച്ചുകൊഴുത്ത മാംസപിണ്ഡങ്ങളാവുകയില്ല. ഇക്കാലത്തെ സുഖലോലുപരായ പുരോഹിതന്മാർക്ക് അർഹിക്കുന്ന പ്രതിഫലം ദൈവം കൊടുത്തുകൊള്ളും’. (ജിയോവന്നി ബൊക്കാച്ചിയോ)

ഇക്കാലമെന്നത് ഇവിടെ പതിനാലാം നൂറ്റാണ്ടാണ്. ഡെക്കാമറോൺ കഥകളിലൂടെ ചിരഞ്ജീവിയായ ബൊക്കാച്ചിയോവിന്റെ ജീവിതകാലം. ഫ്ലോറൻസിന്റെ പ്രതിനിധിയായി പലവട്ടം പോപ്പിനെ സന്ദർശിക്കുകയും തികഞ്ഞ മത വിശ്വാസിയായി ജീവിക്കുകയും ചെയ്‌ത അദ്ദേഹത്തിന്റെ കഥകളിലെ രൂക്ഷമായ മതവിമർശനം വിസ്‌മയിപ്പിക്കുന്നതാണ്. പള്ളിയെയും പട്ടക്കാരെയും അവരുടെ ലൈംഗികാസക്‌തികളെയും കാപട്യത്തെയും  ഇത്രയധികം പരിഹസിക്കുന്ന കഥകൾ മറ്റാരെങ്കിലും എഴുതിയിരിക്കുമോ എന്നുതന്നെ സംശയം തോന്നാം. ആ കഥകളിൽ അശ്ലീലത്തിന്റെ അതിപ്രസരമുണ്ടെന്ന ആരോപണത്തെ അദ്ദേഹം നേരിട്ട വഴിയും രസകരമാണ്. പ്രാർത്ഥനയ്ക്കിടയിൽ പാരായണം ചെയ്യാനുള്ള വിശുദ്ധഗ്രന്ഥമല്ല ഇത്, ഈ പുസ്‌തകത്തിലുള്ളതിനേക്കാൾ മോശമായ കാര്യങ്ങൾ വിശുദ്ധ ഗ്രന്ഥങ്ങളിലുണ്ടെന്ന വസ്‌തുത വായനക്കാർ വിസ്‌മരിക്കുകയുമരുത്. (പ്രകൃതി പോലും പുരുഷനോട് പക്ഷപാതം കാട്ടുന്നതിനാൽ അബലകളായ സ്‌ത്രീകൾക്കു വേണ്ടി അവർക്ക് ആനന്ദിക്കാൻ വേണ്ടി എഴുതിയ കഥകളാണവ.  ഭൂരിഭാഗം കഥകളും സ്‌ത്രീകളുടെ ബുദ്ധിസാമർത്ഥ്യത്തിലൂന്നിയതുമാണ്).

അക്കാലത്തുനിന്ന് നൂറ്റാണ്ടുകൾ കടന്ന്  ഇക്കാലത്തെത്തുമ്പോഴും ചില കാര്യങ്ങൾ വ്യത്യാസങ്ങളില്ലാതെ അതേപടി നിലനിൽക്കുന്നു. മതഘടനകളുടെ പുരുഷാധിപത്യ സ്വഭാവം കൂടുതൽ തീവ്രമാവുകയും ചെയ്‌തിരിക്കുന്നു. സ്‌ത്രീകളെ അവിശ്വസിക്കുന്നതിൽ എല്ലാ മതങ്ങളും എക്കാലത്തും ഒറ്റക്കെട്ടായിരുന്നു, അവൾക്കുമേൽ കഠിനനിയന്ത്രണങ്ങളടിച്ചേൽപ്പിക്കുന്നതിലും. കാശീസ്‌തോമാർ എന്നു വിളിക്കപ്പെട്ടിരുന്ന സ്‌ത്രീ പുരോഹിതമാർ ഉണ്ടായിരുന്ന സുറിയാനി സഭയിലോ മറ്റേതെങ്കിലും ക്രൈസ്‌തവ സഭകളിലോ ഇക്കാലത്ത് പൗരോഹിത്യം സ്‌ത്രീകൾക്കു നൽകുകയെന്നത് അചിന്ത്യമാണ്. ദൈവത്തിന്റെ പ്രതിപുരുഷനാവാൻ, ദൈവം തന്നെയാവാൻ പുരുഷനേ അർഹതയും അധികാരവുമുളളു. സ്‌ത്രീ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടേണ്ടവളും അവളുടെ ലൈംഗികശുദ്ധി പുരുഷനാൽ കർക്കശമായി നിരീക്ഷിക്കപ്പെടേണ്ടതുമാണ്.

