യുവത്വം ചുറുചുറുക്കുള്ള ഒരു പ്രഭാത സവാരിയാണ്. ഏറെ ഉന്മേഷത്തോടെ മനസ് പ്രതിഫലിപ്പിക്കുന്ന ചടുല ബിംബങ്ങൾ നിറഞ്ഞ കാലം. അക്ഷീണതയുടെ യുവത്വം അവസാനിക്കുമ്പോൾ ശരീരം വിശ്രമഘട്ടത്തിലേക്കെത്തുന്നു. ജീവിത സായാഹ്‌നമെന്നു അതിനെ നിർവചിച്ചുകൊണ്ട് കാലം വാർധക്യത്തെ മുന്നിൽ നിർത്തുന്നു. സർവ്വ ചരാചരങ്ങൽക്കും വാർദ്ധക്യം അനിവാര്യമായ സത്യമാണ്. പലപ്പോഴും അത് തളർച്ചയുടെ കാലമാണ്. അല്ലെങ്കിൽ നെടുവീർപ്പിന്റെ, അതുമല്ലെങ്കിൽ ഒററപ്പെടലിന്റെ.

വയോധികർ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങൾ ഒട്ടനവധിയാണ്. പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തിൽ. അണുകുടുംബ വ്യവസ്ഥിതിയിൽ പലപ്പോഴും വയോധികർ കുടുംബ മാലിന്യമായി തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്. തിരക്കിട്ട ജീവിതത്തിൽ ചില നല്ല മൂല്യങ്ങൾ അലസമായി അങ്ങിങ്ങായി ഉപേക്ഷിക്കപെടുന്നതും സ്വാർത്ഥതയുടെ പാഠങ്ങൾ അഭ്യസിക്കുന്നതും പുതിയ തലമുറയുടെ മാറ്റങ്ങളാണ്. നിയമങ്ങളുടെ ചതുരവടിവുകൾ നോക്കാതെ ഈ വയോധികർ ഒരു കാലത്ത് തന്റെ മക്കളെ വളർത്തിവലുതാക്കി., എന്നാൽ അവരുടെ സംരക്ഷണത്തിന് നിയമങ്ങൾ സൃഷ്‌ടിക്കപ്പെടുന്ന അവസ്ഥ എന്തൊരു സങ്കടകരമാണ്?

