ജന്മിമാരുടെ കൃഷിയിടങ്ങൾക്ക് കാവൽനിന്ന സമുദായക്കാരുടെ കലയാണ് ‘ഒടി’.  വലുതും ചെറുതുമായ മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നും കൃഷി സംരക്ഷിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല.  കലാകാരന്മാരും അഭ്യാസികളുമായ  കൃഷിപ്പണിക്കാർ ജീവിത പരിചയം കൊണ്ട് രൂപപ്പെടുത്തിയെടുത്ത കലാരൂപമാണ് ഒടിവിദ്യ. മാനായും പുലിയായും കാളയായും കാട്ടുപോത്തായും രൂപം മാറി, മൃഗങ്ങൾക്കു പോലും തിരിച്ചറിയാൻ പറ്റാത്ത വിധം അവയുടെ ശബ്‌ദം അനുകരിച്ച്, നാലു കാലിലും പൊയ്ക്കാലിലും കുതിച്ചു പാഞ്ഞും മരങ്ങളിൽ ഓടിക്കയറി രക്ഷപ്പെട്ടും കൊമ്പുകളിൽ നിന്ന്  പറന്നു ചാടി പേടിപ്പിച്ചും അവർ കാട്ടു മൃഗങ്ങളെ ഓടിച്ചു. ഒരു ജീവജാലവും ശത്രുവല്ലെന്നും അവയെ കൊന്നൊടുക്കേണ്ടതല്ലെന്നും ശല്യമാകുന്ന സാഹചര്യങ്ങളിൽ പേടിപ്പിച്ച്  അകറ്റി നിർത്തിയാൽ മതിയെന്നും തിരിച്ചറിവുളള, അഭ്യാസങ്ങളും കലയും അതിനു വേണ്ടി ഉപയോഗിക്കാമെന്ന് കണ്ടെത്തിയ മഹാമനുഷ്യരായിരുന്നു അവർ.

വ്യഭിചാരത്തിനും സംബന്ധത്തിനും വേണ്ടി പാതിരാത്രി  ഇറങ്ങി നടക്കുന്ന  സവർണ്ണ/ജന്മി തമ്പ്രാക്കൾ വേഷം കെട്ടി നിൽക്കുന്ന അടിയാൻ്റെ  മുന്നിൽ ചെന്ന് ചാടി പേടിച്ചു ബോധം കെട്ടാൽ പിറ്റേന്ന് വീട്ടിലും നാട്ടിലും പുതിയ ‘ഒടിയൻ കഥ’യിറക്കി മാനം രക്ഷിക്കും.  തമ്പ്രാനെ കാണുമ്പോൾ കെട്ടിയ വേഷം മറന്ന്  വെറും അടിയാനായി തൊഴുതു നിൽക്കുന്നയാളെ  കണ്ടിട്ടാണ് പേടിച്ചതെങ്കിലും തമ്പ്രാക്കൾ  പറഞ്ഞു പ്രചരിപ്പിക്കുന്ന കഥകളിൽ ഒടിയൻ  മറ്റു പലതുമാകും.