ബ്രഹ്മചര്യം, കന്യകാത്വം തുടങ്ങിയവ വ്രതങ്ങളായി സ്വീകരിച്ച് പ്രേക്ഷിത വേല ചെയ്യുന്ന പുരോഹിതന്മാർ, കന്യാസ്‌ത്രീകൾ എന്നിവരുൾപ്പെടുന്ന സമൂഹത്തിൽ നിന്ന് അപ്രിയകരമായ വാർത്തകൾ തുടർച്ചയായി പുറത്തുവരാൻ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ വർഷങ്ങളിൽ പതിനഞ്ചോളം കന്യാസ്‌ത്രീകളുടെ ദുരൂഹമരണം, ഒരു പക്ഷേ മരിക്കും മുമ്പേ തന്നെ അത് ആത്‌മഹത്യയെന്നു സ്ഥാപിക്കപ്പെടുന്നതിലെ വ്യഗ്രത, ലൈംഗികാരോപണങ്ങൾ, മഠമുപേക്ഷിച്ചു വരുന്ന കന്യാസ്‌ത്രീകൾ,  അവരെഴുതുന്ന പുസ്‌തകങ്ങൾ തുറന്നിടുന്ന പീഡനത്തിന്റെ, ചൂഷണത്തിന്റെ, സഹനത്തിന്റെ ഇരുണ്ട നിലങ്ങൾ (സി. ജെസ്‌മി, സി.ആഗ്നസ്, മേരി ചാണ്ടി, … പട്ടിക നീളും, എഴുതാത്തവർ തുറന്നു പറയുന്ന അനുഭവങ്ങൾക്കും ഇതേ ചൂടുണ്ട്). ഇതൊക്കെ ക്രൈസ്‌തവ സഭയ്ക്കുള്ളിലെ ലിംഗവിവേചനത്തിന്റെ, നിന്ദ്യമായ പുരുഷാധിപത്യത്തിന്റെ അടയാളങ്ങളാണ്. അച്ചന്മാരിൽ നിന്നു വ്യത്യസ്‌തമായി കന്യാസ്‌ത്രീകൾ ദാരിദ്ര്യമെന്ന വ്രതം കൂടി സ്വീകരിക്കുന്നതു കൊണ്ട് ചെയ്യുന്ന വേലക്ക് കൂലിയില്ലാതെ, പരിമിതമായ അലവൻസുകൊണ്ട് അവർക്ക് നിത്യദരിദ്രരായി ജീവിക്കേണ്ടി വരുന്നു. രാജ്യത്തു നിലവിലുള്ള  തൊഴിൽനിയമങ്ങളോ സേവനവേതന വ്യവസ്ഥകളോ ബാധകമല്ലാത്ത അസംഘടിതരായ ഏക തൊഴിൽവിഭാഗമായിരിക്കണം കന്യാസ്‌ത്രീകൾ. (മറുഭാഗത്ത് ഭൂരിഭാഗം അച്ചന്മാരാകട്ടെ ബൊക്കാച്ചിയോ പറയുന്നതുപോലെ വേഷവിധാനത്തിൽ ശ്രദ്ധ ചെലുത്തി വില പിടിച്ച കുപ്പായങ്ങളും നല്ല ഭക്ഷണവുമായി സുഗന്ധദ്രവ്യങ്ങൾ പൂശി സുന്ദരക്കുട്ടപ്പന്മാരായി നടക്കുന്നു).