വാർദ്ധക്യം നമ്മുടെ കോശങ്ങളുടെ പുനരുത്‌പാദന ശേഷി നഷ്‌ടപ്പെടുമ്പോൾ സംഭവിക്കുന്നതാണ്. തന്മൂലം തൊലി ചുക്കിച്ചുളിയുന്നു. ശരീരത്തിലെ പല അവയവങ്ങളുടേയും പ്രവർത്തനക്ഷമത കുറയുന്നു. വാർധക്യ സഹജമായ അസുഖങ്ങളും അവരെ പിന്തുടരുന്നു. ജീവിതശൈലീ രോഗങ്ങളും ഉറക്കം കെടുത്തുന്നു. പേശീസങ്കോചവും എല്ലുതേയ്‌മാനവും മൂലം ശരീരത്തിന്റെ ഉയരം കുറയുന്നു. മെലാനിൻ ഉത്‌പാദനം ജുറയുന്നത് മൂലം നടി നരയ്ക്കുന്നു. ഹൃദയ ഉദര സംബന്ധ രോഗങ്ങൾ ആരോഗ്യം വീണ്ടും ക്ഷയിപ്പിക്കുന്നു. ഇവയ്‌ക്കെല്ലാം അപ്പുറമാണ് അവർ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങൾ. ഇതാണ് പലപ്പോഴും അവഗണിക്കപ്പെടുന്നതും. അണുകുടുബത്തിലേക്ക് ചുരുങ്ങുന്ന സാമൂഹിക പരിണാമവും, ഭാര്യയുടേയോ ഭർത്താവിന്റേയോ മരണം ഉണ്ടാക്കുന്ന അഗാധമായ മുറിവും അതിഭീമമായ ഒററപ്പെടലാണ് ഉണ്ടാക്കുന്നത്. പൊട്ടിപ്പോയ ബന്ധങ്ങളും മുരുവരുന്ന ബന്ധനങ്ങളും അസ്വസ്ഥതകൾ മാത്രമാണ് ഇക്കൂട്ടർക്ക് പലപ്പോഴും നൽകുന്നത്. സ്വന്തം മക്കൾ പോലും അന്യമായി മാറുക കൂടി ചെയ്യുമ്പോൾ അവർ തീർത്തും അവശരാകുന്നു. അതുകൊണ്ടുതന്നെയാണ് പ്രായമായവർ പരുക്കന്മാരായി പലപ്പോഴും പെരുമാറുന്നത്. സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് കുറയുന്നതും (coping skill) അസന്തുലിതമാകുന്ന കുടുംബാന്തരീക്ഷവും വാർധക്യ മനോവൈകല്യം വർധിപ്പിക്കുകയും ചെയ്യുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം 12.6% ജനസംഖ്യ 60 വയസിനു മുകളിൽ പ്രായം ചെന്നവരാണ്. 2011 നു ശേഷം ഓരോ വർഷവും 0.2 മില്യൺ വയോധികരാണ് വർധിച്ചുവരുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ പുരോഗതിയും വിദ്യാഭ്യാസ മുന്നേറ്റവും ആയുർദൈഘ്യം വളരെയധികം ഉയർത്തിയിട്ടുണ്ട്. പക്ഷ ഇവരെ ഉൾക്കൊള്ളാനുള്ള സമൂഹത്തിന്റെ നിലപാട് താഴേക്ക് കൂപ്പുകുത്തുകയാണ് ചെയ്‌തത്‌. വർധിച്ചു വരുന്ന വൃദ്ധസദനങ്ങളും വഴിയരികിൽ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കളും ചൂടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്നുണ്ടെങ്കിലും സമൂഹത്തിന്റെ ഭൂരിഭാഗം കോണുകളും ഇവ അപരിഷ്‌കൃതമെന്ന മട്ടിൽ മുഖം തിരിക്കുന്നു. സമ്മേളന വേദികളിൽ വാക്കുകൾ ഗർജനങ്ങളാകുമ്പോൾ മറുവശത്തു റോഡരികിൽ കൈനീട്ടുന്ന മനുഷ്യരൂപങ്ങൾ അനവധിയാണ്. യൂറോപ്പ്യൻ രാജ്യങ്ങളോട് ഉപമിക്കപ്പെ ടുന്ന കേരളത്തെ, ജാള്യതയിലാഴ്ത്തുന്ന ഈ കാഴ്ച്ചകൾ ഏറെ അസഹനീയമാണ്.

മാതാപിതാക്കളുടേയും പിതാമഹന്മാരുടേയും പ്രാധാന്യം അതിവിശേഷമായ ആഖ്യാനശൈലിയിലൂടെ നമ്മുടെ മതങ്ങളൂം പുരാണങ്ങളും പ്രകീർത്തിച്ചിട്ടുണ്ട്. മതഗ്രന്ഥങ്ങൾ ഉദ്ബോധിപ്പിച്ച വാചകങ്ങളത്രയും ഏറ്റവും മികച്ച പരിപാലനത്തിന്റെ കവചങ്ങൾ ഒരുക്കി നൽകേണ്ടതിനെപ്പറ്റിയാണ്.

‘നിന്റെ മാതാപിതാക്കൾക്ക് നിങ്ങൾ ഗുണം ചെയ്യുക’ എന്ന് ഖുർ ആൻ ഓതിയതും, ‘പിതാവിനെ ബഹുമാനിക്കുന്നവൻ മഹത്വം ആർജ്ജിക്കുന്നു, മാതാവിനെ അനാദരിക്കുന്നവൻ അപകീർത്തിക്കിരയാകുന്നു’ എന്ന ബൈബിൾ വചനവും, ‘മാതാ, പിതാ, ഗുരു ദൈവം’ എന്ന് ഹിന്ദുമതം പ്രചരിപ്പിച്ചതും കലിയുഗവേളയിലും മനുഷ്യനെന്ന സൃഷ്‌ടി വിവേകപൂർണ്ണമായ പ്രവർത്തികൾ ചെയ്യണം എന്ന ഉദ്ദേശത്തോടെയാണ്. കാണേണ്ടത് കാണാതേയും അറിയേണ്ടത് അറിയാതേയും ദൈവത്തെക്കുറിച്ച് വാചാലരാകുന്നവർ തന്റെ സ്വാർത്ഥ താത്‌പര്യപൂർത്തീകരണാർഥം കൈകൂപ്പുന്നവരും കണ്ണടയ്ക്കുന്നവരുമാണ്. തന്റെ പിതാവിന്റെ വാക്കുപാലിക്കാൻ വേണ്ടി 14 വർഷം വനവാസം അനുഷ്‌ടിച്ച രാമന്റെ കഥയും, ലോകം ചുറ്റി വരാൻ പറഞ്ഞപ്പോൾ തന്റെ മാതാപിതാക്കളായ ശിവപാർവ്വതിമാരെ വലം വെച്ച ഗണപതിയും പകർന്നു നൽകുന്ന ഗുണപാഠം അതുല്യമാണ്.