കാലം പോകെ ഒടിവേഷക്കാരന്റെ ദാരിദ്ര്യത്തെ മുതലെടുത്ത് സ്വന്തം ശത്രുക്കളെ പേടിപ്പിക്കാനുള്ള കൊട്ടേഷനുകൾ അയാൾക്ക്‌ കൊടുത്തു തുടങ്ങി ജന്മിമാരും അയൽനാടുകളിലെ പ്രമാണിമാരും. അങ്ങനെ ഒടിവിദ്യ ഒരു ജീവിതമാർഗ്ഗം കൂടിയായതോടെ ആളുകളുടെ ഒടിയൻ കഥകൾ  അക്കാലത്തെ മാർക്കറ്റിങ് എന്ന നിലയിൽ ‘ഒടിയന്മാരും’ ഏറ്റെടുത്തു തുടങ്ങി. മൃഗങ്ങൾക്ക് ‘ഒടി’ വെച്ചവരുടെ പിന്മുറക്കാർ മനുഷ്യരെ ‘ഒടി’ വെക്കുന്നവരായി മാറി. നീതിയും നിയമവുക്കെ നാട്ടിൽ നടപ്പിലായിത്തുടങ്ങിയതോടുകൂടി സ്ഥിതിഗതികൾ മാറി. നാട്ടിൽ തങ്ങൾ ചെയ്യുന്ന കൊലകളും ക്രൂരകൃത്യങ്ങളുമൊക്കെ ഒടിയന്റെ തലയിൽ  വെച്ചു കൊടുത്തു തമ്പ്രാക്കൾ. തങ്ങളുണ്ടാക്കുന്ന അവിഹിത ഗർഭങ്ങൾ കലക്കാൻ ഗർഭിണികളെ ചവിട്ടിക്കൊല്ലുന്ന  കൊടും ക്രൂരതകളൊക്കെ ചാപിള്ളയും മറുപിള്ളയും കൊണ്ടാണ് തൈലമുണ്ടാക്കുന്നതെന്ന കള്ളക്കഥമെനഞ്ഞ് ഒടിയൻ്റെ  അക്കൗണ്ടിൽ ചേർത്ത് ഒടിയനെ ഒരു പേടി സ്വപ്‌നമാക്കി സവർണരും  പൊതു സമൂഹവും.  ഹീറോ പരിവേഷം മാറി, ക്രൂരതയുടെപര്യായമായി ജനതയുടെ കഥകളിലും  ദുസ്വപ്‌നങ്ങളിലും  ഒടിയൻ നിറഞ്ഞു.  ഒടിവിദ്യ പഠിച്ചവരൊക്കെ കേസുകളിൽ പെട്ട്  ജയിലിലാകുകയോ നാട് വിടുകയോ ചെയ്‌തു. എല്ലാവരാലും വെറുക്കപ്പെട്ട്  ഒടിയന്മാരുടെ കുലം ഒടുങ്ങിപ്പോയി. ‘ഒടിയൻ’  കേട്ടുകേൾവി മാത്രമായി.

പത്തു പതിനഞ്ച് വർഷം മുൻപേ ഒടിയൻ കഥകളിൽ പഠനം  നടത്തിയ അനിൽ മങ്കടയോട് മുൻപൊരിക്കൽ സംസാരിച്ചപ്പോഴാണ്  ഇക്കഥകളൊക്കെ വിശദമായറിയുന്നത്. (കുട്ടിക്കാലത്ത്  കേട്ട അമാനുഷിക ഒടിയൻ കഥകളായിരുന്നു അതുവരെയുള്ള അറിവ്). ജീവജാലങ്ങളുടെ ശബ്‌ദം, രൂപം, ചലനം, മാനറിസങ്ങൾ തുടങ്ങിയവ ഗംഭീരമായി പുനരാവിഷ്ക്കരിച്ച ഏറ്റവും പുരാതനരായ അതുല്യകലാകാരന്മാരായിരുന്നു  ഒടിയന്മാർ എന്ന അദ്ദേഹത്തിന്റെ അഭിപ്രായം അംഗീകരിച്ചു കൊടുക്കാതെ നിവൃത്തിയില്ല. ഒടിയന്മാരുടെ ചരിത്രമെന്നത്  അവർണ്ണരുടെ ഉജ്വലമായ   കലാവിഷ്‌കാരത്തെ സവർണ മേധാവിത്തം ചതിച്ചു തോൽപ്പിച്ചതിൻ്റെ ചരിത്രം കൂടിയാണ്.