ലൈംഗികതയെ നിഷേധിക്കുകയെന്നത് പ്രകൃതി വിരുദ്ധമാണ്. നിർബന്ധിതമായി ശരീരകാമനകളെ അടിച്ചമർത്തുമ്പോൾ ശരീരവും മനസും അനുഭവിക്കുന്ന സമ്മർദ്ദങ്ങളും സംഘർഷങ്ങളും ഭീകരമായിരിക്കുമെന്ന് ഊഹിക്കാൻ ലൈംഗികശാസ്‌ത്രവും മനശ്ശാസ്‌ത്രവുമൊന്നും പഠിക്കേണ്ട ആവശ്യമില്ല. പ്രാർത്ഥനകൾ കൊണ്ടും സാത്വികമായ ജീവിത ചര്യകൾ (?) കൊണ്ടും എത്രത്തോളം ശരീരത്തെ, അതിന്റെ സ്വാഭാവിക പ്രക്രിയയായ ലൈംഗികചോദനയെ നിയന്ത്രിതമാക്കാൻ കഴിയുമെന്നതും സംശയാസ്‌പദമാണ്. വിവാഹ ജീവിതവും ലൈംഗികതയും നിഷിദ്ധമായ കന്യാസ്‌ത്രീ, പുരോഹിത വിഭാഗത്തിൽ നിന്ന് ലൈംഗിക പീഡനാരോപണങ്ങൾ ഇപ്പോൾ കൂടുതലായി പുറത്തു വരുന്നെങ്കിൽ അതിനർത്ഥം മുൻപത് ആരും പുറത്തു പറഞ്ഞിരുന്നില്ലെന്നു മാത്രമാണ്, പണ്ടുള്ളവരെല്ലാം പരിശുദ്ധരായിരുന്നുവെന്നല്ല. (ഒരു ഫസ്റ്റ് റെഫറൻസായി പതിനാലാം  നൂറ്റാണ്ടിലെ ആ പുസ്‌തകം തന്നെ വായിക്കാം). ആവി പുറത്തുപോവാത്ത ഒരു പ്രഷർകുക്കർ പോലെ വിങ്ങുന്ന മഠങ്ങളിലെ സമ്മർദ്ദങ്ങളെക്കുറിച്ചു തുറന്നു പറയാൻ കൂടുതൽ സ്‌ത്രീകൾ തയ്യാറാവുന്നു, അവർക്കതിന് മുൻ മാതൃകകളുമുണ്ട്, വീട്ടുകാർ അവർക്ക് പിന്തുണ നൽകുന്നു. പൊതു സമൂഹം അവരുടെ ഒപ്പം നിൽക്കുന്നു, ഭരണകൂടം കൂടെ നിൽക്കുന്നുവെന്നു ഭാവിക്കുകയെങ്കിലും ചെയ്യുന്നു. ഉറപ്പായും ക്രൈസ്‌തവസഭകൾ അവരുടെ കൂടെയുണ്ടാവില്ല, ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും മുന്നിൽ നിൽക്കും, പ്രതിസ്ഥാനത്ത് അച്ചനോ വികാരിയോ ബിഷപ്പോ ആണെങ്കിൽ പ്രതിരോധം ശക്‌തമാവും. എല്ലാ സഭകളും ആണിന്റെ അഹന്തയിലും ധാർഷ്‌ട്യത്തിലുമാണ് അതിന്റെ മൂലക്കല്ല് ഉറപ്പിച്ചിട്ടുള്ളത്. സ്‌ത്രീയുടെ ശുദ്ധി പരീക്ഷിക്കാനും തെളിയിക്കാനുമുള്ള എത്രയോ മാർഗ്ഗങ്ങൾ പഴയനിയമത്തിലുണ്ട്. അതിന്റെ കാർമ്മികത്വം വഹിക്കുന്നത് പുരുഷന്മാരും. അതിൽ പുരോഹിതൻ നിശ്ചയമായുമുണ്ട്. പുതിയ നിയമത്തിൽ നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു പറഞ്ഞ യേശുക്രിസ്‌തുവിനെ  ഏറെക്കുറെ എല്ലാ പള്ളികളിലും കുരിശിൽ നിന്നിറങ്ങി വരാത്ത വിധം തറച്ചിട്ടിരിക്കുകയാണ് താനും.

ഒരു ബിഷപ്പ് ഇത്രയും ഗുരുതരമായ ലൈംഗികാരോപണം നേരിടുന്നതും, ഇത്രയും സങ്കീർണമായ അന്വേഷണങ്ങളിലൂടെ കടന്നുപോവുന്നതും ആദ്യമായാണ്. കന്യാസ്‌ത്രീയുടെ പരാതിക്കുശേഷം 85 ദിവസങ്ങൾ കഴിഞ്ഞിട്ടും അവർക്ക് നീതി തേടിയുള്ള സമരം തെരുവിലെത്തിയിട്ടും ബിഷപ്പ് അറസ്റ്റു ചെയ്യപ്പെടുന്നില്ല. കൂടുതൽ തെളിവുകൾക്കായുള്ള  കാത്തിരിപ്പിലാണ് കേരളത്തിലെ നീതിന്യായ വ്യവസ്ഥ. ഇരയുടെ വാക്ക് അന്തിമമായെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന 2012 ലെ ക്രിമിനൽ നിയമ ഭേദഗതി ഓർഡിനൻസൊക്കെ മതാധികാരത്തിന്റെ മുന്നിൽ നിഷ്‌പ്രഭമാവുന്നു. എല്ലാ തെളിവുകളും ശേഖരിച്ചതിനു ശേഷം മാത്രം ബിഷപ്പ് അറസ്റ്റ് ചെയ്യപ്പെട്ടെന്നു വരാം. അത് എത്രത്തോളം വൈകുന്നുവോ അത്രയും നേരം ഒരു സ്‌ത്രീ തെരുവിൽ ഒറ്റയ്ക്ക് നിൽക്കുകയാണ്. പക്ഷേ അവൾ ഒറ്റയ്ക്കാവാതെ നോക്കാനുള്ള ജാഗ്രത കേരളീയപൊതുസമൂഹത്തിനുണ്ടായേ മതിയാവൂ. ഇനിയും മഠങ്ങളിൽ നിന്ന് ഇതുപോലെ ധാരാളം പേർ ഇറങ്ങി വരാനുണ്ട്, ഒരു പക്ഷേ ഒരു പ്രവാഹം തന്നെ. ജൻഡർ ജിഹാദു പോലെ ക്രൈസ്‌തവസഭകളിൽ ഒരു ജൻഡർ കുരിശുയുദ്ധത്തിനുള്ള സമയമാണിത്. അല്ലെങ്കിൽ അതിന് ഇതുപോലെ വേറൊരു സമയമില്ല.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2019. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account