അന്ധന്മാരായ മാതാപിതാക്കളെ ക്ഷമയോടേയും സ്‌നേഹത്തോടേയും പരിപാലിച്ച ശ്രവണകുമാരൻ രാമായണത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ്. മാതാപിതാക്കൾക്ക് വേണ്ടി കാട്ടിലെ അരുവിയിൽ നിന്ന് മൺകുടത്തിൽ വെള്ളം നിറയ്ക്കുമ്പോൾ അതുവഴി വന്ന ദശരഥൻ വന്യമൃഗമാണെന്ന് തെറ്റിദ്ധരിച്ച്‌ അമ്പെയ്‌തു. അമ്പേറ്റ ശ്രവണകുമാരൻ ദശരഥനോടു പറഞ്ഞത്, ദാഹിച്ചിരിക്കുന്ന തന്റെ മാതാപിതാക്കൾക്ക് എത്രയും വേഗം ദാഹജലം എത്തിക്കാൻ ആയിരുന്നു. അവിടെ കിടന്നു ശ്രവണകുമാരൻ മരിക്കുകയും ചെയ്‌തു. ഏറെ ദുഃഖത്തോടെ ദശരഥൻ സംഭവിച്ച കാര്യം മാതാപിതാക്കളെ അറിയിച്ചപ്പോൾ, അവരും തെന്റെ പ്രിയ പുത്രന്റെ മരണം ഉൾക്കൊള്ളാൻ കഴിയാതെ തളർന്നു വീണു മരിക്കുകയാണ് ചെയ്യുന്നത്.

ഇവയെല്ലാം മുത്തശ്ശിക്കഥകളായി ചെവിയിലും മനസിലും അലയടിച്ചിരുന്ന കാലത്തിന്റെ ഏതാണ്ട് പൂർണ്ണമായൊരു അന്ത്യമാണിത്. ഈ കഥാപാത്രങ്ങൾ നമ്മുടെ ചിന്താശേഷിയേയും പ്രവൃത്തിപഥത്തേയും ഏറെ സ്വാധീനിച്ചിരുന്നു. കഥകളും ഉപദേശങ്ങളും ഏറ്റവും ഊർജസ്വലമായ തലമുറയെ വാർത്തെടുത്തിരുന്നു, ഇന്നിനെ ഇന്നലേയുമായി ചേർത്തുനിർത്തി അതിമൂല്യമായ പാരമ്പര്യ പ്രേഷണം സാധ്യമാക്കിയ പ്രവാചകർ തന്നെ ആയിരുന്നു നമ്മുടെ പിതാമഹന്മാർ. നാം ഊതിപെരുപ്പിക്കുന്ന പൊള്ളയായ വാഗ്‌ദാനങ്ങളിലും വാക്‌ചാതുര്യത്തിലും ഇവർ ഇന്ന് അന്യം നിന്ന് പോയി. അവർ കാലഹരണപ്പെട്ട സ്വത്തുക്കളായി മാറി. കുടുംബത്തിലേക്ക് കാര്യമായൊരു വരുമാനം കൂടി തരാത്തവരാകുമ്പോളേക്കും തിരസ്‌ക്കാരം പൂർണമാകുന്നു.