ഇക്കഥകളൊക്കെ നേരിട്ടറിയാവുന്ന പാലക്കാട്ടുകാരനായ ഹരികൃഷ്‌ണൻ എന്ന നല്ല എഴുത്തുകാരൻ  തിരക്കഥയെഴുതുമ്പോൾ “ഒടിയൻ” വെറുമൊരു  ഫാൻസ്‌ തള്ളുപടം മാത്രമായിരിക്കില്ല എന്നതായിരുന്നു ഈ സിനിമയിലേക്കുള്ള പ്രധാന ആകർഷണം. സിനിമയെക്കുറിച്ചു പറയുന്നതിന് പകരം അതിനു ചിലവായതും കിട്ടിയതും കിട്ടാനിരിക്കുന്നതുമായ പണത്തെക്കുറിച്ചും, സിനിമയുടെ ആത്‌മാവിനെക്കുറിച്ചു പറയുന്നതിന് പകരം പീറ്റർ ഹെയ്‌നിന്റെ സ്റ്റണ്ട് ഇത്ര മിനുട്ടുണ്ട്, മോഹൻലാൽ സംഭവമാണ്, ആൻ്റണി പെരുമ്പാവൂർ പുലിയാണ് എന്നൊക്കെയും പറയുന്ന ഒരു സംവിധായകനിൽ പ്രതീക്ഷ തോന്നിയിരുന്നില്ല. കഥാപാത്രത്തിന് വേണ്ടി ഈ പ്രായത്തിൽ സ്വന്തം ശരീരത്തെ ഉടച്ചുവാർത്ത  മോഹൻലാലിന്റെ സമർപ്പണത്തിൽ  ബഹുമാനമുണ്ടായിരുന്നു. അങ്ങനെയൊക്കെയാണ് ഹർത്താൽ ദിവസം ബുക്ക് ചെയ്‌ത ഷോ ക്യാൻസൽ ആയിപ്പോയതിനാൽ പിന്നീടുള്ള ആദ്യ ഷോ  കാണാൻ കയറുന്നത്.

ഒരു മണിക്കൂർ മുൻപേ തിയേറ്ററിൽ കയറിയിരുന്നു. കൂട്ടം കൂട്ടമായി ആവേശത്തോടെ ഇരമ്പിയാർത്തു വരുന്ന ഫാൻസുകളെ കണ്ടിരുന്ന് രസകരമായി ഒരു മണിക്കൂർ തീർന്നു കിട്ടി. ബാൽക്കണിയിൽ ടിക്കറ്റ് കിട്ടാത്തത് നന്നായെന്ന് തോന്നി. എന്തൊരുത്‌സവമാണ് തിയേറ്ററിനുള്ളിൽ! സിനിമ തുടങ്ങുന്നതിനു മുൻപേ ലൂസിഫറിന്റെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെയും ടീസറുകൾ വന്നു. ജനം ആർത്തു വിളിച്ചു സ്വീകരിച്ചു. “ഒടിയൻ” തുടങ്ങുമ്പോൾ ടൈറ്റിൽ കാർഡിൽ ആൻ്റണി പെരുമ്പാവൂരിനു കിട്ടിയ കയ്യടി ലോകത്തൊരു നിർമ്മാതാവിനും കിട്ടിക്കാണില്ല. എക്‌സ്‌ട്രീം ക്ലോസ്  ഷോട്ടുകളിലൂടെയുള്ള  മോഹൻലാലിൻറെ എൻട്രിയിൽ സ്‌ക്രീനിനു മുൻപിൽ നിറഞ്ഞാടി ഫാൻസ്‌. സിനിമ കാണാൻ ഇവര് സമ്മതിക്കൂലെന്ന് ഉത്തരയും ബിജുവും ഇടവും വലവുമിരുന്ന് പറഞ്ഞു.

പക്ഷേ, എൻട്രി സീൻ കഴിഞ്ഞ് സീറ്റുകളിരുന്ന ഫാൻസ്‌ പിന്നീടൊരിക്കലും ആവേശം കൊണ്ടതേയില്ല. ഇടയിലെപ്പോഴോ ആൻ്റണി പെരുമ്പാവൂർ വന്ന് ഒടിയനെ ഒന്ന് തള്ളിക്കൊടുത്തപ്പോഴും വിരലിലെണ്ണാവുന്ന മറ്റു ചില സീക്വൻസുകളിലും കുറെപ്പേരൊക്കെ കയ്യടിച്ചതും മഞ്ജു വാര്യരും മോഹൻലാലും തമ്മിലുള്ള റൊമാന്റിക് സീനുകളിൽ മയത്തിൽ കൂവിയതുമൊഴിച്ചാൽ നിശ്ശബ്‌ദരായിരുന്നു എല്ലാവരും. അതുകൊണ്ട് സിനിമ തടസ്സങ്ങളില്ലാതെ ആസ്വദിക്കാൻ പറ്റി. സാം സി.എസിന്റെ സ്‌കോർ ഏറ്റക്കുറച്ചിലില്ലാതെ സിനിമക്കൊപ്പം നിന്നത് തിരിച്ചറിയാൻ അതുകൊണ്ട് സാധിച്ചു.

പതിനഞ്ചു വർഷം  മുൻപ് നാടുവിട്ടു പോയി വാരണാസിയിൽ അവധൂതനായി അലയുന്ന ഒടിയൻ മാണിക്യൻ നാട്ടിൽ തിരിച്ചെത്തുന്നതും മമ്മൂട്ടിയുടെ നരേഷനിലൂടെയും ചില കഥാപാത്രങ്ങൾ പറയുന്ന കഥകളിലൂടെയും അയാളുടെ പൂർവകാലം പ്രേക്ഷകർക്കും മുൻപിൽ തുറന്നുവെക്കുന്നതുമാണ് സിനിമ.  അവസാനത്തെ ഒടിയൻ എന്ന നിലക്ക് മാണിക്യനെ  അവതരിപ്പിക്കുകയും ഒടിയന്മാർ നേരിടേണ്ടി വന്ന ദുരന്തത്തെ ആ കഥാപാത്രത്തിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്യുന്ന രീതിയിലാണ് തിരക്കഥ. അത്തരത്തിൽ പ്രണയവും ജീവിതവും വിവിധ കഥാപാത്രങ്ങളുടെ പ്രണയനഷ്‌ടവുമൊക്കെ ചേർന്നതാണ് ഒടിയൻ.  ഒടി വേഷം കെട്ടുന്ന മാണിക്യനെ അമാനുഷികനാക്കാതെ (സ്റ്റണ്ട് സീനുകളിലൊഴികെ) മനുഷ്യൻ എന്ന നിലയിൽ സമീപിക്കുന്നു. ഇങ്ങനെയൊക്കെ പതിഞ്ഞ താളത്തിൽ ലളിതമായി കഥപറയുന്ന ഒരു സാധാരണ സിനിമയാണ് ഇടവേള വരെ ഒടിയൻ. സീനുകളിലോ ക്രാഫ്റ്റിലോ ഒരു പുതുമയില്ലെന്നത് വേറെ കാര്യം. ഷാജൂൺ കാര്യാലിന്റെ വടക്കുംനാഥനും രൺജിത്തിന്റെ പല സിനിമകളും പ്രയദർശന്റെ പാട്ടു സീനുകളുമൊക്കെ ഒരൊറ്റ സിനിമയിൽ കാണാൻ അവസരമുണ്ട്. സംവിധായകന്റെ വാചകമടിയും സിനിമയുടെ വമ്പൻ കച്ചവടം മാത്രം ലക്ഷ്യമാക്കിയുള്ള വ്യാജ പ്രചാരണങ്ങളും അവഗണിച്ച് സിനിമ കണ്ടപ്പോഴുള്ള അനുഭവമാണിത്. (കൂടുതൽ പ്രതീക്ഷിച്ചവർ സിനിമ കണ്ടിറങ്ങുമ്പോഴേക്കും തകർന്നു തരിപ്പണമായിരുന്നു!)