മാതാപിതാക്കളുടെ സംരക്ഷണം ഈശ്വരസേവതന്നെയാണെന്നു ഓരോ കുട്ടിയും തിരിച്ചറിയണം. നമ്മുടെ മാതാപിതാക്കളെ മാതൃകാപരമായി സംരക്ഷിച്ചുകൊണ്ട് മാത്രമേ പുതുതലമുറയെ ഈ തലത്തിലേക്കെത്തിക്കാൻ കഴിയൂ. കുട്ടിക്കാലം മുതൽ തന്നെ അവരിൽ മികച്ച വീക്ഷണമുണ്ടാക്കാൻ രക്ഷിതാക്കൾ പ്രയത്‌നിക്കണം. പിതാമഹരുടെ നേർക്കാഴ്ച്ചയും അനുഭവസമ്പന്നതയും ബഹുമാനിക്കപ്പെടേണ്ടതുതന്നെയെന്നു അവർ മനസിലാക്കണം. എന്നിട്ടും ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങൾക്കു വേണ്ടി ഗവൺമെന്റും നിലവിലുള്ള NGO (non governmental organisation) കളും സംയുക്‌തശ്രമം നടത്തണം. പൊതുസ്ഥലങ്ങൾ വയോജന സൗഹൃദമാക്കുകയും പൊതു ഓഫീസുകളിൽ എത്തിച്ചേരുന്ന വയോജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്യണം. കൃത്യതയാർന്ന പെൻഷൻ വിതരണവും ഇവർക്ക് ഒരു പരിധിവരെ ആശ്വാസം നൽകും. സേവനങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കാൻ കഴിയുന്നതാവും ഏറ്റവും അഭികാമ്യം.

2007 മുതൽ നിലനിൽക്കുന്ന വയോജന സംരക്ഷണ നിയമം ഒരു പരിധിവരെ പ്രശ്‌നങ്ങൾ കുറയ്ക്കുന്നുണ്ടെങ്കിലും നിയമത്തെകുറിച്ചുള്ള അറിവ് സാധാരണ ജനങ്ങൾക്കില്ല. ബോധവൽക്കരണവും കാര്യമായി നടക്കുന്നില്ല. വയോജന സംരക്ഷണവും, അവർക്ക് പ്രതിമാസം നിശ്ചിത തുക നൽകണമെന്നുള്ളതും, അവകാശികൾക്കും മക്കൾക്കും നിയമപരമായി ബാധ്യതയാക്കി മാറ്റുന്ന ഈ നിയമത്തിൽ ഏകദേശം 60%തിൽ താഴെ വയോജനങ്ങളെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ. വയോധികരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനുള്ള ചെലവുകുറഞ്ഞ ഒരു മികച്ച സംവിധാനമാണ് ഈ നിയമം. മെയ്ന്റനൻസ് ട്രിബ്യുണലുകളും, ഓരോ ജില്ലയിലും സംസ്ഥാന ഗവണ്മെന്റുകളുടെ നേതൃത്വത്തിൽ വൃദ്ധസദനങ്ങളും സ്ഥാപിക്കുന്നതിന് നിയമം ലക്ഷ്യമിടുന്നു. വയോധികരുടെ സംരക്ഷണവും പരിചരണവും ഉത്തരവാദിത്തപ്പെട്ടിട്ടുള്ള ആൾ, മനഃപൂർവം അദ്ദേഹത്തെ ഉപേക്ഷിക്കുകയാണെങ്കിൽ 5000 രൂപ വരെ പിഴയും 3 മാസം വരെ ജയിൽശിക്ഷയും വിധിക്കാനുള്ള അധികാരം ട്രിബ്യുണലിനുണ്ട്.

നിയമങ്ങളുടെ ചങ്ങലകൾക്കതീതമായി മനസ്സറിഞ്ഞുള്ള പരിചരണവും സ്‌നേഹവും നമ്മുടെ രക്ഷിതാക്കൾക്ക് നൽകാൻ കഴിയുമെങ്കിൽ അത് തന്നെയാണ് ഏറ്റവും മികച്ചത്. കാരണം പെരുകിവരുന്ന വൃദ്ധസദനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നെടുവീർപ്പുകൾ തീർച്ചയായും നമ്മുടെ തന്നെ വാർധക്യത്തിൽ തന്നെയാണ് പ്രതിഫലിക്കുക.

1 Comment
  1. Chandran 2 years ago

    Very good article. Yes, we should take care of our parents.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account