ഇടവേളയ്ക്കു ശേഷം സംഗതി അൽപ്പം അസഹനീയമാം വിധം നീണ്ടു പോകുന്നുണ്ട്. ചെറിയ ബഡ്‌ജറ്റിൽ എടുക്കുന്ന ചില സിനിമകൾ കണ്ടാലുടനെ കച്ചവട സിനിമാക്കാർ പറയാറുണ്ട്, ഇതൊരു ഷോർട് ഫിലിമിനുള്ളതല്ലേ  ഉള്ളൂ എന്ന്. എന്നാൽ ഈ സിനിമ കണ്ടപ്പോൾ  ഇതൊരു ഒന്നര മണിക്കൂറോ കൂടിയാൽ രണ്ടു മണിക്കൂറോ ആക്കി എഡിറ്റ് ചെയ്‌താൽ കുറേക്കൂടി ആസ്വാദ്യമാകും എന്നാണ് തോന്നിയത്.  കഥയുടെ തൊങ്ങലുകളും ഏച്ചു കെട്ടുകളും അസ്ഥാനത്തുള്ള ഗാനരംഗങ്ങളുമൊക്കെ സാമാന്യം ബോറടിപ്പിക്കുന്നുണ്ട്. മനോഹരമായ പാട്ടുകളാണ് സിനിമയിലുള്ളത്. റഫീഖ് അഹമ്മദിന്റെയും സംവിധായകന്റെ മകൾ ലക്ഷ്‌മിയുടെയും വരികൾ. എം. ജയചന്ദ്രന്റെ ഒന്നാം തരം  ഈണങ്ങൾ! “കൊണ്ടാരാം” എന്ന റഫീഖ് അഹമ്മദിന്റെ പാട്ട് അതിഗംഭീരമായി ആലപിച്ചിരിക്കുന്നു സുദീപ് കുമാറും ശ്രേയാഘോഷാലും! അതിൻ്റെ ചിത്രീകരണമാകട്ടെ കണ്ണെടുക്കാതെ നോക്കിയിരിക്കാവുന്ന തരത്തിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു സംവിധായകൻ. (സൺ മ്യൂസിക് കാണുന്നവർക്ക് പുതുമയൊന്നും തോന്നാനിടയില്ലെന്നത് വേറെ കാര്യം). ആ ഗാനരംഗം ആദ്യ പകുതിയിലായിരുന്നെങ്കിൽ പ്രേക്ഷകർക്ക് ഇതിലുമേറെ ആസ്വദിക്കാൻ കഴിയുമായിരുന്നു.

തടിച്ച് അപാര വലിപ്പമുള്ള  ശരീരത്തോടെ, നരച്ച താടിയും മുടിയും നീട്ടി കാഷായ വേഷത്തിലും തടി കുറച്ച് കണ്ണെഴുതി മീശവടിച്ച്  ചെറുപ്പക്കാരൻ മാണിക്യനായും മോഹൻലാൽ  നല്ല പ്രകടനമായിരുന്നു. (മുത്തപ്പനുമായുള്ള കള്ളുകുടി സീൻ  അസഹനീയമാണെന്ന് പ്രത്യേകം പറയാതെ വയ്യ). ചെറുപ്പക്കാരി പ്രഭയായി മഞ്ജുവാരിയർ അനിയത്തി വേഷം ചെയ്‌ത സനയോടൊപ്പം തിളങ്ങി. പ്രകാശ് രാജിന്റെ സൗത്ത് ഇന്ത്യൻ മാർക്കറ്റ് വാല്യൂ ആ നടന് വലിയൊരു ശാപമാണെന്ന് ഈ സിനിമ കാണുമ്പോൾ തോന്നും. ഇല്ലെങ്കിൽ  പുതുതായൊന്നും ചെയ്യാനില്ലാത്ത വെറുമൊരു വില്ലനായി ഈ സിനിമയിൽ അഭിനയിക്കേണ്ടി വരില്ലായിരുന്നു.  (പ്രഭയോടുള്ള അവസാനിക്കാത്ത പ്രണയവും തിരസ്‌കാരവുമൊക്കെയാണ് അയാളെ അങ്ങനെയാക്കിയതെന്ന് തിരക്കഥാകൃത്ത് എഴുതി വച്ചിട്ടുണ്ടെങ്കിലും ആവിഷ്ക്കരിച്ചപ്പോൾ വെറും ഓർഡിനറി വില്ലൻ ആയിപ്പോയി).  ഇന്നസെന്റും സിദ്ദിക്കും ‘മൂപ്പൻ കടുത്ത’യ്ക്ക് പകരം തള്ളുകാരായി സ്വാഭാവിക പ്രകടനം കാഴ്‌ചവെച്ചു. നരേൻ തരക്കേടില്ലാതെ ബോറാക്കിയപ്പോൾ കൈലാഷ് ചെറിയ റോൾ മോശമാക്കിയില്ല. നന്ദുവിന് സാമാന്യം ഭേദപ്പെട്ട പ്രകടനത്തിന് അവസരമുണ്ട്. കുറെ കാലത്തിനു ശേഷം ശ്രീജയ എന്ന നടിയെ കണ്ടു. വൃദ്ധയായുള്ള അവരുടെ വേഷം മോശം മേക്കപ്പും സംഭാഷണവും കൊണ്ട് ബോറായെങ്കിലും ആദ്യപകുതിയിൽ ഒരൊറ്റ ഷോട്ടിൽ വാതിൽ പാളികൾക്കിടയിലായി വന്ന ആ മുഖത്തെ പുഞ്ചിരിയും സംതൃപ്‌തിയും ആത്‌മവിശ്വാസവും മനോഹരമാണ്.

അഭിനേതാക്കളുടെ പ്രകടനം മോശമായതൊന്നും അവരുടെ കുഴപ്പമാണെന്നു പറയാൻ പറ്റില്ല ഈ സിനിമയിൽ. അത്ര ക്ളീഷേയാണ് പല രംഗങ്ങളും. സാധാരണ ബജറ്റിൽ തീരേണ്ട പടം ഗ്രാഫിക്‌സിനാണ് കൂടുതൽ കാശു കളഞ്ഞതെന്നു തോന്നുന്നു. വമ്പന്മാരുടെ പ്രതിഫലത്തിനും പരസ്യത്തിനും കൂടി സിനിമക്ക് വേണ്ടി മുടക്കിയതിനേക്കാൾ പണം ചെലവാക്കിയിട്ടുണ്ടാകും. ഗ്രാഫിക്‌സ്  മിക്‌സ് ചെയ്‌ത സ്റ്റണ്ട് സീനുകൾ ഫാൻസിനിടയിൽ പോലും കാര്യമായ ചലനങ്ങളുണ്ടാക്കിയില്ല. ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചതിൽ പീറ്റർ ഹെയ്‌നും ഷാജികുമാറും ഗംഭീര പരാജയമായിരുന്നു. ക്ലൈമാക്‌സ് സംഘട്ടനം ഫാൻസിന്റെ കണ്ണിൽ പൊടിയിടുന്ന ഉഡായിപ്പു മാത്രമായി മാറി. നായിക സന്ധ്യക്ക്‌ വീട്ടിൽ നിലവിളക്കു കൊളുത്തുന്ന രംഗം ഷൂട്ട് ചെയ്യേണ്ടപ്പോൾ ‘ബഡ്‌ജറ്റ് കൂടുതലുണ്ട് പത്തിരുപത് നിലവിളക്കു കൊളുത്തിക്കോട്ടെ’ എന്ന് പറയുന്നതു പോലെയാണ് സ്റ്റണ്ട് സീനുകളിലെ സംവിധായകന്റെ നിലപാട്!

വലിയ ബഡ്‌ജറ്റ് ഒരു സിനിമയെ എങ്ങനെ നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഒടിയൻ. ഹരികൃഷ്‌ണൻ എഴുതി മോഹൻലാലിനെ നായകനാക്കി പത്‌മകുമാറിനെ പോലെ ആരെങ്കിലും സംവിധാനം ചെയ്‌ത്‌ ഒരു സാധാരണ നിർമ്മാണക്കമ്പനി പുറത്തിറിക്കിയാൽ ഒരു മികച്ച പടമാകുമായിരുന്നു “ഒടിയൻ”. അതിനപ്പുറമുള്ള വമ്പൻ മുതൽ മുടക്ക്,  തിരക്കഥയിലെ വലിച്ചു നീട്ടലുകൾ, ഫാൻസിനെ പറ്റിക്കാനുള്ള തരികിട ഐറ്റംസ്, വ്യാജ പ്രചാരണങ്ങളിലൂടെ കോടികൾ തട്ടിയെടുക്കാനുള്ള കുതന്ത്രങ്ങൾ, മലയാളികളെ മണ്ടന്മാരായും മാനസിക പ്രശ്‌നമുള്ളവരായും കാണുന്ന ഒരു സംവിധായകൻ – എല്ലാം ഈ സിനിമയിലെ അധികപ്പറ്റാണ്. (ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖത്തിൽ ‘റിലീസിന് മുൻപേ എങ്ങനെ നൂറു കോടി കലക്‌ട് ചെയ്‌തു?’ എന്ന ചോദ്യത്തിന് വസ്‌തുതകളിലൂന്നി മറുപടി നൽകാതെ ‘ഇങ്ങനെ ചോദിക്കുന്നത് മലയാളികളുടെ മാനസിക പ്രശ്‌നമാണ്’ എന്ന  മട്ടിലാണ് അയാൾ പറഞ്ഞത്). പ്രേക്ഷകർ മണ്ടന്മാരാണെന്നും പാട്ടും സ്റ്റണ്ടും കൊണ്ട് അവരെ പറ്റിക്കാമെന്നും കരുതി തിരക്കഥയിൽ അടിച്ചു കേറ്റിയതൊക്കെ പാഴായി പോയി. അതാവട്ടെ  “ഒടിയൻ” എന്ന സബ്‌ജക്റ്റിലേക്ക് ആഴത്തിൽ സഞ്ചരിക്കാനുള്ള സാദ്ധ്യതയും സമയവും നഷ്‌ടപ്പെടുകയും ചെയ്‌തു. ഇങ്ങനെയൊരു സിനിമയെടുക്കുമ്പോൾ  ആ സുന്ദരമായ പാലക്കാടൻ ഭാഷയെ കയ്യൊഴിഞ്ഞത് രാവുണ്ണി നായർ വാരസ്യാരോട് ചെയ്‌തതിനേക്കാൾ ക്രൂരമാണെന്ന്   സംവിധായകനോടും തിരക്കഥാകൃത്തിനോടും പറയാതെ വയ്യ. അതിനേക്കാൾ  ക്രൂരമാണ് സിനിമയിൽ കറുത്ത നിറമുള്ള ഒരേയൊരാൾ വില്ലനാകുന്നതും അയാളും അയാളുടെ മനസ്സും “കറുപ്പ്” എന്ന് അവർത്തിച്ച് ആക്ഷേപിക്കപ്പെടുന്നതും. ഈ പടം കാണുന്ന കുട്ടികളുടെ ഉള്ളിൽ വിഷം കലക്കാൻ  കെൽപ്പുള്ള നാലാംകിട  സവർണ്ണ പ്രയോഗമാണത്.  കറുത്തവരെ ചുട്ടുകൊല്ലുന്ന ആ പഴയ കാലമല്ല തമ്പ്രാക്കളേ,  തിരിച്ചറിയണം – കറുപ്പ് ഒരപരാധമല്ല. അതൊരു മോശം നിറവുമല്ല.

പിൻകുറിപ്പ്: ആളെ പറ്റിക്കാതെ ചെമ്പ് ചെമ്പാണെന്നും ചേമ്പ് ചേമ്പാണെന്നും പറഞ്ഞു കച്ചവടം നടത്താനുള്ള മാന്യതയെങ്കിലും കാണിച്ചില്ലെങ്കിൽ ഓടാൻ കണ്ടം തികയാതെ വിലപിക്കേണ്ടി വരുമെന്ന് സിനിമക്ക് പുറത്തെ ഗുണപാഠം!

– ഉമേഷ് വള്ളിക്കുന്ന്

8 Comments
 1. Vishwanath 3 years ago

  Fantastic review… this is how movie reviews to be written. Still would like to watch the movie.

  • Author
   umesh vallikkunnu 3 years ago

   Thank you verymuch

 2. Haridasan 3 years ago

  ഒടിയനെ കുറിച്ചുള്ള വിവരണത്തിന് ആദ്യം നന്ദി. സിനിമ വിശകലനവും മനോഹരം.

  • Author
   umesh vallikkunnu 3 years ago

   thank you very much.

 3. Sunil 3 years ago

  നല്ല അവലോകനം. പിൻ കുറിപ്പിൽ എല്ലാം അടങ്ങിയിരിക്കുന്നു

  • Author
   umesh vallikkunnu 3 years ago

   thank you.

 4. Sreeraj 3 years ago

  നല്ല റിവ്യൂ.

 5. Author
  umesh vallikkunnu 3 years ago

  thank you

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account